ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം
Published on

ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മേളയിലെ അതിഥി രാജ്യമായ ഗ്രീസില്‍ നിന്നുളള വിശിഷ്ട സംഘത്തെ സുല്‍ത്താന്‍ സ്വാഗതം ചെയ്തു. ശാസ്ത്രം, സാഹിത്യം, കല, മാധ്യമം എന്നിവ ഉൾക്കൊള്ളുന്ന 44 വാല്യങ്ങളുളള അറബിക് എന്‍സൈക്ലോ പീഡിയയുടെ ആദ്യഘട്ടം അദ്ദേഹം പ്രകാശനം ചെയ്തു. രണ്ടാം ഘട്ടം 2026 നവംബറിലും മൂന്നാം ഘട്ടം 2027 നവംബറിലും നാലാം ഘട്ടം 2028 നവംബറിലും പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമകാലിക തലമുറയെ അവരുടെ പൂർവ്വികരുടെ ചരിത്രവുമായി അറബിക് എന്‍സൈക്ലോ പീഡിയ ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2350 പ്രസാധകരും 250 എഴുത്തുകാരുമുള്‍പ്പടെ നിരവധി പ്രമുഖർ നവംബർ 16 വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമാകും. 1200 കലാസാംസ്കാരിക പരിപാടികള്‍ 44 മത് ഷാർജ പുസ്തകമേളയുടെ ഭാഗമായി നടക്കും. പുസ്തകവും നിങ്ങളും തമ്മില്‍ എന്ന ആശയത്തിലാണ് പുസ്തകമേള നടക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ ജീവിതത്തിന് അംഗീകാരമായി ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ മുഹമ്മദ് സല്‍മാവിയെ സാംസ്കാരിക വ്യക്തിത്വമായി ആദരിക്കും.

750 വർക്ക് ഷോപ്പുകള്‍ ഉള്‍പ്പടെ 1200 ഓളം പരിപാടികള്‍ പുസ്തകമേളയിലുണ്ടാകും. അറബിക് ഗ്രീക്ക് ഇംഗ്ലീഷ് റഷ്യന്‍ ഉറുദു പഞ്ചാബി മലയാളം തഗലോഗ് ഭാഷകളില്‍ പോയട്രി കഫേയുമുണ്ടാകും. പോപ് അപ് അക്കാദമി, യുകെസ് പോയട്രി ഫാർമസി, പോഡ്കാസ്റ്റ് സ്റ്റേഷന്‍ എന്നിവയാണ് ഇത്തവണത്തെ പുതുമകള്‍.

പുസ്തകമേളയിലേക്കുളള പ്രവേശനം സൗജന്യമാണ്. ഞായർ മുതല്‍ ബുധന്‍ വരെ രാവിലെ 10 മുതല്‍ രാത്രി 10 മണിവരെയാണ് എക്സ്പോ സെന്‍ററിലേക്കുളള പ്രവേശനം. വ്യാഴാഴ്ചയും വെളളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മുതല്‍ രാത്രി 11 വരെ വെള്ളിയാഴ്ച വൈകീട്ട് 4 മുതല്‍ രാത്രി 11 വരെയും പുസ്തകമേളയിലെത്താം.

Related Stories

No stories found.
logo
The Cue
www.thecue.in