ദുരഭിമാനത്തിന്റെ പേരിൽ അവളെ കൊല്ലുമോ എന്ന് പേടിയുണ്ട്

Summary

ആണിന്റെ കൂടെ പോയാല്‍ കുഴപ്പമില്ലായിരുന്നു, പക്ഷേ പെണ്ണിന്റെ കൂടെ പോയതാണ് പ്രശ്‌നമെന്നാണ് അവളുടെ വീട്ടുകാർ പറഞ്ഞത്. അവളെ അവർ കൊണ്ടുപോയി. ഇപ്പൊ എവിടെയാണെന്നറിയില്ല. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം. തന്റെ ലസ്ബിയൻ പങ്കാളി അഫീഫയെ തേടി സുമയ്യ ഷെറിൻ ഹൈക്കോടതിയിൽ

ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ച് സുമയ്യ ഷെറിനും അഫീഫയും വീടുവിട്ടിറങ്ങുന്നത് നാലുമാസം മുമ്പാണ്. കുടുംബങ്ങൾ കാര്യം മനസിലാക്കിയപ്പോൾ രണ്ടുപേരെയും കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി കൊടുത്തു. ശേഷം മലപ്പുറം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരായ രണ്ടുപേരെയും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു കൊണ്ട് കോടതി ഉത്തരവാകുകയായിരുന്നു. ആ കോടതി ഉത്തരവിന്റെ ബലത്തിൽ കഴിഞ്ഞ നാലുമാസമായി സമാധാനത്തോടെ ജീവിക്കുകയായിരുന്നു.

രണ്ടുപേരും എവിടെയാണെന്ന് അഫിഫയുടെ കുടുംബം നിരന്തരം അന്വേഷിക്കുന്നുണ്ടായിരുന്നു. സൈബർ സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇവർ തങ്ങളുടെ സ്ഥലം കണ്ടെത്തുകയും അവിടെ വന്ന് അഫീഫയെ പിടിച്ച് കൊണ്ട് പോവുകയുമായിരുന്നെന്ന് സുമയ്യ ദ ക്യുവിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂൺ 9-ന് അഫീഫയെ കോടതിയിൽ ഹാജരാക്കണം എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ അഫീഫ ഹാജരായില്ല. അഫീഫയ്ക്ക് വേണ്ടി ഹാജരായ വക്കീൽ കുട്ടിയെ ഹാജരാക്കാൻ പത്ത് ദിവസം സമയം ചോദിക്കുകയും ചെയ്തു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. പത്ത് ദിവസങ്ങൾ കൊണ്ട് അഫീഫയ്ക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം എന്നാണ് സുമയ്യ പറയുന്നത്. കൺവെർഷൻ തെറാപ്പി ഉൾപ്പെടെയുള്ളവ നടക്കാൻ സാധ്യതയുണ്ടെന്നും, അതിന്റെ ഭാഗമായി നിരന്തരം മരുന്നുകൾ നൽകുന്നത് ആളുകൾ ആത്മഹത്യ ചെയ്യാൻ വരെ കാരണമാകാം എന്നും സുമയ്യ പറയുന്നു.

ദുരഭിമാനത്തിന്റെ പുറത്ത് വീട്ടുകാർ അവളെ കൊല്ലാൻ വരെ സാധ്യതയുണ്ടെന്നും ഇതുവരെ മാധ്യമങ്ങളല്ലാതെ മറ്റൊരു സന്നദ്ധ സംഘടനകളും ഇതിൽ ഇടപെട്ടിട്ടില്ല എന്നും സുമയ്യ പറയുന്നു. എങ്ങനെയെങ്കിലും ഉടനെ അഫീഫയെ കോടതിയിൽ ഹാജരാക്കി അവളെ നേരിൽ കണ്ട് സംസാരിക്കാൻ സാധിക്കണം എന്ന് മാത്രമേ ഇപ്പോൾ ഉള്ളു. സുമയ്യ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

സുമയ്യ ഷെറിനുമായി നടത്തിയ അഭിമുഖം കാണാം

Related Stories

No stories found.
logo
The Cue
www.thecue.in