പുരുഷന്മാർക്ക് പ്രണയിക്കാനറിയില്ലെന്ന് കെ ആർ മീര: സ്ത്രീയുടെ ചിരി പോലും സമൂഹത്തെ അലോസരപ്പെടുത്തുന്നുവെന്നും നിരീക്ഷണം

പുരുഷന്മാർക്ക് പ്രണയിക്കാനറിയില്ലെന്ന് കെ ആർ മീര: സ്ത്രീയുടെ ചിരി പോലും സമൂഹത്തെ അലോസരപ്പെടുത്തുന്നുവെന്നും നിരീക്ഷണം
Published on

എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാൻ ശ്രമിച്ചിട്ട് നടന്നില്ലെന്ന് 'ആരാച്ചാരുടെ'കഥാകാരി കെ ആർ മീര പറഞ്ഞു. സഹജീവിതത്തിന്‍റെ സൗഹൃദത്തിന്‍റെ പങ്കുവെക്കലിന്‍റെ അഹന്ത അഴിച്ചുവെക്കലിന്‍റെ വിമോചനം എന്തെന്ന് പുരുഷന്മാർക്ക് അറിയില്ലെന്നും മീര പറയുന്നു.എങ്കിലും ശ്രമം തുടരുകയാണെന്നും ഷാർജ അന്തർദേശിയ പുസ്തകോത്സവത്തിൽ വായനക്കാരുമായി സംവദിക്കവെ മീര പറഞ്ഞു.

കുടുംബം പോലൊരു ഫാസിസ്റ്റ് സംവിധാനം വേറെയില്ലെന്ന് കെ ആർ മീര നിരീക്ഷിച്ചു.എല്ലാത്തരം ആക്രമണങ്ങളും വീട്ടിൽ നിന്നാണ് തുടങ്ങുന്നത്.മതവും സമൂഹവും നമ്മെ ആക്രമിക്കുന്നത് കുടുംബത്തിനകത്ത് നിന്നാണ്. ഫാസിസം ഒരു വിരുന്നാണെങ്കിൽ സ്ത്രീവിരുദ്ധതയാണ് അതിന്‍റെ തീയെന്നും പിതൃമേധാവിത്വമാണ് അതിന്‍റെ അടുപ്പെന്നും കെ ആർ മീര പറഞ്ഞു.സമൂഹത്തിൽ മാറ്റമുണ്ടാകണമെങ്കിൽ വീട്ടിൽ സമത്വമുണ്ടാകണമെന്നും മീര പറയുന്നു.

സ്ത്രീ ശാക്തീകരിക്കപ്പെടണമെങ്കിൽ സ്ത്രീ തന്നെ വിചാരിക്കണമെന്ന് കെ ആർ മീര ചൂണ്ടിക്കാട്ടി.എഴുത്തിനും ബോധവത്കരണ ക്ലാസുകൾക്കും അത് ചെയ്യാനാവില്ല.സ്വയം ശാക്തീകരിക്കാൻ തയ്യാറാവുന്ന സ്ത്രീയെ ആർക്കും തടയാൻ സാധിക്കില്ലെന്നും മീര പറഞ്ഞു. ഒരു സ്ത്രീ കാരണം വെളിപ്പെടുത്താതെ തന്നോട് തന്നെ മന്ദഹസിക്കുക എന്നതിന് അപ്പുറം മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന, അസ്വസ്ഥപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതിയില്ലെന്ന് കെ ആർ മീര

സ്ത്രീക്ക് രഹസ്യങ്ങൾക്ക് പാടില്ലെന്നാണ് സമൂഹം വിചാരിക്കുന്നത്.അവളുടേത് മാത്രമായി ഒരു പുഞ്ചിരി പോലും പാടില്ലെന്ന ശാഠ്യം സമൂഹത്തിനുണ്ട്.ആൺകോയ്മ അല്ലെങ്കിൽ പിതൃമേധാവിത്വം നിലനിൽക്കുന്നത് പോലും സ്ത്രീയുടെ ചിരിയെ നിയന്ത്രിച്ചുകൊണ്ടാണ്. സ്ത്രീ മനസ് തുറന്ന് ചിരിക്കുന്നത് മറ്റ് സ്ത്രീകൾക്ക് പോലും ഇഷ്ടമല്ല എന്നതാണ് യാഥാർഥ്യം. മറ്റുള്ളവരുടെ സന്തോഷം ഇഷ്ടപ്പെടുക എന്നത് മറ്റുള്ളവരെ വെറുക്കാതിരിക്കുക എന്നത് വലിയ സാമൂഹ്യ പുരോഗതിയുടെ ലക്ഷണമാണ്.അതിലേക്ക് നാം എത്തുന്നത് തടയുന്നവരെ സൂക്ഷിക്കണമെന്ന് മീര ആവശ്യപ്പെട്ടു.

താനൊരു സൈക്കോ എഴുത്തുകാരിയാണെന്നും ക്രൂരമായ കാര്യങ്ങളാണ് എഴുതിവെക്കുന്നതെന്നും ജെൻ സി പിള്ളേര് പി[പറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് മീര പറഞ്ഞു. ചില കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. ഇങ്ങനെയൊക്കെ എഴുതിയിട്ട് പോലും ആണെഴുത്തുകാരുടെ കൂടെ പിടിച്ചുനിൽക്കാൻ വലിയ പ്രയാസമാണെന്നും മീര പറയുന്നു. പഴയത് പോലെ നിലാവ്, ചന്ദ്രൻ,പുഴ എന്നിവയെക്കുറിച്ചൊക്കെ എഴുതിയാൽ തന്നെ വെച്ചേക്കുമോ എന്ന ചോദ്യവും മീര ഉന്നയിച്ചു.എഴുതുന്ന സ്ത്രീകളെ പുരുഷന്മാർ പ്രോത്സാഹിപ്പിക്കാറില്ല.എവിടെയെങ്കിലും ചവിട്ടിത്താഴ്ത്താൻ ഇടം ഉണ്ടെങ്കിൽ അത് ചെയ്തിരിക്കുമെന്നും മീര പറഞ്ഞു. തന്‍റെ പുതിയ പുസ്തകമായ കലാച്ചിയെക്കുറിച്ച് മീര സംസാരിച്ചു. സദസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും പുസ്തകങ്ങൾ ഒപ്പുവെച്ച് നൽകുകയും ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ ഗീതാഞ്ജലി മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in