കുടുംബശ്രീയില്‍ കൈകോര്‍ത്തു, കാന്തല്ലൂരില്‍ സമത്വത്തിന്റെ വിളവെടുപ്പ്

കുടുംബശ്രീയില്‍ കൈകോര്‍ത്തു, കാന്തല്ലൂരില്‍ സമത്വത്തിന്റെ വിളവെടുപ്പ്

'പെണ്ണുങ്ങള്‍ അടിമകളെ പോലെ തന്നെയായിരുന്നു. എല്ലാരും കൃഷിപ്പണിയെടുക്കും. മറ്റുള്ളവരുടെ പറമ്പിലാണ് പണിയെങ്കില്‍ ആണുങ്ങള്‍ക്ക് കൊടുക്കുന്നതിന്റ പകുതി പൈസയാണ് കിട്ടിയത്. കുടുംബത്തിലെ പറമ്പിലാണെങ്കില്‍ എല്ലാം വില്‍ക്കുമ്പോള്‍ പൈസ കിട്ടുക ആണുങ്ങള്‍ക്കാണ്. ഒരു രൂപ പോലും സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് തരില്ല. 12 വര്‍ഷമായി കുടുംബശ്രീയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. കുടുംബശ്രീ വഴി കൃഷി ചെയ്യുന്നതിനാല്‍ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ നല്ല മാറ്റമാണ്. കൃഷിയും കൂടി'.മുപ്പതുകാരി ഇന്ദ്രയുടെ വാക്കുകള്‍.

ഇന്ദ്ര
ഇന്ദ്ര

കുടുംബശ്രീയുടെ 25 വാര്‍ഷികാഘോഷത്തിന്റെ പിറ്റേദിവസമായിരുന്നു കാന്തല്ലൂരിലെ കര്‍ഷകരെ കണ്ടത്. കുടുംബശ്രീ പെണ്‍ജീവിതത്തില്‍ വരുത്തിയ മാറ്റം തേടി ഇടുക്കിയുടെ ആ വിദൂര ഗ്രാമത്തിലെ കൃഷിത്തോട്ടത്തിലെത്തിയതായിരുന്നു. അടുത്ത വിളവിറക്കുകയാണവര്‍. ഒരു മാസം മുമ്പാണ് കുടുംബശ്രീയുടെ കൃഷിക്കഥ ഇവരില്‍ നിന്നും ആദ്യമായി കേട്ടത്. ശീതകാല പച്ചക്കറി കൃഷി കഴിഞ്ഞ് അടുത്ത വിളയിടനുള്ള മണ്ണൊരുക്കുകയായിരുന്നു അന്ന് അവര്‍. ആ സീസണിലെ കൃഷി വിജയിച്ചതിന്റെ ആത്മവിശ്വാസം ആ മുഖങ്ങളിലും വാക്കുകളിലുമുണ്ടായിരുന്നു. അതേ ആത്മവിശ്വാസത്തോടെയാണ് പിന്നീട് കണ്ടപ്പോഴും സംസാരിച്ചത്. ഭൂമി മാത്രമല്ല ജീവിതവും പച്ചപിടിപ്പിക്കുകയാണവര്‍.

പുരുഷനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് സ്ത്രീകളായിരിക്കുമെന്നും എന്നാല്‍ പുരുഷന് കൊടുക്കുന്ന കൂലിയുടെ പകുതിയാണ് കിട്ടുകയെന്നും കമ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍പേഴ്‌സണും കൃഷിക്കാരിയുമായ മല്ലിക രാമകൃഷ്ണന്‍ പറയുന്നു. ഇപ്പോഴും അതില്‍ മാറ്റമില്ല. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ഏഴു മണി വരെ ജോലി ചെയ്താല്‍ 200 മുതല്‍ 300 രൂപ വരെയാണ് പെണ്ണുങ്ങള്‍ക്ക് കിട്ടുക. ബുദ്ധിമുട്ടും സങ്കടവുമുണ്ടായിരുന്നു. ആണുങ്ങളെ പോലെ പണിയെടുത്താലും കുറച്ച് പൈസയല്ലേ കിട്ടുന്നത്. പിന്നെന്തിനാ അത് ചെയ്യുന്നതെന്ന് വിചാരിച്ചു. ഞങ്ങള്‍ കുടുംബശ്രീ വഴി കൃഷി ചെയ്തു. ഞങ്ങളെല്ലാരും ചേര്‍ന്ന് ജോലി ചെയ്യും. ഭക്ഷണം വീടുകളില്‍ നിന്നും കൊണ്ടു വരും. അതുകൊണ്ട് ചിലവ് കുറവാണ്. നല്ല വില കിട്ടുന്ന സമയത്താണെങ്കില്‍ അമ്പതിനായിരം രൂപ ഒരാള്‍ക്ക് ലാഭം കിട്ടും. സ്വന്തമായും കൃഷി ചെയ്യുന്നവരുമുണ്ടെന്ന് നേരത്തെ പുരുഷന്‍മാരുടെ കൈയില്‍ നിന്നും പൈസ നമ്മള്‍ മേടിക്കണം. ഇപ്പോള്‍ അവര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നമ്മളെ കാലുപിടിച്ച് വാങ്ങിക്കും. ഇതാണ് കുടുംബശ്രീ കൊണ്ടുവന്ന മാറ്റമെന്ന് മല്ലിക കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസം കഴിയുമ്പോള്‍ നല്ല പൈസ കയ്യില്‍ കിട്ടുന്നതിനാല്‍ തങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ഗായിത്രി പറഞ്ഞു.

ദിവസക്കൂലിയേക്കാള്‍ സാമ്പത്തികമായി ലാഭമാണ് സ്ത്രീകള്‍ക്ക് കൃഷി.
ഗായിത്രി
ഗായിത്രി
ഗായിത്രി

കാന്തല്ലൂര്‍ പഞ്ചായത്തില്‍ 13 വാര്‍ഡുകളിലായി 190 കുടുംബശ്രീ ഗ്രൂപ്പുകളാണ് ഉള്ളത്. 100 ഗ്രൂപ്പുകള്‍ കൂടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നാല് മുതല്‍ പത്ത് വരെ അംഗങ്ങളാണ് ഗ്രൂപ്പുകളിലുള്ളത്. രണ്ടേക്കര്‍ വരെ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാനാണ് ശ്രമമെന്ന് മല്ലിക രാമകൃഷ്ണന്‍ വ്യക്തമാക്കി.

കൃഷി മേഖലയല്ലേ, ഇവിടെ പിന്നോട്ട് നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്യുന്നത്. സീസണിലാണ് കൃഷി. കാലാവസ്ഥയാണ് പ്രധാന പ്രശ്‌നം. ഒരു പ്രാവശ്യം വിളവ് നന്നായി കിട്ടിയില്ലെങ്കിലും അടുത്ത പ്രാവശ്യം നന്നാകും. അതുകൊണ്ടാണ് ഞങ്ങള്‍ വീണ്ടും വീണ്ടും കൃഷി ചെയ്യുന്നത്.
മല്ലിക
മല്ലിക
മല്ലിക

സജീവമായി ആദിവാസി ഗ്രൂപ്പുകളും

ആദിവാസി സ്ത്രീകളുടെ 47 കുടുംബശ്രീ ഗ്രൂപ്പുകളും പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പെട്ട 43 ഗ്രൂപ്പുകളും കൃഷി ചെയ്യുന്നുണ്ട്. മുതുവാന്‍മാരും മലപ്പുലയരുമാണ് ഇവിടുത്തെ പ്രധാന ഗോത്ര ജനത. പരമ്പരാഗത വിളയായ റാഗി, ചോളം, തിന, ചാമ, വരക്, തുവര തുടങ്ങിയ മില്ലറ്റുകളാണ് ഭക്ഷ്യ ഉല്‍പ്പന്നമായി ഇവര്‍ കൃഷി ചെയ്യുന്നത്. ആദിവാസി വിഭാഗങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ പുല്‍ത്തൈല നിര്‍മ്മാണത്തിന് ആവശ്യമായ പുല്ലും ആദിവാസി സ്ത്രീകളുടെ കുടുംബശ്രീ ഗ്രൂപ്പ് കൃഷിയിറക്കുന്നു. പുല്ല് വാറ്റി തൈലമാക്കി മാറ്റുന്നത് പുരുഷന്‍മാരാണ്.

കോവിഡ് കാലത്താണ് ഊരുകളില്‍ സ്ത്രീകളുടെ ഗ്രൂപ്പുകള്‍ കൃഷിയില്‍ സജീവമായതെന്ന് തരിശിട്ട പ്രദേശങ്ങളും അവര്‍ കൃഷിയോഗ്യമാക്കിയെന്ന് ആദിവാസികളുടെ കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്ന രേവതി പറയുന്നു.

'ആദ്യമൊക്കെ മീറ്റിംഗിന് വിളിച്ചാല്‍ വരാന്‍ മടിയുണ്ടായിരുന്നു. ഇപ്പോള്‍ ക്ലാസൊക്കെ കൊടുത്തതിന് ശേഷം മാറ്റമുണ്ട്. കൃഷി മാത്രമല്ല ആട് വളര്‍ത്തലുമുണ്ട്. വരുമാനം കൂടുതലായി ഉണ്ടായാല്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകും. മറയൂരില്‍ സ്‌പെഷ്യല്‍ ഓഫീസ് വന്നതും നല്ലതാണ്'.

ശാക്തീകരിക്കപ്പെടുന്ന പെണ്‍കര്‍ഷകര്‍

സ്ത്രീകള്‍ക്ക് സ്വന്തമായി വരുമാനം ലഭിച്ച് തുടങ്ങിയതോടെ ജീവിതം മെച്ചപ്പെട്ടെന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ കാര്‍ത്യായനി പറയുന്നു. കൂലിപ്പണിക്ക് പോയതിനേക്കാള്‍ വരുമാനം മെച്ചപ്പെട്ടിട്ടുണ്ട്. തനിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുണ്ടെന്നും കാര്‍ത്യായനി കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീയിലൂടെ കൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ജോലിയില്‍ സഹായിക്കുമെന്ന് സ്മിത. കൂലി വാങ്ങാതെയാണ് സഹായിക്കുന്നത്.

'കൂട്ടായ്മയില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്. ഞങ്ങളുടെ ഗ്രൂപ്പ് ഇന്ന് അടുത്ത ഗ്രൂപ്പിനെ സഹായിക്കും. നാളെ അവര്‍ നാളെ ഞങ്ങളുടെ പറമ്പില്‍ പണി ചെയ്യും. പരസ്പരം സാമ്പത്തികമായും സഹായിക്കുന്നുണ്ട്. പണ്ട് അങ്ങനെ അല്ലായിരുന്നു. കുടുംബത്തിലെ എല്ലാകാര്യങ്ങളും സ്ത്രീകളാണ് ചെയ്യുന്നത്. എല്ലാവരും സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചു. കുടുംബശ്രീയിലൂടെ ചെറിയൊരു നിക്ഷേപം നമുക്ക് ലഭിക്കുന്നു. ആഴ്ചയില്‍ നൂറ് രൂപ അടച്ചാലും പ്രശ്‌നമില്ല. കുടുംബത്തില്‍ വലിയ മാറ്റമാണ് ഇത് ഉണ്ടായിട്ടുള്ളത്'.

ആദിവാസി മേഖലയിലെ സ്ത്രീകളിലെ മാറ്റം സ്മിതയുടെ തന്നെ വാക്കുകളില്‍.

'മുമ്പ് പുറത്ത് നിന്നുള്ള ആരെ കണ്ടാലും അവര്‍ ഉള്‍ക്കാട്ടിലേക്ക് ഓടി ഒളിക്കും. പെണ്ണുങ്ങളെ കണ്ടാലും പുറത്തേക്ക് വരില്ല. ഇപ്പോള്‍ ആദിവാസി സ്ത്രീകളും മുന്നോട്ടേക്ക് ഇറങ്ങി വന്നു. കുടുംബശ്രീ വന്നതിന് ശേഷമാണ് ഇത്രയധികം സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങാനും തന്റേടമൊക്കെ കാണിക്കാനും തുടങ്ങിയത്'.

പുരുഷന്‍മാരുടെ അമിത മദ്യപാനമാണ് കുടുംബങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. മുമ്പ് അടിയും ബഹളവുമായിരുന്നുവെന്ന് ഇപ്പോള്‍ അത് കാര്യമാക്കാതെ ജീവിതം മുന്നോട്ട് നയിക്കാനാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഭാര്യമാരെ തല്ലിയിരുന്ന പലരും ഇപ്പോള്‍ അതിന് ധൈര്യം കാണിക്കുന്നില്ലെന്നും ഭയമാണെന്നും തമാശ മട്ടില്‍ മല്ലിക പറയുന്നു.

സംഘടിക്കുമ്പോഴുള്ള ശക്തിയും പ്രതിസന്ധികളെ മറികടക്കാനുള്ള മാനസിക കരുത്തും സ്ത്രീകള്‍ നേടിയെടുക്കുന്നുണ്ടെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ രാംനേഷ് ചൂണ്ടിക്കാണിക്കുന്നു. കുടുംബ പ്രശ്‌നങ്ങളെ പോലും ആത്മവിശ്വാസത്തോടെ നേരിടുന്നത് കാണാന്‍ കഴിയുന്നു. പുരുഷന്‍മാരെ ആശ്രയിക്കാതെ ജീവിക്കാനുള്ള ധൈര്യം കിട്ടുന്നുവെന്നതാണ് പ്രധാനം.

'കൃഷി പ്രധാന വരുമാനമാര്‍ഗ്ഗമായ ആളുകളാണ്. സംരംഭം തുടങ്ങി വിജയിപ്പിക്കുന്നതിനേക്കാള്‍ കൃഷിയിലൂടെയുള്ള വരുമാനമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തികമായി മാത്രമല്ല കൃഷി മാനസികമായ സംതൃപ്തിയും നല്‍കുന്നു. കൂട്ടായി ജോലി ചെയ്യുന്നതിനാല്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുകയും ഒറ്റപ്പെട്ട് പോകുകയും ചെയ്തല്‍ പോലും മുന്നോട്ടേക്ക് വരാന്‍ സഹായിക്കുന്നു. ഭൂമിയുടെ വിസ്തൃതി അനുസരിച്ച് സാമ്പത്തിക സഹായം നല്‍കുന്നു. ബാങ്ക് ലോണുകള്‍ക്ക് ഏഴ് ശതമാനം വരെ സബ്‌സിഡിയും കിട്ടും. ഒറ്റയ്‌ക്കോ കൂട്ടായോ കാര്‍ഷിക സംരംഭങ്ങള്‍ ഇവര്‍ക്ക് ആരംഭിക്കാം. വിത്തുല്‍പ്പാദനം, കീടനിയന്ത്രണം, വിവിധ കൃഷി രീതികള്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കുന്നു. നാട്ടുചന്തകള്‍ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റിംഗ് പിന്തുണയും നല്‍കുന്നു.

ഇടുക്കി ജില്ലയില്‍ 7111 കൃഷി ഗ്രൂപ്പുകളുണ്ട്. സ്വയം പര്യാപ്തതിയിലേക്ക് നയിക്കുകയാണ്. റിസോഴ്‌സ് പേഴ്‌സണ്‍സുണ്ട്. കര്‍ഷകരുടെ സംശയം അവരോട് ചോദിക്കാം. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരും സഹായിക്കുന്നുണ്ട്'.

വിപണി വേണം

ശാക്തീകരിക്കപ്പെടുന്നതിന്റെ ആത്മവിശ്വാസം പങ്കുവെക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങള്‍ കൂടി കാന്തല്ലൂരിലെ കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യമില്ലാത്തതാണ് ഈ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കൃഷി ചെയ്താലും വിലയിടിഞ്ഞാല്‍ വാങ്ങാന്‍ ആളുണ്ടാകില്ല. മൂന്ന് വര്‍ഷമായി ഈ പ്രതിസന്ധിയിലായിരുന്നു കാന്തല്ലൂരിലെ കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം വെളുത്തുള്ളിക്ക് വിലയില്ലാതായതോടെ വിളവെടുക്കാതെ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിച്ചു. നൂറ്റമ്പത് രൂപ ഒരു കിലോ വെളുത്തുള്ളിക്ക് നല്‍കിയാണ് വിത്തിറക്കിയത്. വിളവെടുക്കുമ്പോള്‍ പത്ത് രൂപ പോലും കിലോയ്ക്ക് നല്‍കാന്‍ ഇടനിലക്കാര്‍ തയ്യാറാവാതിരുന്നതോടെയാണ് ഇവര്‍ തോട്ടത്തില്‍ തന്നെ ഉപേക്ഷിച്ചത്. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയമാണ് പ്രധാന മാര്‍ക്കറ്റ്. ഇവിടെ കൊണ്ടുപോയി വിറ്റാലും ചിലവായ പണം മാത്രമാണ് ചിലപ്പോള്‍ ലഭിക്കുന്നത്. വില്‍ക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് ജില്ലാ മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. പരിഹാരമുണ്ടാകുമെന്നാണ് ഈ പെണ്ണുങ്ങളുടെ പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in