'മണ്ണിന മക' ഡി.കെ ശിവകുമാർ

ഇലക്ഷൻ രാഷ്ട്രീയത്തിനപ്പുറം ഏതു പ്രതിസന്ധിയിലും ഒരു സംഘടനയെ കൈകാര്യം ചെയ്യുന്ന, എന്തിനെയും നേരിടുന്ന, തോൽ‌വിയിൽ പതറാതെ, വിജയിക്കാനുള്ള അവസരം വരുന്നതുവരെ കരുതലോടെ ഇരിക്കുന്ന, ഒരവസരം വന്നാൽ കടന്നാക്രമിക്കുന്ന, ശബ്ദമുയർത്തേണ്ടിടത്ത് ഉയർത്തുകയും താഴ്ത്തേണ്ടിടത്ത് താഴ്ത്തുകയും ചെയ്യുന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരൻ, കർണാടകത്തിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ആവേശം കയറി നിൽക്കുന്ന തന്റെ 27 ആം വയസിൽ കാലെടുത്തുവച്ച, അനുഭവ പരിചയം മാത്രം കൈമുതലാക്കിയ ദി ഗെയിം മേക്കർ, കർണാടകാ കോൺഗ്രസിലെ ഡി.കെ, ദൊഡ്ഡലഹള്ളി കാംപെഗൗഡ ശിവകുമാർ അഥവാ ഡി.കെ ശിവകുമാർ

കോൺഗ്രസിന്റെ ഏറ്റവും മികച്ച ഇലക്ഷൻ മാനേജർ കൂടിയായ ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ ജീവിതം പറഞ്ഞു തുടങ്ങേണ്ടതും ഒരു തെരഞ്ഞെടുപ്പിൽ നിന്നാണ്. 1985 ൽ ഡി.കെ തന്റെ ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നു. ഷാതനൂർ മണ്ഡലത്തിൽ സർവശക്തരായ ജെ.ഡി.എസിനെതിരെയാണ് മത്സരം. എതിർസ്ഥാനാർഥി ജെ.ഡി.എസിന്റെ അതികായൻ എച്ച്.ഡി ദേവഗൗഡ. കർണാടകത്തിൽ ഒരാൾക്ക് ഏറ്റുമുട്ടാനാകുന്നതിൽ വച്ച് ഏറ്റവും വലിയ വിഗ്രഹത്തിനെതിരെയായിരുന്നു ആ പോരാട്ടം. ഇരുപതുകളിലുള്ള ഒരു ചെറുപ്പക്കാരന്റെ എല്ലാ ആവേശവും ഊർജ്ജവും വച്ച് അയാൾ പോരാടി. ഒടുവിൽ ചെറിയ മാർജിനിൽ തോറ്റു. പക്ഷെ ആദ്യ പോരാട്ടത്തിൽ ദേവഗൗഡയെ പോലൊരു മനുഷ്യന്റെ മുന്നിൽ അതൊരു തോൽവിയായിരുന്നില്ല.

അതൊരു തോൽവിയല്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാണെന്ന് കരുതരുത്, കൃത്യം രണ്ടു വർഷം കഴിഞ്ഞ് 1987 ൽ തന്റെ 27 ആം വയസിൽ അയാൾ അതേ ഷാതനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറി ഒരു നിയമസഭാ സമാജികന്റെ കുപ്പായമിട്ടു. അതൊരു മധുര പ്രതികാരമായിരുന്നു. 1989ൽ ബാംഗ്ലൂർ റൂറൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സിനകത്ത് തന്നെ നടന്ന ഗൂഢാലോചനകളുടെയും ഡി.കെ യോട് നേതൃത്വത്തിന് അതൃപ്തി തോന്നിയതിന്റെയും പശ്ചാത്തലത്തിൽ 1989ലെ അസംബ്ലി ഇലക്ഷനിൽ ഡി.കെയ്ക്ക് പാർട്ടി ടിക്കറ്റ് കൊടുത്തില്ല. എന്നാൽ ഡി.കെ എന്ന സെൽഫ് മെയ്ഡ് നേതാവിന് അതൊരു വിഷയമേ ആയിരുന്നില്ല, 1991ൽ വീരേന്ദ്ര പാട്ടീലിനു മുഖ്യമന്ത്രിയായി തുടരാനാകാതെ വന്ന അവസ്ഥയിൽ നിർണ്ണായക ഇടപെടൽ നടത്തി പാർട്ടിയെ രക്ഷിക്കുന്നത് ഡി.കെയാണ്. എസ്. ബംഗാരപ്പയെ പിന്തുണച്ച് അടുത്ത മുഖ്യമന്ത്രിയായി അവരോധിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത് ഡി.കെ ശിവകുമാർ എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു. ആ മന്ത്രിസഭയിൽ 91-92 കാലഘട്ടത്തിൽ ശിവകുമാർ ജയിൽ വകുപ്പ് മന്ത്രിയായി.

99 ൽ എസ്.എം കൃഷ്ണയെ പറഞ്ഞു സമ്മതിപ്പിച്ച് രാജ്യസഭാ സീറ്റിലേക്ക് മത്സരിപ്പിക്കുന്നതിലും അതിലൂടെ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 139 സീറ്റുകളുമായി അതുജ്വല വിജയം കൈവരിക്കുന്നതിലും ഡി.കെ തള്ളിക്കളയാൻ കഴിയാത്ത സ്വാധീനമായി. കൃഷി ജീവിതോപാധിയായി കാണുന്ന വൊക്കലിഗ വിഭാഗത്തിൽ പെടുന്ന നേതാവാണ് ഡി.കെ ശിവകുമാർ. ലിങ്കായത്ത് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള സാമുദായിക ശക്തിയാണ്. അതുകൊണ്ടു തന്നെ ഡി.കെയെ പൂർണ്ണമായും തള്ളിക്കളയാനോ, മാറ്റി നിർത്താനോ കോൺഗ്രസിന് സാധിക്കില്ല. ശിവകുമാർ കോൺഗ്രസിന്റെ 'ദി റിയൽ ട്രബിൾ ഷൂട്ടറാ'ണ് എന്ന് പറയാൻ നിരവധി ഉദാഹരണങ്ങളുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2002ൽ മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖ് സർക്കാർ നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തിൽ സർക്കാർ വീഴാതെ നിലനിർത്തുന്നതിന് ഡി.കെ ശിവകുമാർ നടത്തിയ നിർണ്ണായക ഇടപെടലാണ്. എം.എൽ.എമാരെ ബാംഗ്ലൂർ ബോർഡറിലുള്ള തന്റെ സ്വാധീനത്തിലുള്ള റിസോർട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച് വോട്ടിംഗ് സമയം വരെ ആരും കൂറുമാറാതെ സർക്കാരിനനുകൂലമായി തന്നെ വോട്ട് ചെയ്തു എന്നുറപ്പിക്കാൻ ശിവകുമാറിന് സാധിച്ചു. ഇത്തരത്തിൽ ഒരു ക്രൈസിസ് മാനേജരായി പിന്നെ ശിവകുമാറിന്റെ കാണുന്നത് 2017 ൽ ഗുജറാത്തിലാണ്. രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കുന്നതിൽ എം.എൽ.എമാരെ റിസോർട്ടിലേക്കു മാറ്റി ഗെയിം മേക്കറായി ഡി.കെ ഉണ്ടായിരുന്നു.

2002 ൽ കർണാടക ടൌൺ പ്ലാനിങ് ബോർഡിൻറെ ചെയർമാൻ സ്ഥാനത്തായിരുന്നു ഡി.കെ ശിവകുമാർ. കർണാടകയിലെ മിക്കവാറും അണ്ടർപാസ്സുകളും ഫ്ലൈ ഓവറുകളും പ്ലാൻ ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ശിവകുമാർ വഹിച്ച പങ്ക് വലുതായിരുന്നു. 2004 ൽ ഷതനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജയിച്ച് എം.എൽ.എ സ്ഥാനത്തെത്തി. 2013 ൽ വീണ്ടും എം.എൽ.എ. 2013 മുതൽ 2018 വരെ സിദ്ധരാമയ്യ സർക്കാരിൽ ഡി.കെ ശിവകുമാർ ഊർജ്ജ വകുപ്പ് മന്ത്രിയായിരുന്നു. 2018 ൽ വീണ്ടും കനകപുരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ ജലസേചന വകുപ്പുകളുമായി വീണ്ടും മന്ത്രിസഭയിലേക്ക്. എച്ച്.ഡി കുമാരസ്വാമിയുടെ സർക്കാർ ഒരു വർഷവും 64 ദിവസവും പിന്നിടുമ്പോഴേക്കും വീണു. കുതിരക്കച്ചവടം നടത്തി കാലുവാരി ബി.ജെ.പി അധികാരത്തിൽ വന്നു. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി. പിന്നീട് നടന്നത് സമകാലിക ചരിത്രം.

2018 ലാണ് ഹവാല ഇടപാടുകൾ നടത്തിയെന്നാരോപിച്ചുകൊണ്ട് ഇ.ഡി ശിവകുമാറിനെതിരെ മണി ലോണ്ടറിംഗ് കേസ് എടുക്കുന്നത്. ശിവകുമാറും ഡൽഹി കർണാടക ഭവനിലെ ഹനുമന്തയ്യ എന്ന ജോലിക്കാരനുമുൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു കേസ്. തുടരെത്തുടരെയുള്ള ഇൻകം ടാക്സ്‌ റെയ്ഡുകളിലൂടെ നിരവധി കേസുകളാണ് ശിവകുമാറിനെതിരെ അന്ന് രജിസ്റ്റർ ചെയ്തത്. ഒടുവിൽ പി.എം.എൽ.എ കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ 2019 സെപ്റ്റംബർ മൂന്നാം തീയ്യതി ശിവകുമാർ അറസ്റ്റു ചെയ്യപ്പെട്ടു. ഒന്നരമാസത്തിനു ശേഷം ഒക്ടോബർ 23 നാണ് ജാമ്യം ലഭിക്കുന്നത്. 2022 മെയ് 26 നു വീണ്ടും ശിവകുമാറിനെതിരെ മണി ലോണ്ടറിംഗ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ജയിൽ വാസവും ഈ ബഹളങ്ങളുമെല്ലാം അതിജീവിച്ചാണ് ഡി.കെ ശിവകുമാർ 2023 അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ ഇറങ്ങുന്നത്.

ആദ്യമായി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെടുമ്പോൾ അയാൾക്ക് 27 വയസായിരുന്നെന്ന് പറഞ്ഞല്ലോ. 1991 ൽ ബംഗാരപ്പ സർക്കാരിൽ ജയിൽ വകുപ്പ് മന്ത്രിയായി അധികാരമേൽക്കുമ്പോൾ ശിവകുമാറിന് വയസ് 30. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം 2023 ൽ ഒരു ജീവൻ മരണ പോരാട്ടത്തിൽ കോൺഗ്രസിന്റെ കൈ പിടിച്ച് വിജയത്തിലെത്തിച്ച്, വികാരാധീനനായി അയാൾ പറഞ്ഞു. 'ഈ വിജയം പൂർണ്ണമായും പാർട്ടി പ്രവർത്തകരുടെ വിജയമാണ്. സംഘടനയുടെ വിജയമാണ്. ആളുകൾ പാർട്ടിയിൽ വിശ്വാസമർപ്പിച്ചു. ഞങ്ങൾ ഒരുമിച്ച് നിന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്.' ആരാകും മുഖ്യമന്ത്രിയെന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ സിദ്ദരാമയ്യ കസേരയുറപ്പിക്കുമ്പോൾ, സമാധാനപ്പെടുത്താൻ നിരവധി ഓഫറുകളുണ്ടാകും ഡി.കെ ശിവകുമാറിനു മുമ്പിൽ, മുഖ്യമന്ത്രിയായാലും ഇല്ലങ്കിലും, ഒരു പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കുന്ന സാഹചര്യത്തിൽ, പാർട്ടി നേടിയ ഈ വിജയം ഡി.കെ പ്രവചിച്ചതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും, മല്ലികാർജ്ജുൻ ഖാർഗെക്കും അയാൾ കൊടുത്ത ഒരുറപ്പുണ്ടായിരുന്നു, കർണാടകം നമ്മൾ ജയിച്ചു കയറും എന്ന ഉറപ്പ്. ഈ വിജയത്തിന് ആ ഉറപ്പിന്റെ ഊക്കുകൂടിയുണ്ട്. ഒരു ഉരുക്കു മനുഷ്യനെപ്പോലെ ഡി.കെ എന്ന രണ്ടക്ഷരത്തിൽ ആവേശമായി അയാൾ പ്രവർത്തകരുടെ മനസിൽ ഇതുപോലെ തന്നെ നിൽക്കും.

Related Stories

No stories found.
logo
The Cue
www.thecue.in