21 വയസ്സ് വരെ 'കുട്ടി' ആണോ ?  Law Point| Episode 27 | prohibition of child marriage act

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള നിയമം കേന്ദ്ര സർക്കാർ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് പല തരം ചർച്ചകൾ ഉയർന്നു വന്നിട്ടുണ്ട്. ഈ തീരുമാനത്തെ അനുകൂലിക്കുന്നവരെയും എതിർക്കുന്നവരെയും കേട്ട്  കൺഫ്യൂഷനുകൾ കൂടിയവരും ഇക്കൂട്ടത്തിലുണ്ട്. അത് കൊണ്ട് ലോ പോയൻറ് ഈ എപ്പിസോഡിൽ വിവാഹ പ്രായത്തിൻ്റെ ചരിത്രവും വിവാഹ പ്രായം 21 ആക്കുന്നതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ചൂണ്ടിക്കാണിക്കുന്ന നിയമ പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യുന്നത്. 

വിവാഹപ്രായത്തിൻ്റെ ചരിത്രം 

പലരും വിചാരിച്ചിരിക്കുന്നത് പോലെ സ്ത്രീകളുടെ  കുറഞ്ഞ വിവാഹ പ്രായം 21 ആക്കി ഉയർത്താനായി പാർലമെൻ്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലിൻ്റെ പേര് വുമൻസ് മാര്യേജ് ഏജ് എന്നൊന്നുമല്ല. മറിച്ച് പ്രൊപിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് (അമൻഡ്മെൻ്റ് ) ബിൽ എന്ന്. എന്ന് വച്ചാൽ ശെശവ വിവാഹ നിരോധന നിയമത്തിന് ഭേദഗതി കൊണ്ട് വന്നാണ് സ്ത്രികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതെന്നർത്ഥം. ഇന്ത്യയിലെ

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ എക്കാലത്തും അത് തീരുമാനിക്കപ്പെട്ടത് ബാല വിവാഹങ്ങളെ തടയുന്നതുമായി ബന്ധപ്പെട്ടാണ് എന്ന് കാണാം. പ്രശ്നം വിവാഹ പ്രായമല്ല, കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതാണ് എന്നർത്ഥം.

1929 ൽ ആണ് ഇന്ത്യയിൽ ആദ്യമായി ശൈശവ വിവാഹങ്ങളെ തടയാനായി ചൈൽഡ് മാര്യേജ് റിസ്ട്രൈൻ്റ് ആക്ട് ഉണ്ടാകുന്നത്. ഇതനുസരിച്ച് പതിനാല് വയസ്സിന് താഴെയുള്ള പെൺകുട്ടിയും പതിനെട്ട് വയസ്സിന് താഴെയുള്ള ആൺകുട്ടിയും ചൈൽഡ് അഥവാ കുട്ടി ആണ് എന്ന് നിർവചിക്കപ്പെട്ടു. ഇത്തരത്തിൽ പതിനാല് വയസ്സിനു താഴെയുള്ള പെൺകുട്ടിയുമായൊ പതിനെട്ട് വയസ്സിന് താഴെയുള്ള ആൺകുട്ടിയുമായൊ വിവാഹ ബന്ധത്തിലേർപ്പെടുന്നതിനെ ശൈശവ വിവാഹം എന്ന പരിധിയിൽ കൊണ്ട് വന്നു. മാത്രവുമല്ല ഇത്തരത്തിൽ വിവാഹം കഴിക്കുന്നവരെയും വിവാഹം നടത്താൻ സഹായിക്കുന്നവരെയും വിവാഹം നടത്തപ്പെടുന്ന കുട്ടിയുടെ സംരക്ഷണ ചുമതലയുള്ളവരെയും നിയമം കുറ്റക്കാരാക്കുകയും ചെയ്തു. 1949 ൽ ഇന്ത്യ സ്വതന്ത്രമായപ്പൊൾ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം പതിനഞ്ച് വയസ്സാക്കി കൊണ്ട് ആക്ട് ഭേദഗതി ചെയ്തു. പിന്നീട് 1978 ൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം പതിനെട്ടും ആൺകുട്ടികളുടേത് 21 മാക്കി വ്യവസ്ഥ ചെയ്തു. ആ പ്രായ പരിധിയാണ് ഇന്നും തുടർന്ന് പോകുന്നത്. 

ഇത്തരമൊരു നിയമം നിലനിൽക്കെ തന്നെ ഇന്ത്യയിലെ പല ഗ്രാമങ്ങളിലും വിവിധ മതാചാരങ്ങളുടെ ഭാഗമായി ശൈശവ വിവാഹങ്ങൾ നടന്നു വന്നു. ചൈൽഡ് മാര്യേജ്  റിസ്ട്രൈൻറ് ആക്ടിലെ പല വ്യവസ്ഥകളും ദുർബലമായിരുന്നതും ഇതിനൊരു കാരണമായിരുന്നു. ഉദാഹരണത്തിന്, ആക്ടിലെ മൂന്നാം വകുപ്പ് അനുസരിച്ച് 21 വയസ്സിന് താഴെയുള്ള ഒരു പുരുഷൻ പതിനെട്ട് വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ 15 ദിവസം തടവാണ്. ഇനി 21 വയസ്സിന് മുകളിലുള്ള പുരുഷൻ ആണെങ്കിൽ കൂടെ പരമാവധി ശിക്ഷ മൂന്നു മാസം തടവാണ്. അത് പോലെ ഇത്തരമൊരു ശൈശവ വിവാഹം നടത്തി കൊടുക്കുന്നയാൾക്കും വിവാഹം നടക്കുന്ന കുട്ടിയുടെ സംരക്ഷണ ചുമതലയുള്ളയാൾക്കും ലഭിക്കാവുന്ന ശിക്ഷയും മൂന്നു മാസം മാത്രമാണ്. മാത്രവുമല്ല, ഇത്തരത്തിൽ നടക്കുന്ന ശൈശവ വിവാഹത്തെ അസാധുവാക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നില്ല. 1995-96 ൽ ദേശീയ വനിതാ കമ്മീഷൻ നിലവിലെ നിയമത്തിലെ കുറവുകൾ ശൈശവ വിവാഹങ്ങൾക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി. അത് കൊണ്ട് നിയമം കൂടുതൽ ശക്തമാക്കണം എന്നുമാവശ്യപ്പെട്ടു. വിവിധ ലോ കമ്മീഷനുകളും ഇതാവർത്തിച്ചു. 2001- O2 കാലത്തെ ആനുവൽ റിപ്പോർട്ടിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിലെ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുകയൊ പുതിയൊരു നിയമം നിർമിക്കുകയോ വേണമെന്ന് വിലയിരുത്തി. അങ്ങനെയാണ് 2006 ൽ നിലവിലെ ചൈൽഡ് മാര്യേജ് റിസ്ട്രൈൻറ് ആക്ട് ഒഴിവാക്കി പ്രൊഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് ആക്ട് കൊണ്ടു വരുന്നത്. 

2006 ലെ ശൈശവ വിവാഹ നിരോധന നിയമം 

2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ മുമ്പത്തെ നിയമത്തിൽ നിന്ന് മൗലികമായ ചില വത്യാസങ്ങളുണ്ടായിരുന്നു. ഒന്ന്, അത് ശൈശവ വിവാഹങ്ങളെ അസാധുവാക്കാനുള്ള ഒപ്ഷൻ അനുവദിച്ചു എന്നതാണ്. ആക്ടിലെ മൂന്നാം വകുപ്പനുസരിച്ച് ശൈശവ വിവാഹത്തിലേർപ്പെട്ട പെൺകുട്ടിക്കും ആൺകുട്ടിക്കും പ്രായപൂർത്തിയായ ശേഷം അവരുടെ താത്പര്യ പ്രകാരം വിവാഹം റദ്ദ് ചെയാൻ കുടുംബകോടതിയിൽ പെറ്റിഷൻ ഫയൽ ചെയ്യാം. ഇരുവർക്കും പ്രായപൂർത്തിയായതിന് ശേഷം രണ്ട് വർഷത്തേക്കാണ്  ഇങ്ങനെ ഒരു ഒപ്ഷനുള്ളത്. അതായത് പെൺകുട്ടിക്ക് 21 വയസ്സ് വരെയും ആണിന് 23 വയസ്സ് വരെയുമാണ് ഇങ്ങനെ ഒന്ന് ഫയൽ ചെയാനാകുക. ഇരുവരെയും കേട്ട ശേഷം കോടതിക്ക് വിവാഹം വേണമെങ്കിൽ റദ്ദ് ചെയ്യാം. മുൻ നിയമത്തിൽ ഇങ്ങനെ ഒരവസരം ഇരുവർക്കുമുണ്ടായിരുന്നില്ല. ഇനി കുട്ടികൾ ശൈശവ വിവാഹത്തിലേർപ്പെടുന്നത് നിയമപരമായ രക്ഷിതാവിൽ നിന്ന് തട്ടി കൊണ്ട് പോയൊ ചതിയിലൂടെയൊ കുട്ടിയെ വിൽപന നടത്തിയിട്ടൊ ആണെങ്കിൽ അത്തരമൊരു വിവാഹം തുടക്കത്തിൽ തന്നെ അസാധുവുമാക്കി.

2006 ലെ  നിയമത്തിൽ വന്ന മറ്റൊരു പ്രധാന വത്യാസം ശൈശവ വിവാലേർപ്പെടുന്ന പെൺകുട്ടിക്ക് ജീവാനാംശത്തിന് അവകാശം ലഭിച്ചു എന്നതാണ്. ആക്ടിലെ നാലാം വകുപ്പനുസരിച്ച് ശൈശവ വിവാഹത്തിലേർപ്പെടുന്ന പുരുഷനൊ, വിവാഹത്തിലേർപ്പെടുന്നത് ഒരു ആൺകുട്ടിയുമായാണെങ്കിൽ അവൻ്റെ പാരൻ്റൊ പെൺകുട്ടിക്ക് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥരാണ്. മറ്റൊന്ന് ശൈശവ വിവാഹത്തിലേർപ്പെടുന്ന കുട്ടി 'ലെജിറ്റിമേറ്റ് ' ആണ് എന്നതായിരുന്നു. എന്നാൽ ഇവയിലൊക്കയും പ്രധാനപ്പെട്ട പുതിയ നിയമത്തിലെ മാറ്റം ശൈശവ വിവാഹത്തിലേർപ്പെടുന്ന പ്രായപൂർത്തിയായവർക്കും അങ്ങനെ ഒരു വിവാഹം നടത്തുന്നവർക്കുമുള്ള ശിക്ഷയിലെ മാറ്റമായിരുന്നു. ആക്ടിലെ ഒൻപതാം വകുപ്പ് അനുസരിച്ച് 18 വയസ്സിന് മുകളിലുള്ള ഒരു പുരുഷൻ ഒരു പെൺകുട്ടിയുമായി ശൈശവ വിവാഹ ബന്ധത്തിലേർപ്പെട്ടാൽ അത് രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പഴയ നിയമത്തിൽ ഇതെ കുറ്റത്തിന് 15 ദിവസം വരെ തടവായിരുന്നു പരമാവധി ശിക്ഷയെന്നോർക്കുക. അത് പോലെ ഇത്തരം വിവാഹം നടത്തി കൊടുക്കുന്നതും രണ്ട് വർഷം വരെ തന്നെ തടവ് ലഭിക്കാവുന്ന കുറ്റമാക്കി മാറ്റി. മാത്രവുമല്ല ഒരു കുട്ടിയുടെ ശൈശവ വിവാഹം നടക്കുന്നതിന് കാരണക്കാരായ കുട്ടിയുടെ മാതാപിതാക്കളും സംരക്ഷണ ചുമതലയുള്ളയാളും അത്തരമൊരു ചടങ്ങ് നടത്താൻ മുൻകൈ എടുക്കുന്ന സംഘടനാ ഭാരവാഹികളും കുറ്റക്കാരാകും. ഇതിനും ശിക്ഷ രണ്ട് വർഷം വരെയാക്കി. എല്ലാ ഒഫൻസുകളും ജാമ്യമില്ലാ കുറ്റവുമാക്കി. മുൻപ് ഇവയൊക്കെ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റം മാത്രമായിരുന്നു. 

നിയമം കർക്കശമാക്കിയത് ശൈശവ വിവാഹങ്ങളുടെ അളവിൽ കുറവുണ്ടാക്കിയെങ്കിലും അവ പൂർണമായി അവസാനിച്ചില്ല. അതിനൊരു കാരണം 2017 ൽ സുപ്രീം കോടതി ചൂണ്ടി കാട്ടി. അതെന്താണെന്ന് നോക്കാം. 

കോടതി കാട്ടിയ വഴി 

റേപ്പിനെ ഇന്ത്യൻ പീനൽ കോഡിൽ ഡിഫൈൻ ചെയ്തിട്ടുള്ളത് 375 വകുപ്പിലാണ്. ആ വകുപ്പിൽ തന്നെ രണ്ട് എക്സപ്ഷനുകൾ കൊടുത്തിട്ടുണ്ട്. ഒന്ന് മെഡിക്കൽ പ്രൊസീജ്യർ ആണ്. രണ്ട്, പതിനഞ്ച് വയസ്സിന് മുകളിലുള്ള ഭാര്യയായ പെൺകുട്ടിയുമായി ഭർത്താവായ പുരുഷൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് റേപ്പ് അല്ല എന്നാണ്. ഈ പ്രൊവിഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് ഇൻഡിപ്പൻ്റ് തോട്ട് എന്ന എൻ.ജി.ഒ സുപ്രീം കോടതിയെ സമീപിക്കുന്നത്. 2017 ൽ ഈ വകുപ്പ് റദ്ദാക്കി കൊണ്ട് ജസ്റ്റിസ് മദൻ ബി ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ ഡിവിഷൻ ബഞ്ച് നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്. 

2012 ലെ പോക്സോ ആക്ട് അനുസരിച്ച് പതിനെട്ട് വയസ്സിന് താഴെയുള്ള ആൺകുട്ടിയുമായൊ പെൺകുട്ടിയുമായൊ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഗുരുതരമായ കുറ്റമാണ്. അപ്പൊഴാണ് ഇന്ത്യൻ പീനൽ കോഡ് തന്നെ ഇങ്ങന്നെ 15 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള റേപ്പിന് എക്സംപ്ഷൻ കൊടുക്കുന്നത്. മാത്രവുമല്ല അവ ശൈശവ വിവാഹങ്ങൾക്ക് സാധൂകരണം നൽകുന്നതായും കോടതി വിലയിരുത്തി. മാത്രവുമല്ല, നിലവിലെ ശൈശവ വിവാഹ നിരോധന നിയമം ശൈശവ വിവാഹങ്ങളെ വേണമെങ്കിൽ റദ്ദാക്കാം എന്ന ഒപ്ഷനാണ് വക്കുന്നത്. എന്ത് കൊണ്ട് അവയെ മുഴുവനായി റദ്ദാക്കുന്നില്ല എന്നും കോടതി ചോദിച്ചു. ഒരു വശത്ത് ശൈശവ വിവാഹങ്ങളെ

കുറ്റകൃത്യമാക്കുമ്പോഴും മറു വശത്ത്  വാലീഡ് ആക്കാൻ അനുവദിക്കുന്നത് വൈരുധ്യമാണ്. മാത്രവുമല്ല, ഇത്തരം വിവാഹം റദ്ദാക്കലുകൾ വളരെ കുറച്ചെ നടക്കുന്നുള്ളുവെന്നതും കോടതി ചൂണ്ടിക്കാട്ടി. ഈ ചോദ്യങ്ങളാണ് പുതിയ ഭേദഗതിക്ക് ദിശാ സൂചകമായത് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്താണ് ഭേദഗതി ബില്ലിൽ പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. 

പ്രൊഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് (അമെൻഡ്മൻ്റ് ) ബിൽ, 2021 

ഭേദഗതിക്കായി അവതരിപ്പിക്കപ്പെട്ട പുതിയ ബില്ലിൽ പ്രധാനമായും രണ്ട് മാറ്റങ്ങളാണുള്ളത്. ഒന്ന്, രണ്ടാം വകുപ്പിൽ പറയുന്ന ചൈൽഡ് അഥവാ കുട്ടി എന്നാൽ 21 വയസ്സ് പൂർത്തിയാക്കാത്ത ഏതൊരു ആണും പെണ്ണും എന്ന് മാറ്റിയിരിക്കുന്നു. മറ്റൊരു മാറ്റം ഒന്നാം വകുപ്പിലെ ഇന്ത്യക്ക് മുഴുവൻ ബാധകമാകും എന്നതിനോടൊപ്പം ഒരു വാചകം കൂടി ചേർത്തിരിക്കുന്നു. അതായത് ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ടിലെയൊ പാർസി മാര്യേജ് ആക്ടിലെയൊ മുസ്ലീം വ്യക്തി നിയമത്തിലേയോ സ്പെഷൽ മാര്യേജ് ആക്ടിലെയൊ ഫോറിൻ മാര്യേജ് ആക്ടിലെയൊ ഒക്കെയുള്ള ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ഭേദഗതിക്ക് വിരുദ്ധമായത് മാറ്റപ്പെടും എന്ന്. ചുരുക്കി പറഞ്ഞാൽ മതപരമായ വ്യക്തി നിയമങ്ങളിലേയൊ മറ്റെന്തെങ്കിലും ആചാര പ്രകാരമുള്ളതൊ ആയ ഒരു വിവാഹവും പുരുഷനും സ്ത്രീക്കും 21 വയസ്സ് തികയാതെ സാധ്യമല്ല എന്ന്. ബിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഇത് പാർലമെൻ്റ് പാസ്സാക്കി പ്രസിഡൻ്റിൻ്റെ അനുമതി കിട്ടുന്നതോടെ നിയമമാകും. 

എതിർക്കുന്നവരുടേയും അനുകൂലിക്കുന്നവരുടെയും കാരണങ്ങൾ 

ഈ ഭേദഗതി അടുത്ത കാലത്ത് പല നിയമങ്ങളും ചെയ്തത് പോലെ ചർച്ച കൂടാതെ പാസ്സാക്കാതിരുന്നത് കൊണ്ട് ബില്ലിനെ എതിർത്തും അനുകൂലിച്ചും ഏറെ അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. എതിർക്കുന്നവർ പ്രധാനമായും പറയുന്ന ചില വാദഗതികൾ ഇതൊക്കയാണ്. ഒന്ന്, ഇന്ത്യൻ നിയമ വ്യവസ്ഥ ഒരാൾ പ്രായപൂർത്തിയാവാൻ വച്ചിരിക്കുന്ന പരിധി 18 വയസ്സാണ്. അതോടെ അയാൾ അല്ലെങ്കിൽ അവൾ കുട്ടി അല്ലാതാകുന്നു എന്നർത്ഥം. എന്നാൽ പുതിയ ഭേദഗതിയിൽ 21 വയസ്സ് വരെ കുട്ടിയാണ് എന്ന് പറയുന്നു. ഇതെങ്ങനെ ചേർന്ന് പോകും ? പ്രായപൂർത്തിയാക്കുന്നതിനെ കുറിച്ച് പറയുന്ന 1875 ലെ മെജോറിറ്റി ആക്ട്, കരാറുകളുടെ നിയമ വശങ്ങൾ വിശദീകരിക്കുന്ന 1872 ലെ കോൺട്രാക്റ്റ് ആക്ട്, കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളെ തടയുന്ന 2012 ലെ പോക്സോ ആക്ട്, കുട്ടികളുടെ സംരക്ഷണത്തിനായുള്ള 2015 ലെ ജുവൈനൽ ജസ്റ്റിസ് ആക്ട് എന്നിവയിലെല്ലാം ചൈൽഡ് അഥവാ കുട്ടി എന്നാൽ 18 വയസ്സ് വരെയാണ്. അങ്ങനെ പ്രായപൂർത്തിയാകുന്ന ഒരു സ്ത്രീയെ പുതിയ നിയമം മൂന്നു വർഷം കൂടി കുട്ടിയായി കാണുന്നു. ഇത് അവരുടെ സ്വയം നിർണയാവകാശത്തിലുള്ള ഇടപെടലാണ്. 

മറ്റൊന്ന്, മതപരവും ആചാരപരവുമായ വ്യക്തി നിയമങ്ങളിൽ നിയമം ഇടപെടുന്നു എന്നതാണ്. വിവാഹവും സ്വത്തവകാശവും പോലുള്ള കാര്യങ്ങളിൽ വിശ്വാസികളായ മനുഷ്യർക്ക് അവരവരുടെ മതപരമായ വ്യക്തി നിയമങ്ങളാണ് ഇന്ത്യയിൽ ആപ്ലിക്കബിൾ ആകുന്നത്. ശൈശശവ വിവാഹം നിരോധിച്ചിരിക്കുന്നതിനാൽ അവ ആചാരം അനുവദിച്ചാലും നിയമവിരുദ്ധമാണ് താനും. എന്നാൽ പുതിയ ഭേദഗതി സ്പെസിഫിക് ആയി മതപരമായ വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നു. ഇത് വിശ്വാസപരമായ നിയമങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. 

എതിർക്കുന്നവരുടെ മറ്റൊരു വാദം 2017 ൽ സുപ്രീം കോടതി ഇൻഡിപ്പെൻ്റ് തോട്ട്സ് കേസിൽ അഭിപ്രായപ്പെട്ടത് പോലെ എന്ത് കൊണ്ട് മുഴുവൻ ശൈശവ വിവാഹങ്ങളെയും അസാധുവാക്കുന്നില്ല എന്നതാണ്. തടയേണ്ടത് ശൈശവ വിവാഹം ആണെകിൽ അതാണല്ലൊ ആദ്യം ചെയ്യേണ്ടതെന്നും അവർ ചോദിക്കുന്നു. 

ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്, ഇത് വരെ 21 വയസ്സായിരുന്നല്ലൊ പുരുഷൻ്റെ മിനിമം വിവാഹ പ്രായം. പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണ് താനും. അതായത് പ്രായപൂർത്തിയായി കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞെ അയാൾക്ക് വിവാഹം എന്ന കരാറിലേർപ്പെടാൻ അവകാശമുള്ളൂ. എന്ത് കൊണ്ട് പുരുഷനെ മൂന്നു വർഷം കുട്ടിയായി കണ്ട നിലവിലെ നിയമ വ്യവസ്ഥ ചോദ്യം ചെയ്യപ്പെട്ടില്ല ? പുരുഷനെക്കാൾ നേരത്തെ സ്ത്രീയെ വിവാഹത്തിന് പ്രാപ്തമാക്കുന്നതാണ് അസമാണെന്നവർ പറയുന്നു. എന്നാൽ ഇതിന് മറുപടിയായി പ്രായപൂർത്തിയാവുന്ന ആണിനും പെണ്ണിനും 18 വയസ്സിൽ തന്നെ തൻ്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശം വേണമെന്നും അതാണ് അന്താരാഷ്ട്ര മാനദണ്ഡമെന്നും എതിർക്കുന്നവർ പറയുന്നു. 

അനുകൂലിക്കുന്നവരുടെ മറ്റൊരു വാദം പതിനെട്ട് വയസ്സിൽ സ്ത്രീക്ക് വിവാഹം കഴിക്കേണ്ടി വരുന്നത് വീട്ടുകാരുടെ സമ്മർദം മൂലമാണെന്നും അതിന്നെ നിയമം കൊണ്ട് സ്റ്റേറ്റിനെ തടയാനാവൂ എന്നുമാണ്. അപ്പൊൾ 21 വയസ്സാകുമ്പോഴുള്ള വീട്ടുകാരുടെ സമ്മർദത്തെ എന്ത് ചെയ്യും എന്നതാണ് മറു ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in