നാർക്കോട്ടിക്സ് : അളവും ശിക്ഷയും LAW POINT | EP15

അധോലോകത്തെ കുറിച്ചിറങ്ങിയ അന്താരാഷ്ട്ര സിനിമകൾ തൊട്ട് മലയാള സിനിമ വരെ ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാത്ത ഒന്നാണ് ഡ്രഗ്സ് അഥവാ മയക്കുമരുന്ന് എന്നത്. ഏത് കൊടും കുറ്റത്തെക്കാളും വലിയ കുറ്റകൃത്യമായാണ് മയക്കുമരുന്നു വ്യാപാരത്തെ നമ്മൾ കാണുന്നത് എന്നാണതിനർത്ഥം. എന്നാൽ ഇന്ന് കഞ്ചാവടക്കമുള്ള മയക്കു മരുന്ന് വലിയ തോതിൽ പിടികൂടാത്ത ഒരു ദിവസം പോലും കേരളത്തിലില്ലാതായിരിക്കുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളെ പറ്റിയും അതുപയോഗിക്കുന്നതിനും വിൽക്കുന്നതിനുമുള്ള വിവിധ തരത്തിലുള്ള ശിക്ഷകളെ കുറിച്ചുമാണ് ലോ പോയിൻറ് ഈ എപ്പിസോഡിൽ പരിശോധിക്കുന്നത്.

നിയമവിരുദ്ധമായ മയക്കുമരുന്നുകൾ 

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത് 1985 ലെ നാർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് ആക്ടിലാണ്. ആക്ടിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ നാർക്കോട്ടിക്ക് ഡ്രഗ്സും സൈക്കോട്രോപിക് സബ്സ്റ്റൻസുകളുമാണ് മയക്കുമരുന്നുകൾ. ആക്ടിലെ രണ്ടാം വകുപ്പിൽ ഇവ ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുമുണ്ട്. ഇനി പറയുന്നവയാണ് പ്രധാനപ്പെട്ട നാർക്കോട്ടിക് ഡ്രഗുകൾ. 

*കോക്കച്ചെടി

* കഞ്ചാവ്

* ഒപിയം 

* പോപ്പി സ്ട്രോ 

ഇനി പറയുന്നവയാണ് പ്രധാനപ്പെട്ട സൈക്കോട്രോപിക് സബ്സ്റ്റൻസുകൾ 

* എം.ഡി.എം.എ 

* എ ക്ക് സ്റ്റസി

* എൽ.എസ്.ഡി 

* കൊക്കെയ്ൻ 

NDPS ആക്ടിലെ 8 വകുപ്പനുസരിച്ച് ഇത്തരം മയക്കുമരുന്നു ചെടികൾ വളർത്തുന്നതൊ  ഉത്പാദിപ്പിക്കുന്നതൊ  കൈവശം വയ്ക്കുന്നതൊ  വാങ്ങുന്നതൊ വിൽക്കുന്നതൊ ഉപയോഗിക്കുന്നതൊ സംസ്ഥാനത്തിനു പുറത്തേക്കൊ രാജ്യത്തിന് പുറത്തേക്കൊ കയറ്റിയക്കുന്ന തൊ ഇറക്കുമതി ചെയ്യുന്നതുമൊക്കെ നിരോധിച്ചിരിക്കുന്നു. എന്നാൽ ആക്ട് തന്നെ ചികിത്സക്കും ശാസ്ത്രീയ ഗവേഷണങ്ങൾക്കും ചില ഇളവുകൾ കൊടുക്കുന്നുമുണ്ട്. 

കുറ്റകൃത്യങ്ങൾ 

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു പ്രധാന പ്രത്യേകത കൈവശമുള്ള ഡ്രഗ്സിൻ്റെ

അളവും ശിക്ഷയുടെ തോതും തമ്മിൽ ബന്ധമുണ്ട് എന്നതാണ്. ഇതനുസരിച്ച് എല്ലാ ഡ്രഗ്സിനും സ്മോൾ ക്വാണ്ടിറ്റിയും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിയും ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉപയോഗിക്കുന്നതും വിൽക്കുന്നതും ഒരെ പോലെയുള്ള തെറ്റല്ല എന്നർത്ഥം. കാരണം ഒരിക്കൽ ഒന്ന് ഉപയോഗിക്കുന്നതും കുറേ പേരെ കെണിയിൽ വീഴ്ത്താൻ വിൽപ്പന നടത്തുന്നതും ഒരെ പോലുള്ള കുറ്റങ്ങളല്ലല്ലൊ. 

എൻ.ഡി.പി. എസ് ആക്ടിലെ നാലാം ചാപ്റ്ററിലാണ് കുറ്റകൃത്യങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. പ്രധാനമായും നമ്മുടെ നാട്ടിൽ ചാർജ് ചെയ്യേണ്ടി വരുന്ന വകുപ്പുകൾ ഇനി പറയുന്നവയാണ്. ആക്ടിലെ 20 വകുപ്പനുസരിച്ച് മാരിജ്യാനയുടേയൊ കഞ്ചാവിൻ്റെയൊ

ചെടി വളർത്തുന്നതൊ കൈവശം വക്കുന്നതൊ വിൽക്കുന്നതൊ വാങ്ങുന്നതൊ കടത്തുന്നതൊ ഉപയോഗിക്കുന്നതൊ ഒക്കെ കുറ്റകരമാണ്. ചരസ്സും ഹാഷിഷും ഇവയിൽ ഉൾപ്പെടും. ചെടി വളർത്തുന്നതിന് പത്ത് വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇനി ഉപയോഗിക്കുന്നതൊ വിൽക്കുന്നതൊ വാങ്ങുന്നതൊ സ്മോൾ ക്വാണ്ടിറ്റി ആണെങ്കിൽ പരമാവധി ശിക്ഷ ഒരു വർഷമാണ്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. ആക്ടനുസരിച്ച് 100 ഗ്രാം ആണ് സ്മോൾ ക്വാണ്ടിറ്റി. ഇനി സ്മോൾ ക്വാണ്ടിറ്റി മുതൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി വരെ ആണ് പിടി കൂടുന്നതെങ്കിൽ പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഇനി കൊമേഴ്സ്യൽ ക്യാണ്ടിറ്റി പിടി കൂടിയാൽ 20 വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. മാരിജ്വാനയുടെയും ഹാഷിഷി നെറയും കോമേഴ്സ്യൽ ക്വാണ്ടിറ്റി ഒരു കിലോയാണ്. 

എന്നാൽ കഞ്ചാവിൻ്റെ സ്മോൾ ക്വാണ്ടിറ്റി ഒരു കിലോയും കൊമേഴ്സ്യൽ ക്വാണ്ടിറ്റി 20 കിലോയുമാണ്. അതായത് ഒരു കിലോ വരെ കഞ്ചാവ് കൈവശം വക്കുന്നത് ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നർത്ഥം. 

എൻ.ഡി.പി .എസ് ആക്ടിലെ 22 വകുപ്പനുസരിച്ച് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസുകളായ എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ കൈവശം വക്കുന്ന തൊ ഉപയോഗിക്കുന്ന തൊ വാങ്ങുന്നതൊ വിൽക്കുന്നതൊ കടത്തുന്നതൊ ഒക്കെ കുറ്റകരമാണ്. ഇത്തരമൊരു നിയമ ലംഘനം പിടിക്കപ്പെടുന്നത് സ്മോൾ ക്യാണ്ടിറ്റി ആണെങ്കിൽ ഒരു വർഷം വരെ തടവും പിതനായിരം രൂപ പിഴയുമാണ് പരമാവധി ശിക്ഷ. അര ഗ്രാമാണ് എം.ഡി.എം. എ യുടെ സ്മോൾ ക്യാണ്ടിറ്റി. സ്മോൾ ക്വാണ്ടിറ്റി മുതൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി വരെ ആണ് പിടി കൂടുന്നതെങ്കിൽ പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഇനി കൊമേഴ്സ്യൽ ക്യാണ്ടിറ്റി പിടി കൂടിയാൽ 20 വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. എം.ഡി.എം.എ യുടെ കൊമേഴ്സ്യൽ ക്യാണ്ടിറ്റി 10 ഗ്രാമാണ്. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസുകളുടെ വളരെ ചെറിയ അളവ് തന്നെ വലിയ കുറ്റകൃത്യമായാണ് ആക്ട് കാണുന്നത്. 

ഇത്തരം കുറ്റകൃത്യങ്ങൾക്കായി ഒരാളുടെ ഉടമസ്ഥതയിലൊ കൈവശമൊയുള്ള വീടൊ റൂമൊ സ്ഥലത്തെയൊ മൃഗത്തെയാ അറിഞ്ഞ് ഈ ആക്ടിലെ കുറ്റകൃത്യം ചെയ്യുന്നതിന്  ഉപയോഗിക്കാൻ കൊടുക്കുന്നത് കുറ്റം ചെയ്തതിന് സമാനമായ കുറ്റകൃത്യമാണ്. 25 വകുപ്പനുസരിച്ച് മുമ്പ് സൂചിപ്പിച്ച കുറ്റകൃത്യത്തിൻ്റെ അതേ ശിക്ഷയാണ് അറിഞ്ഞ് കൊണ്ട് അവർക്ക് സ്പെയ്സ് കൊടുക്കുന്നതും. ഉദാഹരണത്തിന് ഒരു വീട്ടുടമ വീട് വാടകക്ക് കൊടുത്തുവെന്നരിക്കട്ടെ. അപ്പൊൾ ആ വീടിൻ്റ കൺട്രോൾ വാടകക്കാരനാണ്. വാടകക്ക് താമസിക്കുന്നയാൾ ആ പ്രോപ്പർട്ടിയെ കുറ്റകൃത്യത്തിനായി ഉപയോഗിച്ചാൽ അത് അയാളുടെ പേരിലെ ചുമത്താനാവൂ. എന്നാൽ വീട് വാടകക്ക് കൊടുക്കുന്നത് തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്താനാണ് എന്നറിവുണ്ടെങ്കിൽ ഉടമയും കുറ്റക്കാരനാകും. 

27 A വകുപ്പനുസരിച്ച് ആക്ടിലെ കുറ്റകൃത്യങ്ങളുടെ ഇല്ലിസിറ്റ് ട്രാഫിക്കിനായി നേരിട്ടൊ അല്ലാതെയൊ സാമ്പത്തിക സഹായം  ചെയ്യുന്നത് പത്ത് വർഷം മുതൽ ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

28 വകുപ്പനുസരിച്ച് ആക്ടിലെ കുറ്റകൃത്യങ്ങൾക്കായി നടത്തുന്ന ശ്രമങ്ങൾക്കും കുറ്റകൃത്യം ചെയ്തതിൻ്റെ അതെ ശിക്ഷയാണ്. ചെറിയ തെറ്റ് കൊണ്ട് കുറ്റം മുഴുവനായി നടന്നില്ലെങ്കിലും അതിനുള്ള ഇൻ്റൻഷനെ വരെ ആക്ട് ഗൗരവകരമായാണ് കാണുന്നതെന്നർത്ഥം. 

31 വകുപ്പനുസരിച്ച്ആ ക്ടിലെ കുറ്റകൃത്യങ്ങൾക്ക് ഒരിക്കൽ ശിക്ഷിക്കപ്പെട്ടയാൾ വീണ്ടും ശിക്ഷിക്കപ്പെട്ടാൽ കുറ്റത്തിനുള്ള ശിക്ഷയുടെ ഒന്നര ഇരട്ടി കഠിന തടവായിരിക്കും ശിക്ഷ. 31 A അനുസരിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ വീണ്ടും ശിക്ഷിക്കപ്പെട്ടാൽ വധശിക്ഷയും ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ജാമ്യം ലഭിക്കുമോ ? 

കേസിൻ്റെ ആദ്യ സ്റ്റേജിൽ തന്നെ

ഒരാളെ തടങ്കലിൽ വക്കുന്നത് അന്വേഷണത്തിന് വേണ്ടിയും തെളിവ് നശിപ്പിക്കാതിരിക്കുന്നതിനും വേണ്ടിയും ആണ് എന്നാണ് അടിസ്ഥാന സങ്കൽപ്പം. ലോ പോയിൻ്റിൻ്റെ കഴിഞ്ഞ  എപ്പിസോഡിൽ റേപ്പ് കേസ് പ്രതികൾക്കും പോക്സോ കേസ് പ്രതികൾക്കും ജാമ്യം ലഭിക്കുന്നതിനുള്ള തടസ്സങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. സി.ആർ.പി.സി 439 അനുസരിച്ചാണിത്. കുറ്റകൃത്യങ്ങളുടെ ഗ്രാവിറ്റി ജാമ്യത്തെയും ബാധിക്കുമെന്നാണ് അതിൻ്റെ അർത്ഥം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലും ജാമ്യം എളുപ്പമല്ല. എൻ.ഡി.പി. എസ് ആക്ടിലെ 37 വകുപ്പനുസരിച്ച് ജാമ്യം കൊടുക്കുന്നതിന് സ്പെസിഫിക്കായി ചില നിയന്ത്രണങ്ങൾ കൂടി വക്കുന്നുണ്ട്. ഇതനുസരിച്ച് കൊമേഴ് ഷ്യൽ ക്യാണ്ടിറ്റി ഉൾപെട്ടിട്ടുള്ള കേസുകളിലൊ, 19, 24, 27 A എന്നീ വകുപ്പുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലൊ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ കോടതി പരിശോധിക്കണം. 

* സർക്കാർ അഭിഭാഷകരായ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് ജാമ്യ പക്ഷേ എതിർക്കാനുള്ള അവസരം കൊടുത്തിരിക്കണം 

* പ്രതി കുറ്റം ചെയ്തിട്ടില്ലെന്നതിന് റീസണബിൾ ഗ്രൗണ്ട് സ് ഉണ്ടായിരിക്കണം 

* ജാമ്യത്തിലിറങ്ങിയാലും പ്രതി മറ്റ് കുറ്റങ്ങൾ ചെയ്യില്ലെന്ന് തോന്നണം 

വിവിധ സുപ്രീം കോടതി - ഹൈക്കോടതി വിധികളും ജാമ്യത്തെ അനുകൂലിക്കുന്നില്ല. യൂണിയൻ ഓഫ് ഇൻഡ്യ v. റാം സമുജ് എന്ന കേസിൽ സുപ്രീം കോടതി പറഞ്ഞത് കൊലപാതകം കൊണ്ട് ഒരു കുറ്റവാളി ഒരാളെയാണ് കൊല്ലുന്നതെങ്കിൽ മയക്കുമരുന്നു വ്യാപാരികൾ ഏറെ പേരുടെ ജീവിതം തകർത്തു കളയുകയാണ് ചെയ്യുന്നത് എന്നാണ്. അവർ സമൂഹത്തിന് ഭീഷണിയാണ്. ജാമ്യത്തിലിറങ്ങിയാലും അവർ കുറ്റകൃത്യങ്ങൾ തുടരാനാണ് സാധ്യത എന്നും കോടതി പറഞ്ഞു. 

സതീശ് സിങ്ങ് v. സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ് എന്ന കേസിൽ ഹിമാചൽ ഹൈക്കോടതി പ്രതി കുറ്റം ചെയ്തിട്ടില്ല എന്നു തോന്നുന്നതിനുള്ള 'റീസണബിൾ ഗ്രൗണ്ട് സ് ' എന്താകണമെന്നും വിശദീകരിക്കുന്നുണ്ട്. കോടതി പറഞ്ഞത് റീസണബിൾ ഗ്രൗണ്ട്സ് എന്നാൽ പ്രഥമാ ദൃഷ്ടാ തോന്നുന്നതല്ല. മറിച്ച് ഒരു പ്രതിയെ വെറുതെ വിടാൻ തരത്തിലുള്ള കാരണങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടണം എന്നാണ്. ചുരുക്കി പറഞ്ഞാൽ വിചാരണ നടത്തി ഒരു പ്രതി കുറ്റവാളി ആണൊ അല്ലയൊ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ മയക്കുമരുന്ന് വ്യാപാരം നടത്തിയ

പ്രതിയെ കുറ്റവാളിയെ പോലെ ആണ് നിയമ വ്യവസ്ഥ പരിഗണിക്കുന്നതെന്നർത്ഥം. എന്നാൽ സ്മോൾ ക്വാണ്ടിറ്റി പിടിക്കപ്പെടുന്നതിന് ഈ കടമ്പകളൊന്നുമില്ല താനും. 

മതവും കുറ്റകൃത്യവും 

മയക്കുമരുന്നുപയോഗം നമ്മുടെ യുവാക്കളുടെ ഇടയിൽ വ്യാപകമായി കൊണ്ടിരിക്കുകയാണ് എന്നതിൽ തർക്കമില്ല. അവ നേരിടേണ്ടതുണ്ട് താനും. എന്നാൽ കുറ്റകൃത്യത്തിന് മതം ചാർത്തി കൊടുക്കാനുള്ള ശ്രമം വിപരീത ഫലമെ ഉണ്ടാക്കു. കാരണം ക്രിമിനൽ നിയമ വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ അവിടെ കുറ്റവാളിക്ക് ഒരു നിയമമെയുള്ളൂ എന്നതാണ്. അവിടെ എല്ലാവരും തുല്യരാണ്. സിവിൽ നിയമങ്ങളിലെ വിവാഹവും സ്വത്ത് കൈമാറ്റവും പോലെ വിവിധ മതങ്ങൾക്ക് ക്രിമിനൽ നിയമത്തിൽ ഒരു വത്യാസവുമില്ല. അങ്ങനെ വത്യാസമുള്ള ക്രിമിനൽ നിയമങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്. നമ്മുടെ ജാതി വ്യവസ്ഥ പോലെ ഹിറ്റലറിൻ്റെ ജർമനി പോലെ താലിബാൻ്റെ അഫ്ഗാൻ പോലെ വിവിധ മതവിശ്വാസികൾക്ക് വിവിധ അളവിൽ ശിക്ഷ കൊടുക്കുന്ന ക്രിമിനൽ നിയമങ്ങൾക്ക് ഏറെ ഉദാഹരണങ്ങളുണ്ട്. പക്ഷെ ഭാഗ്യവശാൽ നമ്മൾ സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലാണ് ജീവിക്കുന്നത്. അതു കൊണ്ട് കുറ്റകൃത്യങ്ങളെ  ഒറ്റക്കെട്ടായി എതിർക്കാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in