വേനലവധിയെത്തുന്നു, ടിക്കറ്റ് നിരക്കില്‍ വിയർത്ത് പ്രവാസികള്‍

വേനലവധിയെത്തുന്നു, ടിക്കറ്റ് നിരക്കില്‍ വിയർത്ത് പ്രവാസികള്‍
Published on

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ വേനല്‍ അവധിയിലേക്ക് നീങ്ങുന്നതോടെ കേരളമടക്കമുളള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള ടിക്കറ്റ് നിരക്കും ഉയർന്നു. ജൂലൈ മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് യുഎഇയിലെ വിവിധ സ്കൂളുകളില്‍ വേനലവധി. കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്ന ഈ മാസങ്ങളില്‍ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ തന്നെ പല വിമാനകമ്പനികളും നല്‍കുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 900 ദിർഹമാണ് ഇപ്പോള്‍ നിരക്കെങ്കില്‍ ജൂലൈയില്‍ ഇത് 2000 ദിർഹത്തിന് മുകളിലാണ്. മുംബൈയിലേക്ക് നിലവില്‍ 300 നും 400 നുമിടയിലുളള ടിക്കറ്റ് നിരക്ക് ജൂലൈയില്‍ 1000 ദിർഹത്തിന് അപ്പുറമാണ്.

ഇന്ത്യയില്‍ നിന്ന് തിരിച്ച് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കിനും സമാന അവസ്ഥതന്നെയാണ്. നിലവില്‍ 1000 ദിർഹമാണ് ടിക്കറ്റ് നിരക്കെങ്കില്‍ ജൂലൈയില്‍ ഇതേ സ്ഥാനത്ത് 500 ദിർഹത്തില്‍ അധികം കൊടുക്കണം.

അവധിക്കാലത്ത് ഡിമാന്‍റ് കൂടുന്നതാണ് ടിക്കറ്റ് നിരക്ക് വർദ്ധിക്കാനുണ്ടാകുന്ന കാരണമെന്നാണ് യാത്രരംഗത്തെ വിദഗ്ധർ പറയുന്നത്. 2019 നെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുന്നത്.

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ ടിക്കറ്റ് വർദ്ധനവ് മുന്നില്‍ കണ്ട് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവ് രീതിയ്ക്ക് കോവിഡ് പ്രതിസന്ധി മാറ്റം വരുത്തിയെന്നും നിരീക്ഷകർ പറയുന്നു. യാത്രാമാനദണ്ഡങ്ങളിലെ മാറ്റം കണക്കിലെടുത്ത് യാത്രാസമയത്ത് ടിക്കറ്റെടുക്കുകയെന്നുളള രീതിയിലേക്ക് പലരും മാറിയതും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമാകുന്നു. എന്തായാലും നാട്ടിലേക്ക് പോകാനിരിക്കുന്നവരുടെ പോക്കറ്റ് കാലിയാക്കും പതിവുപോലെ ഇത്തവണത്തേയും അവധിക്കാലയാത്രയെന്ന് ചുരുക്കം.

Related Stories

No stories found.
logo
The Cue
www.thecue.in