സംവരണവും ഭരണഘടനയും | LAWPOINT | RESERVATION |THE CUE
സംവരണം എന്തിന് ? , സുപ്രീം കോടതി പറഞ്ഞത്
ഈ റിസർവേഷൻ ശരിക്കും ഈക്വാലിറ്റിയാണൊ ? അത് മെറിറ്റിനെ അല്ലെ അട്ടിമറിക്കുന്നത് ? ഇത്തരം ചോദ്യങ്ങൾ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവരായി ആരുമുണ്ടാകില്ല. മെഡിക്കൽ പ്രവേശനത്തിലെ ഓൾ ഇൻഡ്യാ സീറ്റുകളിലെ ഒ.ബി.സി സംവരണം ശരി വച്ചു കൊണ്ടുള്ള സുപ്രീം കോടതി ജഡ്ജ്മെൻ്റ് ഇത്തരം ചോദ്യങ്ങൾക്ക് വിശദമായി തന്നെ മറുപടി തരുന്നുണ്ട്. ലോ പോയിൻ്റിൻ്റെ ഈ എപ്പിസോഡിൽ ഈ വിധിയെ മുൻനിർത്തി സംവരണത്തിൻ്റെ നിയമപരവും സാമൂഹികപരവുമായ കാരണങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
സംവരണവും ഭരണഘടനയും
മുമ്പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ഭരണഘടന അനുവദിക്കുന്ന ഏറ്റവും പ്രധാന അവകാശങ്ങളാണ് മൗലിക അവകാശങ്ങൾ എന്നത്. അവ ഒരു പൗരന് ലഭ്യമാക്കൽ ഭരണകൂടത്തിൻ്റെ ചുമതലയാണ്. ഈ അവകാശങ്ങളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് തുല്യതക്കുള്ള അവകാശം. ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ ആർട്ടിക്കിൾ 18 വരെയാണ് ഇവ വിശദീകരിച്ചിട്ടുള്ളത്.
ആർട്ടിക്കിൾ 14 -നിയമത്തിന് മുമ്പിലുള്ള സമത്വം
ആർട്ടിക്കിൾ 15- മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവക്കനുസരിച്ചുള്ള വിവേചനങ്ങൾക്കുള്ള നിരോധനം
ആർട്ടിക്കിൾ 16- പബ്ലിക്ക് എംപ്ലോയ്മെൻ്റിലെ അവസര തുല്യത
ആർട്ടിക്കിൾ 17 - തൊട്ടുകൂടായ്മയുടെ നിർത്തലാക്കൽ
ആർട്ടിക്കിൾ 18 - സ്ഥാനപ്പേരുകൾ നിർത്തലാക്കാൽ
ഇവയിൽ ആർട്ടിക്കിൾ 15 ലും ആർട്ടിക്കിൾ 16 ലുമാണ് റിസർവേഷൻ്റെ പ്രൊവിഷനുകളുള്ളത്. ആർട്ടിക്കിൾ 15 എന്നാൽ മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവക്കനുസരിച്ചുള്ള വിവേചനങ്ങൾക്കുള്ള നിരോധനമാണെന്ന് നേരത്തെ പറത്തു. അപ്പൊൾ എങ്ങനെയാണ് എതെങ്കിലും ജാതി വിഭാഗത്തിനൊ മത വിഭാഗത്തിനാ അതെ ആർട്ടിക്കിളിൽ സംവരണം അനുവദിക്കും എന്ന സംശയം വരാം. അതിന് ആർട്ടിക്കിൾ 15 ൻ്റെ ഉപവകുപ്പുകൾ ഒന്ന് പരിശോധിക്കേണ്ടി വരും. ആർട്ടിക്കിൾ 15 ( 1 ) അനുസരിച്ച് ഭരണകൂടം ഒരു പൗരനോടും ജാതി, മതം, വംശം, ലിംഗം, ജന്മസ്ഥലം എന്നിവ അടിസ്ഥാനമാക്കി വിവേചനം കാണിക്കാൻ പാടില്ല. എന്നാൽ ആർട്ടിക്കിൾ 15 (3) അനുസരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കുന്നതിന് ഭരണകൂടത്തിന് അവകാശമുണ്ടെന്ന് പറയുന്നു. അത് പോലെ ആർട്ടിക്കിൾ 15 (4) അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ടവർക്കും പട്ടിക ജാതികൾക്കും പട്ടിക ഗോത്ര വിഭാഗങ്ങൾക്കും സംവരണത്തിൻ്റെ വ്യവസ്ഥകൾ ഉണ്ടാക്കാൻ ഭരണകൂടത്തിന് കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈ വ്യവസ്ഥകൾ ബാധകമായിരിക്കും. ഏറ്റവുമൊടുവിൽ 103 ഭരണാ ഘടന ഭേദഗതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വിദ്യാഭാസം സ്ഥാപനങ്ങളി"ലക്കുള്ള പ്രവേശനത്തിന് സംവരണം അനുവദിച്ചിട്ടുണ്ട്.
ഇനി ആർട്ടിക്കിൾ 16 അഥവാ പബ്ലിക്ക് എംപ്ലോയ്മെൻ്റിലെ അവസര തുല്യതയിലേക്ക് വന്നാലും ഇതേ വ്യവസ്ഥകൾ ആവർത്തിക്കുന്നത് കാണാം. ആർട്ടിക്കിൾ 16 (1) അനുസരിച്ച് എല്ലാ പൗരൻമാർക്കും സർക്കാരിൻ്റെ കീഴിലുള്ള ജോലികളിലേക്ക് അവസര സമത്വം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ആർട്ടിക്കിൾ 16 (4) അനുസരിച്ച് ഭരണകൂടത്തിൻ്റെ അഭിപ്രായത്തിൽ സർക്കാർ സർവീസുകളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത ഏതെങ്കിലും പിന്നോക്ക വിഭാഗത്തിൽ പെട്ട പൗരൻമാർക്ക് നിയമനങ്ങളും തസ്തികകളും സംവരണം ചെയ്യാവുന്നതാണ്. അപ്പോൾ ഉണ്ടാകാവുന്ന സ്വഭാവിക ചോദ്യമിതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും സർക്കാർ സർവീസിലേക്കുള്ള തൊഴിലുകളിലേക്കും ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് പറയുന്ന ഭരണഘടന തന്നെ ചില സാമൂഹ്യ വിഭാഗങ്ങൾക്ക് പ്രത്യേക ഇളവുകൾ കൊടുക്കുന്നു. ഇത് പരസ്പരം കോൺട്രാടിക്ട്ടറി അല്ലെ ? സുപ്രീം കോടതിയുടെ ഒ.ബി.സി സംവരണത്തെ ശരി വച്ച വിധിന്യായം ഇത് വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്.
സംവരണത്തിൻ്റെ മെറിറ്റ്
സുപ്രീം കോടതിയുടെ മുമ്പിലുണ്ടായിരുന്ന കേസ് ഇതാണ്. നീറ്റ് അഥവാ നാഷണൽ എൻട്രൻസ് എലിജിബിലിറ്റി ടെസ്റ്റിലൂടെ മെഡിക്കൽ പ്രവേശനം നേടുന്ന യു.ജി, പി.ജി വിദ്യാർത്ഥികളുടെ ഓൾ ഇൻഡ്യാ കോട്ടയിലുള്ള ഒ.ബി.സി സംവരണം ശരിയാണൊ എന്ന്. ഈ വിഷയം പരിഗണിക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് സംവരണത്തിൻ്റെ ചരിത്രവും അത് മെറിറ്റിനെ അട്ടിമറിക്കുന്നുണ്ടോ എന്നതും വിശദമായി പരിശോധിച്ചു. ഭരണഘടനാ നിർമാണ സഭയായ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ ഏറെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ഉദ്യോഗാർത്ഥികൾക്ക് സംവരണം അനുവദിക്കുന്ന ആർട്ടിക്കിൾ 16 (4) അനുവദിക്കുന്നത്. അന്നും സംവരണത്തെ എതിർത്തിരുന്നവർ ഉന്നയിച്ചിരുന്ന വാദമിതാണ്. ഏതെങ്കിലും ജാതി-മത വിഭാഗങ്ങൾക്ക് സർക്കാർ ജോലി എന്നത് സ്വഭാവികമായ അവകാശമാകുന്നത് എങ്ങനെയാണ് ? ഇംഗ്ലീഷ് സംസാരിക്കനറിയാവുന്ന നഗരവാസികളായ മനുഷ്യർക്ക് ഉദ്യോഗത്തിന് വേണ്ടിയുള്ള ടെസ്റ്റുകൾ എളുപ്പത്തിൽ ജയിക്കാനാവുമെന്നും ജനങ്ങളുടെ സ്വന്തമായ ഭരണകൂടത്തിന് അവരുടെ പിന്നോക്കാവസ്ഥയെ പരിഗണിക്കേണ്ടതുണ്ട് എന്നുമായിരുന്നു അന്ന് വിജയിച്ച വാദം. ഇത് വരെയും പുരോഗതി നേടാത്ത ജാതി വിഭാഗങ്ങളെയും മത വിഭാഗങ്ങളെയും കുറിച്ച് പറയുന്നത് വർഗീയതയല്ല. ആ വിഭാഗങ്ങളെ കൂടി കൈ പിടിച്ചുയർത്തേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. മെറിറ്റിന് ചെക്ക് ചെയ്യാനാവുക പരീക്ഷാ മാർക്കുകളാണ്. പ്രാഥമിക വിദ്യഭ്യാസം വരെ ലഭിക്കാൻ ബുദ്ധിമുട്ടുന്ന മനുഷ്യരെ അതിന് കാണാനാവില്ല. ഏതായാലും ഈ വാദം ജയിക്കുകയും പബ്ലിക്ക് എംപ്ലോയ്ചെമെൻ്റുകളിലേക്ക് സംവരണം അനുവദിക്കപ്പെടുകയും ചെയ്തു. പിന്നീട് വിവിധ ഭരണാ ഘടനാ ഭേദഗതികളിലൂടെ ആണ് വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള സംവരണം അനുവദിക്കപ്പെടുന്നത്.
ആദ്യ കാലത്ത് സുപ്രീം കോടതി തന്നെ സംവരണത്തെ ഒരു എക്സപ്ഷനായാണ് പരിഗണിച്ചിരുന്നത്. അതായത് ആർട്ടിക്കിൾ 15 ( 1 ) ലെ സ്റ്റേറ്റ് ഒരു ജാതി-മത വിഭാഗത്തിനോടും വിവേചനം കാണിക്കരുത് എന്നതിൻ്റെ എക്സപ്ഷ നാണ് ആർട്ടിക്കിൾ 15 (4) ലെ പ്രൊവിഷൻ. അത് പോലെ ആർട്ടിക്കിൾ 16 ( 1 ) ലെ പബ്ലിക്ക് എംപ്ലോയ്‌മെൻ്റുകളിലെ അവസര സമത്വത്തിൻ്റെ എക്സപ്ഷനാണ് ആർട്ടിക്കിൾ 16 (4) സംവരണത്തിനുള്ള പ്രൊവിഷൻ. അതായത് സമത്വത്തിനുള്ള ഒരു അപവാദമാണ് സംവരണം എന്ന്. മാത്രവുമില്ല എം.ആർ ബാലാജി v. സ്റ്റേറ്റ് ഓഫ് മൈസൂർ എന്ന കേസിൽ ഭരണാഘടനാ ബെഞ്ച് പറഞ്ഞത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നാണ്. അതിന് റീസണിങ്ങായി കോടതി പറഞ്ഞത് ടെക്നിക്കലായും മെഡിക്കലായുമൊക്കെയുള്ള പഠനത്തിൽ സംവരണത്തിന് വേണ്ടി മെറിറ്റ് മുഴുവനായി ഒഴിവാക്കപ്പെടുന്നത് രാജ്യതാത്പര്യത്തെ ദോഷകരമായി ബാധിക്കും എന്നാണ്. ഈ കാഴ്ചപ്പാടിന് ഒരു മാറ്റം വരുന്നത് ടി ദേവദാസൻ v. യൂണിയൻ ഓഫ് ഇൻഡ്യ എന്ന കേസിലെ ജസ്റ്റിസ് സുബ്ബറാവുവിൻ്റെ സുപ്രീം കോടതി വിധിന്യായത്തോടെയാണ്. അദ്ദേഹം ആ ജഡ്ജ്മെൻ്റിൽ സംവരണം അവസരസമത്വമല്ലെ ഇല്ലാതാക്കുന്നത് എന്ന ചോദ്യത്തിന് ഒരുദാഹരണത്തിലൂടെ മറുപടി പറയുന്നുണ്ട്. അതായത് രണ്ട് കുതിരകളെ ഒരു കുതിരയോട്ട മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. അവയിൽ ഒന്ന് ഒരു സാധാരണ കുതിരയാണ്. രണ്ട്, ഒരു ഒന്നാം കിട പന്തയക്കുതിരയാണ്. ഇവകൾ തമ്മിൽ മത്സരിക്കുമ്പോൾ തിയറിറ്റിക്കലി അവസര സമത്വമുണ്ട്. എന്നാൽ പ്രാക്ടിക്കലി സാധാരണ കുതിരക്ക് പന്തയക്കുതിരയോട് മത്സരിക്കാനുള്ള അവസര സമത്വം ലഭിച്ചിട്ടില്ല. ശരിക്കും അവസരം അതിന് നിഷേധിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ട് സാധാരണ കുതിരക്ക് ഭാരം കുറച്ച് കൊടുക്കുകയൊ ദൂരം കുറച്ച് കൊടുക്കുകയൊ ചെയ്യണം. അല്ലാത്ത പക്ഷം ആ മത്സരം ഒരു പ്രഹസനമായി തീരും. ഇത് മനസ്സിലാക്കിയാണ് ഭരണാ ഘടനാ നിർമാതാക്കൾ സംവരണത്തിനുള്ള പ്രൊവിഷനുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അത് കൊണ്ട് സംവരണം ആർട്ടിക്കിൾ 16 (1) ലെ അവസര സമത്വത്തിനുള്ള അപവാദമല്ല, മറിച്ച് ഫേസറ്റാണ്. പിന്നീട് ഇതെ അഭിപ്രായമാണ് സ്റ്റേറ്റ് ഓഫ് കേരള v. എൻ.എം തോമസ് എന്ന കേസിലും സുപ്രീം കോടതി തുടർന്ന് കൊണ്ട് പോയത്. സമത്വം എന്നാൽ ഔപചാരിക സമത്വമല്ല, യാഥാർത്ഥ്യ ബോധമുള്ള സമത്വമാണ് വേണ്ടത് എന്ന നിലപാടാണ് പിന്നീട് കോടതി സ്വീകരിച്ചത്. ഇന്ദിരാ സാഹ്നി v. യൂണിയൻ ഓഫ് ഇൻഡ്യാ, ഡോ ജയ്ശ്രീ ലക്സ്മണ റാവു പാട്ടീൽ v. ചീഫ് മിനിസ്റ്റർ എന്ന കേസുകളിലും സുപ്രീം കോടതി ഈ നിലപാട് തുടരുന്നത് കാണാം.
ഇതാണ് ചരിത്രമെങ്കിൽ പിന്നീട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുതിയ കാലത്ത് ഉയർന്ന് വന്നിട്ടുള്ള പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ട് പുതിയ വിധിന്യായത്തിൽ. അവ സംവരണത്തിൻ്റെ സാമൂഹ്യ ആവശ്യങ്ങളെ വ്യക്തമാക്കുന്നുണ്ട്. അത് ചുരുക്കി പറയാം. സംവരണത്തെയും മെറിറ്റിനെയും രണ്ട് ധ്രുവങ്ങളിൽ പ്രതിഷ്ഠിച്ച് കൊണ്ടുള്ള ചർച്ചകൾ വ്യർത്ഥമാണ്. സംവരണം പോലുള്ള പ്രത്യേക പ്രൊവിഷനുകൾ ഉള്ളത് കൊണ്ടാണ് പിന്നാക്ക സമുദായങ്ങൾക്ക് മുന്നോക്ക വിഭാഗത്തിലെ കുട്ടികളുമായി ഇഫക്ടീവായി മത്സരിക്കാനാവുന്നത്. മുന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന പ്രിവിലേജുകൾ കേവലം മികച്ച സ്കൂളിങ്ങും ട്യൂഷനും കോച്ചിങ്ങും മാത്രമല്ല. അത് അവരുടെ സോഷ്യൽ നെറ്റ് വർക്കുകളും കൾച്ചറൽ ക്യാപ്പിറ്റലും കൂടിയാണ്. കൾച്ചറൽ ക്യാപ്പിറ്റൽ എന്നാൽ വീട്ടിൽ നിന്ന്ക ലഭിക്കുന്ന കമമ്യൂണിക്കേഷൻ സ്കിൽ, ആക്സൻ്റ്, ലഭ്യമാകുന്ന പുസ്തകങ്ങൾ ഒക്കെയുൾപ്പെടും. ഇതിലൂടെ കുട്ടികൾ അവരുടെ കുടുംബാന്തരീക്ഷത്തിലൂടെ ബോധപൂർവ്വമല്ലാതെ തന്നെ ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ജോലികൾക്കും പരിശീലിപ്പിക്കപ്പെടും. ഇത് ആദ്യ തലമുറയിൽ നിന്ന് വിദ്യാഭ്യാസം നേടുന്ന പിന്നോക്ക വിഭാഗത്തിലെ കുട്ടികളെ ദോഷകരമായി ബാധിക്കും. അവർക്ക് ഏറെ അധ്വാനിച്ചാലെ മുന്നോക്ക വിഭാഗത്തിലെ കുട്ടികളുമായി മത്സരിക്കാനാവൂ. അത് കൊണ്ട് മെറിറ്റ് എന്നത് കുടുംബ ബന്ധങ്ങൾ, സാമുദായിക ബന്ധങ്ങൾ എന്നിവയിലൂടെ നേടുന്ന സാമൂഹ്യ മേൽക്കോയ്മയുടെ സ്ഥിരീകരണമാണ്. ഒരു മത്സര പരീക്ഷയിൽ മികച്ച റാങ്ക് വാങ്ങുന്നതിന് കഠിനാധ്വാനം ആവശ്യമില്ല എന്നല്ല ഇത് കൊണ്ടർത്ഥമാക്കുന്നത്. ഏത് വിഭാഗത്തിലെ കുട്ടികൾക്കും ഇതാവശ്യമാണ്. എന്നാൽ മെറിറ്റ് ഒരാൾ സ്വന്തമായുണ്ടാക്കുന്നതല്ല. അത് കൊണ്ട് ഏതെങ്കിലും സാമൂഹ്യ വിഭാഗങ്ങളെ മെറിറ്റ് കാട്ടി പുറത്താക്കുമ്പോൾ അതവരുടെ ആത്മാഭിമാനത്തിന് നേരെയുള്ള ഭീഷണിയാണ്. പരീക്ഷാ മാർക്കാണ് മെറിറ്റ് എന്ന് പറയുന്നതും ശരിയല്ല. ഒരാളുടെ കഴിവുകൾ വിലയിരുത്തേണ്ടത് ജീവിതാനുഭവങ്ങളും ലഭിച്ച പരിശീലനങ്ങളും വ്യക്തിപരമായ സ്വഭാവ സവിശേഷതകളും കൂടി പരിഗണിച്ചാവണം.
നീറ്റ് പ്രവേശനവും ഓൾ ഇന്ത്യ ക്വാട്ടയും
കേസിലേക്ക് തിരിച്ച് വന്നാൽ, മെഡിക്കൽ പ്രവേശനത്തിന് അഖിലേന്ത്യാടിസ്ഥാനത്തിൽ സീറ്റുകൾ നിശ്ചയിക്കപ്പെടുന്നത് 1986 ലാണ്. ഇന്ത്യയിലെ തന്നെ പിന്നോക്കമായ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഗുണം കിട്ടാനായിരുന്നു ഈ വ്യവസ്ഥ കൊണ്ട് വന്നത്. പ്രദീപ് ജെയിൻ, ദിനേഷ് കുമാർ എന്നീ കേസുകളിൽ സുപ്രീം കോടതി അഖിലേന്ത്യാ തലത്തിൽ അനുവദിക്കപ്പെടുന്ന സീറ്റുകൾ യു.ജി തലത്തിൽ 30 % വും പി.ജി ക്ക് 50 % വും എന്ന രീതിയിൽ നിശ്ചയിച്ചു. ഇത്തരത്തിൽ അനുവദിക്കപ്പെട്ട സീറ്റുകൾ തന്നെ സംവരണാടിസ്ഥാനത്തിലുള്ളവയായതിനാൽ ആ സീറ്റുകളിൽ സാമുദായിക സംവരണം അനുവദിച്ചിരുന്നില്ല. ഇതിനെ തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ എതിർത്ത് പോന്നിരുന്നു. 2006 ലെ 93 ഭരണ ഭേദഗതിയിലൂടെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങൾക്ക് എസ്.സി എസ്.റ്റി സംവരണം അനുവദിക്കപ്പെട്ടു. ആ വർഷം തന്നെ കേന്ദ്ര സർക്കാർ കൊണ്ട് വന്ന സെൻട്രൽ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് അനുസരിച്ച് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.സി വിഭാഗങ്ങൾക്ക് 15 % വും എസ്.റ്റി വിഭാഗങ്ങൾക്ക് 7.5 % വും ഒ.ബി.സി വിഭാഗങ്ങൾക്ക് 27 % വും സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു. അപ്പോഴും അഖിലേന്ത്യാ ക്വാട്ടയിൽ പെടുന്ന മെഡിക്കൽ സീറ്റുകൾ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ അല്ല വരുന്നത് എന്ന പ്രശ്നമുണ്ടായിരുന്നു. 2019 ലെ 103 ഭരണാ ഘടനാ ഭേദഗതിയിലൂടെ 10% സീറ്റുകൾ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും അനുവദിച്ചു. കൂടാതെ 2021 ജൂലൈയിൽ 20 21-22 അധ്യയന വർഷത്തേക്കുള്ള മെഡിക്കൽ ഓൾ ഇന്ത്യാ ക്വാട്ട സീറ്റുകളിൽ 27 % ഒ.ബി.സി വിഭാഗങ്ങൾക്കും 10 % സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്കും അനുവദിച്ച് കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഉത്തരവിറങ്ങി. ഈ ഉത്തരവിൻ്റെ ഭരണാ ഘടനാ സാധുതയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഒ.ബി.സി സംവരണം ശരി വച്ച കോടതി സാമ്പത്തിക സംവരണത്തിൻ്റെ ഭരണാ ഘടനാ സാധുതയെ കുറിച്ചുള്ള വാദം മാർച്ചിലേക്ക് മാറ്റി വക്കുകയും ചെയ്തു.
സാമ്പത്തിക സംവരണത്തിൻ്റെ ഭാവി
2019 ൽ ഉണ്ടായ 103 ഭരണഘടനാ ഭേദഗതിയുടെ പ്രത്യേകത ആദ്യമായാണ് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം അനുവദിക്കപ്പെടുന്നത് എന്നതാണ്. ഭരണഘടന നിലവിൽ വന്നപ്പോൾ തന്നെ സംവരണം അനുവദിച്ച ആർട്ടിക്കിൾ 16 (4), ഒന്നാം ഭരണഘടന ഭേദഗതിയിലൂടെ നിലവിൽ വന്ന ആർട്ടിക്കിൾ 15 (4) ലു മൊക്കെ ഉപയോഗിച്ചിരിക്കുന്ന വാക്ക് സാമൂഹികപരവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ എന്നാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും മുന്നോക്ക സമുദായാംഗങ്ങൾക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടാകാം എന്ന സൂചന ഒ.ബി.സി സംവരണം ശരി വച്ച കോടതി വിധിയിലുണ്ട്. മാത്രവുമല്ല, ഒ.ബി.സി വിഭാഗങ്ങളുടെ ക്രിമി ലെയർ ലിമിറ്റായ 8 ലക്ഷം തന്നെ മുന്നോക്ക വിഭാഗങ്ങൾക്കും എങ്ങനെ നിശ്ചയിക്കാനാകും എന്നും കോടതി ചോദിച്ചിരുന്നു. എന്തായാലും സാമുദായിക സംവരണത്തെ കുറിച്ചുള്ള പുതിയ വിധി ഒരു തുടർച്ചയാണ്. എന്നാൽ സാമ്പത്തിക സംവരണത്തിൻ്റെ ഭരണാ ഘടനാ സാധുത പരിശോധിച്ച് വരുന്ന വിധി പുതിയ ചരിത്രം സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.