ആത്മഹത്യക്ക് കാരണമാകുന്നവര്‍ കുടുങ്ങുമോ?

ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രൊജക്ട് സമര്‍പ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സമയം നീട്ടി നല്‍കാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു. അയാളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് അമീര്‍ ഖാന്‍ ചെയ്യുന്ന കഥാപാത്രം അധ്യാപകനോട പറയുന്നുണ്ട്. ഇത് കൊലപാതകമാണ് സര്‍ എന്ന്. ഒരു ആത്മഹത്യ നടന്ന് കഴിഞ്ഞാല്‍ അതിന് കാരണക്കാരയാവരെ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കണമെന്ന് നമ്മുടെ നാട്ടിലെ പൊതു ബോധമാണ്. എന്നാല്‍ നിയമ വ്യവസ്ഥ എങ്ങനെയാണ് ആത്മഹത്യകളെ കാണുന്നത് ? ലോ പോയിന്റിന്റെ ഈ എപ്പിസോഡില്‍ വിവിധ കേസുകളുടെ വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യക്ക് കാരണക്കാരയാവര്‍ക്ക് എന്തൊക്കെ ശിക്ഷ ലഭിക്കാം എന്നാണ് പരിശോധിക്കുന്നത്.

ആത്മഹത്യാ പ്രേരണാക്കുറ്റം

ആത്മഹത്യ എന്നാല്‍ ഒരാള്‍ സ്വന്തമിഷ്ട പ്രകാരവും മന: പൂര്‍വ്വവും നടത്തുന്ന സ്വയം ജീവനെടുക്കലാണ്. അവിടെ പുറത്ത് നിന്നൊരാള്‍ക്ക് നേരിട്ട് യാതൊരു പങ്കുമില്ല. അത് കൊണ്ട് മരണത്തിന് കാരണമാകുന്ന തരത്തിലുള്ള മുറിവേല്‍പിക്കല്‍ ഒക്കെയുണ്ടാകുന്ന കൊലപാതകക്കുറ്റം വരാനുളള സാധ്യതയെ ഇല്ല. എന്നാല്‍ നേരിട്ടൊ അല്ലാതെയൊ ഒരാളുടെ ആത്മഹത്യക്ക് കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവരുണ്ടാകും. അത്തരക്കാര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ 306 വകുപ്പായ ആത്മഹത്യാ പ്രേരണക്കുറ്റം . ഇതനുസരിച്ച് ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അതിന് പ്രേരകമായി തരത്തില്‍ പ്രവര്‍ത്തിക്കുന്നത് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇനി അബറ്റ്‌മെന്റ് അഥവാ പ്രേരണ എന്നാല്‍ എന്താണെന്ന് നോക്കാം.

ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ 107 വകുപ്പിലാണ് അബെറ്റ്‌മെന്റ് അഥവാ പ്രേരണ ചെലുത്തുന്നതിനെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഒരാളെ ഒരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ' പ്രകോപിക്കുന്നത്, പ്രോത്സാഹിപ്പിക്കുന്നത്, ഒരു പ്രവൃത്തി ചെയ്യുന്നതിന് മുമ്പുള്ള ഗുഡാലോചനയില്‍ പങ്കാളിയാകുന്നത്, ആ പ്രവൃത്തിക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നത്, ആ പ്രവൃത്തിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത് എന്നിവയൊക്കെ പ്രേരണ അഥവാ അബറ്റ്‌മെമെന്റിന്റെ പരിധിയില്‍ വരും. ആത്മഹത്യാ പ്രേരണാക്കുറ്റത്തിലേക്ക് തിരിച്ച് വന്നാല്‍ ഒരാളുടെ ആത്മഹത്യക്ക് കാരണമാകുന്ന തരത്തില്‍ പ്രകോപനം ഉണ്ടാക്കുന്നത്, പ്രോത്സാഹിപ്പിക്കുന്നത്, സഹായിക്കുന്നത് ഒക്കെ കുറ്റകരമാണ് എന്നര്‍ത്ഥം.

സ്ത്രീധനവുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍

നിയമം ഇങ്ങനെയൊക്കെ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ആത്മഹത്യകളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രേരണാക്കുറ്റം തെളിയിക്കല്‍ അത്ര എളുപ്പമുള്ള കാര്യമില്ല. ഒരു കുറിപ്പ് പോലും ബാക്കിയാക്കാതെ മരിച്ച് പോകുന്നവരുണ്ട്. അവരുടെ ആത്മഹത്യക്ക് കാരണം എന്താണെന് പോലും വ്യക്തമായിരിക്കില്ല. ഇനി കുറിപ്പ് ഉണ്ടെങ്കില്‍ തന്നെ അതെഴുതിയാള്‍ മരിച്ചു പോകുന്നു എന്നത് കൊണ്ട് വിചാരണ ഘട്ടത്തില്‍ എങ്ങനെയാണ് മറ്റുള്ളവര്‍ ആത്മഹത്യക്ക് പ്രേരണയായത് എന്നതും തെളിയിക്കല്‍ ശ്രമകരമാണ്.

എന്നാല്‍ സ്ത്രീ ധനവുമായി ബന്ധപ്പെട്ട ക്രൂരതക്ക് വിധേയമായ ഒരു സ്ത്രീ ആത്മഹത്യ ചെയ്താല്‍ അത് നിയമം കൂടുതല്‍ ഗൗരവകരമായാണ് കാണുന്നത്. തെളിവുകളുമായി ബന്ധപ്പെട്ടിട്ടുള്ള എവിഡന്‍സ് ആക്ടില്‍ ഇത്തരം ആത്മഹത്യകളില്‍ പ്രേരണയുണ്ടെന്ന് തന്നെ കരുതണം എന്നാണ് പറയുന്നത്.

എവിഡന്‍സ് ആക്ടിലെ 113 A വകുപ്പനുസരിച്ച് ഒരു സ്ത്രീ വിവാഹ ശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിന്റെയൊ ഭര്‍ത്താവിന്റെ ബന്ധുക്കളുടേയോ ക്രൂരതക്ക് വിധേയമാകുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്താല്‍ ആ ആത്മഹത്യക്ക് പ്രേരകമായ രീതിയില്‍ ഭര്‍ത്താവും ബന്ധുക്കളും പ്രവര്‍ത്തിച്ചിട്ടുണ്ടാവണം എന്ന് കോടതി Persume ചെയ്യണം. ഇത്തരം കേസുകളില്‍ തങ്ങള്‍ ആത്മഹത്യക്ക് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് പ്രതികളുടെ ഉത്തരാവാദിത്തമാണ്. എവിഡന്‍സ് ആക്ടിലെ തന്നെ നാലാം വകുപ്പനുസരിച്ച് കോടതി ഒരു കാര്യം persume ചെയ്താല്‍ മറിച്ച് തെളിയിക്കപ്പെടുന്നത് വരെ അത് തെളിയിക്കപ്പെടുന്നതിന് തുല്യമാണ്. അതായത് ഒരു സ്ത്രീയെ ക്രൂരതക്ക് വിധേയമാക്കി എന്ന് തെളിയുകയും അതിന് ശേഷം അവര്‍ ആത്മഹത്യ ചെയ്യുകയും ചെയ്താല്‍ ക്രൂരതക്ക് വിധേയമാക്കിയവര്‍ ആ സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന് കോടതിക്ക് കരുതാം. അത്തരമൊരു പ്രേരണ നടന്നിട്ടില്ലെന്ന് പ്രതിഭാഗം തെളിയിച്ചാല്‍ കോടതിക്ക് പ്രിസംപഷനില്‍ മാറ്റം വരുത്താം. ഇവിടെ ക്രൂരത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഐ.പി.സി 498 A യില്‍ നിര്‍വചിച്ചിട്ടുള്ളതാണ്. എന്ന് വച്ചാല്‍ ഭര്‍ത്താവൊ ഭര്‍ത്താവിന്റെ വീട്ടുകാരൊ

ഒരു സ്ത്രീയെ ആത്മഹത്യ ചെയ്യിക്കുന്ന തരത്തില്‍ നടത്തുന്ന പ്രവൃത്തികളൊ നിയമ വിരുദ്ധമായ സ്വത്തൊ വസ്തുവകകളൊ ആവശ്വപ്പെട്ട് നടത്തുന്ന ഹരാസ്സ്‌മെന്റുകളും ആണ് ക്രൂരത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ കേസുകളില്‍ കോടതി എത്തി ചേര്‍ന്ന നിഗമനങ്ങള്‍ കൂടി പരിശോധിച്ചാല്‍ ഇത് കുറച്ച് കൂടി വ്യക്തമാകും.

ആദ്യം ഗുമന്‍സിന്‍ v. സ്റ്റേറ്റ് ഓഫ് ഗുജറാത്ത് എന്ന കേസിലെ ഫാക്ട്‌സ്

നോക്കാം. 1997 ഏപ്രില്‍ 27 നാണ് കേസിലെ ഒന്നാം പ്രതിയായ ഗുമന്‍സിന്‍ഹും തഹെറയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പൊള്‍ തന്നെ ഗുമന്‍ സിന്‍ ഭാര്യയോട് 25000 രൂപ ആവശ്യപ്പെടാന്‍ തുടങ്ങി. കാളകളെ വാങ്ങി ബിസിനസ്സ് ചെയ്യാനായിരുന്നു ഇത്. തഹെറ ഇത് അവരുടെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മോശം സാമ്പത്തിക സ്ഥിതി കാരണം അയാള്‍ക്കത് കൊടുക്കാനായില്ല. ഇതിനെ തുടര്‍ന്ന് ഗുമന്‍ സിന്‍ ഭാര്യയെ നിരന്തരം തല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. മാത്രവുമല്ല കേസിലെ രണ്ടാം പ്രതിയായ ഗുമന്‍ സിന്‍ഹിന്റെ അമ്മ ഭക്ഷണം പാചകം ചെയ്യാന്‍ അറിയില്ലെന്നും വീട്ടു പണി ചെയ്യാന്‍ അറിയില്ലെന്നും പറഞ്ഞ് തഹറെയെ നിരന്തരം വഴക്ക് പറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ 1997 ഡിസംബര്‍ 14 ന് തഹറ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നു.

ഇതിനെ തുടര്‍ന്ന് തഹറെയുടെ പിതാവ് പരാതി കൊടുക്കുകയും പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന ക്രൂരത എന്നിവ ചുമത്തി പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നു. അന്വേഷണം നടത്തിയ പോലീസ് പ്രതികള്‍ കുറ്റം ചെയ്തതായി കണ്ടെത്തി ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നു. വിചാരണ കോടതി പ്രതികളെ ശിക്ഷിക്കുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലും ഗുജറാത്ത് ഹൈക്കോടതി തള്ളുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ പ്രതികള്‍ ഉയര്‍ത്തിയ വാദമിതൊക്കെയാണ്. വിവാഹം കഴിഞ്ഞ് ആദ്യ രണ്ട് മാസം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് തഹറെയുടെ പിതാവ് തന്നെ പറയുന്നു. പണം ചോദിച്ചത് കച്ചവടം ചെയ്യാനായി കടം ആയാണ്. മാത്രവുമല്ല തഹറെക്ക് മാനസികമായ അസ്വാസ്ഥങ്ങള്‍ ഉണ്ടായിരുന്നു. പ്രതികള്‍ തഹറയോട് ക്രൂരത ചെയ്തു എന്ന് തെളിയിക്കുന്നത് അവരുടെ പിതാവിന്റെയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ്. ഇവരാരും സ്വതന്ത്രമായ സാക്ഷികളല്ല.

എന്നാല്‍ കോടതി എത്തി ചേര്‍ന്ന നിഗമനമിങ്ങനെ ആയിരുന്നു. പണം ചോദിച്ചിരുന്നു എന്ന് പ്രതികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. തഹറെക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിന് യാതൊരു തെളിവുമില്ല താനും. ഇനി പിതാവിനെയും സഹോദരനെയും സാക്ഷികളാക്കി എന്നതിലും തെറ്റ് കാണാനാവില്ല. കാരണം സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ടുള്ള പീഡനം നടക്കുക വീടുകളിലെ ചുവരുകള്‍ക്കകത്താണ്. സ്ത്രീകള്‍ ഇത് അവരുടെ സ്വന്തം വീട്ടുകാരൊട് ഷെയര്‍ ചെയ്യാനെ സാധ്യതയുമുള്ളൂ. അത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ക്ക് പുറത്ത് നിന്ന് സാക്ഷികളുണ്ടാവുക എന്നത് സാധ്യമല്ല. മാത്രവുമല്ല വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനുള്ളില്‍ തന്നെ സ്ത്രീ ആത്മഹത്യ ചെയ്തു എന്നതും നിര്‍ണായകമാണ്. അത് കൊണ്ട് പ്രതികള്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കും.

ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട് ഏറെ ഉദ്ധരിക്കപ്പെടുന്ന ഒരു കേസാണ് അമലേന്ദു പാല്‍ v. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ എന്ന കേസ്. ഈ കേസിലെ ഫാക്ട്‌സ് ഇങ്ങനെയാണ്. 1977 ലാണ് അമലേന്ദു പാലും ദിപികയും വിവാഹിതരാകുന്നത്. അവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ടാകുന്നു. വിവാഹം കഴിഞ്ഞ് ആദ്യ അഞ്ചാറ് വര്‍ഷം വരെ കാര്യമായ പ്രശ്‌നങ്ങളൊന്നും വിവാഹ ജീവിതത്തിലുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിനായി അമലേന്ദു കൊല്‍ക്കത്തയിലാണ് കഴിഞ്ഞിരുന്നത്. അവിടെ വച്ച് അയാള്‍ അനിറ്റ എന്ന ഒരു സ്ത്രീയുമായി അടുപ്പത്തിലാകുന്നു. അനിറ്റയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ദിപികയോട് അമലേന്ദു ആവശ്യപ്പെടുന്നു. ഇത് അനുവദിക്കാത്തതതിനെ തുടര്‍ന്ന് ദിപികയെ അമലേന്ദു നിരന്തരം മര്‍ദിക്കുന്നു. ഇത് കൂടാതെ അനിറ്റയെ വിവാഹം കഴിച്ച സ്ത്രീയെ പോലെ വീട്ടിലേക്ക് കൊണ്ടു വരുന്നു. അമലേന്ദുവിന്റെ മാതാപിതാക്കളും അനിറ്റയും റെജിതയെ നിരന്തരം ഹരാസ്സ് ചെയ്യുന്നു ഒടുവില്‍ 1991 സെപ്റ്റംബര്‍ 29 ന് ദിപിക ആത്മഹത്യ ചെയ്യുന്നു.

ദിപികയുടെ സഹോദരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അമലേന്ദുവിനെയും വീട്ടുകാരെയും പ്രതി ചേര്‍ത്ത്‌പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്യുന്നു. ആത്മഹത്യാ പ്രേരണക്കുറ്റവും ഭര്‍ത്താവും വീട്ടുകാരും ചെയ്ത ക്രൂരതയും പ്രതികള്‍ ചെയ്തു എന്ന് പോലീസ് കണ്ടെത്തുന്നു. വിചാരണക്കോടതി പ്രതികളെ എട്ട് വര്‍ഷം തടവിന് ശിക്ഷിക്കുന്നു. ഹൈക്കോടതി ഇത് ശരി വക്കുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പൊതുവെ സ്ത്രീകള്‍ക്കെതിരെ സ്ത്രീധനവുമായി ബന്ധപ്പെട്ട്ക്രൂ രത നടക്കുന്ന ആദ്യ വര്‍ഷങ്ങളില്‍ വിവാഹ ബന്ധം നല്ല രീതിയിലാണ് നില നിന്നിരുന്നതെന്ന് പ്രതി ഭാഗം വാദിച്ചു. മാത്രവുമല്ല, സ്ത്രീയുടെ മേല്‍ അതിക്രമം നടത്തിയതിനും തെളിവുകളില്ല. പ്രതിയുടെ വിവാഹേതര ബന്ധം മാത്രമാണ് അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. അത് ആത്മഹത്യക്ക് പ്രേരകമായി എന്ന് തെളിയിക്കാനാവില്ല.

ഈ കേസില്‍ സുപ്രീം കോടതി എത്തിയ നിഗമിനമിതാണ്. പ്രതികള്‍ മരിച്ച ദിപികയെ ക്രൂരതക്ക് വിധേയമാക്കിയില്ല എന്ന് പറയാനാവില്ല. അനിറ്റയെ വീട്ടില്‍ കൊണ്ട് വന്ന് താമസിപ്പിക്കുന്നതും വീട്ടുകാര്‍ വഴക്കുണ്ടാക്കുന്നതും ക്രൂരത തന്നെയാണ്. എന്നാല്‍ ഇത് മാത്രമാണ് ആത്മഹത്യക്ക് പ്രേരകമായത് എന്ന് പറയാനാവില്ല. കാരണം ദിപികയുടെ ആത്മഹത്യക്ക് മൂന്ന് മാസം മുമ്പ് തന്നെ അനിറ്റ അവിടെ താമസമാക്കിയിരുന്നു. അപ്പൊള്‍ ആത്മഹത്യക്ക് അത് പെട്ടെന്നുള്ള പ്രകോപനമല്ല. അത് കൊണ്ട് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ല. എന്നാല്‍ ക്രൂരതക്ക് വിധേയമാക്കി എന്ന 498 A വകുപ്പ് നിലനില്‍ക്കുകയും ചെയ്യും.

ഇതില്‍ നിന്ന് ജനറലായി മനസ്സിലാക്കാവുന്ന കാര്യമിതാണ്. എല്ലാ ഭാര്യ - ഭര്‍തൃ പ്രശ്‌നങ്ങളും ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കാന്‍ കാരണമല്ല. വിവാഹം കഴിഞ്ഞ് എത്ര വര്‍ഷം കഴിഞ്ഞു എന്നതും സ്ത്രീധനം പോലുള്ള പ്രശ്‌നങ്ങള്‍ അതിന് കാരണമായൊ എന്നതുമൊക്കെയാണ് പ്രധാനം. ഉദാഹരണത്തിന് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ v. ഒരിലാല്‍ ജയ്‌സ്വാള്‍ എന്ന കേസില്‍ സുപ്രീം കോടതി പറഞ്ഞത് ഹൈപ്പര്‍ സെന്‍സിറ്റീവായ ഒരു സ്ത്രീയുടെ ആത്മഹത്യക്ക് ഭര്‍ത്താവിനെതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു. സാധരണ ഗതിയില്‍ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളില്‍ തന്നെ എക്‌സ്ട്രീംട്രീം സ്റ്റെപ്പ് എടുക്കുന്നവരുണ്ട്. അത്തരക്കാരുടെ ആത്മഹത്യകള്‍ക്ക് ആരും കാരണമായിട്ടുണ്ടാവണമെന്നില്ല. അതു കൊണ്ട് ഓരൊ കേസിലെയും ഫാക്ട്‌സ് മനസ്സിലാക്കിയെ കോടതിക്ക് നിഗമനത്തില്‍ എത്തി ചേരാനാവൂ.

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍

കുടുംബം പോലെ തന്നെ പുറത്ത് നിന്ന് ഏറെ പരിശുദ്ധമെന്ന് തോന്നുകയും എന്നാല്‍ ഏറെ മാനസിക പിരിമുറുക്കത്തിന് കാരണമാകുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങള്‍. വിദ്യാര്‍ത്ഥികളുടെ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ഇതിനുള്ള തെളിവാണ്. കേരളം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ആയിരുന്നു ജിഷ്ണു പ്രണോയ് യുടേത്. ജിഷ്ണു തൃശൂര്‍ ജില്ലയിലെ പാമ്പാടിയിലുള്ള നെഹ്രു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് റിസര്‍ച്ച് സെന്ററിലെ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു. 2016 ഡിസംബറില്‍ യൂണിവേഴ്‌സിറ്റി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നിശ്ചയിക്കുന്നു. പിന്നീടത് 2017 ജനുവരിയിലേക്ക് മാറ്റുന്നു. എന്നാല്‍ പെട്ടെന്ന് 2016 സിസംബറിലേക്ക് പരീക്ഷ തിരികെ മാറ്റി നിശ്ചയിക്കുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ജിഷ്ണു പ്രണോയ് പ്രതിഷേധം സംഘടിപ്പിക്കുന്നു. കാര്യമായ വിദ്യാര്‍ത്ഥി സംഘടനകളില്ലാതിരുന്ന ക്യാമ്പസിലെ പ്രതിഷേധം കോളേജ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. 2017 ജനുവരി ആറിന് ജിഷ്ണു പ്രണോയ് ക്ക് പരീക്ഷ ഉണ്ടായിരുന്നു. അന്നെ ദിവസം പരീക്ഷക്ക് മാല്‍ പ്രാക്ടീസ് ചെയ്തു എന്ന് കാണിച്ച് പരീക്ഷ ഇന്‍വിജിലേറ്റര്‍ ജിഷ്ണുവിനെ പിടി കൂടുന്നു. താന്‍ കോപ്പിയടിച്ചതായി ജിഷ്ണുവിനെ കൊണ്ട് എഴുതി വാങ്ങിക്കുകയും എഴുതിയ പരീക്ഷ ഭാഗങ്ങള്‍ വെട്ടിക്കളയിക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് അന്നെ ദിവസം കോളേജ് ഹോസ്റ്റലില്‍ വച്ച് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്യുന്നു. ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിലുള്ള രോഷം കാരണം കോപ്പിയടിച്ചു എന്ന വ്യാജ ആരോപണം സൃഷ്ടിച്ച് ആത്മഹത്യക്ക് പ്രേരകമായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു കോളേജ് അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരെയുള്ള പോലീസ് കേസ്.

ഈ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത് ഐ quit, ഐ ലോസ്റ്റ് മൈ ഡ്രീം, ഐ ലോസ്റ്റ് ലൈഫ് എന്നായിരുന്നു. തന്നെ കള്ള ആരോപണത്തില്‍ കുടുക്കിയതായൊ അതാണ് ആത്മഹത്യക്ക് കാരണമെന്നൊ ജിഷ്ണു പറയുന്നില്ല. ജിഷ്ണുവിന്റെ സഹപാഠിയായിരുന്ന വിദ്യാര്‍ത്ഥി മൊഴി നല്‍കിയത് കോപ്പിയടിച്ചു എന്ന് ജിഷ്ണു സമ്മതിച്ചു എന്നാണ്. പ്രിന്‍സിപ്പലും ഇതാവര്‍ത്തിച്ചു. എന്നാല്‍ വീണ്ടും പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും ഈ മൊഴി തിരുത്തുകയും കോളേജ് ഗ്രൂപ്പ് ചെയര്‍മാന്റെ സമ്മര്‍ദം മൂലമാണ് ആദ്യം അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞു. രണ്ട് മൊഴികളും പരസ്പര വിരുദ്ധമായതിനാല്‍ ഇത് വിശ്വാസ യോഗ്യമല്ല. അത് കൊണ്ട് ജിഷ്ണുവിന്റെ ആത്മഹത്യയുടെ പ്രേരണക്ക് കോളേജ് അധികൃതരുടെ പങ്ക് പ്രകടമല്ല.

ഇതിന് സമാനമായ മറ്റൊരു കേസില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപിതനായ അധ്യാപകനെതിരെയുള്ള കേസ് അടുത്തിടെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജിയോ വര്‍ഗീസ് V. സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ എന്ന ആ കേസിലെ ഫാക്ട്‌സ് ഇങ്ങനെയാണ്. 2018 ഏപ്രില്‍ 26 തീയതി നിതന്ത് രാജ് എന്ന പതിനാല് വയസ്സുകാരനെ പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ ആത്മഹത്യ ചെയ്തതായി കാണപ്പെടുന്നു. ഹോസ്പിറ്റല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുന്നു. കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ച് 2018 ഏപ്രില്‍ 19 ന് സ്‌കൂളിലെ ഫിസിക്കല്‍ ട്രെയ്‌നിംഗ് അധ്യാപകനായ ജിയോ വര്‍ഗീസ് മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിച്ചിരുന്നതായി നിതന്ത് പരാതിപ്പെട്ടിരുന്നു. ആശ്വസിപ്പിച്ചു സ്‌കൂളിലേക്ക് വീണ്ടും പറഞ്ഞയച്ചെങ്കിലും ഏപ്രില്‍ 25 ന് സ്‌കൂളില്‍ നിന്ന് വിളിച്ച് മാതാപിതാക്കളോട് ഹാജരാകാന്‍ പറയുന്നു. അന്നെ ദിവസം അധ്യാപകന്‍ ജിയൊ വീണ്ടും നിതന്തിനെ അപമാനിക്കുന്നു. ഇതുണ്ടാക്കിയ മാനസികാഘാതമാണ് പിറ്റേന്ന് കുട്ടിയുടെ ആത്മഹത്യക്ക് കാരണമാകുന്നത്. അധ്യാപകനെതിരെ ആത്മത്യാ പ്രേരണക്കുറ്റമടക്കം ഉള്‍പ്പെടുത്തിയാണ് പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. സി.ആര്‍.പി.സി 482 അനുസരിച്ച് ഈ എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിയായ ജിയോ വര്‍ഗീസ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനാലാണ് അധ്യാപകന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ആത്മഹത്യാക്കുറിപ്പടക്കം പരിശോധിച്ച സുപ്രീം കോടതി എത്തി ചേര്‍ന്ന നിഗമിനമിങ്ങനെ ആയിരുന്നു. നിതന്തിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ അധ്യാപകനായ ജിയോ ക്ക് നന്ദി എന്നെഴുതിയിരുന്നു. അത് കൊണ്ട് ആത്മഹത്യക്ക് പ്രേരണയായത് അധ്യാപകനാണ് എന്ന് പറയാനാവില്ല. മാത്രമല്ല, കുട്ടികളുടെ അച്ചടക്കം അധ്യാപകരുടെ ചുമതലയാണ്. ക്ലാസ്സ് കട്ട് ചെയ്തതിനാലാണ് അധ്യാപകന്‍ നിതന്തിനെ ശകാരിക്കുന്നത്. അത് അധ്യാപകന്റെ കടമയാണ്. അല്ലാതെ കുട്ടി ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശം അധ്യാപകനില്ല. അത് കൊണ്ട് ജിയോ വര്‍ഗീസിനെതിരെയുള്ള കേസ് റദ്ദാക്കുന്നു.

അടുത്ത കാലത്ത് ഇന്ത്യ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ആത്മഹത്യകളിലൊന്ന് രോഹിത് വെമുലയുടേതായിരുന്നു. 'എന്റെ ജന്മമാണ് എന്റെ മരണ കാരണം' എന്നാണ് അയാള്‍ തന്റെ അവസാന കുറിപ്പില്‍ എഴുതിയിരുന്നത്. സാമൂഹ്യ ശ്രേണിയില്‍ എവിടെ ജനിച്ചു എന്നത് നമ്മുടെയൊക്കെയും ജീവിതത്തില്‍ നിര്‍ണായകമാണല്ലൊ. അത് കൊണ്ട് ആത്മഹത്യകളില്‍ 'പ്രേരണക്കുറ്റം ' തെളിയിക്കാന്‍ നിയമ വ്യവസ്ഥക്ക് മുന്നില്‍ ഒട്ടേറെ സാങ്കേതിക കടമ്പകളുണ്ടാകാം. എന്നാല്‍ ഓരൊ ആത്മഹത്യയും സമൂഹത്തെ ഓര്‍മിപ്പിക്കുന്ന ചിലതുണ്ട്. അത് പല അധികാര ബന്ധങ്ങളും മനുഷ്യരുടെ ജീവിതം ദു:സഹമാക്കുന്നുണ്ട് എന്നതാണ്. വീട്ടിനകത്തയാലും വിദ്യാലയത്തിലായാലും അത്തരം സാഹചര്യങ്ങളില്‍ മാറ്റം വരുത്തേണ്ടത് നമ്മുടെ ഉത്തരാവാദിത്തമാണ്. അങ്ങനെയെ സ്വയം ജീവിതവസാനിപ്പിച്ച് പോകുന്നവരോട് നമുക്ക് നീതി പുലര്‍ത്താനാകൂ.

Related Stories

No stories found.
logo
The Cue
www.thecue.in