പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ
Published on

പുതുവർഷത്തെ സ്വാ​ഗതം ചെയ്യാൻ​ഗംഭീര ആഘോഷങ്ങളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയും (ഷുറൂഖ്) ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റിയും ചേർന്ന് വിവിധ വിനോദകേന്ദ്രങ്ങളിലായി പ്രത്യേക കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും. സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോ​ഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്. അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിങ്ങനെ മൂന്നിടങ്ങളിലായി പത്തു മിനിറ്റ് വീതം നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. സൗജന്യ പ്രവേശനമുള്ള ഇവിടങ്ങളിൽ രാത്രി എട്ടു മണി തൊട്ട് വേറെയും കലാപരിപാടികൾ ഒരുക്കുന്നുണ്ട്. മെലീഹ നാഷനൽ പാർക്ക്, അൽ നൂർ ഐലൻഡ്, അൽ മുൻതസ പാർക്ക്, ഷാർജ ബോട്ട്സ് തുടങ്ങി, ഷാർജയിലെ വൈവിധ്യമാർന്ന മറ്റുവിനോദകേന്ദ്രങ്ങളിലും പുതുവർഷത്തെ സ്വാ​ഗതം ചെയ്യുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

എമിറേറ്റിന്‍റെ മൂന്ന് ഭാ​ഗങ്ങളിലായുള്ള കരിമരുന്ന് പ്രയോ​ഗം

ന​ഗരമധ്യത്തിൽ നിലകൊള്ളുന്ന അൽമജാസ് വാട്ടർഫ്രണ്ടിൽ, ഖാലിദ് തടാകത്തിന്‍റെ കരയിലെ പുതുവർഷ ആഘോഷങ്ങൾ പ്രവാസി സമൂഹത്തിലടക്കം വളരെ പ്രശസ്തമാണ്. ജലധാരയും കരിമരുന്ന് പ്രയോ​ഗവും തത്സമയ കലാപരിപാടികളുമെല്ലാം സമ്മേളിക്കുന്ന ഇവിടത്തെ ആഘോഷങ്ങൾ രാത്രി എട്ടു മണിയോടെ ആരംഭിക്കും. വിശാലമായ കോർണിഷും കുടുംബസമേതം ചെന്നെത്താനുള്ള സൗകര്യവുമാണ് ഇവിടെത്ത ആഘോഷത്തെ കൂടുതൽ ജനകീയമാക്കുന്നത്. കരയിൽ നിന്നുള്ള കാഴ്ച മാത്രം പോരാ എന്നു തോന്നുവർക്കായി ഖാലിദ് തടാകത്തിലൂടെയുള്ള പ്രത്യേക ബോട്ട് യാത്രയും ഇത്തവണയുണ്ട്. പത്തു പേരെ ഉൾക്കൊള്ളാവുന്ന 12 ബോട്ടുകളാണ് ഇതിനായി സജ്ജമാക്കുന്നത്. രാത്രി 11.30 തൊട്ട് 12.15 വരെ, 45-മിനുറ്റ് ദൈർഘ്യമുള്ള ബോട്ട് യാത്രയിൽ ആകാശത്തെ വർണശബളമാക്കുന്ന കരിമരുന്ന് പ്രയോ​ഗം അടുത്തു കാണാം. മുൻകൂർ ബുക്ക് ചെയ്യുന്നവർക്കാണ് ഇതിന് അവസരമുണ്ടാവുക

അജ്മാൻ എമിറേറ്റിനോട് ചേർന്ന്, മൂന്നര കിലോമീറ്റർ നീളമുള്ള അൽ ഹീറ ബീച്ചിലും ഇത്തവണ ആഘോഷങ്ങൾ പൊടിപൊടിക്കും. കടൽത്തീരത്തെ 18ലേറെ റസ്റ്ററന്റുകളിൽ നിന്ന് രുചി നുണയുന്നതോടൊപ്പം കരിമരുന്ന് പ്രയോ​ഗം കാണാനുള്ള അവസരവുമുണ്ട്. ന​ഗരത്തിൽ നിന്ന് മാറി, കിഴക്കൻ തീരത്തുള്ളവർക്കും സമാനമായ പുതുവർഷ രാവും ആഘോഷങ്ങളും ഒരുക്കാനായിട്ടാണ് ഖോർഫക്കാൻ ബീച്ചിലെ ആഘോഷങ്ങൾ. കലാപരിപാടികളോടൊപ്പം, യുഎഇയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഖോർഫക്കാനിലെ 22ലേറെ റസ്റ്ററന്റുകളും പുതുവത്സരരാവിലേക്ക് പ്രത്യേകം തയാറെടുക്കുന്നുണ്ട്.

പുതുവർഷത്തിലേക്ക് കൗണ്ട് ഡൗൺ ചെയ്യുന്ന, പത്തുമിനുറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രയോ​ഗമാണ് മൂന്നിടങ്ങളിലും അരങ്ങേറുക.

തിരക്കുകളിൽ നിന്നുമാറി, ശാന്തമായി പുതുവത്സരരാവിന്‍റെ നിറങ്ങൾ ആഘോഷിക്കാനുള്ള അവസരമാണ് അൽനൂർ ഐലൻഡ് ഒരുക്കുന്നത്. ദ്വീപിന്‍റെ കരയിലെ മണൽതിട്ടയിൽ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിലിരുന്ന്, അൽ മജാസ് വാട്ടർഫ്രണ്ടിലെ കരിമരുന്ന് പ്രയോ​ഗം കാണാം, ഷാർജ ന​ഗരത്തിന്‍റെ മനോ​ഹരദൃശ്യങ്ങൾ ആസ്വദിക്കാം, രുചികരമായ ഭക്ഷണം ആസ്വദിക്കാം. 30 മേശകളിലായി 120 പേർക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. മരുഭൂമിയിലെ മനോഹരകാഴ്ചകളുടെ പശ്ചാത്തലത്തിലാണ് മെലീഹ നാഷനൽ പാർക്കിലെ പുതുവത്സര ആഘോഷം. ‘ന്യൂ ഇയർ അണ്ടർ ദി സ്റ്റാർസ്’ എന്ന പ്രത്യേക പരിപാടി ഡിസംബർ 31 വൈകുന്നേരം തൊട്ട് പുതുവർഷപ്പുലരി വരെ നീണ്ടു നിൽക്കും. ടെന്റുകളിലെ താമസവും സംഗീതവും കലാപ്രകടനവും വാനനിരീക്ഷണവും വിജ്ഞാനപ്രദമായ സെഷനുകളും ഒട്ടകസവാരിയും ആർച്ചറിയടക്കമുള്ള വിനോദങ്ങളുമെല്ലാമായി പ്രകൃതിയും സംസ്കാരവും സാഹസികതയുമെല്ലാം സമ്മേളിക്കുന്നതാണ് ഇവിടത്തെ ആഘോഷം. രുചികരമായ ഭക്ഷണവും ഇതോടൊപ്പമുണ്ടാവും.

കുടുംബങ്ങൾക്കും കുട്ടികൾക്കുമെല്ലാം ആസ്വാദ്യകരവും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായവിധത്തിലാണ് ഷുറൂഖിന്‍റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ ഒരുങ്ങുന്നത്. അവസാന നിമിഷങ്ങളിലെ തിരക്കുകളൊഴിവാക്കാനും സൗകര്യങ്ങൾ നേരത്തേ ഉറപ്പിക്കാനും താത്പര്യപ്പെടുന്നവർക്ക് ഷൂരൂഖ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാനുളള സൗകര്യമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in