ദേശീയഗാനം പാടാത്ത സ്കൂൾ കുട്ടികളുടെ കഥ | Law Point| The Cue

Summary

തട്ടമിട്ട പെൺകുട്ടികൾ ഇക്കാലമത്രയും നമ്മുടെ നോർമൽ കാഴ്ചയായിരുന്നു. എന്നാൽ കർണാടകയിലെ സ്കൂളുകളിൽ അതിന്ന് ഒരു ക്രമസമാധാന പ്രശ്നമായിരിക്കുന്നു. ഹിജാബ് സ്കൂൾ യൂണിഫോമിന് വിരുദ്ധമാണെന്നും മതവിശ്വാസത്തെക്കാൾ വലുതാണ് അച്ചടക്കമെന്നും സർക്കാർ വാദിക്കുന്നു. ഇക്കാലത്ത് നിർബന്ധമായും ഓർത്തിരിക്കേണ്ട ഒരു നിയമ പോരാട്ടത്തിൻ്റെ കഥയാണ് മലയാളികളായ സ്കൂൾ കുട്ടികൾ നടത്തിയ ബിജോ ഇമ്മാനുവൽ കേസ്. മത വിശ്വാസം മൂലം ദേശീയ ഗാനം പാടാനാവില്ല എന്ന് വാദിച്ച കുട്ടികളുടെ പോരാട്ടം സുപ്രീം കോടതി വരെ നീളുന്നതായിരുന്നു. ലോ പോയിൻറ് ഈ എപ്പിസോഡിൽ ബിജോ ഇമ്മാനുവൽ കേസ് മുൻ നിർത്തി മതവിശ്വാസങ്ങൾക്കുള്ള ഭരണഘടനാ സംരക്ഷണങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. 

ബിജോ ഇമ്മാനുവൽ v. സ്റ്റേറ്റ് ഓഫ് കേരള 

ഇമ്മാനുവൽ എന്നയാളുടെ മക്കളായ ബിജോ, ബിനു മോൾ, ബിന്ദു എന്നീ കുട്ടികൾ കൃസ്ത്യൻ വിശ്വാസങ്ങളിൽ ഒരു വിഭാഗമായ യഹോവ സാക്ഷികൾ എന്ന വിഭാഗത്തിൽ പെട്ടവരായിരുന്നു. മൂന്നു കുട്ടികളും സ്ഥിരമായി സ്കൂളിൽ പോകുകയും സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കുകയും ചെയ്ത് പോന്നു. അസംബ്ലിയിൽ ദേശീയ ഗാനം ചൊല്ലുമ്പോൾ മറ്റ് കുട്ടികളെ പോലെ ഇവരും ബഹുമാനത്തോടെ എഴുന്നേറ്റു നിന്നിരുന്നെങ്കിലും അവർ ഗാനം ആലപിച്ചിരുന്നില്ല. അവരുടെ മതവിശ്വാസം ഗാനം ആലപിക്കാൻ അനുവദിക്കാത്തതായിരുന്നു കാരണം. വളരെ അച്ചടക്കമുള്ള വെൽ ബിഹേവ്ഡ് ആയ കുട്ടികളുടെ ഈ പ്രവൃത്തി സ്കൂളിൽ ഉള്ള ആരെയും അലോസരപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രശ്നങ്ങൾ തുടങ്ങുന്നത് 1985 ജൂലൈയിൽ സ്കൂളിൽ വന്ന ഒരു എം.എൽ.എ ഇത് കാണുമ്പോൾ മുതലാണ്. അദ്ദേഹത്തിനത് ഇഷ്ടപ്പെടാതിരിക്കുകയും വിഷയം നിയമ സഭയിൽ ഉന്നയിക്കുകയും ചെയ്തു. ദേശീയ ഗാനത്തെ ഈ കുട്ടികൾ അപമാനിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. സർക്കാർ ഇത് അന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. കുട്ടികൾ നിയമം പാലിക്കുന്നവർ തന്നെ ആണെന്നും അവർ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല എന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ. എന്നാൽ വിഷയം വളരെ സെൻസിറ്റീവ് ആയതിനാൽ സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശമനുസരിച്ച് സ്കൂൾ പ്രിൻസിപ്പൽ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നു. കുട്ടികളുടെ പിതാവ് ഇമ്മാനുവൽ പ്രിൻസിപ്പലിനോട് കുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇമ്മാനുവൽ കുട്ടികൾ പെറ്റീഷ്ണർ ആയി ഹൈക്കോടതിയിൽ റിറ്റ് പെറ്റീഷൻ ഫയൽ ചെയ്യുന്നു. കുട്ടികളെ സ്കൂളിൽ തുടരാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. ആദ്യം ഹൈകോടതിയുടെ സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും ഹർജി തള്ളുന്നു. ഇതിനെ തുടർന്നാണ് കുട്ടികൾ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. 

മതവിശ്വാസവും ഭരണഘടനയും 

സുപ്രീം കോടതി ഈ കേസിൻ്റെ വിധിന്യായത്തിൻ്റെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നൊരു കാര്യമുണ്ട്. ഹൈക്കോടതി ചെയ്തത് നമ്മുടെ ദേശീയ ഗാനമായ 'ജനഗണമന ' യുടെ ഒരൊ വരികളും സൂക്ഷ്മമായി പരിശോധിക്കലാണ്. എന്നിട്ട് ആ വാക്കുകൾ ഒന്നും ഒരു മതവിശ്വാസത്തിനും എതിരല്ല എന്ന് കണ്ടെത്തി. എന്നാൽ കേസിലെ പ്രശ്നം അതായിരുന്നെ ഇല്ല. കേസിലെ പെറ്റീഷ്ണറായ കുട്ടികളുടെ മതവിഭാഗമായ യഹോവ സാക്ഷികൾ ലോകത്തൊരിടത്തും ദേശീയ ഗാനം ആലപിക്കാറില്ല. അതിന്നർത്ഥം അവർക്ക് ദേശീയഗാനത്തോട് ആദരവില്ല എന്നല്ല. ദേശീയ ഗാനം പാടുമ്പോൾ അവർ ആദരവോടെ എഴുന്നേറ്റു നിൽക്കും. എന്നാൽ തങ്ങളുടെ മതം അവരുടെ പ്രാർത്ഥനയല്ലാതെ മറ്റൊരു ആചാരങ്ങളിലും പങ്കെടുക്കാൻ അനുവദിക്കുന്നില്ല. അത് കൊണ്ട് അവർക്ക് ദേശീയ ഗാനം ആലപിക്കാനാവില്ല. സുപ്രീം കോടതി ഈ കേസിൽ പരിഗണിച്ച പ്രധാന നിയമ പ്രശ്നങ്ങൾ ഇവയൊക്കെ ആയിരുന്നു. 

I. കുട്ടികളുടെ പ്രവൃത്തി ഭരണഘടന അനുവദിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ വരുമോ ? 

2. ദേശീയ ഗാനം ആലപിക്കാതിരിക്കാൻ ഭരണഘടനയുടെ മൗലികാവകാശമായ മതവിശ്വാസങ്ങൾക്കുള്ള അവകാശം അനുവദിക്കുന്നുണ്ടൊ ? 

3. ദേശീയഗാനം ആലപിക്കാതിരിക്കുന്നത് 1971 ലെ പ്രിവൻഷൻ ഓഫ് നാഷണൽ ഓണർ ആക്ടിൻ്റെ പരിധിയിൽ വരുമൊ ?

ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിന്ന് തുടങ്ങാം. മൗലികാവകാശങ്ങളിലൊന്നായ ഭരണഘടനയുടെ ആർട്ടിക്കിൾ 19 ( 1 ) (a) ആണ് ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുന്നത്. മുമ്പും സൂചിപ്പിച്ചിട്ടുള്ളത് പോലെ ഈ അവകാശത്തിന് ആർട്ടിക്കിൾ 19 (2) അനുസരിച്ച് ഭരണകൂടത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആകും. രാജ്യത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതക്കും വേണ്ടി, രാജ്യസുരക്ഷക്ക് വേണ്ടി, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങൾക്ക് വേണ്ടി, പബ്ലിക്ക് ഓർഡറിനും മൊറാലിറ്റിക്കും വേണ്ടി ഒക്കെയാണ് സ്റ്റേറ്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുള്ളത്. കുട്ടികളിലേക്ക് തിരിച്ച് വന്നാൽ ഇപ്പറഞ്ഞ ഒരു കാര്യങ്ങളും ബാധകമല്ല എന്ന് കോടതി കണ്ടെത്തി. ഭരണഘടനയുടെ തന്നെ ആർട്ടിക്കിൾ 51 A അനുസരിച്ച് ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കൽ ഒരൊ പൗരൻെറയും മൗലിക കടമയാണ്. കുട്ടികൾ അത് ചെയ്യുന്നുണ്ട്. എന്നിട്ടും അവരെ സ്കൂളിൽ നിന്ന് പുറത്താക്കിയത് മൗലികാവകാശമായ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണ്. 

ഭരണഘടനയുടെ ആർട്ടിക്കിൾ 25 ലാണ് മത വിശ്വാസങ്ങൾക്കുള്ള അവകാശം മൗലികമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് മന:സാക്ഷിക്കുള്ള സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഏതൊരാൾക്കും അവകാശമുണ്ട്. എന്നാൽ ഇത്തരം അവകാശങ്ങൾ പൊതു സമാധാനത്തിനും സാൻമാർഗികതക്കും ആരോഗ്യത്തിനും വിധേയമായിരിക്കും എന്ന് മാത്രം. അത് പോലെ മതാചരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ രാഷ്ട്രീയപരമോ മതേതരമോ ഏത് പ്രവർത്തനത്തെയും ഭരണകൂടത്തിന് നിയന്ത്രിക്കാനാവും. അപ്പൊൾ ചോദ്യമിതാണ്. കുട്ടികൾ ദേശീയ ഗാനം ആലപിക്കാതിരിക്കുന്നത് നിയന്ത്രിക്കപ്പെടേണ്ട മത വിശ്വാസമാണൊ എന്ന്. കോടതി പറഞ്ഞത് ഏതെങ്കിലും മതാചാരം മതത്തിന് പുറത്തുള്ളവരുടെ വികാരങ്ങളെയൊ യുക്തിയെയൊ സ്വാധീനിക്കുന്നുണ്ടൊ എന്നതല്ല പ്രശ്നം. മറിച്ച് അത് വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നവർ അത് ചെയ്യുന്നത് ജനുയിൻ ആയിരിക്കെ അവർക്ക് ആർട്ടിക്കിൾ 25 ൻ്റെ മതവിശ്വാസത്തിനുള്ള പ്രൊട്ടക്ഷൻ ഉണ്ട് എന്നാണ്. മാത്രവുമല്ല കുട്ടികൾ ദേശീയ ഗാനത്തോട് ബഹുമാന സൂചകമായി എഴുന്നേറ്റു നിൽക്കുന്നതിനാൽ അവർ അത് പാടാതിരിക്കുന്നത് പൊതു സാൻമാർഗികതക്കും പൊതു സമാധാനത്തിനും ദോഷം ചെയ്യുന്നുമില്ല. അത് കൊണ്ട് കുട്ടികൾക്ക് അവരുടെ മതവിശ്വാസത്തിൻ്റെ ഭാഗമായി ദേശീയ ഗാനം ആലപിക്കാതിരിക്കാൻ ആർട്ടിക്കിൾ 25 (1) അനുവദിക്കുന്നുണ്ട്. 

ഇനി 1971 ലെ ദേശീയഭിമാനത്തോടുള്ള അപമാനങ്ങൾ തടയൽ നിയമത്തിലേക്ക് വന്നാൽ ആക്ടിലെ മൂന്നാം വകുപ്പിലാണ് ദേശീയഗാനം പാടുന്നത് തടയുന്നതിനെ കുറിച്ച് പറയുന്നത്. ഇതനുസരിച്ച് ഇന്ത്യയുടെ ദേശീയ ഗാനം പാടുന്നത് മന:പൂർവ്വം തടയുകയൊ അല്ലെങ്കിൽ അങ്ങനെ പാടുന്ന സംഘത്തിന് തടസ്സമുണ്ടാക്കുകയൊ ചെയ്യുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇവിടെ കുട്ടികൾ ദേശീയ ഗാനം പാടുന്നത് തടയുകയൊ ദേശീയ ഗാനം പാടുന്നവർക്ക് തടസ്സം സൃഷ്ടിക്കുകയൊ ചെയ്തിട്ടില്ല. മാത്രവുമല്ല ആദര സൂചകമായി എഴുന്നേറ്റു നിൽക്കുകയും ചെയ്തു. അതിന്നർത്ഥം കുട്ടികൾ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ്. അത് കൊണ്ട് യാതൊരു നിയമവിരുദ്ധ പ്രവർത്തനവും നടത്താത്ത കുട്ടികളെ പുറത്താക്കുക വഴി സംഭവിച്ചത് അവരുടെ മൗലികാവകാശങ്ങളായ ആവിഷ്കാര സ്വാതന്ത്ര്യത്തിനും മതവിശ്വാസ സ്വാതത്രത്തിനുമുള്ള ലംഘനമാണ്. കുട്ടികളുടെ അപ്പീൽ അനുവദിച്ച സുപ്രീം കോടതി അവരെ സ്കൂളിൽ അധ്യയനം തുടരാൻ അനുവദിക്കണമെന്ന് ഉത്തരവിട്ടു. 

ഒഴിച്ചു കൂടാനാവാത്ത മതവിശ്വാസങ്ങൾ 

ബിജോ ഇമ്മാനുവൽ കേസിൽ തന്നെ കോടതി സൂചിപ്പിക്കുന്നൊരു കാര്യമുണ്ട്. യഹോവ സാക്ഷികൾ എന്ന വിശ്വാസി വിഭാഗം ലോകത്തെവിടെയും ദേശീയ ഗാനം ആലപിക്കാറില്ല എന്നാണത്. എന്ന് വച്ചാൽ അവരുടെ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യമാണത് എന്ന്. എന്തിനാണ് കോടതി മതവിശ്വാസത്തെ കുറിച്ച് ഇങ്ങനെ പരിശോധിക്കുന്നതെന്ന് തോന്നാം. അതിനൊരു ചരിത്രമുണ്ട്. 1954 ൽ ശിരൂർ മട്ട് കേസ് എന്നറിയപ്പെടുന്ന കമ്മീഷ്ണർ ഹിന്ദു റിലീജ്യസ് ആൻറ് ചാരിറ്റബിൾ എൻഡോമെൻറ് സ് മദ്രാസ്, v. ശ്രീ ലക്ഷ്മീന്ദ്ര തീർത്ഥ സ്വാമിയാർ ഓഫ് ശ്രീ ശിരൂർ മട്ട് കേസിൽ സുപ്രീം കോടതി പറഞ്ഞത് മതവിശ്വാസങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം മതത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ആചാരങ്ങൾക്കാണ് ലഭിക്കുക എന്നതാണ്. ഇതിന് വേണ്ടി മതത്തിൻ്റെ തന്നെ തത്വങ്ങൾ വച്ചാണ് പരിശോധന നടത്തേണ്ടതെന്നും കോടതി പറഞ്ഞു. 1983 ൽ തലച്ചോറും കത്തിയും വച്ചുള്ള താണ്ഡവ നൃത്തം തടഞ്ഞ പോലീസ് നടപടി സുപ്രീം കോടതി ശരി വച്ചു. അത്തൊരുമൊരു ആചാരം മതവിശ്വാസത്തിലെ ഒഴിച്ചു കൂടാനാവാത്ത ആചാരമല്ല എന്നാണ് കോടതി പറഞ്ഞത്. ഏറ്റവുമൊടുവിൽ 2018 ൽ ശബരിമല കേസിൽ സുപ്രീം കോടതി പറഞ്ഞത് 10 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തതും ഹിന്ദു മത വിശ്വാസത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ആചാരമല്ല എന്നാണ്. എന്നാൽ ഈ കേസിൽ സമർപ്പിക്കപ്പെട്ട പുനപരിശോധന ഹർജികൾ ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. എങ്ങനെയാണ് ഒരു ആചാരത്തെ മതവിശ്വാസത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗം ആണൊ അല്ലയൊ എന്ന് പരിശോധിക്കുന്നതെന്ന് കമ്മീഷണർ ഓഫ് പോലീസ് v. ആചാര്യ ജഗദീശ്വരാനന്ദ എന്ന കേസിൽ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു ആചാരം മതവിശ്വാസത്തിൻ്റെ ഒഴിച്ച് കൂടാനാവാത്ത ആചാരമാണെങ്കിൽ മതവിശ്വാസത്തിൻ്റെ തന്നെ അടിസ്ഥാനം ആ ആചാരത്തിലായിരിക്കണം. ആചാരം മാറ്റിയാൽ മതത്തിൻ്റെ സ്വഭാവം തന്നെ മാറി പോകുന്ന തരത്തിലായിരിക്കണം. ആ ആചാരങ്ങളിൽ കൂട്ടാനൊ കുറക്കാനൊ അനുവാദമുണ്ടാകരുത്. ഇത്തരം വിശ്വാസങ്ങൾക്ക് ഭരണഘടനയുടെ പൂർണ സംരക്ഷണം ഉണ്ടായിരിക്കും. 

ഹിജാബ് കേസിൽ സംഭവിക്കുന്നത് 

കർണാടകയിലെ പ്രി യൂണിവേഴ്സിറ്റി കോളേജുകളിലെ ഹിജാബ് നിരോധനത്തിൽ ഹർജിക്കാർ ഹൈക്കോടതിയിൽ വാദിക്കുന്നത് ഇതവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ്. എന്നാൽ സർക്കാർ ആകട്ടെ , ഇത്തരമൊരു അവകാശം ഹർജിക്കാർക്ക് ലഭിക്കണമെങ്കിൽ ഹിജാബ് ഇസ്ലാം മതവിശ്വാസത്തിലെ ഒഴിച്ച് കൂടാനാവാത്ത ആചാരമാണെന്ന് ഹർജിക്കാർ തെളിയിക്കണം എന്ന് വാദിക്കുന്നു. അത് കൊണ്ടാണ് കർണാടക ഹൈക്കോടതിയിലെ ഹർജിക്കാരുടെ അഭിഭാഷകർ ഖുറാനും നബിവചനങ്ങൾ ഉൾപ്പെടുന്ന ഹദീസും വച്ച് ഹിജാബിന് വേണ്ടി വാദിക്കുന്നത്. 

നമ്മുടെ ഭരണഘടനയുടെ ഒരു പ്രത്യേകതയായി പറയാറുള്ളത് അത് മതങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യമാണ് പ്രദാനം ചെയ്യുന്നത് എന്നതാണ്. തീർച്ചയായും മതങ്ങളിൽ വിശ്വസിക്കാതിരിക്കാനും മനുഷ്യർക്ക് അവകാശമുണ്ട്. അത്തരം  വൈവിധ്യങ്ങളെ അംഗീകരിക്കണൊ വേണ്ടയൊ എന്ന ചോദ്യമാണ് കോടതിക്ക് മുന്നിലുള്ളത്. കാരണം ലതാ മങ്കേഷ്കർക്ക് കൈകൾ തുറന്ന് ആദരാഞ്ജലിയർപ്പിക്കുന്ന ഷാരൂഖ് ഖാനും ഒപ്പം കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന അദ്ദേഹത്തിൻ്റെ മാനേജറുമാണ് ഇന്ത്യ.

Related Stories

No stories found.
logo
The Cue
www.thecue.in