ഡയാലിസിസ് സെന്ററിലെയും ഐ.സി.യു വരാന്തകളിലെയും പെണ്‍ജീവിതങ്ങള്‍

ഡയാലിസിസ് സെന്ററിലെയും ഐ.സി.യു വരാന്തകളിലെയും പെണ്‍ജീവിതങ്ങള്‍

വൃക്കരോഗം ബാധിച്ച് അവയവ മാറ്റത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കാണുന്നതിനാണ് ഗ്രാമീണ മേഖലയിലെ ഒരു ഡയാലിസിസ് സെന്ററിലെത്തിയത്. നിരത്തിയിട്ട കസേരകളില്‍ മുഴുവന്‍ സ്ത്രീകള്‍. വിവിധ പ്രായത്തിലുള്ളവര്‍. എല്ലാവരും പരസ്പരം പരിചിതര്‍. ഡയാലിസിസ് മുറിയിലുള്ള ഭര്‍ത്താവിനെയോ സഹോദരനെയോ അച്ഛനെയോ കാത്തിരിക്കുകയാണ് ഈ സ്ത്രീകള്‍. ആഴ്ചയില്‍ മൂന്ന് ദിവസം നാലോ അഞ്ചോ മണിക്കൂര്‍ നീളുന്ന കാത്തിരിപ്പ്. ജോലിക്ക് പോയിരുന്നവര്‍ അത് അവസാനിപ്പിച്ചുവെന്ന് പറഞ്ഞു. ജീവിതം അകപ്പെട്ട പ്രതിസന്ധിയുടെ മുഴുവന്‍ നിസഹായതയും നാല്പതിനോടടുത്ത് പ്രായമുള്ള യുവതിയുടെ വാക്കുകളില്‍.

വിദേശത്തായിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങളായി പ്രമേഹ രോഗിയാണ്. വൃക്ക രോഗവുമായി നാട്ടില്‍ തിരിച്ചെത്തി. ചികിത്സയും ഡയാലിസിസുമായി ആശുപത്രികള്‍ കയറിയിറങ്ങുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികള്‍. ആരോഗ്യം മോശമായതിനാല്‍ വൃക്ക മാറ്റിവെക്കാന്‍ കഴിയില്ല. വരുമാനം നിലച്ചു. ഭര്‍ത്താവിന് കൂട്ട് പോകേണ്ടതിനാല്‍ ജോലിക്ക് പോകുന്നില്ല. സാമ്പത്തികമായി നല്ല നിലയില്‍ ജീവിച്ച കുടുംബം മറ്റുള്ളവരുടെ കനിവിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഒഴുകാന്‍ തുടങ്ങുന്ന കണ്ണുകള്‍ ഷാള്‍ കൊണ്ട് മറച്ച് ആ യുവതി പറഞ്ഞു, ഈ രോഗം വന്നാല്‍ പിന്നെ കുടുംബം തകര്‍ന്നു.

അവയവ മാറ്റം ചെയ്യാനുള്ള സാമ്പത്തികാവസ്ഥയിലല്ലാത്തതിനാല്‍ ഡയാലിസിസുമായി മുന്നോട്ട് പോകുന്ന അറുപതുകാരന്‍. മറ്റ് പല രോഗങ്ങളും അലട്ടുന്നതിനാല്‍ എപ്പോഴും കൂടെ നില്‍ക്കണമെന്ന് ഭാര്യ. കൂലിപ്പണിക്ക് പോലും പോകാന്‍ കഴിയുന്നില്ല. മുന്നോട്ടുള്ള ജീവിതം എങ്ങനെയാണെന്ന് അറിയില്ലെന്നും നിസഹായാവസ്ഥയില്‍ അവര്‍ പറയുന്നു.

ഈ പ്രതിസന്ധി തന്നെയായിരുന്നു അവിടെയുള്ള ഓരോ സ്ത്രീക്കും പറയാനുണ്ടായിരുന്നത്. ഡയാലിസിസ് കഴിഞ്ഞ് പുറത്തേക്ക്

വരുന്ന പ്രിയപ്പെട്ടവരെ അവര്‍ കരുതലോടെ വീടുകളിലേക്ക് കൂട്ടി കൊണ്ടു പോകുന്നത് കാണാമായിരുന്നു. ഇതേ വരാന്തയിലിരുന്ന് മറ്റൊരു കാഴ്ച കൂടി കണ്ടു. ഒറ്റയ്ക്ക് വരികയും പോവുകയും ചെയ്യുന്ന സ്ത്രീകള്‍. ഡയാലിസിസ് കഴിഞ്ഞ് അവശനിലയിലായ വൃദ്ധയുടെ ബന്ധുക്കളെ നേഴ്‌സ് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. രോഗാവസ്ഥയില്‍ ഒറ്റപ്പെട്ടു പോയതിന്റെ മുഴുവന്‍ ഭീതിയും നിസാഹായതയും ആ വൃദ്ധയുടെ മുഖത്തുണ്ട്. ശ്വാസമെടുക്കാന്‍ പോലും പ്രയാസം. ആരും മറുപടി നല്‍കാതിരുന്നതോടെ ആ നേഴ്‌സ് തന്നെ വീല്‍ചെയറിലായിരുന്ന വൃദ്ധയെ ഓട്ടോയില്‍ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. പ്രായമായ വേറെയും സ്ത്രീകളുണ്ട്. അവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ മറ്റ് രോഗികളുടെ കാത്തിരിപ്പുകാര്‍ ചായയും വെള്ളവുമെല്ലാം നല്‍കുന്നതും ഇവിടെ കാണാം. ദുരിതകാലങ്ങളിലെ പരസ്പര കൈതാങ്ങല്‍.

മറ്റൊരു രോഗിയുടെ വാക്കുകള്‍

വര്‍ഷങ്ങളോളം ഡയാലിസിസ് ചെയ്യുന്ന അമ്മമാരുണ്ട്. നാലുമണിക്കൂര്‍ ഡയാലിസിസ് ചെയ്ത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആ വരാന്തയിലേക്ക് അവരങ്ങ് വീഴുകയാണ്. പിന്നെ മണിക്കൂറുകള്‍ കഴിഞ്ഞാണ് അവര് എഴുന്നേറ്റ് പോകുന്നത്. ഒറ്റയ്ക്ക് വന്ന് ഡയാലിസിസ് ചെയ്ത് ഒറ്റയ്ക്ക് തിരിച്ച് പോകുന്നു. ഭര്‍ത്താവോ മക്കളോ സഹോദരങ്ങളോ ഡയാലിസിസ് ചെയ്യാന്‍ വന്നാല്‍ അമ്മമാരോ ഭാര്യമാരോ സഹോദരിമാരോ മണിക്കൂറുകളോളം പുറത്ത് കാത്ത് നില്‍ക്കുകയാണ്. അഞ്ച് മണിക്കൂറ് ആശുപത്രി വരാന്തയില്‍ അവരിങ്ങനെ ഇരിക്കും. ഡയാലിസിസ് ചെയ്യുമ്പോള്‍ അഞ്ച് മണിക്കൂറ് വെള്ളമോ ഭക്ഷണോ ഇല്ലാതെ കിടക്കുകയല്ലേ. സ്ത്രീകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ആരും ഉണ്ടാകില്ല. പുരുഷന്‍മാര്‍ക്കാണെങ്കില്‍ പുറത്ത് സ്ത്രീകള്‍ ആരെങ്കിലും ഭക്ഷണവും വെള്ളവും കരുതി വെച്ചിട്ടുണ്ടാകും. ഇതിനൊരു മാറ്റവും കാണുന്നില്ല.

അസുഖം വന്നാല്‍ ഭാര്യമാരെ വേണ്ട, എത്ര പേരാണ് ഇങ്ങനെയെന്ന് ചോദിക്കുന്നു ചികിത്സയിലുള്ള യുവതി. ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ പോകുമ്പോള്‍ ഇതൊന്നും പുതുമയില്ല. വൃക്ക മാറ്റിവെക്കലിനായിട്ട് ആറുമാസത്തോളം ആശുപത്രിയിലുണ്ടായിരുന്നു. ഒരു തവണ പോലും ആണുങ്ങള്‍ സ്ത്രീകള്‍ക്ക് വൃക്ക കൊടുക്കുന്നത് കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ ഓപിയില്‍ പോയപ്പോള്‍ വൃക്ക മാറ്റിവെച്ച 57 പേരാണ് ഡോക്ടറെ കാണിക്കാന്‍ വന്നിരിക്കുന്നത്. ഇതില്‍ 47 പേര്‍ക്കും അമ്മമാരോ ഭാര്യമാരോ ആണ് വൃക്ക നല്‍കിയിരിക്കുന്നത്. സഹോദരങ്ങളോ അച്ഛനോ കൊടുത്തതായി അവിടെ ആരും പറയുന്നത് കേട്ടില്ല.നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ഒരു വിലയുമില്ല.

അവയവ മാറ്റം- ചൂഷണവും കൊള്ളയും കാത്തിരിപ്പും അവസാനിക്കണം

സംസ്ഥാനത്തെ അവയവ കൈമാറ്റത്തില്‍ വലിയ ലിംഗ അനീതിയും ചൂഷണവും കൊള്ളയും നടക്കുന്നുവെന്നാണ് ദ ക്യു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. (ഇതിനെക്കുറിച്ച് ദ ക്യു ചെയ്ത വാര്‍ത്ത) രോഗിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ആശുപത്രി വരാന്തകളില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍. പുരുഷന്‍ അവയവം ദാനം നല്‍കാന്‍ അമ്മയും ഭാര്യയും സഹോദരിയും മകളും തയ്യാറാകുമ്പോള്‍ ഏതെങ്കിലുമൊരു രക്ത ബന്ധുവിന്റെ കനിവിനായി കാത്തിരിക്കുന്ന സ്ത്രീകള്‍. സ്വകാര്യ ആശുപത്രികളിലെ അവയവ മാറ്റത്തിനുള്ള ഭാരിച്ച ചികിത്സ ചിലവ് താങ്ങാനാവില്ലെന്ന് ഉറപ്പിനാല്‍ ഡയാലിസിസിലൂടെ നീട്ടിക്കിട്ടുന്ന ജീവിതവുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നവര്‍. മരണാനന്തര അവയവ കൈമാറ്റ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന കേരള സ്‌റ്റേറ്റ് ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസഷന്റെ (കെസോട്ടോ) മെയ് 16 വരെയുള്ള കണക്ക് പ്രകാരം 2278 പേരാണ് വൃക്കയ്ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ലിംഗ വിവേചനവും മറ്റ് ചൂഷണങ്ങളും അവസാനിക്കണമെങ്കില്‍ മരണാനന്തര അവയവ ദാന കൂടുതലായി നടക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കും- മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സര്‍ക്കാര്‍ അവയവ മാറ്റത്തിന് വേണ്ടി മാത്രം ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് ആരംഭിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും നടത്തുന്നു. ഇത് സംബന്ധിച്ച് വലിയ തെറ്റിദ്ധാരണ സമൂഹത്തിനുണ്ട്. അത് നീക്കണം. തെറ്റിദ്ധാരണ മാറ്റാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അതിനുള്ള ക്യാമ്പെയിന്‍ ആരംഭിക്കുകയാണ്. മരണാനന്തര അവയവ ദാനത്തിന് തയ്യാറാകുന്ന കുടുംബങ്ങളോട് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്.

ബ്രെയിന്‍ ഡെത്ത് തുറന്ന് പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം- ഡോ: നോബിള്‍ ഗ്രീഷ്യസ് (കെസോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍)

എല്ലാതരം ഡോക്ടര്‍മാര്‍ കുറച്ച് കൂടി സഹകരിക്കണം. ബ്രയിന്‍ ഡെത്ത് ആണെന്ന് പറയാന്‍ തയ്യാറാകണം. അത് കൊണ്ട് മാത്രമേ മരണാനന്തര അവയവ ദാനം കൂടുതലായി നടക്കുകയുള്ളു. ആശുപത്രികളില്‍ യോഗം വിളിച്ച് ഇക്കാര്യം ആവശ്യപ്പെടും. കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ റോഡപകട മരണങ്ങള്‍ ഒരു വര്‍ഷം നാലായിരത്തോളമുണ്ടാകും. ഇതില്‍ ആയിരം പേരെങ്കിലും ആശുപത്രിയില്‍ കിടന്ന് മസ്തിഷ്‌ക മരണം എന്ന ഘട്ടത്തിലൂടെ കടന്നുപോയിട്ടാകും മരണം സംഭവിക്കുന്നത്. ഈ ആയിരം പേരില്‍ ഇരുന്നൂറ് പേരെങ്കിലും അവയവ ദാനം ചെയ്യാന്‍ പറ്റുന്നവരായിരിക്കും. അതിലൂടെ നാന്നൂറ് വൃക്ക ദാനം ചെയ്യാം കഴിയും. ലിസ്റ്റില്‍ പേര് ചേര്‍ത്ത് കാത്തിരിക്കുന്ന 2000 പേരില്‍ നാലിലൊന്ന് പേരുടെ ആവശ്യം ഒരു വര്‍ഷം കൊണ്ട് നിറവേറ്റാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ബന്ധുക്കളില്‍ നിന്നോ, സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരെ പണമോ മറ്റ് പ്രലോഭനങ്ങളോ നല്‍കി വൃക്കയെടുക്കേണ്ട സാഹചര്യം ഇല്ലാതാക്കാം. ഇങ്ങനെ അവയവം എടുക്കുന്നവര്‍ പിന്നീടുള്ള കാലം ഒറ്റ വൃക്കയുമായി ജീവിക്കുന്നത് ഒഴിവാക്കാന്‍ കഴിയും.

അവയവ മാറ്റത്തിലെ ലിംഗ അനീതിയെക്കുറിച്ച് ദ ക്യു ചെയ്ത വാര്‍ത്തകള്‍ ഇവിടെ വായിക്കാം

1അവയവം നൽകാൻ അവൾ മാത്രം മതിയോ? അവയവ ദാനത്തിലെ ലിംഗ അനീതി

2. വൃക്കയ്ക്കായി നീളുന്ന കാത്തിരിപ്പ്; പ്രതിസന്ധിയിലായ മരണാനന്തര അവയവ ദാനം

3.വൃക്ക രോഗം ബാധിച്ചാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ചികിത്സ കിട്ടുന്നത് കുറവാണ്: ഡോക്ടര്‍ എം. ശ്രീലത അഭിമുഖം

4.മസ്തിഷ്‌ക മരണത്തിലൂടെയുള്ള അവയവദാനം കുറഞ്ഞു; വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും

Related Stories

No stories found.
logo
The Cue
www.thecue.in