നല്ല തിരക്കഥയ്ക്ക് മുകളില്‍ പടുത്തുയര്‍ത്തിയ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി: ബേസില്‍ ജോസഫ്

നല്ല തിരക്കഥയ്ക്ക് മുകളില്‍ പടുത്തുയര്‍ത്തിയ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി: ബേസില്‍ ജോസഫ്

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാവുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകത കൂടി മിന്നല്‍ മുരളിക്കുണ്ട്. 2018 ല്‍ പടയോട്ടത്തില്‍ അഭിനയിക്കുമ്പോഴാണ് സിനിമയുടെ തിരക്കഥാകൃത്ത് അരുണ്‍ മിന്നലേറ്റ് സൂപ്പര്‍ പവര്‍ കിട്ടുന്ന ഒരാളുടെ കഥ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന രീതിയില്‍ തന്നോട് പറഞ്ഞതെന്ന് ബേസില്‍ ജോസഫ് ദ ക്യുവിനോട് പറഞ്ഞു. നമുക്കോ, നമ്മുടെ അയല്‍പക്കത്തെ ഒരാള്‍ക്കോ സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയില്‍ നിന്നാണ് സിനിമയെ ഉള്‍ക്കൊണ്ടതെന്നും ബേസില്‍ പറയുന്നു.

മിന്നല്‍ മുരളിയുടെ ആദ്യ ചിന്തകള്‍?

2018 ല്‍ പടയോട്ടത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയുടെ തിരക്കഥാകൃത്ത് അരുണ്‍, മിന്നലേറ്റ് സൂപ്പര്‍ പവര്‍ കിട്ടുന്ന ഒരാളുടെ കഥ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന രീതിയില്‍ പറഞ്ഞു. അന്ന് സൂപ്പര്‍ഹീറോ എന്ന ആശയം കേട്ടപ്പോള്‍ ഒരുപാട് ആവേശം തോന്നിയിരുന്നു. എന്നാല്‍ ആവേശത്തിന്റെ പുറത്ത് ഇറങ്ങി തിരിക്കണോയെന്ന് സംശയം ആയിരുന്നു. മലയാളത്തില്‍ ഒരു സൂപ്പര്‍ഹീറോ ചിത്രം ചെയുമ്പോള്‍ അതിന്റേതായ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. വി.എഫ്.എക്സും സ്റ്റണ്ടും എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരും ഡി.സിയും മാര്‍വലുമായിട്ട് താരതമ്യം ചെയ്യും. സൂപ്പര്‍ ഹീറോ എന്ന ജോണര്‍ ആവശ്യപ്പെടുന്നത് വലുപ്പമാണ്. വലിയ സിനിമകളാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഒരു ചെറിയ സൂപ്പര്‍ഹീറോ സിനിമയെന്ന് പറഞ്ഞ് നമ്മുക്ക് ചെയ്യാനാവില്ല. ആളുകള്‍ പ്രതീക്ഷിക്കുന്നതും വലുപ്പമാണ്. അതിനോട് നീതിപുലര്‍ത്തുക എന്നതാണ് നമ്മുടെ ഭാഗത്ത് നിന്നുമുള്ള പ്രയത്‌നങ്ങള്‍. നമ്മളെല്ലാവരും നമ്മുടെ കംഫര്‍ട്ട് സോണിന്റെ പുറത്ത് കടക്കണമായിരുന്നു മിന്നല്‍ മുരളി പോലെയൊരു സിനിമ ചെയ്യാന്‍.

നിര്‍മ്മാതാവ് സോഫിയ പോളും, മകന്‍ കെവിനും ഒരുപാട് ആത്മവിശ്വാസം നല്‍കി കൂടെ നില്‍ക്കുന്നത് മുതലാണ് മിന്നല്‍ മുരളി തുടങ്ങുന്നത്. അവിടെ നിന്ന് പിന്നെ മുന്നോട്ട് തിരക്കഥയില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാമെന്ന് തീരുമാനിച്ചു. അരുണിന്റെ കൂടെ ജസ്റ്റിന്‍ കൂടി തിരക്കഥ രചനയില്‍ ഭാഗമാകുന്നത് അപ്പോഴായിരുന്നു. ജസ്റ്റിന്‍ നേരത്തെയും എനിക്ക് ഒരുപാട് തിരക്കഥകള്‍ അയച്ചിരുന്നു. പക്ഷെ അതൊന്നും ഒരു സിനിമയാക്കാന്‍ മാത്രമുള്ളതായിരുന്നില്ല. എന്നാല്‍ ജസ്റ്റിന്റെ ഉള്ളില്‍ നല്ലൊരു എഴുത്തുക്കാരനുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു. ജസ്റ്റിന് 18 വയസ്സുള്ളപ്പോള്‍ തൊട്ട് എനിക്ക് തിരക്കഥകള്‍ അയക്കുന്നൊരാളാണ്. പല സമയങ്ങളിലായി ജസ്റ്റിന്‍ ആറോ ഏഴോ തിരക്കഥകള്‍ എനിക്ക് അയച്ച് തന്നിട്ടുണ്ട്. പിന്നീട് ജസ്റ്റിനെ വിളിക്കുകയും, അരുണും ജസ്റ്റിനും കൂടി ഒരു വര്‍ഷത്തോളം മിന്നല്‍ മുരളി എന്ന ചിന്തയ്ക്ക് മുകളിലിരുന്ന് വര്‍ക്ക് ചെയ്തിട്ടുമാണ് തിരക്കഥ എന്ന രീതിയിലോട്ട് അതിനെ വളര്‍ത്തിയത്.

നല്ലൊരു തിരക്കഥയില്ലെങ്കില്‍ ബജറ്റിന്റെ കൊഴുപ്പിലും സാങ്കേതിക മികവിലും സിനിമയെ ആശ്രയിക്കേണ്ടി വരും. നല്ലൊരു തിരക്കഥയ്ക്ക് മേലെ, നല്ലൊരു സൂപ്പര്‍ ഹീറോ സിനിമയ്ക്ക് മേലെ സിനിമയിലെ ആക്ഷനും വി.എഫ്.എക്സും വര്‍ക്ക് ആയാല്‍ അത് ബോണസാണ്. അങ്ങനെയൊരു സിനിമയെന്ന രീതിയിലാണ് മിന്നല്‍ മുരളിയെ സമീപിച്ചത്. നമ്മുക്കോ നമ്മുടെ അയല്‍പക്കത്തോ ഒരാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എങ്ങനെയായിരിക്കും എന്ന ചിന്തയില്‍, നമ്മുക്ക് അതിനോട് എങ്ങനെ റിലേറ്റ് ചെയ്യാന്‍ പറ്റും എന്ന രീതിയിലാണ് സിനിമയെ ഉള്‍ക്കൊണ്ടത്. ഒരിക്കലും മാര്‍വലിന്റെയോ ഡീസിയുടേയോ സിനിമകളുടെ വലുപ്പത്തിലേക്ക് എത്താന്‍ കഴിയില്ലായെന്നത് ഉറപ്പാണ്. നമ്മുടെ സിനിമയുടെ ബജറ്റെയുള്ളു അവരുടെയൊരു സീനിന്. എന്നാല്‍ മലയാള സിനിമയുടെ സേഫ് ബജറ്റില്‍ നിന്നും അഞ്ചിരട്ടിയോളം വലുപ്പം നമ്മുടെ സിനിമയ്ക്കുണ്ട്. നമ്മുക്ക് പറ്റുന്ന പോലെ പരമാവധി നന്നായി വര്‍ക്ക് ചെയ്തുകൊണ്ട് എല്ലാവരും അവരുടെ കംഫര്‍ട്ട് സോണിന് മുകളിലായി സിനിമയുടെ വലുപ്പത്തിനും മികച്ച ഔട്പുട്ടിനും വേണ്ടി അവസരത്തിനൊത്ത് ഉയര്‍ന്നു. ഒരു സാധാരണ സിനിമയല്ല എന്ന രീതിയില്‍ എല്ലാവരും പണിയെടുത്തു മിന്നല്‍ മുരളിക്ക് വേണ്ടി. എല്ലാവരുടെയും കൂടിയുള്ള ഒരു ടീം എഫേര്‍ട്ട് ആണ് മിന്നല്‍ മുരളി. സിനിമ എത്രമാത്രം മികച്ചതാണെന്ന് 24-ാം തീയതി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. എന്തായാലും എടുത്ത പണിയില്‍ ഞങ്ങള്‍ തൃപ്തരാണ്.

എന്തുകൊണ്ട് മിന്നല്‍ മുരളിയും ബേസില്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍?

അരുണിന്റെ ആദ്യത്തെ വേര്‍ഷണില്‍ കുട്ടനാട് നടക്കുന്ന കഥയായിരുന്നു. സൂപ്പര്‍ ഹീറോ ഒരു മീന്‍പിടുത്തക്കാരനായിരുന്നു. പിന്നീട് അതിനെ കുറച്ച് കൂടെ ഒരു കോമിക്ക് ബുക്ക് വേര്‍ഷണിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെയാണ് കുറക്കുന്‍മൂലയിലേക്ക് വരുന്നത്. കുറുക്കന്‍മൂലയാവുമ്പോള്‍ നമ്മുടെ നിയമങ്ങളാണല്ലോ. ഒരു റിയലിസ്റ്റിക്ക് സെറ്റിങ്ങിനേക്കാളും ഫിക്ഷണല്‍ രീതിയില്‍ ചെയ്യാന്‍ സാധിക്കും. പിന്നെ മിന്നല്‍ മുരളി കോമിക്ക് ബുക്ക് രീതിയില്‍ കഥ പറയേണ്ടത് ആവശ്യമുള്ള സിനിമ കൂടിയാണ്. ഗോദയേക്കാളും എത്രയോ അധികം ഫിക്ഷണല്‍ എലമെന്റുകള്‍ ആവശ്യമുള്ള ഒരു സിനിമ കൂടിയാണിത്.

ഡിസംബര്‍ 24ന് ഉച്ചക്ക് 1:30ന് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രീമിയര്‍ ചെയ്യുന്നത്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.

Related Stories

No stories found.
logo
The Cue
www.thecue.in