

ഡോ. പി എ ഇബ്രാഹിം ഹാജിയുടെ ദീർഘ വീക്ഷണം പ്രശംസനീയമെന്ന് യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. 1966-ൽ യുഎഇയിലെത്തിയ ഡോ. പി എ ഇബ്രാഹിം ഹാജി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകള്‍ നിസ്തുലമാണ്. പേസ് ഗ്രൂപ്പിന്‍റെ 25 വർഷത്തെ യാത്ര അദ്ദേഹത്തിന്‍റെയും കാഴ്ചപ്പാടിന്‍റെയും അർപ്പണബോധത്തിന്‍റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് മുഹൈസ്‌നയിലെ എത്തിസലാത്ത് അക്കാദമിയിൽ 'പേസ് സിൽവിയോറ' എന്ന പേരിൽ നടന്ന ആഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വത്തിൽ യുഎഇ വിദ്യാഭ്യാസത്തിനും മാനുഷിക ശാക്തീകരണത്തിനും നൽകുന്ന പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
6,000-ത്തിലധികം പേർ പങ്കെടുത്ത ഈ ചടങ്ങിൽ പേസ് ഗ്രൂപ്പിന്‍റെ നേതൃത്വവും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നു. പേസ് ഗ്രൂപ്പ് ബോർഡ് അംഗങ്ങളായ അബ്ദുൾ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരും ആസിഫ് മുഹമ്മദ്, മലയിൽ മൂസക്കോയ, അഹമ്മദ് കുട്ടി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദീർഘകാലമായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന 743 ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. 30, 20, 10, 5 വർഷം പൂർത്തിയാക്കിയവർക്ക് സ്വർണ്ണനാണയങ്ങളും സ്മാരക ചിഹ്നങ്ങളും സമ്മാനിച്ചു. 25 വർഷം പൂർത്തിയാക്കി ലോയൽറ്റി അവാർഡ് നേടിയവർക്ക് ഷെയ്ഖ് നഹ്യാൻ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു. പേസ് ഗ്രൂപ്പ് സ്ഥാപകനും അന്തരിച്ച ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതയാത്രയും ദർശനങ്ങളും ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ പിതാവിന്‍റെ ദർശനങ്ങൾ പിന്തുടരുമെന്നും വിദ്യാഭ്യാസ ദൗത്യം ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും പി എ ഇബ്രാഹിം ഹാജിയുടെ കുടുംബം വ്യക്തമാക്കി.നിലവിൽ യുഎഇ, ഇന്ത്യ, കുവൈറ്റ് എന്നിവിടങ്ങളിലായി 20-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പേസ് ഗ്രൂപ്പിനുണ്ട്. 85 രാജ്യങ്ങളിൽ നിന്നുള്ള 36,000 വിദ്യാർത്ഥികൾ ബ്രിട്ടീഷ്, ഇന്ത്യൻ കരിക്കുലങ്ങളിലായി ഇവിടെ പഠിക്കുന്നു.