ജപ്തിയും പോംവഴികളും| Law Point Episode 33

സാമ്പത്തിക പ്രയാസങ്ങള്‍ മൂലമുള്ള ആത്മഹത്യകള്‍ വീണ്ടും വാര്‍ത്തയാകുകയാണ്. മനുഷ്യരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച കോവിഡ് കാലത്ത് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവര്‍ തിരിച്ചടവ് മുടങ്ങിയത് കൊണ്ട് ജപ്തി ഭീഷണി നേരിടുന്നു. കോടതികളുടെ വരെ ഇടപെടലുകളെ പരിമിതപ്പെടുത്തുന്ന ശക്തമായ നിയമങ്ങളാണ് ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അനുകൂലമായുള്ളത്. ലോ പോയിന്റിന്റെ എപ്പിസോഡില്‍ തിരിടച്ചവ് മുടങ്ങിയവര്‍ക്കെതിരെ ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ചും അതിനുള്ള പോംവഴികളെ കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്.

സര്‍ഫാസി നിയമവും ബാങ്കുകളും

ലോണുകള്‍ക്കായി ഇന്നും സാധാരണക്കാര്‍ ഏറ്റവുമതികം ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. ബാങ്കില്‍ നിന്ന് സാമ്പത്തിക സഹായം പറ്റുന്നവരെയാണ് Borrower അഥവാ കടക്കാരന്‍ എന്നു വിളിക്കുന്നത്. ഇത്തരമൊരു ലോണ്‍ എടുക്കുമ്പോള്‍ ദorrower ഒരു സെക്യുരിറ്റി ആയി അയാളുടെ പ്രൊപ്പര്‍ട്ടിയൊ മറ്റൊ ബാങ്കില്‍ ഏല്‍പ്പിക്കുന്നു. അവയുടെ മേല്‍ ബാങ്കിന് സെക്യുരിറ്റി ഇന്ററസ്റ്റ് അഥവാ അധികാരമുണ്ട്. ലോണ്‍ എടുത്തയാള്‍ തിരിച്ചടവ് മുടക്കുമ്പോള്‍ അയാള്‍ പ്ലെഡ്ജ് ചെയ്ത പ്രൊപ്പര്‍ട്ടി ഒരു നോണ്‍ പെര്‍ഫോമിങ്ങ് അസ്സറ്റ് അഥവാ NPA ആയി മാറുന്നു. ഇങ്ങനെ NPA ആയി മാറുന്ന വസ്തു ജപ്തി ചെയ്ത് ലേലത്തില്‍ വച്ചൊ വില്‍പ്പന നടത്തിയൊ തങ്ങള്‍ക്കുണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം ബാങ്കുകള്‍ക്ക് നികത്താം. ഇത്തരം നടപടികള്‍ക്ക് ബാങ്കിന് വിപുലമായ അധികാരം നല്‍കുന്ന നിയമമാണ് സര്‍ഫാസി നിയമം എന്ന ചുരുക്ക പേരിലറിയപ്പെടുന്ന 2002 ലെ സെക്യുരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സറ്റ്‌സ് ആന്റ് എന്‍ഫോര്‍സ്‌മെന്റ് ഓഫ് Security ഇന്ററസ്റ്റ് ആക്ട് എന്നത്.

സര്‍ഫാസി നിയമത്തിലെ മൂന്നാം ചാപ്റ്ററിലാണ് ബാങ്കില്‍ പ്ലഡ്ജ് ചെയ്തിട്ടുള്ള സെക്യുരിറ്റിക്ക് മേല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പറയുന്നത്. ആക്ടിലെ സെക്ഷന്‍ 13 (2) അനുസരിച്ച് ബാങ്കിനോട് ബാധ്യതയുള്ള ഒരു Borrower അഥവാ കടക്കാരന്‍ ബാങ്കിന്റെ ഡെബ്റ്റിന്റെ തിരിച്ചടവില്‍ ഡിഫോള്‍ട്ട് വരുത്തിയാല്‍ അയാള്‍ക്ക് ബാങ്ക് ഒരു നോട്ടീസ് അയക്കണം. നോട്ടീസില്‍ അയാള്‍ അടച്ച് തീര്‍ക്കേണ്ട ലയബളിറ്റിയെ കുറിച്ചും അടച്ചില്ലെങ്കില്‍ ബാങ്കിന് ഏറ്റെടുക്കാന്‍ അധികാരമുള്ള സ്വത്ത് വകകളെ കുറിച്ചും വ്യക്തമാക്കിയിരിക്കണം. ഇങ്ങനെ ഒരു നോട്ടിസ് വന്നതിന് ശേഷം വസ്തു കൈമാറ്റം ചെയ്യുന്നതിനൊ ലീസ് കൊടുക്കുന്നതിനൊ Borrower ക്ക് ബാങ്കിന്റെ അനുമതി വേണം. നോട്ടീസ് കൈ പറ്റി 60 ദിവസമാണ് ബാങ്കിനോടുള്ള ബാധ്യത തീര്‍ക്കാന്‍ Borrower ക്ക് സമയം നല്‍കുക. ഇത്തരമൊരു നോട്ടീസ് ലഭിച്ചാല്‍ Borrower ക്ക് എന്തെങ്കിലും ഒബ്ജക്ഷന്‍ ഉണ്ടെങ്കില്‍ അത് റിപ്ലെ ആയി ബാങ്കിന് നല്‍കാം. ഇത് ബാങ്ക് പരിശോധിക്കുകയും മറുപടി കൊടുക്കുകയും വേണം. ഇനി 60 ദിവസത്തിനുള്ളില്‍ ബാങ്കിനോടുള്ള ബാധ്യത Borrower തീര്‍ത്തില്ലെങ്കില്‍ സെക്ഷന്‍ 16 (4) അനുസരിച്ച് ബാങ്കിന് വസ്തുവിന്റെ പൊസഷന്‍ ഏറ്റെടുക്കാനൊ ലീസ് ചെയ്യാനൊ വില്‍ക്കാനൊ അധികാരമുണ്ടായിരിക്കും.

എങ്ങനെ നേരിടും ?

കോടതികളുടെ പോലും ഇടപെടലുകളെ പരിമിതമാക്കുന്ന തരത്തിലാണ് നിയമങ്ങള്‍ എന്ന് മുമ്പ് സൂചിപ്പിച്ചു. എന്നാല്‍ സര്‍ഫാസി നിയമം ബാങ്കിന്റെ അസ്സറ്റ് ഏറ്റെടുക്കല്‍ നടപടിക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് സമീപിക്കാവുന്ന സംവിധാനങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ആക്ടിലെ സെക്ഷന്‍ 16 (4) അനുസരിച്ച് ബാങ്കിന്റെ പൊസഷനൊ മറ്റ് നടപടികള്‍ക്കൊ വിധേയമാകുന്ന Borrower ക്ക് സെക്ഷന്‍ 17 അനുസരിച്ച് Debts Recovery Tribunal നെ സമീപിക്കാവുന്നതാണ്. 2002 ലെ സര്‍ഫാസി നിയമത്തില്‍ ഇത്തരത്തില്‍ ട്രിബ്യൂണലിനെ സമീപിക്കുന്നതിന് മൊത്തം തുകയുടെ 75 % കെട്ടി വക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ മര്‍ഡിയ കെമിക്കല്‍സ് ലിമിറ്റഡ് v. യൂണിയന്‍ ഓഫ് ഇന്‍ഡ്യ എന്ന കേസില്‍ സുപ്രീം കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി. അതു കൊണ്ട് നിലവില്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ പണം കെട്ടി വക്കേണ്ട കാര്യമില്ല. കോസ് ഓഫ് ആക്ഷന്‍ അഥവാ ബാങ്ക് നടപടി സ്വീകരിച്ച സ്ഥലത്തൊ, സ്വത്ത് ഉള്ള സ്ഥലത്തൊ ബാങ്കിന് ബ്രാഞ്ച് ഉള്ളയിടത്തൊ ജുറീസ്ഡിക്ഷന്‍ ഉള്ള ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലാണ് സമീപിക്കേണ്ടത്. ഇത്തരമൊരു അപേക്ഷ ലഭിച്ചാല്‍ ട്രിബ്യൂണല്‍ പരിശോധിക്കേണ്ടത് ബാങ്ക് നടപടി സ്വീകരിക്കുമ്പോള്‍ ആക്ടിലെ വ്യവസ്ഥകള്‍ ഒക്കെ കൃത്യമായി പാലിച്ചിട്ടുണ്ടൊ എന്നതാണ്. ഇത്തരത്തില്‍ ഏതെങ്കിലും വ്യവസ്ഥ പാലിച്ചിട്ടില്ല എന്ന് ട്രിബ്യൂണലിന് oബാധ്യപ്പെട്ടാല്‍ ബാങ്ക് സ്വീകരിച്ച നടപടികളെ അസാധുവാക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്. എന്നാല്‍ ബാങ്ക് സര്‍ഫാസി നിയമത്തിലെയും ചട്ടങ്ങളിലെയും നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെങ്കില്‍ ട്രിബ്യൂണല്‍ ബാങ്കിന് സ്വത്ത് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അധികാരം നല്‍കും.

സ്വത്ത് ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നത് 2002 ലെ സെക്യുരിറ്റി ഇന്ററസ്റ്റ് (എന്‍ഫോര്‍സ്‌മെന്റ്) റൂള്‍സ് അനുസരിച്ചാണ്. റൂള്‍ 8 അനുസരിച്ച് സ്ഥലമുടമക്ക് ബാങ്ക് ആദ്യം നല്‍കേണ്ടത് പൊസഷന്‍ നോട്ടീസാണ്. ഇത്തരമൊരു നോട്ടീസ് നല്‍കുന്നതോടെ പൊസഷന്‍ ബാങ്കിന്റെ കയ്യിലാകുന്നു. തുടര്‍ന്ന് 7 ദിവസത്തിനുള്ളില്‍ ബാങ്ക് പൊസഷന്‍ ഏറ്റെടുത്ത നോട്ടീസ് പത്രത്തില്‍ പരസ്യം ചെയ്യണം..കൂടാതെ വസ്തു കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ഉടമക്ക് Sale notice കൊടുക്കേണ്ടതാണ്. ഇങ്ങനെ ഒരു നോട്ടീസ് ലഭിച്ചാല്‍ അവസാന ശ്രമമെന്ന തരത്തില്‍ ലോണ്‍ എടുത്ത ബോറോവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം ഹൈക്കോടതിയെ സമീപിക്കുക എന്നതാണ്. ഹൈക്കോടതി ഇത്തരം കേസുകളില്‍ തുക അടക്കാന്‍ കുറച്ച് സാവകാശം കൊടുക്കാറുണ്ട്. ഈ സാവകാശത്തില്‍ ബാങ്കിന് കൊടുക്കാവുന്ന പണം കണ്ടെത്താനായാല്‍ സ്വത്ത് നഷ്ടപ്പെടില്ല.

സഹകരണ ബാങ്കുകളുടെ നടപടിക്രമങ്ങള്‍

ബാങ്കുകള്‍ കഴിഞ്ഞാല്‍ ലോണുകള്‍ക്കായി നമ്മുടെ നാട്ടില്‍ ആളുകള്‍ ഏറ്റവുമതികം ആശ്രയിക്കുന്നത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെയാണ്. ഇത്തരം സൊസൈറ്റികളില്‍ ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ അവ നടപടി സ്വീകരിക്കുക കേരള ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടും റൂളുകളും അനുസരിച്ചാണ്. ഇതിലൂടെ നോട്ടീസ് ലഭിക്കുന്നയാള്‍ക്ക് സെക്ഷന്‍ 69 അനുസരിച്ച് കൊ- ഓപ്പറേറ്റീവ് ആര്‍ബിട്രേഷന്‍ കോര്‍ട്ടിനെ സമീപിക്കാം. ജില്ലാ തലത്തില്‍ ജോയിന്റ് റജിസ്ട്രാര്‍മാരും താലൂക്ക് തലത്തില്‍ അസിസ്റ്റന്റ് റെജിസ്ട്രാര്‍മാരുമാണ് ഇവയുടെ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ . ഒരു സിവില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ പാലിക്കുന്ന കോ-ഓപ്പറേറ്റീവ് ആര്‍ബിട്രേഷന്‍ കോര്‍ട്ടിന്റെ ഉത്തരവില്‍ തൃപ്തരല്ലെങ്കില്‍ അപ്പീലുമായി തിരുവനന്തപുരത്തുള്ള അപ്പലേറ്റ് ട്രിബ്യൂണലിനെയും സമീപിക്കാവുന്നതാണ്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ആര്‍ബിട്രേഷനും

ബാങ്കുകളും കൊ- ഓപ്പറേറ്റീവ് സൊസൈറ്റിയും കഴിഞ്ഞാല്‍ പിന്നെ ലോണ്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ NBFC എന്നറിയപ്പെടുന്ന നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്നാണ്. ഇവയുടെ ഒരു പ്രവര്‍ത്തന രീതി അനുസരിച്ച് ലോണ്‍ അനുവദിക്കുമ്പോള്‍ ലോണ്‍ എടുക്കുന്നയാളുമായി വക്കുന്ന എഗ്രിമെന്റില്‍ ആര്‍ബിട്രേഷനുള്ള വ്യവസ്ഥകളുണ്ടാകും. 2015 ലെ ആര്‍ബിട്രേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ ആക്ടിലെ ഭേദഗതിക്ക് ശേഷം NB FC ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലദിച്ചു. ഇതനുസരിച്ച് പരമാവധി വേഗത്തില്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്‍ബിട്രേറ്റര്‍ ബാധ്യസ്ഥനാണ്. മാത്രവുമല്ല, ആര്‍ബിട്രേറ്ററെയും കമ്പനിക്ക് നിയോഗിക്കാം. ഇതിലൂടെ ലോണ്‍ തിരിച്ചടവ് മുടങ്ങിയ ഡിഫോള്‍ട്ടര്‍ക്ക് ആര്‍ബിട്രേറ്റര്‍ നോട്ടീസ് അയക്കും. തിരിച്ചടവ് മുടങ്ങിയ ആള്‍ പ്രൊസിഡീങ്ങ്‌സില്‍ പങ്കെടുത്തില്ലെങ്കില്‍ പോലും ആര്‍ബിട്രേറ്റര്‍ക്ക് അവാര്‍ഡ് പാസാക്കാം. അവാര്‍ഡ് എന്നാല്‍ നഷ്ടപരിഹാരമടക്കം അടവ് മുടങ്ങിയ ആള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയാണ്. ഇത്തരമൊരു ഉത്തരവ് അന്തിമമാണ്. ഇതിന് ശേഷം സ്ഥാപനം ആ തുക ഈടാക്കാനായി സിവില്‍ കോടതിയില്‍ ഇ.പി അഥവാ എക്‌സിക്യൂഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും. ഇവിടെ തിരിച്ചടവ് മുടങ്ങിയ ആള്‍ക്ക് കുറച്ച് സമയം ലഭിക്കുമെന്ന് മാത്രം.

ഒരു കാര്യം സൂചിപ്പിച്ച് അവസാനിപ്പിക്കാം. ബാങ്കുകളുടേയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടേയും ഏറ്റവും വലിയ വരുമാനമാണ് ലോണുകള്‍. അതിന്റെ തിരിച്ചടവില്‍ നിന്ന് ലഭിക്കുന്ന പലിശയാണ് അവരുടെ ലാഭം. ലോണ്‍ എടുക്കുന്നയാളുകളെ സംബന്ധിച്ചിടത്തോളം അത് ഒരു സ്വപ്ന സാക്ഷാത്കാരത്തിനൊ കച്ചവടത്തിനൊ കൃഷിക്കൊ ഒക്കെ ആയിരിക്കും. ബാങ്കുകള്‍ക്കിത് പക്ഷെ ബിസിനസ്സാണ്. തിരിച്ചടവ് മുടങ്ങിയവരില്‍ നിന്ന് പണം ഈടാക്കാന്‍ ശക്തമായ നിയമങ്ങളാണ് രാജ്യത്തുള്ളത്. കുറച്ച് സമയം വാങ്ങി നല്‍കാം എന്നത് മാത്രമാണ് തിരിച്ചടവ് മുടങ്ങിയ ആള്‍ക്ക് വേണ്ടി നിയമവ്യവസ്ഥക്ക് ചെയ്യാനാകൂ. അതു കൊണ്ട് വളരെ സൂക്ഷിച്ച് മാത്രം എടുക്കേണ്ട തീരുമാനങ്ങളാണ് ലോണുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in