അവിഹിതവും വ്യഭിചാരവും നിയമവ്യവസ്ഥയും | LAW POINT | EPISODE 24

Summary

വിവാഹേതര ബന്ധങ്ങളെ നമ്മള്‍ ഇന്നും വിളിക്കുന്നത് അവിഹിത ബന്ധങ്ങള്‍ എന്നാണ്. എന്തോ തെറ്റ് ചെയ്യുന്നു എന്ന പോലെയാണ് അതിന്റെ ഉപയോഗം. എന്നാല്‍ നമ്മുടെ നിയമ വ്യവസ്ഥയില്‍ വിവാഹേതര ബന്ധങ്ങള്‍ ഒരു ക്രിമിനല്‍ കുറ്റമാണോ ? ലോ പോയിന്റിന്റെ ഈ എപ്പിസോഡ് പരിശോധിക്കുന്നത് വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട നിയമ വശങ്ങളെ കുറിച്ചാണ്.

വിവാഹേതര ബന്ധങ്ങളും നിയമ വ്യവസ്ഥയും 

വിവാഹേതര ബന്ധങ്ങളെ നമ്മുടെ നാട് ഇന്നും വിളിക്കുന്നത് അവിഹിത ബന്ധങ്ങൾ എന്നാണ്. ആ പ്രയോഗത്തിൽ തന്നെ എന്തൊ തെറ്റ് ചെയ്യുന്നു എന്ന സൂചനയുണ്ട്. എന്നാൽ നമ്മുടെ നിയമ വ്യവസ്ഥയിൽ വിവാഹേതര ബന്ധങ്ങൾ ഒരു ക്രിമിനൽ കുറ്റമാണൊ ?

ലോ പോയിൻ്റിൻ്റെ ഈ എപ്പിസോഡ് പരിശോധിക്കുന്നത് വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട നിയമ വശങ്ങളെ കുറിച്ചാണ്. 

വിവാഹേതര ബന്ധങ്ങൾ എന്ന ക്രിമിനൽ കുറ്റം 

ഈയടുത്ത കാലം വരെ നമ്മുടെ നിയമ വ്യവസ്ഥയിൽ അഡൽട്ടറി അഥവാ വിവാഹേതര ലൈംഗിക ബന്ധം അല്ലെങ്കിൽ വ്യഭിചാരം എന്നത് ഒരു ക്രിമിനൽ കുറ്റമായിരുന്നു. ഇൻഡ്യൻ പീനൽ കോഡിലെ 497 വകുപ്പിലാണ് അത് വിശദീകരിച്ചിരുന്നത്. ഇതനുസരിച്ച് ഏതെങ്കിലും ഒരു പുരുഷൻ്റെ ഭാര്യയായിരിക്കുന്ന സ്ത്രീയുമായി ആ പുരുഷൻ്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു. അതായത് ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. ഇത്തരമൊരു ബന്ധത്തിന് ആ സ്ത്രീയുടെ ഭർത്താവിൻ്റെ സമ്മതം ഇല്ലെങ്കിൽ അത് കുറ്റകൃത്യമായിരുന്നു എന്നർത്ഥം. എന്നാൽ അത്തരമൊരു ബന്ധത്തിലേർപ്പെടുന്ന സ്ത്രീ കുറ്റവാളി ആവില്ല താനും. 

ഇത്തരമൊരു സംഭവത്തിൽ കുറ്റകൃത്യത്തിലേർപ്പെടുന്ന പുരുഷനെതിരെ പരാതിപ്പെടാൻ അവകാശമുള്ളത് പ്രധാനമായും രണ്ട് പേർക്കാണ്. സി.ആർ.പി.സി 198 (2) അനുസരിച്ച് ആ ബന്ധത്തിലേർപ്പെടുന്ന സ്ത്രീയുടെ ഭർത്താവിനും ഭർത്താവിൻ്റെ അസാനിധ്യത്തിൽ ആ സ്ത്രീക്ക് സംരക്ഷണം കൊടുക്കുന്ന പുരുഷനും. എന്നാൽ 2018 ൽ അട്ടൽട്ടറി കുറ്റകൃത്യമാക്കുന്ന ഐ.പി.സി 497 വകുപ്പും പരാതി കൊടുക്കാൻ ഭർത്താവിന് അവകാശം നൽകുന്ന സി.ആർ.പി.സി 198 ( 2 ) വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അതിന് കോടതി കണ്ടെത്തിയ കാരണങ്ങൾ നോക്കാം. 

എന്ത് കൊണ്ട് റദ്ദാക്കി ? 

2018 സെപതംബർ 27 നാണ് 158 വർഷമായി നമ്മുടെ നിയമ വ്യവസ്ഥയുടെ ഭാഗമായിരുന്ന അഡൽട്ടറി എന്ന കുറ്റകൃത്യം സുപ്രീം കോടതി റദ്ദാക്കുന്നത്. ജോസഫ് ഷൈൻ v. യൂണിയൻ ഓഫ് ഇന്ത്യ എന്ന പൊതുതാത്പര്യ ഹർജിയാലാണിത്. അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിൻഡൻ നരിമാൻ, ജസ്റ്റിസ് എ.എം ഖൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബഞ്ചിൻ്റേതായിരുന്നു ഈ സുപ്രധാന വിധി. ഐ.പി.സി 497 വകുപ്പ് റദ്ദാക്കാനുള്ള പ്രധാന കാരണം അത് ഭരണഘടനാ വിരുദ്ധമാണ് എന്നതായിരുന്നു. 

ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണല്ലൊ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. അവയിൽ തന്നെ പ്രധാനപ്പെട്ട ഒരവകാശമാണ് ആർട്ടിക്കിൾ 14 ലെ തുല്യതക്കുള്ള അവകാശം. എന്ന് വച്ചാൽ നിയമത്തിന് മുമ്പിലുള്ള തുല്യത. ഒരു വ്യക്തിക്കും സ്റ്റേറ്റ് അഥവാ ഭരണകൂടം നിയമത്തിന് മുമ്പിലുള്ള തുല്യത നിഷേധിക്കരുത് എന്നാണർത്ഥം. എന്നാൽ ഐ.പി.സി 497 വകുപ്പ് നോക്കുക. ഒരാളുടെ ഭാര്യയുമായി മറ്റൊരു പുരുഷൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ആ ഭർത്താവിന് പരാതി കൊടുക്കാം. അത്തരമൊരു ബന്ധത്തിലേർപ്പെട്ട പുരുഷൻ കുറ്റക്കാരനുമാകാം. എന്നാൽ ഇതെ പോലെ ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവായ പുരുഷൻ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പരാതി കൊടുക്കാൻ പ്രൊവിഷൻ ഇല്ല താനും. മറ്റൊരു പുരഷനുമായൊ സ്ത്രീയുമായൊ വിവാഹേതര ബന്ധമുണ്ടാക്കുന്നത് തെറ്റാണ് എന്നാണെങ്കിൽ അത് ബാധിക്കുന്ന സ്ത്രീക്കും പുരുഷനും ഒരെ പോലെ പരാതി കൊടുക്കാൻ പറ്റണമല്ലൊ. എന്നാൽ നിയമം അങ്ങനെ ഒന്ന് പുരുഷന് മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ഇത് നിയമത്തിന് മുമ്പിലുള്ള തുല്യതയുടെ ലംഘനമാണ്. 

ഇൻഡ്യൻ പീനൽ കോഡിലെ തന്നെ 494 വകുപ്പ് നോക്കുക. ഇതനുസരിച്ച്  ഭർത്താവൊ ഭാര്യയൊ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹം കഴിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. മാത്രവുമല്ല അത്തരമൊരു വിവാഹം കഴിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ആദ്യ വിവാഹം കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിൽ രണ്ടാമത്തെ വിവാഹം സാധു ആണ് . മാത്രവുമല്ല ഭർത്താവിനെയൊ ഭാര്യയെയൊ തുടർച്ചയായ എഴ് വർഷമായി കാണാതാവുകയും അവരെ കുറിച്ച് മറ്റൊരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്താൽ പുനർ വിവാഹം കഴിക്കാവുന്നതാണ്. മതപരമായ വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും ഇത് സാധ്യമാണ്.  ഈ വകുപ്പ് പോലും ജൻ്റെ ർ ന്യൂട്രൽ ആണ് എന്ന് കോടതി വിലയിരുത്തി. ഇവിടെ ഭർത്താവൊ ഭാര്യയൊ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം ചെയ്താൽ പുരുഷനും സ്ത്രീയും ഒരു പോലെ കുറ്റക്കാരാകും. എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഒരാൾ മാത്രം കുറ്റക്കാരാകുന്നത് ശരിയല്ല. 

അഡൽട്ടറി ലംഘിച്ചിരുന്ന മറ്റൊരു മൗലികാവകാശം ആർട്ടിക്കിൾ 21 ആയിരുന്നു. അതായത് ജീവിതത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം. ജീവിതത്തിനുള്ള അവകാശമെന്നത് അന്തസ്സോടെയും ആത്മാഭിമാനമുള്ള ജീവിതത്തിനുള്ള അവകാശം ആണ് എന്ന് സുപ്രീം കോടതി തന്നെ പല വട്ടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അഡൽട്ടറി എന്ന കുറ്റകൃത്യം സ്ത്രീയെ ഒരു സ്വത്ത് പോലെയൊ വസ്തുവക പോലെയൊ ആണ് കാണുന്നതെന്ന് കോടതി വിലയിരുത്തി. അത് കൊണ്ടാണ് ഭാര്യയുടെ ലൈംഗിക ബന്ധത്തിന് ഭർത്താവിൻ്റെ സമ്മതം വേണമെന്ന് പറയുന്നത്. മറ്റൊരാളുടെ ശരീരത്തിലുള്ള അധികാരമാണത്. ഇത് പുരുഷനെ സ്ത്രീയുടെ മുതലാളി ആയി കാണുന്നു. ഇത് അംഗീകരിക്കാനാവില്ല. മാത്രവുമല്ല, ഒരു സ്ത്രീയുടെ ലൈംഗിക ബന്ധത്തിൽ പരാതി കൊടുക്കാൻ ഭർത്താവിനൊ മറ്റൊരു പുരുഷനൊ അവകാശം നൽകുന്നത് സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. കെ.എസ് പുട്ടസാമി കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി തന്നെ വിശദീകരിച്ചിട്ടുമുണ്ട്. 

വിവാഹേതര ബന്ധങ്ങളാണ് വിവാഹങ്ങളെ തകർക്കുകയെന്ന് പൂർണമായി പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിലപ്പോൾ തകർന്ന വിവാഹ ബന്ധങ്ങളിൽ നിന്നാകാം ആളുകൾ മറ്റു ബന്ധങ്ങളിലേക്ക് പോകുന്നത്. അത് കൊണ്ട് വിവാഹത്തെ തകർക്കുകയാണ് ഇത്തരം ബന്ധങ്ങൾ എന്നതും പൂർണമായി ശരിയല്ല. എന്നാൽ വിവാഹ ബന്ധത്തിലുള്ള ഒരാളെ സംബന്ധിച്ചിടത്തൊളം തൻ്റെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടാകുന്നത് താങ്ങാനാവണമെന്നില്ല. അത് കൊണ്ട് വിവാഹ മോചനത്തിന് അഡൽട്ടറി ഒരു സോളിഡ് ഗ്രൗണ്ടായി തുടരും. ക്രിമിനൽ കുറ്റമല്ലെങ്കിലും വിവാഹ മോചന കേസിൽ വിവാഹേതര ബന്ധം പ്രധാന ഘടകമാണ് എന്നർത്ഥം. 

ഇമേമാറൽ ട്രാഫിക്ക് എന്ന ഭീഷണി 

ഭാര്യ - ഭർത്താക്കന്മാരല്ലാത്ത ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിച്ചാൽ അവരെ ഇമ്മോറൽ ട്രാഫിക്ക് ആക്ട് പ്രകാരം കുറ്റവാളിയാക്കാം എന്ന ഒരു തെറ്റിദ്ധാരണ പഴയ കാല മലയാള സിനിമ കണ്ടവർക്കൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ എന്താണ് ഈ ആക്ടിൽ പറഞ്ഞിരിക്കുന്നതെന്ന് നോക്കാം. 1956 ലെ ദി ഇമ്മോറൽ ട്രാഫിക്ക് ( പ്രിവൻഷൻ ) ആക്ട് പ്രകാരമുള്ള പ്രധാന ഒഫൻസുകൾ ഇനി പറയുന്നവയാണ്. 

ആക്ടിലെ മൂന്നാം വകുപ്പ് അനുസരിച്ച് ഒരു ബ്രോതൽ അഥവാ വേശ്യാലയം നടത്തുന്നതോ നിയന്ത്രിക്കുന്നതൊ വേശ്യാലയം നടത്തുന്നതിൽ സഹായിക്കുന്നതൊ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ബ്രോതൽ അഥവാ വേശ്യാലയം എന്നാൽ ഒരാൾക്ക് സാമ്പത്തിക ഗുണമുണ്ടാകുന്ന തരത്തിൽ ആരെയെങ്കിലും ലൈംഗിക ചൂഷണം നടത്താൻ ഉപയോഗിക്കുന്ന വീടൊ മുറിയൊ സ്ഥലമൊ ആണ്. ആക്ടിലെ നാലാം വകുപ്പ് അനുസരിച്ച് പതിതിനെട്ട് വയസ്സ് കഴിഞ്ഞ് ഒരാൾ ഇത്തരം വേശ്യാലയം കൊണ്ടുണ്ടാക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്നത് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

ഒരാളെ പിടിച്ച് കൊണ്ടു പോകുകയും വേശ്യാവൃത്തിക്കായി സമർദം ചെലുത്തുകയും ചെയ്യുന്നത് ആക്ടിലെ അഞ്ചാം വകുപ്പനുസരിച്ച് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വേശ്യാലയത്തിൽ ഒരാളെ തടഞ്ഞ് വക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വേശ്യാ വൃത്തിയിൽ ഏർപ്പെടുന്നതും ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രോസ്റ്റിറ്റ്യൂഷൻ അഥവാ വേശ്യാ വൃത്തി എന്നാൽ സാമ്പത്തിക ലാഭത്തിനായി നടത്തുന്ന ലൈംഗിക ചൂഷണമാണ്. അതായത് സാമ്പത്തിക ഉദ്ദേശത്തോട് കൂടി നടത്തുന്ന ലൈംഗിക ചൂഷണം മാത്രമാണ് കുറ്റകരമാകുന്നത് എന്നർത്ഥം. അല്ലാതെ പ്രായപൂർത്തിയായ രണ്ടു പേർ തമ്മിൽ ഒന്നിച്ച് കഴിയുന്നതൊ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതൊ കുറ്റകരമല്ല. 

ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പുകൾ 

വിവാഹേതര ബന്ധങ്ങൾ നിയമപരമായി കുറ്റകരമല്ല എന്ന് നമ്മൾ കണ്ട് കഴിഞ്ഞു. എന്നാൽ സമൂഹം ഇന്നുമവയെ തെറ്റായി കാണുന്നുമുണ്ട്. അത് കൊണ്ട് തന്നെ സമൂഹത്തിൻ്റെ ഭാഗമായ പോലീസ് സംവിധാനങ്ങളും ഇത്തരം ബന്ധങ്ങളെ കുറ്റകരമാക്കാൻ നിയമത്തിൻ്റെ തന്നെ പഴുതുകൾ ഉപയോഗിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ജുവൈനൽ ജസ്റ്റിസ് ആക്ടിലെ ഒരു പ്രൊവിഷൻ. കുട്ടികളുടെ കരുതലും സംരക്ഷണവും ഉറപ്പ് വരുത്താനുള്ള ഒരു നിയമമാണ് 2015 ലെ ദി ജുവൈനൽ ജസ്റ്റിസ് കെയർ ആൻറ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട്. ആക്ടിലെ ഒൻപതാം ചാപ്റ്ററിലാണ് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഒഫൻസ് ആണ് 75 വകുപ്പിലെ കുട്ടികളോട് കാണിക്കുന്ന ക്രൂരത എന്നത്. ഇതനുസരിച്ച് ഒരു കുട്ടിയുടെ സംരക്ഷണ ചുമതലയുള്ളയാൾ കുട്ടിയെ ആക്രമിക്കുന്നതൊ ദുരുപയോഗം ചെയുന്നതൊ കുട്ടിയെ ഉപേക്ഷിച്ച് പോകുന്നതൊ ഒക്കെ കുട്ടിയോട് കാണിക്കുന്ന ക്രൂരതയാണ്. 

ഉദാഹരണത്തിന്വി വിവാഹിതയായ ഒരു കുട്ടിയുള്ള സ്ത്രീ മറ്റൊരു പുരുഷൻ്റെ ഒപ്പം താമസിക്കാൻ തുടങ്ങി എന്ന് വക്കുക. ആ സ്ത്രീ തൻ്റെ കുട്ടിയെ ഉപേക്ഷിച്ചു എന്ന് കാട്ടി പോലീസിൽ പരാതി ലഭിച്ചാൽ അത് കുട്ടിയോടുള്ള ക്രൂരത ആണ് എന്ന് കാട്ടി പോലീസിന് കേസ് എടുക്കാം. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണിത്. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പ്രൊവിഷൻ സമൂഹത്തിൻ്റെ സദാചാര സംരക്ഷണത്തിനായി ഉപയോഗിക്കപ്പെടാം എന്നർത്ഥം. 

ഇനി വിവാഹിതയായ ഒരു സ്ത്രീയെ കാണാതായി എന്ന ഒരു പരാതി ഭർത്താവായ പുരുഷൻ പോലീസിൽ കൊടുക്കുന്നു എന്ന് വക്കുക. കേരളാ പോലീസ് ആക്ടിലെ 57 വകുപ്പ് അനുസരിച്ച്  കാണാതായ ആൾക്ക് മേൽ ഗൗരവകരമായ കുറ്റകൃത്യം നടന്നേക്കാം എന്ന് കരുതി എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യേണ്ടതും കാണാതായ ആളെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണ്. കാണാതായ ആളെ കണ്ടെത്തിയാൽ അവരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയും വേണം. കണ്ടെത്തുന്നയാൾ മജിസ്ട്രേറ്റിനോട് തനിക്ക് മേൽ കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ല എന്ന് പറഞ്ഞാൽ അവരുടെ ഇഷ്ടമനുസരിച്ച് മുന്നോട്ട് പോകാൻ കോടതി അനുവദിക്കുകയും ചെയ്യും. ഇവിടെ തീർച്ചയായും തൻ്റെ ഭാര്യയെ കാണാനില്ല എന്ന ഭർത്താവിൻ്റെ പരാതിയിൽ നടപടി എടുക്കേണ്ടത് പോലീസിൻ്റെ ഉത്തരാവാദിത്തമാണ്. മാത്രവുമല്ല കാണാതായ ആൾ സ്ത്രീയൊ പുരുഷനൊ ആണെങ്കിൽ അവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതും പോലീസിൻ്റെ ഉത്തരാവാദിത്തമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in