കക്കൂസ്‌കുഴിക്ക് മുകളിലെ ചക്ലിയ പെണ്‍ജീവിതം

മൂന്ന് സെന്റിലെ രണ്ടുമുറി വീട്ടില്‍ പതിനാല് ജീവനുകള്‍ക്ക് കിടക്കാന്‍ ഇടം തികയാതെ വന്നതോടെയാണ് പാലക്കാട് മുതലമട അംബേദ്ക്കര്‍ കോളനിയിലെ മുപ്പത്തിനാലുകാരിയായ വള്ളി കക്കൂസ് ടാങ്കിന് മുകളിലേക്ക് താമസം മാറ്റിയത്. കക്കൂസിന്റെ ചുമരിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ തന്നെയാണ് വെപ്പും കിടപ്പും. നിന്നു തിരിയാന്‍ ഇടമില്ലാത്ത മുറിയില്‍ നിലത്ത് പായ വിരിച്ചാണ് വള്ളിയും ഭര്‍ത്താവും ഉറക്കം. മക്കള്‍ രാത്രി മുത്തശ്ശിക്കൊപ്പം. അമ്മയ്ക്കൊപ്പം എന്ന് ഉറങ്ങാന്‍ പറ്റുമെന്നാണ് മക്കള്‍ ചോദിക്കുന്നതെന്ന് പറയുമ്പോള്‍ വള്ളിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. മഴ തുടങ്ങിയാല്‍ സെപ്റ്റിക് ടാങ്കിലെ മലിനജലം മുറിയിലേക്കെത്തും. അത് തുടച്ച് മാറ്റിയാണ് കിടക്കുക. ചുവരുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. സങ്കടപ്പെയ്ത്തിനിടയിലും വള്ളി ഉറപ്പിച്ച് പറയുന്നുണ്ട്, താനും തലമുറകളും അനുഭവിച്ച അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും മക്കളെ വിട്ടുകൊടുക്കില്ലെന്ന്. കൗണ്ടര്‍മാരുടെ വീടുകളില്‍ അടിമ വേല ചെയ്യാന്‍ തന്റെ മക്കളെ അനുവദിക്കില്ലെന്ന്.

2008 മുതല്‍ പാലക്കാട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ചക്ലിയ വിഭാഗങ്ങള്‍ നേരിടുന്ന ജാതിവിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പലതവണ കണ്ടിട്ടുണ്ട് വള്ളിയുടേതിന് സമാനമായ അനുഭവങ്ങളെ. എന്നാല്‍ ദളിതരുള്‍പ്പെടെയുള്ളവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുവെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുന്നിടത്ത്, കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിലാണ് വള്ളി കക്കൂസ് ടാങ്കിന് മുകളില്‍ ഏത് നിമിഷവും നിലംപൊത്തി വീഴാവുന്ന ഒറ്റമുറിയില്‍ കഴിയുന്നത്. വീട് വേണമെന്നാവശ്യപ്പെട്ട് 94 ദിവസം മുതലമട പഞ്ചായത്തിലും 8 ദിവസം പാലക്കാട് കളക്ട്രേറ്റിന് മുന്നിലും സമരം നടത്തിയ ദളിതരില്‍ വള്ളിയുമുണ്ടായിരുന്നു. മുട്ടിലിഴഞ്ഞും തല മുണ്ഡനം ചെയ്തും ശയനപ്രദക്ഷിണം നടത്തിയും അധികൃതരുടെ കാരുണ്യം കാത്ത് കിടന്നു ദളിത് കുടുംബങ്ങള്‍. ഒടുവില്‍ സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ട് സമരം അവസാനിപ്പിച്ചു. വീടിനുള്ള അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും പ്രതീക്ഷ നല്‍കുന്ന മറുപടികളില്ലെന്നാണ് വള്ളിയുടെ പരാതി.

ചക്ലിയ വിഭാഗം നേരിടുന്ന ജാതി വിവേചനത്തിന്റെ തുടര്‍ച്ചയാണ് ഭവനപദ്ധതികളില്‍ നിന്നുള്‍പ്പെടെ ഒഴിവാക്കപ്പെടുന്നതെന്ന് വള്ളി ആരോപിക്കുന്നു. ഇടതുപക്ഷം തുടര്‍ച്ചയായി ഭരിക്കുന്ന പഞ്ചായത്തില്‍ ദളിതര്‍ക്കെതിരായ ജാതി വിവേചനവും തൊട്ടുകൂടായ്മയും അവസാനിപ്പിക്കാന്‍ കഴിയാത്തതെന്ത് കൊണ്ടാണെന്നും വള്ളി ചോദിക്കുന്നു. പത്ത് വയസ്സില്‍ കൗണ്ടറുടെ വീട്ടില്‍ ജോലിക്ക് പോയപ്പോള്‍ തനിക്ക് ചായ തന്നത് ചിരട്ടയിലാണ്. ചക്ലിയ വിഭാഗത്തില്‍പ്പെട്ടവരുടെ മുടി വെട്ടാന്‍ തയ്യാറാവാത്ത ബാര്‍ബര്‍ ഷോപ്പുകളും ഇപ്പോഴുണ്ട്. കൗണ്ടര്‍മാരുടെ വീടുകളിലെ അടിമപ്പണി ഉപേക്ഷിച്ച തനിക്ക് ജോലി തന്നതിനാല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരില്ലെന്ന് ഉടമയെ ഭീഷണിപ്പെടുത്തി.

(വള്ളിയുടെ ജീവിതം അവള്‍ തന്നെ പറയുന്നു വീഡിയോയില്‍)

ചക്ലിയ വിഭാഗം നേരിടുന്ന ജാതി വിവേചനം

പാലക്കാട് ജില്ലയുടെ അതിര്‍ത്തി മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗമായ ചക്ലിയര്‍ പതിറ്റാണ്ടുകളായി ജാതിവിവേചനവും തൊട്ടുകൂടായ്മയും അനുഭവിക്കുന്നവരാണ്. അട്ടപ്പാടിയിലെയും ജില്ലയുടെ കിഴക്കന്‍ മേഖലയിലെയും ചക്ലിയര്‍ക്ക് പൊതുശ്മശാനത്തില്‍ പോലും അടുത്തിടെ വരെ വിലക്കുണ്ടായിരുന്നു. അട്ടപ്പാടിയിലെ പൊതുശ്മശാനം കഴിഞ്ഞ വര്‍ഷമാണ് വലിയ പ്രതിഷേധത്തിനൊടുവില്‍ 'പൊതു'വാക്കി ഉത്തരവിറക്കിയത്.

വടകരപ്പതിയില്‍ ആദിവാസികളെയും ദളിതരെയും അടിമകളാക്കി നിലനിര്‍ത്തുകയാണ് ഭൂവുടമകളായ കൗണ്ടര്‍മാര്‍. 2019 നവംബര്‍ 14-ന് ദ ക്യു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇവിടെ ജാതി മാത്രമേയുള്ളു, മനുഷ്യരെ ആരും കാണുന്നില്ലെന്ന് പറഞ്ഞ അന്നത്തെ 12 വയസ്സുകാരന്‍ ആ മേഖലയില്‍ ദളിതര്‍ നേരിടുന്ന ജാതി വിവേചനത്തിന്റെ ഇരയായിരുന്നു. ചെറുത്ത് നില്‍ക്കുന്നവരെ ഊരുവിലക്കിയും മര്‍ദ്ദിച്ചും പീഡിപ്പിച്ചും അടിച്ചമര്‍ത്തുന്നു. പൊതുശ്മശാനങ്ങള്‍ മാത്രമല്ല ദളിതരുടെ പണം കൂടി ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സില്‍ അവരുടെ മൃതദേഹം കയറ്റില്ലെന്നും അന്നവര്‍ തുറന്നു പറഞ്ഞു. അടിമകളാകാനില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വങ്ങളുമുണ്ടെന്നതാണ് പാലക്കാടന്‍ അതിര്‍ത്തികളിലെ ജാതിവിവേചനം അവസാനിക്കാത്തതിന് കാരണം.

അമ്പലവും കുടിവെള്ളപൈപ്പും രണ്ട്

മുതലമട അംബേദ്ക്കര്‍ കോളനിയിലെത്തിയാല്‍ ആദ്യം കാണുന്ന ക്ഷേത്രത്തില്‍ കൗണ്ടര്‍മാരും ചെട്ടിയാര്‍മാരും ഉള്‍പ്പെടുന്നവര്‍ക്കാണ് പ്രവേശനം. ദളിതരുടെ ദൈവം കോളനിയുടെ പുറകിലാണ്. മധുരവീരന്‍ കോവില്‍ അവര്‍ക്കായി അവര്‍ തന്നെ നിര്‍മ്മിച്ചതാണ്. മുതലമടയില്‍ മാത്രമല്ല, കൊഴിഞ്ഞാമ്പാറ, വടകപ്പതി, എരിത്യേമ്പതി, ചെമ്മാണമ്പതി, ഗോപാലപുരം എന്നീ മേഖലകളിലും ദളിതര്‍ക്കായി പ്രത്യേക ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം വേണമെന്ന ആവശ്യം ഉയരാറുണ്ടെങ്കിലും ജീവിതമാര്‍ഗം തന്നെ അടഞ്ഞുപോകാന്‍ തുടങ്ങി. ജാതിവിവേചനവും അയിത്തവും നിലനില്‍ക്കുന്നുവെന്ന് അത് അനുഭവിക്കുന്നവര്‍ തുറന്ന് പറയുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും അതില്ലെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ടെത്തല്‍. ഇതെല്ലാം തന്നെ പ്രതിഷേധിച്ചവരെ നിശ്ശബ്ദരാക്കി മാറ്റുകയാണ്. ആ നിശ്ശബ്ദതയിലെ ഭയം വ്യക്തവുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in