ഗാന്ധി ഘാതകന്‍ ഗോഡ്സേക്ക് അമ്പലം പണിയുന്നവരുടെ ഇന്ത്യ

രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ ഘാതകനായ ആര്‍.എസ്.എസ് നേതാവ് നാഥുറാം വിനായക് ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ 72ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ നവംബര്‍ 15ന്. അന്നേദിവസം 72 ഗോഡ്‌സെമാരെ പ്രതീകാത്മകമായി തൂക്കിലേറ്റിയാണ് കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശോഭ സുബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

നവംബര്‍ 15ന് രാജ്യത്ത് ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ 'ഗോഡ്സെ പൂജ'നടത്തുകയുണ്ടായി. കേരളത്തില്‍ പാലക്കാട് ജില്ലയിലും ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ ഗോഡ്സേ പൂജ നടന്നു. പക്ഷെ ആരും പ്രതിഷേധിച്ചില്ല. കേരളത്തിന് ചൂണ്ടിക്കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൈപ്പമംഗലം യൂണിറ്റ് മാത്രമുണ്ട്.

ഇതേദിവസം ഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിലും സമാനമായ സംഭവം നടക്കുകയുണ്ടായി. ജാംനഗറില്‍ ഹിന്ദുമഹാ സേനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ തച്ചു തകര്‍ത്ത് കാട്ടിലെറിയുകയായിരുന്നു.

ഗാന്ധിയെ ആരാധിക്കുന്നത് നിര്‍ത്തൂ ഗോഡ്‌സെയെ പിന്തുടരൂ, ഗോഡ്‌സെ അമര്‍ രഹാ അഥവാ ഗോഡ്‌സെ മരിക്കുന്നില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഹിന്ദുമഹാസഭ ഗോഡ്‌സെ ആരാധന നടത്തിവരുന്നത്. ഇത് ഇടതടവില്ലാതെ അവര്‍ ചെയ്യുന്നുമുണ്ട്.

2014ന് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വ്യാപകമായി കേള്‍ക്കാന്‍ തുടങ്ങിയതാണ് ഗോഡ്‌സെ സ്തുതിയും സവര്‍ക്കര്‍ സ്തുതിയുമെല്ലാം. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ പ്രധാനിയും രാഷ്ട്ര പിതാവുമായ ഗാന്ധിജിയെ ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കുന്നതിനു വേണ്ട പ്രവൃത്തികള്‍ എല്ലാ തരത്തിലും ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലടക്കം നടക്കുമ്പോള്‍ ഒറ്റപ്പെട്ട പരിപാടികളിലൊതുങ്ങുകയാണ് നമ്മുടെ പ്രതിഷേധങ്ങള്‍.

ഗോഡ്‌സെയുടെ ആദ്യത്തെ പ്രതിമ ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുന്നത് 2016ലെ ഗാന്ധി ജയന്തി ദിവസമാണ്. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശിലെ മീററ്റിലെ ഓഫീസിലാണ് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചത്. അന്നവര്‍ ഗാന്ധിജയന്തിയ്ക്ക് മറ്റൊരു പേരുകൂടിയിട്ടു. ധിക്കാര്‍ ദിവസ്.

'ഇത്തവണ, ഞങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. അതുകൊണ്ട് ഗാന്ധിജയന്തി ദിവസം തന്നെ പ്രതിമ അനാച്ഛാദനം ചെയ്തു. ഗോഡ്‌സെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ഇതിലും നല്ല ദിവസം വേറെയില്ല. എല്ലാവരും ഗാന്ധിയെ പിന്തുടരുന്നത് നിര്‍ത്തി ഇനിമുതല്‍ ഗോഡ്‌സെയെ ആരാധിക്കണമെന്നാണ് ഈ കാല്‍വെപ്പിലൂടെ സൂചിപ്പിക്കപ്പെടുന്നത്,' എന്നാണ് 2016ല്‍ ഗോഡ്‌സെ പ്രതിമ ഉദ്ഘാടനം ചെയ്തുകൊണ്ട് ഹിന്ദു മഹാ സഭയുടെ അന്നത്തെ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞത്.

ഗോഡ്‌സെയ്ക്ക് പ്രതിമ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. 2014ലാണ് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കാന്‍ ആദ്യ ശ്രമം നടക്കുന്നത്. യു.പിയിലെ മീററ്റിലടക്കം പല സ്ഥലങ്ങളിലായി അന്ന് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാ സഭയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നെങ്കിലും മീററ്റിലെ തറക്കല്ലിടല്‍ ചടങ്ങ് വലതുപക്ഷ പാര്‍ട്ടികളും പൊലീസും ചേര്‍ന്ന് തടഞ്ഞില്ലായിരുന്നെങ്കില്‍ രണ്ട് വര്‍ഷം നേരത്തെ ഇന്ത്യയിലുയരേണ്ടതാണ് ഗോഡ്‌സെ പ്രതിമ.

2017 നവംബര്‍ 15ന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഗോഡ്‌സെയ്ക്കായി ക്ഷേത്രം തന്നെ പണികഴിക്കപ്പെട്ടു. ഗോഡ്‌സെയെ ആരാധിക്കുന്നത് തുടരുമെന്നും സംസ്ഥാനത്തുടനീളം ഉള്ള ഹിന്ദുമഹാസഭയുടെ ഓഫീസുകളില്‍ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്നുമായിരുന്നു ഗ്വാളിയോറില്‍ പ്രതിമ സ്ഥാപിച്ചുകൊണ്ട് ഹിന്ദുമഹാ സഭ പറഞ്ഞത്. എന്നാല്‍ ഗ്വാളിയോര്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച പ്രതിമ അവിടെ നിന്നും എടുത്തുമാറ്റുകയാണുണ്ടായത്.

2020ല്‍ ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് മീററ്റില്‍ വീണ്ടും ഒരു ഗോഡ്‌സെ പ്രതിമ കൂടി പണികഴിക്കപ്പെട്ടു. മീററ്റിനെ ഗോഡ്‌സെ സിറ്റി എന്ന് പേരുമാറ്റണമെന്ന ആവശ്യവും ഹിന്ദുമഹാ സഭയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

2021ല്‍ ഗോഡ്‌സെയുടെ പേരില്‍ ഗ്വാളിയോറില്‍ തന്നെ ഹിന്ദുമഹാസഭ ഒരു പഠന കേന്ദ്രവും ആരംഭിച്ചു. ജ്ഞാന്‍ ശാല എന്ന് പേരിട്ട് ആരംഭിച്ച പഠനകേന്ദ്രത്തിന് രണ്ട് ദിവസത്തിനുള്ളില്‍ പൂട്ടിടേണ്ടി വന്നു.

ഗോഡ്‌സെയുടെ ജീവിതത്തെയും വീക്ഷണങ്ങളെയും കുറിച്ചുള്ള സാഹിത്യങ്ങള്‍ മാത്രമല്ല സ്റ്റഡി സെന്ററിലൂടെ ലഭ്യമാക്കാന്‍ ഹിന്ദുമഹാസഭ ആസൂത്രണം ചെയ്തിരുന്നത്. ഗോഡ്‌സെയുടെ യാത്രകള്‍, ഇന്ത്യയുടെ വിഭജനം തടയുന്നതില്‍ ഗാന്ധിയുടെ പരാജയം എന്ന വിഷയത്തില്‍ ക്ലാസുകളെടുക്കാനും അവര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ക്രമസമാധാന നില കണക്കിലെടുത്ത് അവരുടെ പുസ്തകങ്ങളും പോസ്റ്ററുകളും എല്ലാം പിടിച്ചെടുക്കുകയായിരുന്നു. പഠനകേന്ദ്രം നിര്‍ത്തലാക്കുകയുമായിരുന്നു.

രാജ്യത്തുടനീളം ഒരു ഡസണിലധികം ഗോഡ്‌സെ പ്രതിമകള്‍ പണികഴിക്കപ്പെടുകയും നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ ഗോഡ്‌സെ ആരാധാനാലയങ്ങളായി മാറിയിട്ടുണ്ടെന്നുമാണ് 2020ലെ ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

ഇപ്പോള്‍ ഗോഡ്‌സെ തൂക്കിലേറ്റപ്പെട്ട ഹരിയാനയിലെ അംബാല ജയിലില്‍ നിന്ന് കൊണ്ടുവരുന്ന മണ്ണ് കുഴച്ച് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുകയാണ് ഹിന്ദുമഹാ സഭ. ഈ പ്രതിമയും ഗ്വാളിയോറിലെ മഹാസഭ ഓഫീസില്‍ സ്ഥാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ഒരു രാഷ്ട്രപതി മാത്രമല്ല ഇന്ത്യയ്ക്ക് ഉള്ളതെന്നടക്കം ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്തിയ പ്രധാന്യത്തെ കുറച്ചുകാണിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് തന്നെ ചെറുക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അത്തരത്തിലുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നതും ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്നതിന് ആക്കം കൂട്ടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in