മതം മാറാൻ അനുവാദമില്ലാത്ത പതിനൊന്ന് സംസ്ഥാനങ്ങൾ

വ്യത്യസ്ത മതങ്ങളിൽ പെടുന്നവർ വിവാഹം ചെയ്യുന്നത് എന്നും ഭരണകൂടമുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. വിവാഹത്തിന് ശേഷം ഒരാൾ മതം മാറാൻ തീരുമാനിക്കുകയും കൂടി ചെയ്താൽ അത് കൂടുതൽ പ്രശ്നമാകും. ലവ് ജിഹാദ് ഉൾപ്പെടെയുള്ള നരേറ്റീവുകൾ രാജ്യത്ത് പിടിമുറുക്കുന്നത്, ആളുകൾക്ക് സ്വന്തം പങ്കാളിയെയും, മതത്തെയും തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന അവകാശത്തിനുമേൽ കയറി നിന്നാണ്. 2022 അവസാനിക്കുമ്പോൾ ഇന്ത്യയിൽ പതിനൊന്നോളം സംസ്ഥാനങ്ങളിൽ ആന്റി കൺവെർഷൻ നിയമം നടപ്പിലാക്കി എന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ കൂടി ഇത് മനസിലാക്കണം. ഇത്രയധികം സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവന്നെങ്കിലും, യു.പി യിൽ നടന്ന നിയമനിർമ്മാണമാണ് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടത്. 2020 ജൂണിലാണ് വിവാഹത്തിന് ശേഷം മതം മാറുന്നത് നിരോധിച്ചു കൊണ്ട് Prohibition of Unlawful Religious Conversion Ordinance യു.പി സർക്കാർ കൊണ്ടുവരുന്നത്. യു.പി യിൽ ലവ് ജിഹാദിന് 2013 മുസാഫർനഗർ കലാപം മുതലുള്ള ചരിത്രം പറയാനുണ്ട്. 2015 ൽ കോബ്രപോസ്റ്റ് സംഘപരിവാർ നേതാക്കളിൽ നടത്തിയ അന്വേഷണ പരമ്പരയിൽ, ലവ് ജിഹാദ് ഉണ്ടെന്നു വരുത്തി തീർക്കാൻ ഫേക്ക് റേപ്പ് കേസുകൾ പോലും രജിസ്റ്റർ ചെയ്തിരുന്നു എന്ന് ആളുകൾ ക്യാമറയ്ക്കു മുന്നിൽ തന്നെ സമ്മതിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതെല്ലാം ആഡ് ഓൺ ചെയ്തത് മുസ്ലിം ചെറുപ്പക്കാർ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു എന്ന തീവ്ര ഹിന്ദു ഫ്രാക്ഷനുകളുടെ നരേറ്റീവിലേക്കാണ്.

യു.പി ക്കും മുമ്പ് 2018 ലാണ് ഉത്തരാഖണ്ഡിൽ ആന്റി കൺവെർഷൻ ബില്ല് കൊണ്ടുവരുന്നത്. ബില്ലിൽ പറയുന്ന ഒബ്ജക്റ്റീവ്സ് ആൻഡ് റീസൺ എന്ന ഭാഗത്ത് പുരുഷന്മാർ സ്വന്തം മതത്തിലേക്ക് ആളുകളെ കൂട്ടാൻ മറ്റു മതങ്ങളിൽ നിന്ന് പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നാണ് പറയുന്നത്. ഇതര മതത്തിൽപ്പെടുന്നവർ വിവാഹം ചെയ്യുമ്പോൾ മതംമാറ്റം നടന്നാൽ ആ വിവാഹം സാധുവല്ല എന്നാണ് ഈ നിയമത്തിന്റെ ചുരുക്കം. എന്നാൽ അതിനെ നീതീകരിക്കാൻ പറയുന്ന, സ്വന്തം മതത്തിൽ ആളെക്കൂട്ടാൻ മറ്റു മതത്തിലെ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്ന വാദം തെളിയിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഡാറ്റയോ, അന്വേഷണ റിപ്പോർട്ടോ ഇവരുടെ കയ്യിൽ ഇല്ല. നിരവധി തവണ രാജ്യത്തെ വ്യത്യസ്ത കോടതികൾ ഇത് സാക്ഷ്യപ്പെടുത്തുകയും, ലവ് ജിഹാദ് ഇല്ല എന്ന് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം ആരംഭം 2009 ൽ കേരളത്തിലെ കത്തോലിക്ക ബിഷപ്സ് കൌൺസിൽ ആദ്യമായി 'ലവ് ജിഹാദ്' എന്ന പരാമർശം നടത്തിയിടത്ത് നിന്നാണ്. 2009 ൽ തന്നെ ലവ് ജിഹാദ് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്ത രണ്ടു ചെറുപ്പക്കാരുടെ ജാമ്യ ഹർജി പരിഗണിക്കവെ കേരളാ ഹൈക്കോടതി ഇതിൽ ലവ് ജിഹാദ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, ഇത്തരം മതം മാറ്റങ്ങൾ ലഹരിമാഫിയയുമായും തീവ്രവാദ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന് പഠിക്കണമെന്നും പോലീസിന് നിർദ്ദേശം നൽകി.

2009 ൽ കർണാടകയിലും സമാനമായ സംഭവം നടന്നു. എന്നാൽ ഈ സംഭവങ്ങളിലെല്ലാം, ഇതിലുൾപ്പെട്ട പെൺകുട്ടികൾ തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും, വിവാഹം ചെയ്തതാണെന്നും കോടതികളിൽ പറഞ്ഞു. ഈ കേസുകളിലൊന്നും ലവ് ജിഹാദ് കണ്ടെത്താൻ കോടതിക്കോ പോലീസിനോ കഴിഞ്ഞിരുന്നില്ല. കർണാടകത്തിൽ എല്ലാ ജില്ലകളിലും സി.ഐ.ഡി കളെ വച്ച് അന്വേഷിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു മൂവ്മെന്റ് ഇല്ല എന്ന തീർപ്പിലേക്കെത്തിയത്.

കേരളത്തിൽ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ്, തനിക്കു ലഭിച്ച 14 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിശദമായ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നു പറയാൻ കഴിയില്ലെന്നും, എന്നാൽ ചില സോഴ്സിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ആരോപണം പൂർണ്ണമായും തള്ളാൻ കഴിയില്ല എന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. അന്ന് കേസ് പരിഗണിച്ച കെ.ടി ശങ്കരൻ ഇത് വിശദമായി അന്വേഷിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേകിച്ച് പുതിയ വിവരങ്ങളൊന്നും കണ്ടെത്തതാൻ കഴിഞ്ഞില്ല.

ഇതിനോട് ചേർത്ത് പറയാൻ കഴിയുന്ന മറ്റൊരു കാര്യമാണ്, കേരളത്തിൽ 2016 ൽ നടന്ന ഹാദിയ കേസ്. അഖില എന്ന പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം ചെയ്യുന്നു, ഇസ്ലാമിലേക്ക് മതം മാറി ഹാദിയ ആകുന്നു. ഈ കേസിൽ ഹാദിയയുടെ അച്ഛൻ അശോകൻ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് പരിഗണിച്ച സുപ്രീംകോടതി ഒടുവിൽ ഹാദിയയെ സ്വതന്ത്രയാക്കി.

വടക്കേയിന്ത്യയിലും ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു കോടതിയിടപെടൽ ഉണ്ടായി. ഹിമാചൽ പ്രദേശിൽ 2006 ലെ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് ന്റെ ഭാഗമായി ഇതരമതത്തിൽ പെടുന്നവർ കല്യാണം കഴിക്കുന്നതിനു മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണമെന്നും, പോലീസ് അന്വേഷണത്തിന് വിധേയരാകണമെന്നുമുള്ള നിയമം ആളുകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പറഞ്ഞത് ഹിമാചൽ ഹൈക്കോടതിയാണ്.

ലവ് ജിഹാദ് നിലനിൽക്കുന്നില്ല എന്ന് മനസ്സിലാക്കാൻ ഇത്രയധികം റിപ്പോർട്ടുകളും കോടതിവിധികളും നിലനിൽക്കുമ്പോഴും ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ മതം മാറ്റ നിരോധന നിയമം കൊണ്ടു വന്നു എന്നത് ഇവിടുത്തെ പൊതു ബോധത്തെയാണ് സൂചിപ്പിക്കുന്നത്. 1967 ൽ ഒറീസയിലാണ് ആദ്യം ഇത്തരത്തിൽ ഒരു നിയമം വരുന്നത്. പിന്നീട് 1968 ൽ ചത്തിസ്‌ഗഡിലും 1978 ൽ അരുണാചൽ പ്രദേശിലും.

2017 ഓഗസ്റ്റ് 10, 16 തീയതികളിൽ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവുകളിൽ കൃത്യമായി പറയുന്നുണ്ട്, രാജ്യത്ത് ഒരു കേസിൽ പോലും ലവ്ജിഹാദ്‌ തെളിയിക്കപ്പെട്ടിട്ടില്ല എന്ന്. പാർലമെൻറിൽ സർക്കാർ തന്നെ പറയുന്നു, കേന്ദ്ര ഏജൻസികൾ ലവ് ജിഹാദ് ഉണ്ട് എന്ന തരത്തിൽ ഒരു കണ്ടെത്തലും നടത്തിയിട്ടില്ല എന്ന്. എന്നിട്ടും ഒഴിയാബാധ പോലെ ലവ് ജിഹാദിന്റെ പ്രേതം നമുക്ക് ചുറ്റുമുണ്ട്. ഹാദിയയെ സുപ്രീം കോടതി സ്വതന്ത്രയാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ്, മധ്യ പ്രദേശിലും, ഹിമാചലിലും നടപ്പിലാക്കിയതിനു സമാനമായ നിയമം കൊണ്ടുവരണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്. കോടതിക്ക് ഒരിക്കലും ഒരു നിയമം കൊണ്ടുവരാനുള്ള നിർദ്ദേശം നൽകാനുള്ള അധികാരമില്ല എന്നിരിക്കെ, കോടതിയുടെ ജൂറിസ്ഡിക്ഷന് പുറത്ത് നിന്നുകൊണ്ട് അങ്ങനെയൊരു നിർദ്ദേശം നൽകുകയും, സർക്കാർ അത് നടപ്പിലാക്കുകയും ചെയ്യുന്നിടത്ത് ഈ പൊതുബോധം എത്ര ശക്തമാണെന്ന് നമ്മൾ മനസിലാക്കണം.

2019 ൽ ഹിമാചലിനും 2020 ൽ യു.പി ക്കും ശേഷം 2021 ൽ ലിസ്റ്റിലേക്കുവരുന്നത് ഗുജറാത്ത് ആണ്. അത് കഴിഞ്ഞ് ഏറ്റവുമൊടുവിൽ 2022 ൽ ഹരിയാന. 2022 മാർച്ചിലാണ്‌, Haryana Prevention of Unlawful Conversion of Religious Bill സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബില്ലിന്മേൽ നടന്ന ചർച്ചയിൽ, മുമ്പ് ഹരിയാനയിൽ ലവ് ജിഹാദ് കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല, വളരെ വിരളമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ എണ്ണം കൂടി. അതുകൊണ്ട് ഇങ്ങനെ ഒരു നിയമം ഇപ്പോൾ ആവശ്യമായി വന്നിരിക്കുകയാണ് എന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞത്. നിയമപ്രകാരം ഇത്തരത്തിലുള്ള മതം മാറ്റം, അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും മുതൽ, പത്ത് വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്.എന്നാൽ ഈ നിയമം ആളുകളെ കമ്മ്യൂണൽ ആയി വിഭചിക്കുമെന്നും, ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളമാണ് എന്നും പറഞ്ഞ കോൺഗ്രസ്, ബില്ലവതരണത്തിനിടെ സഭയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. നിയമം പാസ്സാക്കിയതിനെ തുടർന്ന് നിരവധി പ്രശ്നങ്ങളും, എതിർപ്പുകളുമുണ്ടായിരുങ്കിലും, മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമവുമായി മുന്നോട്ട് തന്നെ പോയി.

ഇവിടെ ലവ് ജിഹാദ് ഇല്ല എന്ന് നിങ്ങളെത്ര തെളിവുകൾ നിരത്തിയാലും, പൊതുബോധത്തിന്റെ പിന്തുണയിൽ അവർ ബാക്കിയുള്ള ഓരോ സംസ്ഥാനങ്ങളിലുമായി ഇനിയും ഈ നിയമം കൊണ്ടുവരും.

രണ്ടുപേർ പ്രണയിക്കുമ്പോൾ അതിനെ ഒരു സാങ്കേതികത്വത്തിന്റെ പേരിലും ഇല്ലാതാക്കാൻ നിങ്ങൾക്ക് സാധിക്കില്ല.

പ്രണയത്തിൽ രണ്ടുപേർ മാത്രമുള്ളതുകൊണ്ടാണത്. എന്നാൽ, വിവാഹത്തിൽ, ഭരണകൂടം, മതം, കുടുംബം, ജാതി ഉൾപ്പെടെ എല്ലാം വരും. അവിടെ കാര്യങ്ങൾ തീരുമാനിക്കാൻ മേല്പറഞ്ഞ രണ്ടുപേർക്കു മാത്രം കഴിയില്ല. അവിടെയാണ് നിയമങ്ങളിലൂടെ ഭരണകൂടം ഇടപെടുന്നത്. എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളും ഇടപെടുന്ന വിവാഹം എന്ന ഈ സന്ധിയിൽ ഒരുതരത്തിൽ ആളുകൾ നിസ്സഹായരാകും.

Related Stories

No stories found.
The Cue
www.thecue.in