ഡി. വൈ ചന്ദ്രചൂഡ്: അച്ഛൻ എഴുതിയ വിധി തിരുത്തിയ മകൻ

ഡി.വൈ ചന്ദ്രചൂഡ് എന്ന പേര് ഏതെങ്കിലും അഭിപ്രായപ്രകടനങ്ങളുടെ പേരിൽ നമ്മുടെ മനസ്സിൽ കയറിയതല്ല. നിരന്തരം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ന്യായാധിപനെ അയാൾ നിരന്തരം സ്വന്തം വീഥികളിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നത് കൊണ്ട് നമ്മൾ നെഞ്ചേറ്റിയതാണ്. "എന്റെ വാക്കുകളല്ല എന്റെ പ്രവർത്തികൾകൾ സംസാരിക്കും" എന്ന് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ തലവനായി ചുമതലയേറ്റെടുത്തയുടനെ അദ്ദേഹം പറയുമ്പോൾ, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജഡ്ജിന് ഇതിനേക്കാൾ വ്യക്തമായി എങ്ങനെ സ്വയം പ്രകടിപ്പിക്കാൻ കഴിയും എന്ന് നമ്മൾ ആലോചിച്ച് പോകും.

ഈ അടുത്ത കാലത്താണ് ഡൽഹിയിലെ ലോ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ ജുഡീഷ്യറിയിൽ ഫെമിനിസ്റ്റ് ആശയങ്ങൾ എങ്ങനെ ഉൾപ്പെടുത്തണം എന്നദ്ദേഹം പറഞ്ഞത്. സാമൂഹികമായ മാറ്റങ്ങൾ, ആശയങ്ങൾ എല്ലാം നമ്മൾ ഉൾക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും, ജുഡീഷ്യറിയുടെ കേവല സാങ്കേതികത്വങ്ങളിലേക്ക് നമ്മൾ ഒതുങ്ങിപ്പോകരുത് എന്നും അദ്ദേഹം നിയമ വിദ്യാർത്ഥികളോടായി അന്ന് പറഞ്ഞിരുന്നു.

ഇന്റർസെക്ഷണലായി നമ്മൾ എങ്ങനെ കാര്യങ്ങളെ കാണണമെന്ന് ഒരു ന്യായാധിപൻ പറയുമ്പോൾ, നമ്മൾ അത്ഭുതപ്പെടുന്നത് മറ്റൊരു ന്യായാധിപരും ഇങ്ങനെയൊന്നും പറയാറില്ല എന്നതുകൊണ്ട് കൂടിയാണ്. അദ്ദേഹം ആ പരിപാടിയിൽ ഒരു കാര്യം കൂടി പറയുന്നു, ഞാനും സ്വയം പുതുക്കികൊണ്ടിരിക്കുകയാണ്, ഞാൻ പറയുന്നതും അന്തിമമല്ല, ഏറ്റവും പുതിയ ആശയങ്ങളെ നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. ജുഡീഷ്യറി പലപ്പോഴും കേവല നിയമ സാങ്കേതികത്വങ്ങളിൽ കുരുങ്ങികിടക്കുമ്പോൾ, നിയമങ്ങളുടെ പരിധികൾക്കപ്പുറം പുതിയ ആശയങ്ങളിലേക്ക് അപ്ഡേറ്റഡ് ആകേണ്ടത് ഒരു നിയമജ്ഞന്റെ ഉത്തരവാദിത്വമാണെന്നാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്.

ഒരുപക്ഷെ ഒരു ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് ചാരിതാർഥ്യം നൽകുന്ന വിധിയായിരിക്കും 2018 ലെ സ്വവർഗ്ഗ ലൈംഗികത ഡീക്രിമിനലിസ് ചെയ്ത വിധി. സുപ്രീം കോടതി ജഡ്ജിയായിരുന്ന 2016 മുതലിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം ഡി.വൈ ചന്ദ്രചൂഡ് തന്റെ വിധികളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2018 ൽ തന്നെയാണ് വിവാഹേതരബന്ധം കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള വിധി വരുന്നതും. ശബരിമല യുവതി പ്രവേശനത്തിലും, ഹാദിയ കേസിലുമുൾപ്പെടെ കൃത്യമായി സ്ത്രീപക്ഷ നിലപാടെടുക്കാൻ കഴിയുന്നത്, അഥവാ മാറ്റിനിർത്തപ്പെട്ടവരോടൊപ്പം നിൽക്കാൻ കഴിയുന്നത് നേരത്തെ പറഞ്ഞതുപോലെ നിരന്തരം നവീകരിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യഹനായത്‌കൊണ്ടാണ്.

സംഘപരിവാർ സർക്കാരിന് എപ്പോഴും കല്ലുകടിയാണ് ചന്ദ്രചൂടിന്റെ വിധികൾ. അതിൽ അയോദ്ധ്യ കേസിലെടുത്ത നിലപാടും, 2017 ലെ ആധാർ കേസും ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ആധാറിൽ, മറ്റെല്ലാ ജഡ്ജിമാരും സർക്കാരിന് അനുകൂലമായിരുന്നിട്ടും, ബില്ല് അവതരിപ്പിച്ചത് തന്നെ ഭരണഘടനാ വിരുദ്ധമായിട്ടാണ് എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രചൂഡ് എതിർ ശബ്ദമായി. ആധാർ ധനബില്ലായി അവതരിപ്പിച്ചത് രാജ്യസഭയുടെ അംഗീകാരമില്ലാതെ തന്നെ അത് പാസ്സാക്കിയെടുക്കാൻ വേണ്ടിയായിരുന്നു എന്ന് ചന്ദ്രചൂഡ് പറഞ്ഞു. ചന്ദ്രച്യുടിന്റെ ആ വിധിയെ മുൻനിർത്തിയാണ് പിന്നീട് പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ പ്രതിരോധം തീർത്തത്.

ഭീമാ കൊരേഗാവ് കേസ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശപ്രശ്നമായി നിലനിൽക്കുകയാണ്. 2018 ൽ അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവർത്തകരെ മുഴുവൻ വിട്ടയക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ചരിത്രകാരി റോമിലാ ഥാപ്പർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ആ ഹർജി തള്ളിയത്. എന്നാൽ ആ ബെഞ്ചിലുണ്ടായിരുന്ന ചന്ദ്രചൂടിന്റെ നിലപാട് വ്യത്യസ്തമായിരുന്നു.

ആധാറിനെ തുടർന്ന് സ്വകാര്യത വ്യക്തിസ്വാതന്ത്ര്യമാണെന്ന് ആർട്ടിക്കിൾ 21 ഉദ്ദരിച്ചുകൊണ്ട് ഉറപ്പിച്ച് പറഞ്ഞതും ഡി.വൈ ചന്ദ്രചൂടായിരുന്നു. അതുവരെ അതൊരു അവകാശമായി ആരും കണ്ടിരുന്നുപോലുമില്ല. മറ്റൊരു പ്രധാനപ്പെട്ട വിധി സിനിമ തീയേറ്ററുകളിൽ ദേശീയഗാനം പ്ലേ ചെയ്യണം എന്ന വിഷയത്തിലായിരുന്നു. ദേശീയതയുടെ പേരിൽ ആളുകൾ ജയിലടയ്ക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്ന കാലത്ത് ദേശസ്നേഹം കൈത്തലപ്പിൽ കെട്ടിക്കൊണ്ടു നടക്കേണ്ടതില്ല എന്ന് പറഞ്ഞ ന്യായാധിപൻ കൂടിയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

ഈ അടുത്ത കാലത്ത് നിയമിക്കപ്പെട്ട ചീഫ് ജുസ്റ്റിസുമാരിൽ കുറച്ചധികം കാലം ആ കസേരയിൽ ഇരിക്കാൻ പോകുന്ന വ്യക്തിയാണ് ഡി.വൈ ചന്ദ്രചൂഡ്. ഇതിനു മുമ്പ് ഏഴു വർഷം ചീഫ് ജസ്റ്റിസ് ആയിരുന്ന് റെക്കോർഡിട്ടത് ചന്ദ്രചൂടിന്റെ അച്ഛൻ വൈ.വി ചന്ദ്രചൂഡ് ആയിരുന്നു. വർഷകങ്ങൾക്കിപ്പുറം സ്വന്തം അച്ഛൻ എഴുതിയ വിധി പോലും മാറ്റിയെഴുതിയിട്ടുണ്ട് ചന്ദ്രചൂഡ്. വിവാഹേതര ബന്ധങ്ങൾ കുറ്റകരമാക്കിയ 1985 ലെ വൈ.വി ചന്ദ്രചൂഡ് ന്റെ വിധിയാണ് 2018 ൽ പൊളിച്ചെഴുതപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് സ്വകാര്യതയിലേക്ക് കടന്നുകയറാൻ സർക്കാരിനെ സഹായിക്കുന്ന വിധിയാണ് സ്വകാര്യത മൗലികാവകാശമാണെന്നു പറഞ്ഞ പൊളിച്ചത്.

ഏറ്റവും ഒടുവിൽ unmaried ആയ സ്ത്രീകൾക്കും അബോർഷന് അവകാശമുണ്ട് എന്ന് പറയുന്നിടത്ത്, എല്ലാ സാമൂഹിക സ്ഥാപനങ്ങളും പുരുഷ കേന്ദ്രീകൃതമാകുമ്പോഴും താരതമ്യേന ജനകീയമല്ലാത്ത സ്ഥാപനമായ കോടതിക്ക് ജൻഡർ, സെക്ഷ്വലിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായി ഇടപെടാനാകും എന്ന് കാണിച്ച് തരികയാണ് ഈ ന്യായാധിപൻ

ചന്ദ്രചൂഡ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത് വെറുതെയൊന്നുമല്ല. ഹിന്ദുത്വ ഭരണകൂടത്തെ നിരന്തരം സമ്മർദ്ദത്തിലാക്കിയ ഒരു ന്യായാധിപൻ, രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും, വ്യവസ്ഥിതിയും ഹിന്ദുത്വ ശക്തികൾ പിടിച്ചെടുക്കുന്ന കാലത്ത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അമരത്ത് നീതിക്കുവേണ്ടി നിലകൊള്ളുന്ന ഒരു മനുഷ്യൻ വരുന്നതിനേക്കാൾ വലിയ തിരിച്ചടി മറ്റൊന്നില്ല. ഇനി രണ്ടു വർഷം ഒരു തലയ്ക്കൽ ചന്ദ്രചൂടും, മറു തലയ്ക്കൽ സംഘ്പരിവാര്ജ്മ എന്ന രീതിയിലാകുമോ എന്ന സംശയങ്ങൾ ഇവിടെ തന്നെ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്ന കൊളീജിയം സംവിധാനങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നതും. സുപ്രീം കോടതി ലക്ഷ്മണരേഖ പാലിക്കണം എന്ന് കേന്ദ്ര നിയമമന്ത്രി പറഞ്ഞതും കൂട്ടി വായിച്ചാൽ ഇനി മുന്നോട്ട് നീതിപീഠവും ഭരണകൂടവും തമ്മിൽ പല ഉരസലുക്കിയാലും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

ചന്ദ്രചൂടിന് ആ സ്ഥാനത്തിരുന്ന് എത്രത്തോളം നീതി നടപ്പാക്കാനാകും എന്നറിയില്ല, എന്നാൽ, എല്ലാം നഷ്ടപ്പെടുന്ന കാലത്ത് പ്രതീക്ഷയുടെ തുരുത്തായി ഒരാളെങ്കിലും ഉണ്ടാകുന്നത് ഒരു ധൈര്യമാണ്, മുന്നോട്ട് പോകാനുള്ള ധൈര്യം.

Related Stories

No stories found.
The Cue
www.thecue.in