രഹസ്യമൊഴിയുടെ ശക്തി  Confidential statement| Law point| Ep 25| Actress Attack Case

നടിയെ ആക്രമിച്ച കേസിൽ വിചാരണ അവസാനിക്കാനിരിക്കെയാണ് കേസിലെ പ്രതികളിലൊരാളായ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. ഇത് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയായി രേഖപ്പെടുത്തും എന്നും വാർത്തയുണ്ടായിരുന്നു. വാസ്തവത്തിൽ എന്താണ് ഈ രഹസ്യമൊഴി ? മറ്റ് മൊഴിയിൽ നിന്നും ഇതിനുള്ള വത്യാസമെന്താണ് ?വിചാരണ ഘട്ടത്തിൽ രഹസ്യമൊഴിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടൊ ? ലോ പോയിൻ്റിൻ്റെ ഈ എപ്പിസോഡ് പരിശോധിക്കുന്നത് രഹസ്യമൊഴിയുടെ നടപടിക്രമങ്ങളെയും പ്രത്യേകതകളെയും കുറിച്ചാണ്. 

കേസ് അന്വേഷണവും മൊഴിയെടുക്കലും 

ക്രിമിനൽ കേസിലെ നടപടി ക്രമങ്ങൾ വിശദീകരിക്കുന്ന ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 12 ചാപ്റ്ററിലാണ് കേസ് അന്വേഷണത്തെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ഈ ചാപ്റ്ററിലാണ് പോലീസ് കേസ് അന്വേഷിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ചും മൊഴിയെടുക്കുന്നതിനെ പറ്റിയും മജിസ്ട്രേറ്റിന് മുമ്പിൽ നൽകുന്ന മൊഴിയെ കുറിച്ചുമെല്ലാം പറയുന്നത്. നമുക്ക് ആദ്യം ഒരു ക്രിമിനൽ കേസിൻ്റെ അന്വേഷണം ആരംഭിക്കുന്നതിൽ നിന്ന് തുടങ്ങാം. ഒരു കുറ്റകൃത്യം നടന്നു എന്ന അറിവ് ലഭിക്കുന്ന ആളൊ ആ കുറ്റകൃത്യത്തിന് ഇരയാകുന്നയാളൊ ആ വിവരം ആദ്യം കൈമാറേണ്ടത് പോലീസ് സ്റ്റേഷനിലാണ്. സി.ആർ.പി.സി 154 അനുസരിച്ച് ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഗൗരവകരമായ കുറ്റകൃത്യങ്ങളെ കുറിച്ചുള്ളതാണെങ്കിൽ സ്റ്റേഷൻ ഇൻ ചാർജായ ഓഫീസർ അത്തരം വിവരം എഴുതിയെടുക്കേണ്ടതും വിവരം നൽകിയ ആളെ വായിച്ച് കേൾപ്പിക്കേണ്ടതും അയാളുടെ ഒപ്പ് വാങ്ങേണ്ടതുമാണ്. ആ വിവരം പോലീസ് സ്റ്റേഷനിലെ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുകയും വേണം. ഇനി കുറ്റകൃത്യത്തെ കുറിച്ച് വിവരം നൽകുന്നത് ഒരു സ്ത്രീ ആയിരിക്കുകയും അവർക്ക് മേൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കുറ്റമൊ

 റേപ്പൊ മറ്റൊ ആണ് നടന്നിട്ടുള്ളതെങ്കിൽ ആ വിവരം അവരിൽ നിന്ന് റെക്കോർഡ് ചെയ്യേണ്ടത് ഒരു വനിതാ ഉദ്യോഗസ്ഥ ആയിരിക്കണം എന്നത് നിർബന്ധമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീ ശാരീരികമായൊ മാനസികമായൊ വിഷമതകൾ നേരിടുന്നുണ്ടെങ്കിൽ അവരിൽ നിന്ന് വിവരം ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥ അവരുടെ വീട്ടിലൊ അവർക്ക് സൗകര്യമുള്ള സ്ഥലത്തൊ ചെല്ലുകയും വേണം. 

ഇനി പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങൾ ഗൗരവകരമല്ലാത്ത കുറ്റകൃത്യത്തെ കുറിച്ചുള്ളതാണെങ്കിലും ആ വിവരം രേഖപ്പെടുത്തണം. എന്നാൽ അത്തരം കേസുകളിൽ മജിസ്ട്രേറ്റിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലല്ലാതെ പോലീസിന് കേസ് അന്വേഷിക്കാൻ അവകാശമില്ല. ചുരുക്കി പറഞ്ഞാൽ ഒരു കുറ്റകൃത്യം നടന്നാൽ കേസ് അന്വേഷിക്കേണ്ടത് മുതൽ കുറ്റപത്രം സമർപ്പിക്കൽ വരെ പോലീസിൻ്റെ ഉത്തരാവാദിത്തമാണ്. ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ കേസ് അന്വേഷണം നടത്താൻ പോലീസ് തയാറാകുന്നില്ലെങ്കിൽ സി.ആർ.പി.സി 154 (3) അനുസരിച്ച് എസ്.പി ക്ക് പരാതി കൊടുക്കാവുന്നതുമാണ്. 

പോലീസിന് കേസ് അന്വേഷിച്ച് ഒരു കൺക്ലൂഷനിലെത്താൻ പ്രധാനമാണ് തെളിവുകളും സാക്ഷി മൊഴികളും . ഇത്തരം തെളിവുകൾ ശേഖരിക്കാനും മൊഴികൾ രേഖപ്പെടുത്താനും പോലീസിന് പൂർണ അധികാരവുമുണ്ട്. സി.ആർ.പി.സി 160 അനുസരിച്ച് ഒരു കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ആവശ്യമുള്ള സാക്ഷികളുടെ അറ്റൻഡൻസ് പോലീസ് സ്റ്റേഷനിൽ ഉറപ്പ് വരുത്താൻ ഓഫീസർക്കധികാരമുണ്ട്. എന്നാൽ സ്ത്രീകളെയും 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെയും 65 വയസ്സിന് മുകളിലുള്ളവരെയും ഇത്തരത്തിൽ ഹാജരാകാൻ നിർബന്ധിക്കാനാവില്ല. സി.ആർ.പി.സി 161 അനുസരിച്ച് പോലീസിന് കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സാക്ഷികളെ ചോദ്യം ചെയ്യാനും വിസ്തരിക്കാനും കഴിയും. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സത്യസന്ധമായി വിശദീകരിക്കൽ സാക്ഷികളുടെ ഉത്തരാവാദിത്തമാണ്. പോലീസ് ഇത്തരം സാക്ഷി മൊഴികൾ കൃത്യമായി രേഖപ്പെടുത്തി വക്കണം. മൊഴി രേഖപ്പെടുത്തേണ്ടത് റേപ്പ് പോലുള്ള കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ട സ്ത്രിയുടെ ആണെങ്കിൽ അത് ചെയ്യണ്ടത് ഒരു വനിതാ ഉദ്യോഗസ്ഥയാണ്. അത് പോലെ പ്രതികളെ കൊണ്ടൊ സാക്ഷികളെ കൊണ്ടൊ മൊഴി പറയിക്കാനായി നിർബന്ധിക്കാൻ പോലീസിന് അവകാശമില്ല. 

പോലീസിന് നൽകുന്ന മൊഴിയുടെ പരിമിതികൾ 

ഒരു ക്രിമിനൽ കേസിൽ യഥാർത്ഥ പ്രതികളെ  വിചാരണ ചെയ്ത് ശിക്ഷിക്കാൻ ഏറ്റവും പ്രധാനമായത് തെളിവുകളും മൊഴികളുമാണ്. പോലീസ് ഇവ രണ്ടും വേണ്ട വിധം ശേഖരിച്ചാൽ തന്നെയും ചില പ്രശ്നങ്ങളുണ്ട്. അത് പോലീസ് റെക്കോർഡ് ചെയ്യുന്ന മൊഴികളുടെ എവിഡൻഷ്യറി വാല്യുവുമായി ബന്ധപ്പെട്ടാണ്. വിചാരണ ഘട്ടത്തിൽ എന്തൊക്കെ തെളിവാകും എന്നൊക്കെ വിശദീകരിക്കുന്നത്  ഇന്ത്യൻ എവിഡൻസ് ആക്ടിലാണ്. ഇതനുസരിച്ച് ഒരു പ്രതി നടത്തുന്ന കുറ്റസമ്മത മൊഴി അഥവാ കൺഫെഷൻ സ്റ്റേറ്റ്മെൻ്റിന് ചില പരിമിതികളുണ്ട്. ഇന്ത്യൻ എവിഡൻസ് ആക്ടിലെ 24 വകുപ്പ് അനുസരിച്ച് ഒരു പ്രതിയെ കൊണ്ട് ഭീഷണിപ്പെടുത്തിയൊ സമ്മർദത്തിലാക്കിയൊ രേഖപ്പെടുത്തുന്ന കുറ്റസമ്മത മൊഴി അപ്രസക്തമാണ്. പ്രതിക്ക് മേൽ കുറ്റസമ്മതം നടത്താൻ സമ്മർദമുണ്ടായി എന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ അയാൾ കൊടുത്ത മൊഴിയും ഇറലവെൻ്റാകും. മാത്രവുമല്ല സെക്ഷൻ 25 അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനു മുമ്പിൽ പ്രതി നടത്തുന്ന ഒരു കുറ്റസമ്മതവും അയാൾക്കെതിരെ തെളിയിക്കാനാവില്ല. എവിഡൻസ് ആക്ടിലെ തന്നെ 26 വകുപ്പ് അനുസരിച്ച് പോലീസ് കസ്റ്റഡിയിൽ വച്ച് പ്രതി നടത്തപ്പെടുന്ന ഒരു കുറ്റസമ്മതവും അയാൾക്കെതിരെ തെളിയിക്കാനാവില്ല.

സാക്ഷി മൊഴികളുടെ കാര്യത്തിലും ഈ പരിമിതി കാണാം. സി.ആർ.പി.സി 162 അനുസരിച്ച് പോലീസിനോട് സാക്ഷികൾ നടത്തുന്ന വെളിപ്പെടുത്തലുകൾ പോലീസിന് രേഖപ്പെടുത്താമെങ്കിലും അവക്കടിയിൽ സാക്ഷികളെ കൊണ്ട് ഒപ്പിടുവിക്കാനാവില്ല. മാത്രവുമല്ല ഇത്തരം സാക്ഷി മൊഴികൾ പ്രോസിക്യൂഷന് വിചാരണ ഘട്ടത്തിൽ ഉപയോഗിക്കാനും അവകാശമില്ല. എന്നാൽ പ്രതികൾക്ക് ഇതെ മൊഴികൾ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ കേസിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുകയും ചെയ്യാം. 

ഇവിടെ മനസ്സിലാക്കേണ്ട ഒരു തത്വമിതാണ്. പോലീസിന് മുന്നിൽ പ്രതിയൊ സാക്ഷികളൊ നൽകുന്ന മൊഴികളെ അന്തിമമായി നിയമ വ്യവസ്ഥ കാണുന്നില്ല. പല തരത്തിലുള്ള സമ്മർദങ്ങൾ അവിടെ പ്രവർത്തിക്കാം എന്നത് കൊണ്ടാണത്. ആക്ഷൻ ഹീറോ ബിജു ലൈനിൽ പ്രതികളെ ശിക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന പോലീസ് സംവിധാനം ചിലപ്പൊൾ പ്രതികളെയൊ സാക്ഷികളെയൊ മർദിച്ചൊ ഭീഷണിപ്പെടുത്തിയൊ മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ട്. അത് കൊണ്ട് പ്രതികളും സാക്ഷികളും വിചാരണ ഘട്ടത്തിൽ നടത്തുന്ന മൊഴികളെ മാത്രമെ കോടതി വിശ്വാസത്തിലെടുക്കൂ. അത് കൊണ്ട് തന്നെ പ്രതിക്കൊ സാക്ഷിക്കൊ പോലീസിന് നൽകുന്ന മൊഴി വിചാരണ ഘട്ടത്തിൽ മാറ്റി പറയാനും അവകാശമുണ്ട്. എന്നാൽ ഇത്തരത്തിൽ മാറ്റി പറയാൻ ബുദ്ധിമുട്ടുള്ള ഒരു മൊഴിയാണ് രഹസ്യമൊഴി എന്നത്. ഇനി അതെന്താണെന്ന് നോക്കാം. 

രഹസ്യ മൊഴിയുടെ നടപടി ക്രമങ്ങൾ 

രഹസ്യമൊഴി എന്നറിയപ്പെടുന്ന കൺഫെഷനെയും സ്റ്റേറ്റ്മെമെൻ്റുകളെയും രേഖപ്പെടുത്തുന്നതിനെ കുറിച്ച് പറയുന്നത് സി.ആർ.പി.സി സെക്ഷൻ 164 ലാണ്. അതു കൊണ്ട് ഇവയെ 164 സ്റ്റേറ്റ്മെൻ്റ് എന്നും വിളിക്കാറുണ്ട്. സാക്ഷികളൊ പ്രതികളൊ ഒരു മജിസ്ട്രേറ്റിന് മുമ്പിൽ നടത്തുന്ന കുറ്റസമ്മതങ്ങളൊ മൊഴികളൊ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. അതായത് സാധാരണഗതിയിലുള്ള സാക്ഷി മൊഴികളിൽ നിന്നും കുറ്റസമ്മതങ്ങളിൽ നിന്നും ഇവക്കുള്ള വത്യാസം സാധാരണ മൊഴികൾ പോലീസ് ആണ് രേഖപ്പെടുത്തുന്നതെങ്കിൽ ഇവ രേഖപ്പെടുത്തുന്നത് ജുഡീഷ്യറിയുടെ ഭാഗമായ മജിസ്ട്രേറ്റ് ആണ് എന്നതാണ്. അത് കൊണ്ട് തന്നെ ഇവയുടെ എവിഡൻഷ്യറി വാല്യുവും കൂടുതലാണ്. 

സി.ആർ.പി.സി 164 (1) അനുസരിച്ച് കേസ് അന്വേഷണത്തിൻ്റെ ഏത് സ്റ്റേജിലും വിചാരണ തുടങ്ങി കഴിഞ്ഞൊ ഒരു മജിസ്ട്രേറ്റിന്  പ്രതിയുടെ കുറ്റസമ്മതമൊ സാക്ഷിമൊഴിയൊ രേഖപ്പെടുത്താൻ അവകാശമുണ്ട്. 164 (2) അനുസരിച്ച് ഇത്തരത്തിൽ കുറ്റസമ്മതം നടത്തുന്ന പ്രതിയോട് മജിസ്ട്രേറ്റ് അയാൾ നടത്തുന്ന കുറ്റസമ്മതം അയാൾക്കെതിരെ തന്നെ തെളിവായി ഉപയോഗിക്കാവുന്നതാണ് എന്നറിയിക്കേണ്ടതാണ്. പ്രതി സ്വന്തമിഷ്ടപ്രകാരമാണ് അത്തരമൊരു കൺഫെഷൻ നടത്തുന്നതെന്ന് ചോദിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമെ മജിസ്ട്രേറ്റ് അത് രേഖപ്പെടുത്താവൂ. കൺഫെഷൻ മുഴുവനായി രേഖപ്പെടുത്തുന്നതിന് മുമ്പ് ഏത് സ്റ്റേജിലും പ്രതിക്ക് താൻ കുറ്റസമ്മതം നടത്തുന്നില്ല എന്ന് മജിസ്ട്രേട്രേറ്റിനെ അറിയിക്കാവുന്നതാണ്. കുറ്റസമ്മതത്തിന് മുമ്പ് താൻ സത്യമാണ് പറയുന്നതെന്ന് പ്രതിയെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കണം.പ്രതി നടത്തുന്ന കുറ്റ സമ്മത മൊഴിക്ക് താഴെ പ്രതിയെ കൊണ്ട് ഒപ്പിടുവിക്കേണ്ടതാണ്. ഓർക്കണം ഇത്തരമൊരു കുറ്റസമ്മതം പോലീസിന് മുമ്പിലാണ് നടത്തുന്നതെങ്കിൽ അവക്കടിയിൽ പ്രതിയെ കൊണ്ട് ഒപ്പിടുവിക്കാനാവില്ല. തെളിവായി കോടതി പരിഗണിക്കുകയുമില്ല. എന്നാൽ മജിസ്ടറ്റിന് മുമ്പിൽ നടത്തുന്ന കുറ്റസമ്മതത്തെ കോടതി തെളിവായി അംഗീകരിക്കുകയും ചെയ്യും. 

ഇനി ഇരകളുടെ മൊഴികളിലേക്ക് വന്നാൽ നിർബന്ധമായും മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി രേഖപ്പെടുത്തേണ്ട ചില സന്ദർഭങ്ങളുണ്ട്. സി.ആർ.പി.സി 

 164  (5) 5A അനുസരിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളൊ റേപ്പ് പോലുള്ള കുറ്റകൃത്യങ്ങളൊ നടന്നാൽ മജിസ്ട്രേറ്റ് നിർബന്ധമായും ഇരയുടെ മൊഴി രേഖപ്പെടുത്തിയിരിക്കണം. ഇരകൾക്ക് എന്തെങ്കിലും വൈകല്യം സംഭവിക്കുകയൊ സംസാരിക്കാനാവാത്ത സ്ഥിതി ആകുകയൊ ചെയ്താൽ ഒരു ഇൻ്റർസെപ്റ്ററുടെ സഹായത്തോടെ ആണെങ്കിലും മൊഴി രേഖപ്പെടുത്തണം. കുറ്റസമ്മതമൊ  മൊഴിയൊ രേഖപ്പെടുത്തുന്ന മജിസ്ട്രേറ്റ് കേസ് വിചാരണ നടത്തുന്ന കോടതിക്ക് അത് അയച്ചു കൊടുക്കേണ്ടതാണ്. 

പോലീസിന് മുന്നിൽ കൊടുക്കുന്ന മൊഴിയും മജിസ്ട്രേറ്റിന് മുമ്പിൽ നൽകുന്ന രഹസ്യ മൊഴിയും തമ്മിലുള്ള മൗലിക വത്യാസമിതാണ്. പോലീസിന് നൽകുന്ന മൊഴി പ്രതിഭാഗത്തിന് കേസിൻ്റെ വൈരുധ്യങ്ങൾ കണ്ടെത്താൻ മാത്രമെ ഉപയോഗിക്കാനാവൂ. എന്നാൽ മജിസ്ട്രേറ്റിന് മുമ്പിൽ കൊടുക്കുന്ന മൊഴി പ്രോസിക്യൂഷന് കേസിന് അനുകൂലമായി കൂടി ഉപയോഗിക്കാം. അത് കൊണ്ടാണ് രഹസ്യ മൊഴിക്ക് കൂടുതൽ എവിഡൻഷ്യൽ വാല്യു ഉണ്ടെന്ന് പറയുന്നത്. എന്ന് കരുതി നേരത്തെ പറഞ്ഞ സ്ത്രീത്വത്തിനെതികയുള്ള കുറ്റകൃത്യങ്ങൾക്കല്ലാതെ എല്ലാ കുറ്റകൃത്യത്തിനും 164 സ്റ്റേറ്റ്മെൻ്റ് മാൻഡേറ്ററി അല്ല. മറ്റുള്ള കേസുകളിൽ പോലീസിന് കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ആവശ്യം തോന്നിയാൽ മാത്രമെ രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനോട് അപേക്ഷിക്കാനാവൂ.

Related Stories

No stories found.
logo
The Cue
www.thecue.in