എന്തും ചോർത്തുന്ന ചാര ബലൂണുകൾ

2023 ഫെബ്രുവരി മാസം 4 ആം തിയതി യു എസിലെ സൗത്ത് കരോലിന തീരത്ത് ഒരു കൂറ്റൻ ബലൂണ് ആകാശത്തിലൂടെ പറന്നു. ജനങ്ങളെല്ലാം അതുകണ്ട് അമ്പരന്നു. ഇതുവരെ കാണാത്ത കാഴ്ചയുടെ കൗതുകമായിരുന്നു ആദ്യം. എന്നാൽ, ഇത് ചൈനയുടെ ചാര ബലൂൺ ആണെന്ന് മനസിലായതോടെ ആളുകളും സൈന്യവും പരിഭ്രാന്തിയിലായി അറ്റ്ലാന്റിക് സമുദ്ര തീരത്ത് ബലൂൺ പ്രവേശിച്ചപ്പോൾ അമേരിക്കൻ സൈന്യം യുദ്ധവിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ച് ബലൂൺ വെടിവെച്ചു. എന്നാൽ ഇത് തങ്ങളുടെ ചാര ബലൂൺ അല്ലെന്നും ചൈനയുടെ മിലിറ്ററി സർവെയിലൻസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സിവിലിയൻ എയർഷിപ് ആണെന്നുമാണ് ചൈന അവകാശപ്പെടുന്നത്. ഇതിനെ തുടർന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ക്ലിന്റൺ തന്റെ ചൈന സന്ദർശനം ക്യാൻസൽ ചെയ്തിരുന്നു. ക്യാമറകളും സെൻസറുകളുമൊക്കെ ഘടിപ്പിച്ചിട്ടുള്ള 60000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ഈ ബലൂണ് ചൈനയുടെ സ്പൈ ബലൂൺ തന്നെയാണ് എന്നാണ് യു എസ് ഒഫീഷ്യലുകൾ പറയുന്നത്.

എന്താണ് ഈ ചാര ബലൂണ് എന്നും ഇതിന്റെ പ്രവർത്തനം എങ്ങനെയെല്ലാമാണെന്നും നോക്കാം.

ഹീലിയം പോലുള്ള ഭാരം കുറഞ്ഞ ഗ്യാസുകൾ ഉപയോഗിച്ച് 60000 അടി മുതൽ ഒന്നര ലക്ഷം അടി ഉയരത്തിൽ പറക്കുവാൻ ശേഷിയുള്ള ബലൂണുകൾ ആണിവ. ഇതൊരു സ്പൈ ബലൂണ് ആയതിനാൽ തന്നെ മറ്റു രാജ്യങ്ങളെ വീക്ഷിക്കുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ബലൂണിന്റെ അടി ഭാഗത്തു ക്യാമറകളും റഡാറുകളും സെൻസറുകളും എല്ലാം ഘടിപ്പിച്ച് സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ വിഷ്വൽസ് ക്യാപ്ചർ ചെയ്യാനും വിവരങ്ങൾ ചോർത്താനും ഇവയ്ക്കു സാധിക്കും. കാറ്റിന്റെ ദിശ അനുസരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. യു എസ് റിപ്പോർട്ട് അനുസരിച്ചു ചൈനയുടെ സ്പൈ ബലൂണിൽ പ്രൊപ്പല്ലറുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ആ ബലൂണ് ഓപ്പറേറ്റ് ചെയുന്ന വ്യക്തിക്ക് അതിന്റെ മേൽ കണ്ട്രോൾ ഉണ്ടാവും. ബലൂണിന്റെ ദിശ ഇയാൾക്ക് തീരുമാനിക്കാം.

ഇത്തരം പല ടെക്നിക്കുകളും ചാര പ്രവർത്തിക്കുവേണ്ടി പല രാജ്യങ്ങളും നേരത്തേ തന്നെ ഉപയോഗിച്ചിട്ടുള്ളതാണ്. 1794 ലെ ഫ്ള്യൂറസ് ബാറ്റിൽ നടന്നപ്പോൾ ഓസ്ട്രിയയുടെയും ഡച്ച് സൈന്യങ്ങളുടെയും ചലനങ്ങൾ നിരീക്ഷിക്കുന്നതിന് ഫ്രാൻസ് ഉപയോഗിച്ചത് ഇത്തരം ചാരബലൂണുകൾ ആയിരുന്നു. തീർന്നില്ല, രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് അമേരിക്കയിൽ ജപ്പാൻ ബോംബ് വിക്ഷേപിച്ചതും കോൾഡ് വാറിന്റെ സമയത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ചാരപ്രവർത്തികൾക്കായും മറ്റും ഉപയോഗിച്ചതും ചാരബലൂണുകളാണ്.

സ്പൈ ബലൂണുകൾ ഒരു നൂനതന ആശയം അല്ല

ചാരപ്രവർത്തനം നടത്തുന്നതിന് ഒട്ടനവധി ടെക്നിക്കുകൾ ഉണ്ട്. സ്പൈ സാറ്റ്ലൈറ്റുകൾ ചാര പ്രവർത്തികൾക്കായി എപ്പോഴും ഉപയോഗിക്കുന്ന ഒരു മെത്തേഡ് ആണ്. എന്നിട്ടും എന്തുകൊണ്ടാവണം സ്പൈ സാറ്റലൈറ്റുകൾക്കു പകരമായി സ്പൈ ബലൂണുകൾ ചൈന ഉപയോഗിച്ചത്?

സ്പൈ സാറ്റലൈറ്റുകൾ രണ്ടു തരത്തിലുള്ള ഓർബിറ്റിനു ചുറ്റുമാണ് ചലിക്കുന്നത്. ഒന്ന് ലോ ഏർത് ഓർബിറ്റ് അല്ലെങ്കിൽ ഭൂമിയോട് അടുത്ത് നിൽക്കുന്ന ഭ്രമണപഥം. മറ്റു സാറ്റലൈറ്റുകളെ പോലെ ഭൂമിയിൽ നിന്നും ഒരുപാട് അടി ഉയരത്തിൽ സഞ്ചരിക്കുന്നവയല്ല ഇവ. ഭൂമിയോട് എത്ര അടുത്ത് നിൽക്കുന്നുവോ അത്രയും സൂക്ഷ്മമായി ഓരോ കാര്യങ്ങളും നിരീക്ഷിക്കുവാനും കൂടുതൽ ക്ലിയർ ആയി ചിത്രങ്ങൾ എടുക്കുവാനും സഹായകരമാകും. എന്നാൽ ഈ ഓർബിറ്റിന്റെ പ്രശ്നം, ഭൂമിയോട് അടുത്ത് നിൽക്കുന്നതും നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്നതുമായതുകൊണ്ട് സ്റ്റെബിലിറ്റിയോടു കൂടി കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കില്ല എന്നതാണ്.

രണ്ടാമത്തേത്, ജിയോ സിങ്ക്രോണസ് ഓർബിറ്റാണ്. ഭൂമിയിൽ നിന്നും ഒരുപാട് അകലെയാണ് ഈ ഭ്രമണപദം. അകലം കൂടുതലായതിനാൽ വിഷുവൽസ് ക്യാപ്ചർ ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടും. സാറ്റ്ലൈറ്റിന് ഓർബിറ്റിൽ തന്നെ പരിമിതപ്പെടേണ്ടതുകൊണ്ടും നിശ്ചിത വേഗം നിലനിർത്തേണ്ടതുകൊണ്ടും കുറച്ചുകൂടി വ്യക്തമായ നിരീക്ഷണത്തിന് സ്പൈ ബലൂണുകളാണ് മികച്ചത്.

ഇവ ഭൂമിയിൽ നിന്നും താരതമ്യേന അത്ര അകലത്തിലല്ല പറക്കുന്നത്.. ആയതിനാൽ പ്രദേശങ്ങൾ നിരീക്ഷിക്കുവാനും വേണ്ട ഫോട്ടോകൾ മെച്ചപ്പെട്ട ക്ലാരിറ്റിയിൽ എടുക്കുവാനും ഇവയ്ക്കു അനായാസം സാധിക്കും. സാറ്റലൈറ്റ് പോലെയേ അല്ല ബലൂണുകളുടെ വേഗത.. ആകാശത്തിൽ വളരെ പയ്യെ സഞ്ചരിക്കുന്നതിനാൽ സ്ഥിരത നിലനിർത്താനും ഇവയ്ക്കു കഴിയും. എന്നാൽ സ്പൈ ബലൂണുകളുടെ കൂറ്റൻ സൈസ് കാരണം ഇവ പിടിക്കപെടുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

എന്ത് തന്നെയായാലും യു എസിനെ സംബന്ധിച്ച് ഇതോരു നിർണ്ണായക സമയമാണ്. ചൈനയുടെ മുറുകുന്ന തന്ത്രങ്ങളും ചൈനയെ പ്രഹരിക്കുവാനുള്ള യു എസിന്റെ തയ്യാറെടുപ്പും സ്പൈ ബലൂണുകൾക്കപ്പുറത്തേക്കും വരും ദിവസങ്ങളിൽ ചർച്ചചെയ്യപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in