

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ്ങ് സെന്‍ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ്ങ് സെന്‍റേഴ്സ് ആൻഡ് റീട്ടെയ്ലേർസ്, മിന മേഖലയിലെ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ ആയി വി നന്ദകുമാറിനെ തെരഞ്ഞെടുത്തു. ദുബായിൽ നടന്ന റീട്ടെയ്ൽ കോൺഗ്രസ് മിന 2025 ലായിരുന്നു പ്രഖ്യാപനം. റീട്ടെയ്ൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന സുപ്രധാന അംഗീകാരമാണ് റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ.
റീട്ടെയ്ൽ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും ഭാഗമായ റീട്ടെയ്ൽ കോൺഗ്രസ് 2025 നൽകുന്ന ഈ അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതെന്നും വി നന്ദകുമാർ പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറാണ്. 25 വർഷത്തിലേറെയായി മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് രംഗത്തെ മുഖമാണ് അദേഹം. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ റീട്ടെയ്ൽ വളർച്ചയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. റീട്ടെയ്ൽ മേഖലയുടെ മുന്നേറ്റത്തിനും വളർച്ചയ്ക്കും നന്ദകുമാർ നടപ്പാക്കിയ നയങ്ങൾ മാതൃകാപരമെന്ന് എം.ഇ.എസ്.സി.ആർ വിലയിരുത്തി. ബ്രാൻഡ് ലീഡർഷിപ്പ്, സുസ്ഥിരത, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നൂതന സാങ്കേതിക എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ മേഖലയുടെ ഭാവിവളർച്ചയ്ക്ക് കൂടി വേഗതപകരുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മാർക്കറ്റിങ്ങ് പ്രൊഫഷണലായി ഫോബ്സ് മാസികയും ഖലീജ് ടൈസും വി നന്ദകുമാറിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. എം.ഇ.എസ്.സി.ആർ റീട്ടെയ്ൽ കോൺഗ്രസ് 2025ൽ, റീട്ടെയ്ൽ രംഗത്തെ മുൻനിര ഗ്രൂപ്പുകൾ, മാൾ ഡെവലപ്പേഴ്സ്, സീനിയർ പ്രൊഫഷണലുകൾ അടക്കമുള്ളവർ പങ്കെടുത്തു. ലുലു ഗ്രൂപ്പിനെ കൂടാതെ, മാജിദ് അൽ ഫുതൈം, എമാര്‍ മാൾസ്, ലാന്‍ഡ്‌മാര്‍ക്ക് ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളെ ആദരിച്ചു. റീട്ടെയ്ലർ ഓഫ് ദി ഇയർ, ഷോപ്പിങ്ങ് സെന്‍റർ ഓഫ് ദി ഇയർ, സസ്റ്റൈനബിളിറ്റി ഇനീഷേറ്റീവ് ഓഫ് ദി ഇയർ, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങളും സമ്മാനിച്ചു. മിന മേഖലയുടെ മാറുന്ന റീട്ടെയ്ൽ രീതികളും ഷോപ്പിങ്ങ് ശൈലികളും വെല്ലുവിളികളും റീട്ടെയ്ൽ കോൺഗ്രസിൽ ചർച്ചയായി.