കുറ്റവാളികളോട് അനുകമ്പയില്ല: സെൻസേഷന് പുറകെ പോകാറില്ലെന്ന് ക്രൈം റിപ്പോർട്ടറും എഴുത്തുകാരനുമായ എസ് ഹുസൈൻ സെയ്‌ദി

കുറ്റവാളികളോട് അനുകമ്പയില്ല: സെൻസേഷന് പുറകെ പോകാറില്ലെന്ന് ക്രൈം റിപ്പോർട്ടറും എഴുത്തുകാരനുമായ എസ് ഹുസൈൻ സെയ്‌ദി
Published on

കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും പ്രധാനമെന്ന് എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ ക്രൈം റിപ്പോർട്ടറുമായ എസ് ഹുസൈൻ സെയ്‌ദി പറഞ്ഞു. എത്ര സെൻസേഷണലായ വിവരങ്ങൾ ലഭിച്ചാലും അതിന്‍റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താതെ സ്വീകരിക്കില്ല എന്നതാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ' ഇൻസൈഡ് ദി അണ്ടർ വേൾഡ്: എസ് ഹുസൈൻ സെയ്‌ദി ഓൺ ക്രൈം, കോൺ ഫ്ലിക്റ്റ്, ആൻഡ് ത്രില്ലേഴ്സ് എന്ന പേരിൽ നടന്ന സെഷനിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിവരം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണത്തിൽ ലഭിക്കുന്നതെങ്കിൽ അത്തരം വിവരങ്ങൾ ഒഴിവാക്കുക എന്നതാണ് തന്റെ രീതിയെന്ന് സെയ്‌ദി ചൂണ്ടിക്കാട്ടി.പോലീസ് എഫ് ഐ ആർ, കുറ്റപത്രം, കുറ്റസമ്മത മൊഴി, കോടതി രേഖകൾ തുടങ്ങിയ ആധികാരിക വസ്തുതകളെയാണ് താൻ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈം റിപ്പോർട്ടിങ്ങ് ഫിക്ഷനല്ല, നൂറ് ശതമാനം ആധികാരികമായ, സത്യസന്ധമായ അവതരണമാണ്.

ക്രിമിനലുകളോട് തനിക്ക് അനുകമ്പയില്ലെന്ന് സെയ്‌ദി വിശദീകരിച്ചു.സിനിമയിൽ കാണുന്നത് പോലെ കൊലപാതകം ചെയ്ത കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കുറ്റകൃത്യം ചെയ്ത സാഹചര്യം മുൻനിർത്തി അവരുടെ ക്രിമിനൽ പ്രവർത്തനത്തെ ന്യായീകരിക്കാനാവില്ലെന്നും ഹുസൈൻ സെയ്‌ദി പറഞ്ഞു.എന്നാൽ ഇരകളുടെ വ്യക്തിജീവിതത്തോട് ആദരവ് പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സത്യം കണ്ടെത്തുക എന്നതാണ് പരമമായ ലക്ഷ്യമെന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിശ്വാസ്യതയുള്ള ക്രൈം റിപ്പോർട്ടർ എസ് ഹുസൈൻ സെയ്‌ദി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. വായനക്കാർക്ക് അദ്ദേഹം പുസ്തകം ഒപ്പുവെച്ച് നൽകി. റേഡിയോ അവതാരകൻ ലൂയി ദൻഹാം മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in