സുരേന്ദ്രൻ കെ പട്ടേൽ; കേരളത്തിലെ ബീഡി ഫാക്ടറിയിൽ നിന്നും യു.സ് ജഡ്ജിലേക്ക്

മോട്ടിവേഷൻ ബുക്കുകൾ വിറ്റഴിക്കുവാൻ മാത്രം ഉപയോഗിക്കുന്ന ടെക്നിക്കുകൾ അല്ല ദൃഢനിശ്ചയവും സ്ഥിരപരിശ്രമവും. ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ഒരാൾ നിരന്തരമായി എടുക്കുന്ന പരിശ്രമങ്ങൾ ഫലം കാണാതിരിക്കില്ല. കേരളത്തിലെ ബീഡി ഫാക്ടറിയിൽ ജോലി ചെയ്തു ഇപ്പോൾ യു.എസ് ലെ ഡിസ്ട്രിക്ട് ജഡ്ജ് ആയി നിയമിക്കപ്പെട്ട സുരേന്ദ്രൻ കെ പട്ടേലിന്റെ ജീവിതാനുഭവങ്ങൾ പറയുന്നതിതാണ്.

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ദാരിദ്ര്യത്തോട് മല്ലടിച്ച് വളർന്നു വന്ന്, ഇപ്പോൾ ടെക്സസിലെ 240 മത് ജുഡീഷ്യൽ ഡിസ്ട്രിക്ട് കോടതി ജഡ്ജ് ആയി നിയോഗിക്കപ്പെട്ട സുരേന്ദ്രനും സുരേന്ദ്രന്റെ ജീവിതവും ഒരു ഒന്നൊന്നര ഇൻസ്പിറേഷനാണ്.

കാസർഗോഡ് ജില്ലയിലെ ബളാൽ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന സുരേന്ദ്രൻ മുഴു പട്ടണിയിലാണ് ജീവിച്ചു വന്നത്. പാവപെട്ട കുട്ടികൾ മാത്രം പഠിക്കുന്ന ആ ഗ്രാമത്തിലെ ഒരു സ്കൂളിൽ നിന്ന് 10 വരെയുള്ള പഠനം പൂർത്തിയാക്കി. തന്റെ 13 ആം വയസ്സിൽ സുരേന്ദ്രന് മൂത്ത സഹോദരിയെ നഷ്ടമായി. അത് ഇന്നും സുരേന്ദ്രന് ഒരു വലിയ ഞെട്ടൽ ആയി നിലനിൽക്കുന്നു എന്നാണ് അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുള്ളത്. പെങ്ങളുടെ മരണത്തിൽ നീതി ലഭിക്കാത്തതാണ് നിയമ പാതയിലേക്കെത്തിപ്പെടാനുള്ള ഒരു കാരണം. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി മൂലം ജോലി ചെയ്തു പഠിക്കേണ്ട അവസ്ഥയായിരുന്നു. അതിനാൽ പഠനത്തിന്റെ കൂടെ തന്റെ ചേച്ചിമാരുടെ ഒപ്പം ബീഡി ഫാക്ടറിയിൽ ജോലി എടുത്താണ് സുരേന്ദ്രന്റെ ജീവിതം കടന്നു പോയത്. രാവിലെ അടുത്തുള്ള ഒരു പലചരക്കു കടയിൽ ജോലി. രാത്രിയിൽ ബീഡി ഫാക്ടറിയിൽ.. ഇതിനിടയിലുള്ള സമയത്താണ് സുരേന്ദ്രൻ പഠിച്ചിരുന്നത്.

വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായി തുടർന്നുകൊണ്ടിരുന്നതിനാൽ എസ്.എസ്.എൽ.സി പാസ് ആയതിനു ശേഷം അദ്ദേഹത്തിന് പഠനം നിർത്തി മുഴുവൻ സമയം ജോലിചെയ്യേണ്ടി. അങ്ങനെ ജോലിയിൽ മാത്രമായി അദ്ദേഹം ഒതിങ്ങിയപ്പോഴാണ് ഇനിയും പഠിക്കണം എന്നുള്ള ബോധ്യം ഉണ്ടായത്. അദ്ദേഹത്തോട് ഇനിയും പഠിക്കണം എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ മുന്നോട്ട് പഠിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസിലാക്കിയിരുന്നു. അങ്ങനെ ഇ കെ നായനാർ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ നിന്നും പ്രീ ഡിഗ്രി പഠനം പൂർത്തിയാക്കി. ആ കാലങ്ങളിലും ജോലി ചെയ്തു കൊണ്ട് തന്നെയായിരുന്നു സുരേന്ദ്രൻ പഠിച്ചിരുന്നത്. ജോലിയും പഠനവും ഒരുമിച്ചു പോകാത്തതിനാലും ജീവിത ചിലവിനുള്ള വഴി കണ്ടെത്തേണ്ടതിനാലും പലപ്പോഴും അദ്ദേഹത്തിന് ക്ലാസുകൾ കളയേണ്ടി വന്നിരുന്നു. അതിനാൽ തന്നെ അറ്റന്റൻസ് കുറവായതിന്റെ പേരിൽ പരീക്ഷ എഴുതാൻ കോളേജ് അധികൃതർ തടസ്സം പറഞ്ഞിരുന്നെങ്കിലും, സുരേന്ദ്രൻ പിന്നീട്‌ പരീക്ഷ എഴുതി കോളേജ് ടോപ്പേർ ആയി മാറി.

അങ്ങനെ ഗ്രാജുവേഷൻ കഴിഞ്ഞു ലോയർ ആയി എൻറോൾ ചെയ്യപ്പെട്ടതിനു ശേഷം വക്കീൽ ആയി അദ്ദേഹം പ്രാക്ടീസ് ചെയ്യുവാൻ തുടങ്ങി. നിയമ പഠനം രാജ്യത്തെ സ്ഥിതിഗതികൾ മനസിലാക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. പി അപ്പുക്കുട്ടൻ വക്കീലിന്റെ ഓഫീസിൽ ജോയിൻ ചെയ്തിരുന്നെങ്കിലും ആദ്യമൊന്നും വിചാരിച്ച അത്ര കേസുകൾ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. അപ്പോഴാണ് ഒരു കേസിലെ ലീഗൽ എയ്ഡ് കൗൺസിൽ ആയി അദ്ദേഹം നിയമിക്കപ്പെടുന്നത്. അതിന്റെ ട്രയലും അദ്ദേഹം നടത്തിയിരുന്നു. ആ കേസിനുശേഷം ആ ഓഫീസിലെ സിവിൽ കേസുകൾ മുഴുവനും അദ്ദേഹം നോക്കുവാൻ തുടങ്ങി. അങ്ങനെ 10 വർഷം സുരേന്ദ്രൻ അവിടെ സേവനം അനുഷ്‌ഠിച്ചു.

കല്യാണത്തിനുശേഷം വീണ്ടും അദ്ദേഹത്തിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ ഭാര്യക്ക് യു.എസിൽ പ്ലേസ്മെന്റ് കിട്ടിയതോടെ 2007 ൽ അവർ അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. അവിടെ നിന്ന് നിരവധി പ്രശ്നങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് എല്ലാം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ടി വന്നു. കുറച്ചു കാലം അവിടുത്തെ പലചരക്ക് കടയിൽ സെയ്ൽസ് മാനായി പ്രവർത്തിച്ചു. നിയമത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ ഒരു ലോയർ എന്ന പ്രൊഫഷനിലേക്ക് ആകർഷിച്ചുകൊണ്ടിരുന്നു. ടെക്സസിൽ കോമൺ ലോ പ്രാക്റ്റിസ് ചെയ്യുന്ന ലോയർക്കും ബാർ എക്സാമിന് ഡയറക്റ്റ് ആയി അപ്പിയർ ചെയ്യാം എന്ന് അദ്ദേഹം അറിയാനിടയായി. 7 വർഷത്തെ പ്രവർത്തന പരിചയം വേണം എന്നുള്ള നിബന്ധന മാത്രമാണുള്ളത്. അത് സുരേന്ദ്രനെ സംബന്ധിച്ച് ആവോളം ഉണ്ടായിരുന്നു.

അങ്ങനെ ബാർ എക്സാം അദ്ദേഹം സ്വയം പഠിച്ചു പാസ്സായി. എങ്കിലും ഒരു ലോ ഫേമിലും അദ്ദേഹത്തെ എടുത്തിരുന്നില്ല. യൂണിവേഴ്സിറ്റി ഓഫ് ഹോസ്റ്റണിൽ നിന്ന് ഇന്റർനാഷണൽ ലോയിൽ അദ്ദേഹം പഠനം പൂർത്തിയാക്കി. അപ്പോഴും അതിന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്നത് അദ്ദേഹം മുടക്കിയില്ല. തനിക്കൊരു ജഡ്ജ് ആകുവാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

ഡിസ്ട്രിക്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള ഇലക്ഷനിൽ രണ്ടു തവണ അദ്ദേഹം മത്സരിച്ചു. 2020 ഇൽ സിറ്റിംഗ് ജഡ്‌ജിനെതിരെയായിരുന്നു മത്സരം. ആ തവണ ജനങ്ങളുടെ ഭാഗത്തു നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. എന്നാൽ 2022 ൽ അദ്ദേഹം ഗ്രാസ് റൂട്ട് ലെവൽ ക്യാമ്പയിൻ സംഘടിപ്പിച്ചു കൂടുതലായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്നു. ജനങ്ങളുടെ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കി. അവർക്കു വേണ്ടി ഇവിടെ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി. അങ്ങനെ 53.7 ശതമാനം മാർജിനിൽ അദ്ദേഹം വിജയിച്ചു. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നോമിനിയായി. അങ്ങനെ ജനറൽ എലെക്ഷനിൽ കടന്നു. അതിലും വിജയം ഉറപ്പിച്ചു. 30 വർഷം പ്രാക്റ്റിസ് ചെയ്തുകൊണ്ടിരുന്ന അറ്റോർണി ആയിരുന്നു സുരേന്ദ്രന്റെ പ്രധാന എതിരാളി. എല്ലാ പ്രതിസന്ധിയും മറികടന്നാണ് അദ്ദേഹം അവസാനം ടെക്സസിലെ ഡിസ്ട്രിക്ട് ജഡ്ജ് ആയി നിയോഗിക്കപ്പെട്ടത്.

ഈ സ്ഥാനത്ത് ഇപ്പോൾ എത്തി നിൽക്കുമ്പോൾ അദ്ദേഹം പങ്കുവെയ്ക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. എത്ര നാൾ നിങ്ങൾ ജീവിച്ചു എന്നതിനല്ല പ്രാധാന്യം. നിങ്ങൾ ജീവിച്ച അത്രയും നാൾ നാടിനു വേണ്ടി എന്ത് ചെയ്തു എന്നതാണ് പ്രധാനം,

യു.എസ് പൗരത്വം ലഭിച്ചു വെറും 5 വർഷങ്ങള്ക്കു ശേഷമാണ് അദ്ദേഹം ഡിസ്ട്രിക്ട് ജഡ്ജ് സ്ഥാനത്തെത്തുന്നത്.

നിങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് നിങ്ങൾ ആണ്. നിങ്ങൾ മാത്രം. ന്യൂസ്‌മേക്കർ ഓഫ് ദി വീക്ക് ആയി സുരേന്ദ്രൻ കെ പട്ടേൽ തിരഞ്ഞെടുക്കപെടുമ്പോൾ അദ്ദേഹത്തിന്റെ ഈ ആത്മവിശ്വാസവും ഭാവിയെ കുറിച്ചുള്ള ഉറച്ച ബോധ്യവുമാണ് അവിടെയും പ്രതിഫലിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in