ഗുസ്തി താരങ്ങൾക്കു മുന്നിൽ മുട്ടുമടക്കുന്ന കേന്ദ്രം

സമരങ്ങൾ വിജയിക്കാൻ വലിയ പരിശ്രമങ്ങൾ വേണ്ടിവരുന്ന, സമരങ്ങൾ കണ്ടില്ലെന്നു നടിക്കാൻ സർക്കാരും മാധ്യമങ്ങളും ഒരുമിച്ച്‌ നിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഒരു സമരം കേവലം മൂന്നു ദിവസങ്ങൾകൊണ്ടുതന്നെ വിജയിക്കുന്നു എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഡൽഹി ജന്തർ മന്ദിറിൽ റസലിംഗ്‌ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ നടന്നുകൊണ്ടിരുന്ന റസലിംഗ്‌ താരങ്ങളുടെ സമരം, കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും, നടപടി ഉറപ്പുനൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂന്നാം ദിവസമായ ജനുവരി 20 വെള്ളിയാഴ്ച രാത്രി അവസാനിച്ചു. എന്നാൽ ശരിക്കും ആ സമരം വിജയിച്ചതാണോ? വിവിധ നാഷണൽ കോച്ചിങ് ക്യാമ്പുകളിൽ വച്ചാണ് വനിതാ റസലിംഗ്‌ താരങ്ങൾ കോച്ചുമാരിൽ നിന്നും, ഫെഡറേഷൻ പ്രസിഡന്റ് ആയ ബ്രിജ് ഭൂഷണിൽ നിന്നും, ലൈംഗികമായ അതിക്രമങ്ങൾക്കിരയായത്. സമരം ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ അവരുന്നയിക്കുന്ന വിഷയങ്ങളിൽ മറുപടിനൽകണമെന്ന് കേന്ദ്ര കായിക മന്ത്രാലയം റസലിംഗ് ഫെഡറേഷന് നിർദേശം നൽകിയിരുന്നു.

കോമൺവെൽത്ത് ഗോൾഡ് മെഡലിസ്റ്റായ വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ബജ്‌രംഗി പുനിയ ഉൾപ്പെടെയുള്ള റസലിംഗ് താരങ്ങളാണ് സമരത്തിലുണ്ടായിരുന്നത്. ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനും മറ്റ് കോച്ചുകൾക്കുമെതിരായി ശക്തമായ നിലപാടുമായാണ് വിനേഷ് ഫോഗാട്ട് രംഗത്ത് വന്നത്. തങ്ങൾ ആക്രമിക്കപ്പെട്ട താരങ്ങൾക്കുവേണ്ടി, അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയാണ് ഈ സമരത്തിന്റെ മുന്നിൽ നിൽക്കുന്നത് എന്നും, ഇത്രയും ഗൗരവകരമായ ഒരു സംഭവം നടന്നിട്ട് എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പ്രതികരിക്കാത്തതെന്നും വിനേഷ് ഫോഗാട്ട് ചോദിച്ചിരുന്നു.

ഇത്രയും ആരോപണങ്ങൾ തനിക്കെതിരെയുണ്ടായിട്ടും കുലുങ്ങാതെ നിൽക്കുന്ന ബ്രിജ് ഭൂഷൺ സിംഗ് ആരാണ്? അയാൾ കേവലം ഒരു ബി.ജെ.പി എം.പിയല്ല. ആദ്യം ഗോദയിലും പിന്നെ രാഷ്ട്രീയത്തിലും പയറ്റി തെളിഞ്ഞ ഒരു ഫയൽവാനാണയാൾ. "ശക്തിശാലി" എന്ന വിളിപ്പേരും പരിവേഷവുമുണ്ടയാൾക്ക്, അത് ബി.ജെ.പി എന്ന പാർട്ടിക്കും മുകളിൽ നിൽക്കുന്നതാണ്. ജന്മദേശമായ ഗൊണ്ടയിലും, സമീപത്തെ ആറു ജില്ലകളിലും വലിയ സ്വാധീനമുള്ള നേതാവാണ് ബ്രിജ് ഭൂഷൺ സിംഗ്. അതുകൊണ്ടു തന്നെ പാർട്ടിക്കും അയാളെ പിണക്കാൻ കഴിയില്ല. ഗുസ്തിയിൽ വലിയ നേട്ടമൊന്നുമുണ്ടാക്കാൻ അയാൾക്ക്‌ കഴിഞ്ഞിട്ടില്ല. എന്നിട്ടും കഴിഞ്ഞ പന്ത്രണ്ടു വർഷത്തോളമായി റസലിങ് ഫെഡറേഷൻ തലപ്പത്തിരിക്കുന്നു എന്നത് തന്നെ ആയാൾ രാഷ്ട്രീയത്തിൽ ഗുസ്‌തിപിടിച്ചതിന്റെ ഫലമാണ്. ബാബരി മസ്ജിദ് കേസിൽ പ്രതിയുമായിരുന്നു ബ്രിജ് ഭൂഷൺ.

നേരായ വഴിയിൽ കളി ജയിക്കുന്നത് അയാളുടെ രീതിയല്ല. റഫറിമാരെ ഭീഷണിപ്പെടുത്തിയും ഗോദയ്ക്ക് പുറത്തുള്ള കയ്യൂക്കിന്റെ ബലത്തിലുമാണ് അത് സാധിച്ചിരുന്നത്. യു.പിയിൽ നിരവധി വിദ്യാഭ്യാസ, ബിസിനസ് സ്ഥാപനങ്ങളിൽ പങ്കാളിയാണ് ബ്രിജ് ഭൂഷൺ. അണ്ടർ ഫിഫ്റ്റീൻ വിഭാഗത്തിൽ പെടുന്ന ഒരു അത്‌ലെറ്റിനെ ഇയാൾ കയ്യേറ്റം ചെയ്തതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഗുസ്തി ഫെഡറേഷന്റെ തലപ്പത്തിരിക്കാൻ ഇതിലും കൂടുതൽ യോഗ്യത ആവശ്യമുണ്ടാകില്ല.

സമരം തുടങ്ങി തൊട്ടടുത്ത ദിവസം തന്നെ ബി.ജെ.പി ക്കു വേണ്ടി പ്രശസ്ത റസലിംഗ്‌ താരം ബബിത ഫൊഗാട്ട് എത്തുകയും, സമരം ചെയ്യുന്നവരുമായി സംസാരിക്കുകയും ചെയ്തു. ബബിത ഫൊഗാട്ട് വന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അവർ സർക്കാരിന് വേണ്ടി വന്നതാണ്, ഞങ്ങൾ അവരുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് സമരത്തിലിരിക്കുന്ന ഒളിമ്പ്യൻ റസലർ കൂടിയായ ബജ്‌രംഗ് പുനിയ പറഞ്ഞത്. തുടക്കത്തിൽ തന്നെ സമരം ചെയ്യുന്നവരോടൊപ്പമുണ്ടെന്ന് കാണിക്കാനുള്ള സൂക്ഷ്മത ബി.ജെ.പി കാണിച്ചു എന്ന് തന്നെ പറയണം. നാഷണൽ സൈക്ലിംഗ് ടീമിൽ നിന്ന് കൊച്ചിനെതിരെ ലൈംഗിക പീഡന പരാതി വന്ന് മാസങ്ങൾക്കുള്ളിലാണ് ഇപ്പോൾ റസലിംഗ്‌ താരങ്ങളുടെ ഭാഗത്ത് നിന്ന് പരാതി വരുന്നത്.

സമരത്തിന്റെ മുൻനിരയിലുള്ള വിനേഷ് ഫൊഗാട്ട് പറഞ്ഞത്, ലൈംഗിക പീഡനത്തിനിരയായ ഏറ്റവും കുറഞ്ഞത് 10-20 പെൺകുട്ടികളെ തനിക്ക് അറിയാമെന്നായിരുന്നു. ഞങ്ങളുടെ ഏക ജീവിത മാർഗ്ഗം റസലിംഗ്‌ ആണ്. അതാണ് അവർ ചെയ്യാൻ സമ്മതിക്കാത്തത്. ഇനി മരണം മാത്രമാണ് വഴി എന്ന് വിനേഷ് ഫോഗാട് പറഞ്ഞിരുന്നു. സമരത്തിലുള്ള രവിദഹിയയും ബജ്‌രംഗ് പുനിയയും ടോക്കിയോ ഒളിംപിക്സിൽ മെഡൽ ജേതാക്കളാണ്. സാക്ഷി മാലിക് റിയോ ഒളിംപിക്സിൽ വെങ്കല മെഡൽ ജേതാവ്, വിനേഷ് ഫോഗാട്ടും ദീപക് പുനിയയും ലോക ചാംപ്യൻഷിപ് മെഡൽ ജേതാക്കളുമാണ്.

രാജ്യത്തിനു വേണ്ടി മെഡൽ ജയിക്കാൻ പെടാപാട് പെടുന്നവരാണ് ഓരോ അത്‌ലറ്റും, എന്നാൽ തങ്ങളെ പിന്നോട്ടടിക്കുകയല്ലാതെ മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ല എന്നാണ് സാക്ഷി മാലിക് പറഞ്ഞത്. സഹവനിതാ താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടാണ്, ബജ്‌രംഗ് പുനിയ സമരത്തിന്റെ ഭാഗമാകുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാതെയും, താരങ്ങൾക്ക് ഒരു തരത്തിലുള്ള പിന്തുണയും നൽകാതെയുമാണ് ഫെഡറേഷൻ പ്രവർത്തിക്കുന്നതെന്ന് ബജ്‌രംഗ് പുനിയ ട്വീറ്റ് ചെയ്തു.

ലൈംഗിക പീഡന പരാതികൾ കൂടാതെ ഫെഡറേഷൻ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളുടെ വിവരങ്ങളും ഒടുവിൽ സമരത്തിൽ പങ്കെടുത്തവരും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടന്ന ചർച്ചയിൽ വിഷയമായി എന്ന വിവരങ്ങളാണ് ഒടുവിൽ പുറത്ത് വരുന്നത്. ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള സ്പോണ്സർഷിപ്പുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം. ടാറ്റ മോട്ടോഴ്സിന്റെ സ്‌പോൺസർഷിപ് ഉപയോഗിച്ച് പല സീനിയർ താരങ്ങളുമായും കരാറുണ്ടാക്കിയിരുന്നു. എന്നാൽ ഈ കരാർ തുക ഭാഗികമായി മാത്രമേ നൽകിയിട്ടുള്ളൂ എന്നതാണ് ഇവരുന്നയിക്കുന്ന ആരോപണം. ഫെഡറേഷൻ, കോച്ചുമാരെയും സ്റ്റാഫിനെയും നിയമിക്കുന്നത് യോഗ്യതയനുസരിച്ചല്ലെന്നും, ഫെഡറേഷൻ പ്രെസിഡന്റിനു തോന്നുന്നയാളുകളെയാണ് നിയമിക്കുന്നതെന്നും, ഇത് പരിശീലനത്തിന്റെ നിലവാരത്തെ ബാധിച്ചിട്ടുണ്ട് എന്നും താരങ്ങൾ പറയുന്നുണ്ട്.

നേരത്തെ തന്നെ വിഷയത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ വ്യവസായികൾക്കോ പങ്കില്ലെന്ന് അവർ ആവർത്തിച്ച് പറയുന്നുണ്ട്. സമരത്തിൽ സർക്കാരിനെ വിമർശിച്ച് കൊണ്ട് കോൺഗ്രസ് നടത്തിയ ട്വീറ്റുകൾക്കെതിരെ, കോൺഗ്രസ് ഇത് രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും, ഇതിൽ യാതൊരു വിധ രാഷ്ട്രീയവുമില്ലെന്നും സാക്ഷി മാലിക്കും, ബജ്‌രംഗ് പുനിയയുമുൾപ്പെടെയുള്ള താരങ്ങൾ ട്വിറ്ററിലൂടെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് പങ്കെടുത്ത ബ്രിന്ദ കാരാട്ടിനെ വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവവും ഇതിൽ പ്രത്യേകമായി കാണേണ്ടതുണ്ട്. അതുപോലെ തന്നെ സമരം സർക്കാരിനെതിരല്ലെന്നും, ഒരു വ്യക്തിക്കും ഫെഡറേഷനുമെതിരെയാണെന്നും താരങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഇതൊക്കെക്കൊണ്ടുതന്നെ ഈ സമരത്തെ ഒരു തരത്തിലും ലേബൽ ചെയ്ത് മാറ്റി നിർത്താൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല.

എന്തുകൊണ്ടായിരിക്കും പതിവിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പി കൃത്യ സമയത്ത് ബബിത ഫോഗാട്ടിനെ ഇറക്കി സമരം ചെയ്യുന്നവരോട് സംസാരിച്ചതും, പാർട്ടി ഇടപെട്ടിട്ടുണ്ട് എന്ന് തോന്നിപ്പിക്കാൻ ശ്രമിച്ചതും? സമരം ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായതും മറ്റൊന്നുംകൊണ്ടല്ല, സൈന്ന്യം, കർഷകർ, കായിക താരങ്ങൾ ഈ മൂന്നു വിഭാഗത്തിൽ പെടുന്നവരും ബി.ജെ.പി മുന്നോട്ടു വയ്ക്കുന്ന അതിദേശീയതയുടെ പ്രചാരണത്തിൽ വലിയ പങ്കു വഹിക്കുന്ന വിഭാഗങ്ങളാണ്. അന്താരാഷ്ട്ര കായികമത്സരങ്ങൾ വടക്കേ ഇന്ത്യയിൽ പലപ്പോഴും യുദ്ധത്തിന് സമാനമായാണ് ആളുകൾ കണ്ടിട്ടുള്ളത്. പ്രത്യേകിച്ച് ഗുസ്തി താരങ്ങൾക്കും, ഗുസ്തി എന്ന മത്സരത്തിനും ദേശീയതലത്തിൽ ഒരു വൈകാരിക തലമുണ്ട്, അത് വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതുമാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ എല്ലാ താരങ്ങളും ഒരുമിച്ച് കരിയർ അവസാനിപ്പിക്കുമെന്നായിരുന്നു അവരുടെ ഭീഷണി. അങ്ങനെ സംഭവിച്ചാൽ നാളെ ദേശീയത പറഞ്ഞ് രംഗത്തിറങ്ങുന്ന ബി.ജെ.പി വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നേനെ. ബി.ജെ.പി ക്ക് ഏറ്റവും വലുത് ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും അപ്പോസ്തലന്മാരെന്ന ഇമേജാണ്. അതിനു കോട്ടം സംഭവിക്കും എന്ന പോയിന്റിൽ അവരെന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. അത് കൊണ്ടുതന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടോളം വരുന്ന കാലത്തിനിടയ്ക്ക് രണ്ടു കൂട്ടർക്കുമുന്നിൽ മാത്രമാണ് ഈ സർക്കാർ അടിയറവു പറഞ്ഞിട്ടുള്ളൂ. ഒന്ന് കർഷകരാണ്, മറ്റൊന്ന് ഈ ഗുസ്തി താരങ്ങളും.

Related Stories

No stories found.
The Cue
www.thecue.in