ആ​ഗോള ബ്രാന്റ് ക്രിസ്റ്റ്യാനോ റൊണാൾഡോ; കപ്പുമായി മടങ്ങുമോ ഫുട്ബോളിന്റെ രാജാവ്

ലോകകപ്പ് ചരിത്രത്തിൽ അധികമൊന്നും സ്ഥാനം പിടിക്കാതിരുന്ന പോർച്ചു​ഗൽ എന്ന രാജ്യം. യുസേബിയോയും ഫി​ഗോയും ഡെക്കോയും പന്ത് തട്ടിയിരുന്ന പ്രതാപകാലത്ത് പോലും ഒരു ലോകകിരീടം സ്വപ്നം കാണാൻ കഴിയാതെ പോയവരെന്ന വിമർശനം ഏറ്റുവാങ്ങിയവർ. ഒരു കാലത്ത് യൂറോപ്യൻ ഫുഡ്ബോളിൽ തീർത്തും അപ്രസക്തമായിരുന്ന ആ ടീം ഇന്ന് ലോകഫുട്ബോൾ മാമാങ്കത്തിന് ഖത്തറിന്റെ മണ്ണിലെത്തുമ്പോൾ ആ രാജ്യത്തിന്റെ പ്രതീക്ഷയും എതിരാളികളുടെ ഭയവും വാനോളമാണ്.

ടീമിന്റെ കപ്പിത്താനായ ഫെർണാന്റോ സാന്റോസും, യൂറോപ്യൻ ഫുഡ്ബോളിന്റെ അതികായൻമാർ അണിനിരക്കുന്ന പ്രതിരോധ നിരയും മധ്യനിരയുമെല്ലാം അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പക്ഷേ അപ്പോഴും പോർച്ചു​ഗൽ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറകും ആകാശവും നൽകുന്നത് മറ്റൊരാളാണ്.

തോറ്റുപോകുമെന്ന് എതിരാളികൾ വിധിയെഴുതിയിടത്ത് നിന്നെല്ലാം കൊടുങ്കാറ്റായി ഉയിർത്തെണീറ്റവൻ, എത്ര ​ഗോളുകൾക്ക് മുന്നിൽ നിൽക്കുമ്പോഴും കളിയുടെ തൊണ്ണൂറാം മിനിറ്റിലും അയാൾ കളത്തിലുണ്ടെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കാമെന്ന ഭീതി എതിരാളികളിൽ പകരുന്നവൻ, പോർച്ചു​ഗലിന്റെ ഏഴാം നമ്പർ കുപ്പായത്തിൽ കളിക്കളത്തിൽ മായാജാലം തീർത്ത്, സി.ആർ7 എന്ന ആ​ഗോള ബ്രാന്റായി മാറിയ ക്രിസ്റ്റ്യാന്യോ റൊണാൾഡോ ഡോസ് സാന്റോസ് അവേരോ.

ആദ്യ ലെവനിൽ ഇടം പിടിക്കാനാകാതെ താൻ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും അയാൾക്ക് വീണുപോകാൻ കഴിയുമായിരുന്നില്ല. തോൽവികളിലും, അവസര നിഷേധങ്ങളിലും, ഫോമില്ലായ്മയുടെ ദുരിതകാലത്തും ഇടറാതെ പതറാതെ വീണുപോകാതെ നിന്ന, ഫുട്ബോളിന്റെ രാജാവ് ഖത്തറിലെത്തുമ്പോൾ, ആരാധക ലക്ഷങ്ങളുടെ സ്വപ്ന ഭാരവും പേറി പോർച്ചു​ഗലിനെ മുന്നിൽ നിന്ന് നയിക്കുമ്പോൾ, അവൻ കിരീട നേട്ടത്തിന്റെ സുന്ദരസ്വപ്നം പൂവണിയിക്കുക തന്നെ ചെയ്യും. കാരണം പ്രതീക്ഷകളില്ലാതിരുന്ന കാലത്ത് നിന്നും സ്വപ്നതുല്യമായ കിരീടത്തിനടുത്തേക്ക് പലയാവർത്തി ആ ടീമിനെ നയിച്ചവനാണവൻ.

ഇറ്റലിയുടെ കിരീടനേട്ടം സംഭവിച്ച 2006 ജെർമൻ ലോകകപ്പ്, റോണോയുടെ കളിമികവിന് ലോകം സാക്ഷ്യം വഹിച്ച മാച്ച് കൂടിയായിരുന്നു. ക്രിസ്റ്റ്യാനോ എന്ന പേര് അതിനോടകം തന്നെ ആരാധകർക്കിയിൽ പരിചിതമായിരുന്നെങ്കിലും അതിന്റെ ആഴം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ ലോകകപ്പ്. ഫി​ഗോയും, ഡെക്കോയും അടക്കമുള്ള പ്രതിഭകൾക്കൊപ്പം കളത്തിലിറങ്ങിയ റോണോ മിന്നും പ്രകടനത്തിലൂടെ അന്ന് പോർച്ചു​ഗലിന്റെ സെമി പ്രവേശനത്തിലെ നിർണ്ണായക പങ്ക് വഹിച്ചു.

1966 ലെ മിന്നും പ്രകടനത്തിന് ശേഷമുള്ള പോർച്ചു​ഗലിന്റെ ഏറ്റവും മികച്ച മുന്നേറ്റത്തിന് അന്ന് ലോകം സാക്ഷ്യം വഹിച്ചു. അങ്ങനെ യുസേബിയോ എന്ന പോർച്ചു​ഗൽ ഇതിഹാസത്തിനൊപ്പം റോണോയുടെ പേരും എഴുതപ്പെടാൻ തുടങ്ങി. ഫി​ഗോയ്ക്ക് ശേഷം പോർച്ചു​ഗലിന്റെ ഏഴാം നമ്പർ ജേഴ്സി ആർക്ക് എന്ന ചോദ്യത്തിന് ആ നിമിഷം മറുത്തൊരു ആലോചനയുടെ പോലും ആവശ്യമില്ലായിരുന്നു. അന്നത്തെ ആ ഏഴാം നമ്പർ കുപ്പായക്കാരനിൽ നിന്ന് സി.ആർ 7 എന്ന ആ​ഗോള ബ്രാന്റായി ഇന്നയാൾ വളർന്ന് കഴിഞ്ഞു.

2016 യൂറോകപ്പ് ഓർക്കാതെ റോണോയെ പറ്റി പറഞ്ഞവസാനിപ്പിക്കാൻ കഴിയില്ല. തന്റെ രാജ്യത്തിനായി ഒരു യൂറോകപ്പ് എന്ന അയാളുടെ സ്വപ്നം പൂവണിഞ്ഞ യൂറോ ആയിരുന്നു അത്. അയാളുടെ തോളിലേറിയാണ് പോർച്ചുഗൽ അന്ന് കലാശപ്പോരാട്ടത്തിനു ബൂട്ടണിഞ്ഞത്‌. അതിശക്തരായ ഫ്രാൻസിനെ എതിരിടുമ്പോൾ കണക്കുകളെല്ലാം ഫ്രാൻസിന് അനുകൂലമായിരുന്നു. എപ്പോഴത്തേയും പോലെ ക്രിസ്റ്റ്യാനോ എന്ന ഒറ്റപ്പേരിൽ വിശ്വാസമർപ്പിച്ച്‌ പോർച്ചു​ഗൽ കളത്തിലിറങ്ങി.

എന്നാൽ ആരാധകരുടെ സകല പ്രതീക്ഷകളെയും തകിടം മറിച്ച് കളിയുടെ ഏഴാം മിനിറ്റിൽ പരിക്കേറ്റ റോണോ ​ഗ്രൗണ്ടിൽ വീണ് വേദനകൊണ്ട് പുളഞ്ഞു. ട്രീറ്റ്‌ മെന്റിന് ശേഷം വീണ്ടും കളത്തിലിറങ്ങിയെങ്കിലും 17 ആം മിനിറ്റിൽ വീണ്ടുമയാൾ വീണു. പോർച്ചു​ഗൽ പ്രതീക്ഷകളെല്ലാം അസ്തമിച്ച നിമിഷം. കാലിലേക്ക്‌ അരിച്ച്‌ കയറിയ വേദനയേക്കാളേറെ, 2004ന് സമാനമായി വീണ്ടുമൊരു യൂറോ കപ്പ്‌ കൂടി കയ്യെത്തും ദൂരത്ത്‌ നഷ്ടമാകുന്നു എന്ന തിരിച്ചറിവിൽ നിറകണ്ണുകളുമായി അയാൾ കളം വിട്ടു.

സകല പ്രതീക്ഷകളും അറ്റുപോയ പോർച്ചുഗീസ്‌ ആരാധകർ ഗ്യാലറിയിൽ നിശബ്ദരായി ഇരുന്നു. മിനിറ്റുകൾക്കുള്ളിൽ പെട്ടെന്ന് ഒരു ആവേശം ഗ്യാലറിയെ ആകെ ഇളക്കി മറിച്ചു. കാലിൽ വരിഞ്ഞ് കെട്ടിയ ബാൻഡ്‌ എയിഡുമായി അവരുടെ പ്രിയപ്പെട്ട റോണോ കോച്ച്‌ ഫെർന്നാണ്ടോ സാന്റോസിനൊപ്പം സൈഡ്‌ ലൈനിൽ വന്നു നിൽക്കുന്നു.

കളിക്കാനാകുമായിരുന്നില്ല. പക്ഷേ അയാൾ അവിടെ നിന്ന് തന്റെ സഹകളിക്കാർക്ക്‌ ആവേശം പകർന്നു. എന്തുമനുഷ്യനാണിയാൾ‌ എന്ന് ​ഫുട്ബോൾ ലോകം കണ്ണുനിറച്ച നിമിഷം. കടുത്ത വേദനയിലും അത് കടിച്ചമർത്തി അയാൾ പകർന്ന ആവേശം വൃധാവിലാക്കാൻ ആ ടീമിന് കഴിയുമായിരുന്നില്ല. എക്സ്ട്രാടൈമിൽ 109ാം മിനിറ്റിൽ, വീണുപോയ തങ്ങളുടെ കപ്പിത്താന് അർഹിക്കുന്ന ജയം സമ്മാനിക്കാൻ പോന്നൊരു ഗോൾ എഡറിൽ നിന്നും പിറന്നു. അങ്ങനെ കളിക്കളത്തിന് പുറത്ത് നിന്ന് അയാൾ പകർന്ന ഊർജ്ജത്തിന്റെ ചിറകിലേറി യൂറോ കപ്പിൽ പോർച്ചുഗീസ്‌ വസന്തം പിറന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ ലോക ഫുഡ്‌ ബോളിൽ വരവറിയിച്ച ക്രിസ്റ്റ്യാനോ കാൽപന്തിൽ ഇന്ന് എത്തിപ്പിടിക്കാത്ത നേട്ടങ്ങളില്ല. 5 ബാലൺ ഡിയോർ അയാളുടെ ഷെൽഫിലുണ്ട്‌. ആ ഇതിഹാസത്തെ അളക്കാൻ ലോകകപ്പെന്ന കനക കിരീടത്തിന്റെ ചന്തം വേണ്ടതില്ല. കാരണം രണ്ട് ദശകങ്ങളിലായി കോടിക്കണക്കിന് ഫുഡ്ബോൾ ആരാധകരുടെ ഹൃദയങ്ങളിൽ തങ്കലിപികളാൽ കൊത്തിവെച്ചതാണ് ആ പേര്. എങ്കിലും, ചടുല വേഗതയിൽ അയാൾ മൈതാനത്ത്‌ നിറഞ്ഞാടുമ്പോൾ, അത് കണ്ടുകണ്ട്‌ ആ കളിയഴകിനെ പ്രണയിച്ച ലോകമെമ്പാടുമുള്ള ആരാധകർ അയാൾ ആ സ്വപ്ന കിരീടം ഉയർത്തുന്നത് കാണാൻ ആ​​ഗ്രഹിക്കുന്നുണ്ട്.

ക്രിസ്റ്റ്യാനോയെ പ്രായം തളർത്തിയെന്നും അയാൾ അസ്തമിച്ചെന്നും വിധിയെഴുതി പരിഹസിക്കുന്നവരുണ്ട്. എന്നാൽ ഈ 37ആം വയസ്സിലും അയാൾക്ക് തീപ്പന്തമായി മാറാൻ കെൽപ്പുണ്ടെന്ന് അയാളുടെ ചരിത്രം നിങ്ങളോട്‌ പറയും. വാട്ട്‌ ഏ കം ബാക്ക്‌ എന്ന് ഓരോ തവണയും കമ്മേന്റേറ്റർമാർ പറയുമ്പോൾ, തിരിച്ചുവരാൻ ഞാനെങ്ങും പോയിട്ടില്ലെന്ന് പറയുന്നയാൾ.

പ്രായം തനിക്ക് വെറും അക്കങ്ങൾ മാത്രമാണെന്ന് പറയുകയും അത് കളിക്കളത്തിൽ‌ തെളിയിക്കുകയും ചെയ്യുന്നയാൾ. വിരമിക്കലിനെ കുറിച്ച്‌ ചോദിക്കുമ്പോൾ 2024 യൂറോയിലും താനുണ്ടാകുമെന്ന് പറഞ്ഞ്‌ ചിരിക്കുന്നയാൾ. അങ്ങനെയൊന്നും തളർത്താൻ കഴിയാത്ത ക്രിസ്റ്റ്യാനോ ഖത്തറിന്റെ മണ്ണിൽ നിന്ന് കപ്പുമായ്‌ ഇറങ്ങുകയാണെങ്കിൽ അത്‌ വിമർശകരാൽ എന്നും വേട്ടയാടപ്പെട്ട ഇതിഹാസതാരത്തിന്റെ മധുരപ്രതികാരം കൂടിയാകും. കാത്തിരിക്കാം, അയാൾ തൊടുത്ത്‌ വിടുന്ന കൊടുങ്കാറ്റുകൾക്കായി. ഓരോ കൊടുങ്കാറ്റിനു ശേഷവും വാനിൽ പറന്നുയർന്ന് അയാൾ നടത്തുന്ന ആഘോഷാരവങ്ങൾക്കായി.

Related Stories

No stories found.
logo
The Cue
www.thecue.in