
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോലീസ് സൗകര്യമൊരുക്കിയതിൽ വ്യപക വിമർശനം ഉയരുന്നുണ്ട്. എന്നാൽ കോടതി നിർദേശപ്രകാരം പോലീസ് സംരക്ഷണത്തിൽ കുറ്റാരോപിതരായ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് ഇതാദ്യമായല്ല. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള സ്വാഭാവിക നടപടി മാത്രമേ പോലീസ് കൈകൊണ്ടിട്ടുള്ളൂ.
ഇക്കാര്യത്തിൽ രണ്ട് ഉദാഹരണങ്ങൾ ഉദ്ധരിക്കാം. വിചാരണ കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച രണ്ട് പേർ കോടതിയുടെ അനുവാദത്തോടെ എൽഎൽബി പ്രവേശന പരീക്ഷ എഴുതുന്നു. ക്ലാസ് അറ്റൻഡ് ചെയ്താൽ മാത്രമേ പരീക്ഷ എഴുതാനാകൂ എന്നതിനാൽ ആ വിഷയം കോടതിയുടെ മുമ്പിലെത്തി. അവർക്ക് ഓൺലൈനിൽ ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യമൊരുക്കാനാണ് കോടതി നിർദേശിച്ചത്. ഒരാൾ ജയിലിൽ പ്രവേശിക്കുന്നതിലൂടെ അയാളുടെ മനുഷ്യാവകാശങ്ങൾ ഇല്ലാതാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കുറ്റാരോപിതരായ കുട്ടികളായ വിദ്യാർഥികൾ പൊതുപരീക്ഷ എഴുതരുത് എന്ന് പറയുന്നത്.
2015 ലെ ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് ഒരു കുട്ടി കുറ്റകൃത്യം ചെയ്‌തെന്ന് ആരോപണം വന്നാൽ 'നിയമവുമായി സമരസപ്പെടാത്ത കുട്ടി' എന്നാണ് ആ കുട്ടിയെ വിളിക്കുക. കുട്ടികൾ ക്രൈമിന്റെ ഭാഗമായാൽ, മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് പെറ്റി ഒഫെൻസ്, മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് സീരിയസ് ഒഫെൻസ്, ഏഴ് തൊട്ട് മുകളിലേക്ക് ഉള്ള വർഷങ്ങൾ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ഹീനിയസ് ഒഫെൻസ് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതിലെ ആദ്യ രണ്ട് വിഭാഗങ്ങൾ പ്രകാരമുള്ള കേസുകൾക്ക് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ല. ഹീനിയസ് ഒഫെൻസ് പ്രകാരം രജിസ്റ്റർ എഫ്ഐആർ റിപ്പോർട്ട് ചെയ്യേണ്ടത് മജിസ്‌ട്രേറ്റ് കോടതിയിൽ അല്ല. മജിസ്‌ട്രേറ്റും സാമൂഹ്യ പ്രവർത്തകരും സൈക്കോളജിസ്റ്റുകളും ചേർന്നുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്ന സംവിധാനത്തിലാണ് റിപ്പോർട്ട് ചെയ്യേണ്ടതും കുട്ടികൾ ഹാജരാകേണ്ടതും. ഈ നിയമപ്രകാരം ഏത് കുറ്റകൃത്യം ആണെങ്കിലും ജാമ്യക്കാരുടെ സാന്നിധ്യമില്ലാതെ തന്നെ കുട്ടികൾക്ക് ജാമ്യം നൽകണം എന്നാണ് നിയമം.
കുട്ടിക്ക് ശാരീരികമായി പരിക്ക് പറ്റുക, കുട്ടിയെ മാനസികമായി ബാധിക്കുക, നീതി നിർവഹണത്തിന് തടസ്സമാവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ മാത്രമേ ജാമ്യം നിഷേധിക്കാവൂ എന്നും നിയമത്തിലുണ്ട്. ഇത്തരത്തിൽ ജാമ്യം നിഷേധിക്കുന്ന സമയത്ത് കുട്ടികളെ ലോക്കപ്പിലോ ജയിലിലോ പ്രവേശിപ്പിക്കാൻ പാടില്ല, ഒബ്‌സർവേഷൻ ഹോമിൽ മാത്രമേ താമസിപ്പിക്കാവൂ. പ്രായപൂത്തിയാകാത്ത കുട്ടികൾ ക്രൈമിന്റെ ഭാഗമായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ കുട്ടിയെ ഏതെങ്കിലും സംഘടനകളുടെ കീഴിൽ കമ്മ്യുണിറ്റി സർവീസിന് നിയോഗിക്കുക, മൂന്ന് വർഷക്കാലത്തേക്ക് പ്രൊബേഷൻ എന്ന നിലക്ക് നിരീക്ഷണത്തിൽ വെക്കുക എന്നീ ശിക്ഷകളാണ് ലഭിക്കുക. എന്നാൽ ഹീനിയസ് ഒഫെൻസിൽ കുട്ടി കൃത്യത്തിന്റെ ഭാഗമായെന്ന് കണ്ടെത്തിയാൽ കുട്ടിക്ക് പതിനാറ് വയസ്സ് പൂർത്തിയാകുന്ന ഘട്ടത്തിൽ വിചാരണക്കായി മറ്റു കോടതികളിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം ഹീനിയസ് ആയ ഒഫെൻസ് ആണ്. പക്ഷെ നിലവിൽ കേസിന്റെ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. ആ സാഹചര്യത്തിൽ കുട്ടികൾക്ക് സംരക്ഷണം ഒരുക്കേണ്ടത് നിയമവാഴ്ച നിലനിൽക്കുന്ന സർക്കാരിന്റെ ബാധ്യതയാണ്, അത്രമാത്രമേ ഇവിടെ ചെയ്തിട്ടുള്ളൂ.