മരം മുറി വിവാദം, ഉത്തരം പറയേണ്ടതാര്?

വനം കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വയനാട് ജില്ലയിലെ മുട്ടിലിൽ നിന്ന് പുറത്തുവന്നത്. വിഷയം നിയമസഭയിൽ ഉന്നയിക്കപ്പെട്ടതോടെ പ്രധാന ചർച്ചാ വിഷയമായി മരം മുറി വിവാദം മാറി. 2020 ഒക്ടോബർ മാസം റവന്യൂവകുപ്പ് ഇറക്കിയ വിചിത്രമായ ഉത്തരവിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

എന്താണ് ആ ഉത്തരവ്

1964 ലെ കേരള ഭൂ പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ കർഷകർ വച്ച് പിടിപ്പിച്ചതും, സ്വമേധയാ കിളിർത്തു വന്നതും പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ്വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കർഷകർക്ക് മാത്രമാണെന്നും അപ്രകാരമുള്ള മരങ്ങൾ അവർക്ക് മുറിക്കാവുന്നതാണെന്നും അതിന് പ്രത്യേകിച്ച് അനുവാദം വാങ്ങേണ്ടതില്ലായെന്നുമാണ് ഉത്തരവ്.

ചുരുക്കമിതാണ് തങ്ങളുടെ ഭൂമിയിൽ സ്വമേധയാ കിളിർത്തു വന്നതും വച്ച് പിടിപ്പിചതുമായ മരങ്ങൾ കർഷകർക്ക് മുറിക്കാം. അതിന് പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. മരം മുറിക്കാൻ തടസം നിൽക്കുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് 10 കോടിയോളം വിലമതിപ്പുള്ള 101 മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടത്. അതേസമയം പട്ടയ ഭൂമിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളാണ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് വെട്ടിമാറ്റപ്പെട്ടത്.

ഉത്തരവിന് പിന്നിൽ ഉദ്യോ​ഗസ്ഥർ മാത്രമോ?

റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ ജയതിലകാണ് ഉത്തരവ് ഇറക്കിയത്. പല ജില്ലാ കളക്ടർമാരുടെയും വനം വകുപ്പിന്റെയും എതിർപ്പ് അവ​ഗണിച്ചാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. വയനാട് ജില്ലാ കളക്ടർ ഉൾപ്പെടെ ഇതിനെതിരെ മുന്നോട്ട് വന്നിരുന്നു.

2021 ഫെബ്രുവരിയിൽ ഒക്ടോബർ 24 ലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനുള്ള നിരോധനം നീക്കിയ ഉത്തരവ് റദ്ദാക്കികൊണ്ട് റവന്യൂവകുപ്പ് മറ്റൊരു ഉത്തരവും ഇറക്കിയിരുന്നു. ചില പരിസ്ഥിതി സംഘടനകൾ നിയമനടപടിയുമായി പോയ സാഹചര്യത്തിലായിരുന്നു ഉത്തരവ് റദ്ദാക്കിയത്. പക്ഷേ ഉത്തരവ് നിലനിന്ന നാലുമാസം കൊണ്ട് നൂറ്റാണ്ടുകൾ പഴക്കം ചെന്ന അനേകം മരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്.

ബലിയാടായത് ആദിവാസികളും കർഷകരും

മരം മുറി സംഭവത്തിൽ കുടുങ്ങിയത് ആദിവാസികളടക്കം പട്ടയ ഭൂമിയിൽ അവകാശമുള്ളവരാണ്. കഴിഞ്ഞ ദിവസം കൽപ്പറ്റ എം.എൽ.എ ടി സിദ്ദിഖ് സഭയിൽ പറഞ്ഞത് പാവപ്പെട്ട ആദിവാസികളും കർഷകരുമടക്കം 48 പേർക്കെതിരെ കേസെടുത്തുവെന്നാണ്. സ്ഥലത്തെ പ്രാദേശിക മാധ്യമങ്ങൾ ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് മരം മുറിയുമായി ബന്ധപ്പെട്ട് 68 ആളുകൾക്കെതിര മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി താഹസിൽദാർ അയൂബിന്റെ പരാതി പ്രകാരം മീനങ്ങാടി പൊലീസാണ് കേസെടുത്തത്. ചില ഉടമകൾ മരണം അടഞ്ഞതിനാൽ ഒന്നിലേറെ അനന്തരാവകാശികളാണ് പട്ടയ ഭൂമിക്ക് ഉള്ളത്. ഇവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ആന്റോ അ​ഗസ്റ്റ്യനും രോജി അ​ഗസ്റ്റ്യനും തങ്ങളെ തെറ്റിധരിപ്പിച്ച് മരം മുറിക്കുകയായിരുന്നു എന്ന പരാതി പട്ടയ ഭൂമിയുടെ ഉടമകൾ നൽകിയിട്ടുണ്ട്.

മരം മുറിയുമായി ബന്ധപ്പെട്ട് സാധാരക്കാർക്കിടയിൽ വ്യാപകമായ തെറ്റിധാരണയുണ്ടായിട്ടുണ്ടെന്ന് ഈ സമയത്തെ പത്ര റിപ്പോർട്ടുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിയുണ്ടായിട്ടും ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിക്കാൻ അനുമതി ലഭിക്കുന്നില്ല എന്നു തുടങ്ങിയ നിരവധി റിപ്പോർട്ടുകൾ ഈ സമയത്ത് വരികയും ചെയ്തിരുന്നു

മാം​ഗോ സഹോദരങ്ങൾ

റോജി അ​ഗസ്റ്റ്യൻ ആന്റോ അ​ഗസ്റ്റ്യൻ എന്നിവരും കേസിൽ പ്രതികളാണ്. സംഭവം വെളിച്ചത്ത് വന്നതുമുതൽ അനേകം തെളിവുകൾ ഇവർക്കെതിരെ വന്നിട്ടുണ്ട്.

ഏകദേശം അറുപത് ലക്ഷത്തിനടുത്ത് മതിപ്പ് വില വരുന്ന വീട്ടിമരത്തിന്റെ 54 തടികൾ എറണാകുളത്തെ പെരുമ്പാവൂർ ജില്ലയിൽ നിന്ന് ഫെബ്രുവരി 9ന് പിടിച്ചെടുക്കുന്നിടത്താണ് അന്വേഷണം തുടങ്ങുന്നത്. രേഖകളൊന്നുമില്ലാതെ വയനാട്ടിൽ നിന്നാണ് ഈ മരം പെരുമ്പാവൂരെത്തിച്ചത്. വാഴവറ്റയിലുള്ള ഒരു ടിമ്പർ കമ്പനിയുടെ പേരിൽ റോജി അ​ഗസ്റ്റ്യനാണ് മരം കടത്താൻ നേതൃത്വം നൽകിയത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറെ ജില്ലാ കളക്ടർ അദീല അബ്ദുള്ള സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി അഞ്ചിന് വീട്ടി മരങ്ങൾ ടിമ്പർ കമ്പനിക്ക് ട്രാൻസ്പോർട്ട് ചെയ്യാനുള്ള അനുമതി കൊടുത്തത് അജിത് കുമാറാണ്.

മലയാളത്തിന്റെ സ്വന്തം മൊബൈൽ ഫോൺ എന്ന പേരിൽ പുറത്തിറക്കാനിരുന്ന മാം​ഗോ ഫോൺ ഉടമകളാണ് റോജി അ​ഗസ്റ്റ്യൻ, ആന്റോ അ​​ഗസ്റ്റ്യൻ, ജോസൂട്ടി എന്നിവർ. മാം​ഗോ ഫോൺ ലോഞ്ചിങ്ങിന് മണിക്കൂറുകൾക്ക് മുൻപാണ് ആന്റോ അ​ഗസസ്റ്റ്യനേയും ജോസൂട്ടിയേയും അറസ്റ്റ് ചെയ്യുന്നത്. വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന ബാങ്ക് ഓഫ് ബറോഡ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. സാമ്പത്തിക തട്ടിപ്പുമായി മുൻപും ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു.

സോഷ്യൽ ഫോറസ്ട്രി വിഭാ​ഗം കൺസർവേറ്റർക്കും പങ്കെന്ന് റിപ്പോർട്ടുകൾ

മുട്ടിൽ മരം മുറി അട്ടിമറിക്കാൻ സോഷ്യൽ ഫോറസ്ട്രി വിഭാ​ഗം കൺസർവേറ്റർ എൻ ടി സാജൻ നീക്കം നടത്തിയെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡികെ വിനോദ് കുമാർ വനം വകുപ്പ് മേധാവിക്ക് റിപ്പോർട്ട് അയച്ചിരുന്നു. കേസ് പ്രതികൾക്ക് അനുകൂലമാക്കാൻ സാജൻ ശ്രമിച്ചെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനും മേപ്പാടി റെയ്ഞ്ച് ഓഫീസറുമായ എം.കെ സമീറും പരാതി നൽകിയിരുന്നു. സാജൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വഴങ്ങില്ലെന്ന് കണ്ടപ്പോൾ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചായിരുന്നു സമീർ വനം വകുപ്പ് മേധാവിക്ക് പരാതി നൽകിയത്. സമീർ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർക്ക് അയച്ച കത്തിൽ ഭീഷണിയെ തുടർന്ന് ദിവസങ്ങളോളം അവധിയിൽ പ്രവേശിക്കേണ്ടി വന്നുവെന്നും പറയുന്നു.

അതേസമയം റേഞ്ച് ഓഫീസർമാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എൻ.ടി സാജൻ പ്രതികരിച്ചിരുന്നു. മരംമുറിയിൽ ചില വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കുറ്റക്കാരാണെന്ന് ഉറപ്പുണ്ടെന്നും വിനോദ് കുമാർ തനിക്കെതിരായി നൽകിയ റിപ്പോർട്ട് അവാസ്തവമാണെന്നും സാജൻ പറയുന്നു. അതേസമയം പ്രതിയായ ആന്റോ അ​ഗസ്റ്റ്യനൊപ്പം മരം മുറിക്കുന്നിടത്ത് ഫോറസ്റ്റ് കൺസർവേറ്റർ സാജൻ എത്തിയെന്ന് കരാറുകാരൻ ഹംസ പറയുന്നുണ്ട്.

വയനാട്ടിൽ മാത്രം ഒതുങ്ങിയില്ല മരം മുറി

മരം മുറി വയനാട്ടിൽ മാത്രം ഒതുങ്ങിയില്ല. 2020 ഒക്ടോബർ പത്തിലെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് നൂറ്റാണ്ടുകൾ പഴക്കം ചെന്ന മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. കോടികളാണ് കൊള്ള ചെയ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ മൂലധനമായ മരങ്ങൾ കൊള്ള ചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും, റവന്യു വകുപ്പിനും, ഫാേറ്സ്റ്റ് വിഭാ​ഗത്തിനും മാറി നിൽക്കാൻ കഴിയില്ല എന്ന് തന്നെ വേണം അനുമാനിക്കാൻ

The Cue
www.thecue.in