ബാഡ് ടച്ചും കുട്ടികളുടെ നിയമവും Law Point| Episode 26

തന്നെ ലൈംഗികമായി ഉപദ്രവിച്ചയാൾ നടത്തിയത് ബാഡ് ടച്ചാണ് എന്ന് മൊഴി നൽകിയ 9 വയസ്സുകാരൻ്റെ വാർത്ത കഴിഞ്ഞ ദിവസമാണ് വൈറലായത്. കുട്ടികൾക്ക് പുതിയതായുണ്ടായിട്ടുള്ള സെക്സ് എഡ്യുക്കേഷൻ കൊണ്ടുള്ള ഗുണമാണിതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. തന്നെ ഉപദ്രവിച്ചയാൾ ചെയ്യുന്ന പ്രവൃത്തി കുറ്റകരമാണ് എന്ന തിരിച്ചറിവ് കൂടിയാണ് ആ കുട്ടിയെ കുറ്റവാളിക്കെതിരെ നില കൊള്ളാൻ പ്രാപ്തനാക്കിയത്. ലൈംഗിക വിദ്യഭ്യാസം പോലെ തന്നെ അടിസ്ഥാന നിയമ വിദ്യാഭ്യാസവും കുട്ടികളെ കൂടുതൽ ശക്തരാക്കുമെന്നതിൽ തർക്കമില്ല. അതു കൊണ്ട് ലോ പോയിൻറിൻ്റെ ഈ എപ്പിസോഡിൽ കുട്ടികൾക്ക് പ്രത്യേകമായുള്ള നിയമപരമായ സംരക്ഷണങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. 

ജുവൈനൽ ജസ്റ്റിസ് ആക്ടും കുട്ടികളുടെ സംരക്ഷണവും 

മറ്റേത് ജീവിയിൽ നിന്നും മനുഷ്യർക്കുള്ള പ്രധാന വത്യാസം നമുക്കുള്ള നീണ്ട ബാല്യമാണ്. മുതിർന്നവരുടെ നീണ്ട കാലത്തെ കെയറിങ്ങില്ലാതെ ഒരു കുഞ്ഞിനും വളരാനാവില്ല. ഇത് കേവലമായി ഒരു വാത്സല്യ പ്രശ്നമല്ല. ഒരു കുഞ്ഞിൻ്റെ സംരക്ഷണ ചുമതലയുള്ളവരുടെ നിയമപരമായ ഉത്തരാവാദിത്തം കൂടിയാണ്. അതു കൊണ്ട് സ്വന്തം കുട്ടിയായത് കൊണ്ട് രണ്ട് തല്ല് തല്ലി കളയാം എന്ന് കരുതാൻ പോലും നിയമം അനുവദിക്കുന്നില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ നോർമൽ സാഹചര്യങ്ങളിൽ തന്നെ കുട്ടികൾക്ക് ലഭിക്കേണ്ട നിയമപരമായ പരിരക്ഷകളെ കുറിച്ച് വിശദീകരിക്കുന്ന നിയമമാണ് 2015 ലെ ദി ജുവൈനൽ ജസ്റ്റിസ് (കെയർ ആൻ്റ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ) ആക്ട് എന്നത് . ഈ ആക്ട് അനുസരിച്ച് ചൈൽഡ് അഥവാ കുട്ടി എന്നാൽ ' 18 ' വയസ്സ് തികയാത്തവരാണ്. ആക്ടിലെ ഒമ്പതാം ചാപ്റ്ററിലാണ് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് പറയുന്നത്. ഇതനുസരിച്ച് ഇനി പറയുന്നവയാണ് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ. 

ജുവൈനൽ ജസ്റ്റിസ് ആക്ടിലെ 75 വകുപ്പനുസരിച്ച് കുട്ടികളോട് കാണിക്കുന്ന ക്രൂരത ഒരു ക്രിമിനൽ കുറ്റമാണ്. ക്രൂരത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ഒരാൾ അല്ലെങ്കിൽ കുട്ടിയെ നോക്കുന്ന ഒരാൾ ആ കുട്ടിയെ ആക്രമിക്കുകയൊ ഉപേക്ഷിക്കുകയൊ ചൂഷണം ചെയ്യുകയൊ ചെയ്യുന്നതാണ്. ഇത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഇനി ഇത്തരം ക്രൂരത ചെയ്യുന്നത് കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഭാരവാഹികളൊ ജീവനക്കാരൊ ആണെങ്കിൽ ശിക്ഷ അഞ്ച് വർഷം വരെയാകാം. അത് പോലെ കുട്ടിയോട് ചെയ്യുന്ന ക്രൂരത മൂലം ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ശാരീരികമൊ മാനസികമൊ ആയ ആഘാതം ഉണ്ടായാൽ അത്തരം ക്രൂരത ചെയ്യുന്നയാളുടെ ശിക്ഷ 10 വർഷം വരെ തടവുമാകാം. 

കുട്ടികൾക്ക് മദ്യമൊ മയക്കുമരുന്നോ നൽകുന്നത് ആക്ടിലെ 77 വകുപ്പനുസരിച്ച് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അത് പോലെ കുട്ടികളെ മയക്കുമരുന്നിൻ്റെയൊ മദ്യത്തിൻ്റെയൊ സപ്ലെക്കൊ സമംഗ്ലിങ്ങിനോ ഉപയോഗിക്കുന്നതും ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ അടിക്കുന്നത് ഇന്നും നമ്മുടെ നോർമലാണ്. ആധുനിക വിദ്യാഭ്യാസ സംവിധാനത്തിൽ അനുവർത്തിക്കേണ്ട രീതിയാണൊ ഈ മർദനമെന്ന ആലോചന നമ്മളെ ബാധിച്ചിട്ടെ ഇല്ല. എന്തായാലും ജുവൈനൽ ജസ്റ്റിസ് ആക്ടിലെ 82 വകുപ്പനുസരിച്ച് ഇത്തരം മർദനങ്ങളും കുറ്റകരമാണ്. ഒരു കുട്ടിയിൽ അച്ചടക്കം ഉണ്ടാക്കുന്നതിനായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച് നടത്തുന്ന ശിക്ഷക്ക് പതിനായിരം രൂപ വരെ പിഴയാണ് ശിക്ഷ. ഇത്തരം കുറ്റങ്ങൾ ആവർത്തിച്ചാൽ മൂന്ന് മാസം വരെ തടവും ലഭിക്കാം. ഇത്തരം ഒരു പരാതി ഒരു ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനെ കുറിച്ച് ലഭിക്കുകയും ആ സ്ഥാപനത്തിൻ്റെ അധികൃതർ അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയും ചെയ്താൽ അത്തരം നിസഹകരണം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികൾ ഒരു തരത്തിലുള്ള മർദനത്തെയും പീഡനത്തെയും നിശബ്ദമായി സഹിക്കേണ്ടതില്ല എന്നർത്ഥം. 

ബാഡ് ടച്ചും പോക്സോ നിയമവും 

തിരുവനന്തപുരത്ത് തന്നെ ഉപദ്രവിച്ചയാളെ ശിക്ഷിക്കാൻ കാരണമാകുന്ന തരത്തിൽ മൊഴി നൽകിയ കുട്ടിക്ക് സഹായകമായിട്ടുണ്ടാവുക പോക്സോ എന്ന നിയമമാകും. 2012 ലാണ് കുട്ടികളെ ലൈംഗികമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് എന്ന നിയമമുണ്ടാകുന്നത്. 2019 ലെ ഭേദഗതിയോടെ ഇത് കൂടുതൽ ശക്തമായ നിയമമായി. മുതിർന്നവർക്കെതിരെ നടക്കുന്ന ലൈംഗികമായ അധിക്ഷേപങ്ങളിലും ഗൗരവകരമായാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ ഈ നിയമം കാണുന്നത്. 

പോക്സോ ആക്ടിലെ ഏഴാം വകുപ്പനുസരിച്ച് ലൈംഗികമായ ഉദ്ദേശത്തോട് കൂടി ഒരു കുട്ടിയുടെ വാജിനയിലൊ പെനിസിലൊ ബ്രിസ്റ്റിലൊ സ്പർശിക്കുന്നതൊ ലൈംഗികമായ ഉദ്ദേശത്തോട് കൂടി നടത്തുന ഏത് തരം ഫിസിക്കൽ കോണ്ടാക്ടും ലൈംഗികമായ അതിക്രമമാണ്. മൂന്നു വർഷത്തിൽ കുറയാത്ത തടവാണ് ഇതിനുള്ള ശിക്ഷ.  ആക്ടിലെ 11 വകുപ്പനുസരിച്ച് ലൈംഗിക ഉദ്ദേശത്തോട് കൂടി ഒരു കുട്ടിയോട് സംസാരിക്കുന്നതൊ ആംഗ്യം കാണിക്കുന്നതൊ ഏതെങ്കിലും ശരീര ഭാഗം കാണിക്കുന്നതൊ സെക്ഷ്വൽ ഹരാസ്മെൻ്റിൻ്റെ പരിധിയിൽ വരും.  അത് പോലെ അശ്ളീല ചുവയുള്ള ചിത്രങ്ങൾ കാണിക്കുന്നതും ഒരു കുട്ടിയെ നേരിട്ടൊ ഇലക്ട്രോണിക് മീഡിയയിലൂടെയൊ പിന്തുടരുന്നതും കുട്ടിയെ അശ്ലീല ചിത്രീകരണത്തിനായി ഉപയോഗിക്കുന്നതും സെക്ഷ്ൽ ഹരാസ്സ്മെൻ്റാണ്. മൂന്നു വർഷം വരെ തടവാണ് ഈ കുറ്റത്തിൻ്റെയും ശിക്ഷ. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള

ടച്ച് മാത്രമല്ല, പിന്തുടരുന്നത് പോലും കുറ്റകരമാണ് എന്നർത്ഥം.

ഇനി മുതിർന്നവർക്ക് നേരെ നടക്കുന്നത് പോലുള്ള ലൈംഗിക പീഡനങ്ങളെയും ആക്ട് കൂടുതൽ ഗൗരവകരമായാണ് കാണുന്നതെന്ന് കാണാം. ആക്ടിലെ മൂന്നാം വകുപ്പനുസരിച്ച് ഒരാൾ അയാളുടെ പെനീസ് കുട്ടിയുടെ വാജിനയിലേക്കൊ മറ്റേതെങ്കിലും ശരീര ഭാഗത്തിലേക്ക് പെനട്രേറ്റ് ചെയ്യുന്നതൊ മറ്റെതെങ്കിലും ശരീര ഭാഗം ഉപയോഗിച്ച് പെനട്രേറ്റ് ചെയ്യുന്നതൊ പെനട്രേറ്റീവ് സെക്ഷ്വൽ അസ്സോൾട്ടാണ്. ഇത്തരത്തിലുള്ള പീഡനത്തിനുള്ള ശിക്ഷ 2012 ൽ ആക്ട് ഉണ്ടാകുമ്പോൾ ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ ആയിരുന്നു. എന്നാൽ 2019 ലെ ഭേദഗതിയോടെ അത് 20 വർഷം മുതൽ ജീവപര്യന്തം വരെ ആയി. അതായത് കുറഞ്ഞ തടവ് തന്നെ 20 വർഷമായി എന്നർത്ഥം. പെനട്രേറ്റീവ് സെക്ഷ്വൽ അസോൾട്ട് തന്നെ കൂടുതൽ വലിയ കുറ്റമാകുന്ന ചില സന്ദർഭങ്ങളുണ്ട്. ഒരു പോലീസ് ഓഫീസറൊ പട്ടാള ഉദ്യോഗസ്ഥനൊ പബ്ലിക്ക് സർവൻ്റാ ജയിൽ ഉദ്യോസ്ഥനൊ ഹോസ്പിറ്റൽ അധികൃതരൊ അധ്യാപകരൊ കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള മറ്റുള്ളവരൊ ഇത്തരം പീഡനം നടത്തിയാൽ അത് അഗ്രവേറ്റഡ് സെക്ഷ്വൽ അസ്സോൾട്ടാകും. ഒരു കുട്ടിയെ ഗാങ്ങായി അസ്സോൾട്ട് ചെയ്യുന്നതും കുട്ടിയെ ഗർഭിണിയാക്കുന്നതും കൊല ചെയ്യുന്നതും മാനസികമൊ ശാരീരികമൊ ആയി ഡിസേബിൾ ആക്കുന്നതും അഗ്രവേറ്റഡ് സെക്ഷ്വൽ അസ്സോൾട്ട് തന്നെയാണ്. ഇവക്കുള്ള പരമാവധി ശിക്ഷ 2012 ൽ ജീവപര്യന്തം തടവായിരുന്നുവെങ്കിൽ 2019 ൽ വധശിക്ഷ വരെ നൽകാമെന്ന് മാറ്റി ആക്ട് ഭേദഗതി ചെയ്തു. 

1098 എന്ന മാജിക്ക് നമ്പർ 

ടെക്സ്റ്റ് ബുക്കുകളിലും സ്കൂൾ ബോർഡുകളിലും കുട്ടികൾ സ്ഥിരമായി കാണുന്ന ഒന്നാകും ചൈൽഡ് ലൈൻ്റെ 1098 തന്ന ഫോൺ നമ്പർ. വാസ്തവത്തിൽ ഏതെങ്കിലും കസ്റ്റമയർ കെയർ സംവിധാനം പോലെ കുട്ടികൾ വെറുതെ മറന്ന് കളയേണ്ട സംവിധാനമല്ല അത്. ഇവിടെ സൂചിപ്പിച്ച ജുവൈനൽ ജസ്റ്റിസ് ആക്ടിലെയൊ പോക്സോ ആക്ടിലെയൊ കുറ്റകൃത്യങ്ങൾ നടന്നു എന്ന വിവരം ചൈൽഡ് ലൈന് ലഭിച്ചാൽ അത് പോലീസിന് കൈമാറേണ്ടത് അവരുടെ കടമയാണ്. ഇത്തരം വിവരങ്ങൾക്കനുസരിച്ച് കേസ് എടുക്കേണ്ടതും അന്വേഷണം നടത്തേണ്ടതും പോലീസിൻ്റെ ചുമതലയുമാണ്. അതായത് ചൈൽഡ് ലൈനിലേക്ക് കുട്ടിയുടെ ഒരു ഫോൺ കോൾ മതി കുറ്റവാളികൾ പിടിക്കപ്പെടാൻ എന്ന്. 

കുട്ടികളെ വളരാൻ അനുവദിക്കുക എന്നത് നമ്മൾ കേട്ട് പരിചയിച്ച ഒരു പ്രയോഗമാണ്. ഇന്ന് പക്ഷെ കുട്ടികളിൽ നിന്ന് പഠിക്കുക എന്ന് മാറ്റി പറയേണ്ട കാലമാണ്. സാങ്കേതിക ജ്ഞാനത്തിൻ്റെ മികവിൽ മാത്രമല്ല കുട്ടികളുടെ ശേഷി. പൊളിറ്റിക്കലി കറക്ടായി സംസാരിക്കാനും പ്രവർത്തിക്കാനും വരെ അവർ നമ്മളെ പഠിപ്പിക്കുന്നുണ്ട്. മാമൻ്റെ ടച്ച് ബാഡ് ടച്ചാണ് എന്നറിയുന്ന കുട്ടികൾ അങ്ങനെ പല ബാഡ് കാര്യങ്ങളും ഇനിയും ചൂണ്ടിക്കാണിക്കുമായിരിക്കും. അവിടെ നിയമ സഹായമുൾപ്പടെ കൊടുത്ത് കൂടെ നിൽക്കുക എന്നതാണ് നമ്മൾ മുതിർന്നവരുടെ കടമ.

Related Stories

No stories found.
logo
The Cue
www.thecue.in