ദളിതരെ വിലക്കിയ 200 വർഷങ്ങൾ, ജാതിക്കോട്ട തകർത്തെറിഞ്ഞ് വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ഇനി ദളിതർ കയറും

രണ്ട് നൂറ്റാണ്ടായി നിലനിന്നുപോന്ന ജാതി വിവേചനത്തിന്റെയും അസമത്വത്തിന്റെയും കോട്ട ചവിട്ടിത്തുറന്നായിരുന്നു തമിഴ്നാട് 2023 നെ വരവേറ്റത്. ഇരുന്നൂറ് വർഷങ്ങളായി തങ്ങളെ വിലക്കിയിരുന്ന കല്ലാക്കുറിച്ചിയിലെ വരധരാജ പെരുമാൾ ക്ഷേത്രത്തിൽ 2023 ജനുവരി 2ന് ചരിത്രത്തിലാദ്യമായി ദളിതർ പ്രവേശിച്ചു. അവർ ആരാധന നടത്തി.

സവർണ്ണർക്ക് മാത്രം പ്രവേശനം അനുവധിച്ചിരുന്ന ക്ഷേത്രത്തിലെ ആരാധനക്കായി ദളിത് വിഭാ​ഗം പ്രദേശത്ത് വർഷങ്ങളായി സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്നു. 2008 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സവർണ്ണ ഹിന്ദുക്കളും ദളിത് വിഭാ​ഗവും തമ്മിൽ വലിയ തർ‌ക്കങ്ങൾ‌ നടന്നു. ഇതിനെ തുടർന്ന് ക്ഷേത്രത്തിന് പുറത്ത് പൊതുസ്ഥലത്ത് നടക്കുന്ന ആഘോഷങ്ങളിൽ നിന്ന് പോലും ദളിതർ വിലക്കപ്പെട്ടു. തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിനായി നിരന്തരമായി നിവേദനങ്ങളും അപേക്ഷകളും സമർപ്പിച്ച് അവർ കാത്തിരുന്നിട്ടും ക്ഷേത്രം ഭരണ സമിതി അനുമതി നൽകിയില്ല.

ഈ പറയുന്ന ക്ഷേത്രം എല്ലാ വിശ്വാസികൾക്കും പ്രവേശനം അനുവധിക്കുന്ന ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരുന്നതാണെങ്കിലും, രണ്ടു നൂറ്റാണ്ടുകളായി പ്രദേശത്തെ സവർണ്ണ ഹിന്ദുക്കളാണ് ക്ഷേത്രം അടക്കി ഭരിക്കുന്നത്. നിവേദനങ്ങൾ‌ കൊണ്ടോ അപേക്ഷകൾ കൊണ്ടോ കാത്തിരിപ്പ് കൊണ്ടോ തങ്ങളുടെ അവകാശം നേടിയെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സമരക്കാർ പ്രതിഷേധ മാർ​ഗം മാറ്റുന്നത്. സമരക്കാരിൽ ചിലർ ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതോടെ പ്രദേശത്ത് വലിയ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അതോടെ ക്ഷേത്രപ്രവേശനത്തിനായി പ്രദേശവാസികളായ ദളിതർ നിരന്തര സമരത്തിലേക്ക് നീങ്ങി.

2022 ജൂണിൽ ​ഗ്രാമത്തിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സമരക്കാർ തങ്ങളുടെ ആവശ്യം ഉന്നയിച്ച് കളക്ടർക്ക് നിവേധനം കൊടുത്തു. സമരം ശക്തമായതോടെ കളക്ടർ ശ്രാവൺ കുമാറിന്റെയും ആർ.ഡി.ഒ പവിത്രയുടെയും നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചു. അതിന് ശേഷം സമരക്കാർ ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം സമർപ്പിച്ചു.

തുടർച്ചയായ ചർച്ചകൾക്കൊടുവിൽ അങ്ങനെ ദളിതർക്ക് ക്ഷേത്ര പ്രവേശനം അനുവധിക്കണമെന്ന് തീരുമാനം വന്നു. രണ്ട് നൂറ്റാണ്ട് കാലം തങ്ങളുടെ തലമുറകൾക്ക് സ്വപ്നം മാത്രമായിരുന്ന വരധരാജ പെരുമാൾ ക്ഷേത്ര നടയിലേക്ക് കാണിക്കയായി പഴങ്ങളും മാലകളും പട്ടും കയ്യിലേന്തി അവർ കാൽനടയായെത്തി. മുന്നോറോളം വരുന്ന ഭക്തർ നാനൂറോളം പൊലീസുകാരുടെ അകമ്പടിയോടെയായിരുന്നു ക്ഷേത്രത്തിലേക്ക് എത്തിയത്.

ഈ കാലമത്രയും തങ്ങൾ കരുതിയിരുന്നത് വരധരാജ പെരുമാൾ ക്ഷേത്രം സവർണ്ണ ജാതിക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു എന്നാണ് പ്രദേശവാസികളിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. എന്നാൽ ഇത് എല്ലാവർക്കും പ്രവേശനം അനുവധിക്കപ്പെടേണ്ട, സർക്കാരിന് കീഴിൽ വരുന്ന ക്ഷേത്രമാണെന്ന് അറിഞ്ഞതോടെയാണ് ഇത്രനാൾ നേരിട്ട വിവേചനത്തിനെതിരെ പോരാടാൻ ഉറച്ചിറങ്ങിയത് എന്നും അദ്ദേഹം പറയുന്നു. ഇന്ന് ചുറ്റും കൂടി നിന്ന പൊലീസ് വലയത്തിലാണ് ക്ഷേത്രത്തിലെത്തിയത് എങ്കിൽ, നാളെ സ്വതന്ത്രമായി, സമാധാനപരമായി തങ്ങൾക്കും അടുത്ത തലമുറകൾക്കും ക്ഷേത്രത്തിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.

ജാതി വിവേചനത്തിന്റെ, അവകാശ ലംഘനത്തിന്റെ, 200 വർഷം നിലനിന്നുപോന്നൊരു ആണിക്കല്ല് തകർത്താണ് തമിഴ്നാട് പുതുവർഷത്തെ വരവേറ്റത്. അത് നൽകുന്ന പ്രതീക്ഷ വലുതാണ്. വർ​ഗീയതയുടെ വിഷവിത്തുകൾ പാകി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് തകൃതിയായി നടക്കുമ്പോൾ, മറുവശത്ത്, കാലങ്ങളായി അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിജയകഥകളിലൂടെ പ്രതീക്ഷയുടെ തുരുത്താവുകയാണ് തമിഴ്നാട്.

Related Stories

No stories found.
logo
The Cue
www.thecue.in