

കേരള ചലച്ചിത്ര അക്കാദമിയ്ക്ക് കീഴില്‍ കേരളരാജ്യാന്തരചലച്ചിത്രോത്സവത്തിന്‍റെ പതിപ്പ് ദുബായിലും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി നിയുക്ത ചെയർമാൻ റസൂല്‍ പൂക്കുട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടന്നുവരികയാണ്. മലയാള സിനിമകളില്‍ 80 ശതമാനം സിനിമകളും നിർമ്മിക്കുന്നത് മിഡില്‍ ഈസ്റ്റിലുളള മലയാളികളാണ്.സിനിമ പാഷനായി കൊണ്ടുനടക്കുന്നവർ. ദുബായ് ഉള്‍പ്പടെ സിനിമാ പ്രേമികള്‍ കൂടുതലായുളള നഗരങ്ങളില്‍ ഐഎഫ്എഫ്കെ പതിപ്പ് സംഘടിപ്പിക്കുകയെന്നുളളതാണ് സ്വപ്നമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സിനിമ ജനങ്ങളിലേക്ക് എത്തിക്കണം. പണ്ട് കാലത്ത് ഫിലിം സൊസൈറ്റികളാണ് സിനിമ ജനങ്ങളിലേക്ക് എത്തിച്ചത്. ഇന്ന് ആ ഉത്തരവാദിത്തം അക്കാദമിക്കാണ്. കൂടുതല്‍ പേരിലേക്ക് സിനിമയെത്തിക്കമെന്നുളളത് ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സൗജന്യപാസ് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ല. പാസ് നേടുന്നവരെല്ലാം സിനിമയോട് ഇഷ്ടമുളളവരാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ ചർച്തകള്‍ നടക്കുകയാണ്. ചെയർമാന്‍റെ ചുമതലയേറ്റെടുത്താല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു സിനിമ പൂരസ്കാരങ്ങള്‍ നിർണയിക്കാന്‍ ഒരു ജൂറിയെ നിയമിച്ചാല്‍ അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന്
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയുമായി ബന്ധപ്പെട്ടുളള ചോദ്യത്തിന് മറുപടിയായി റസൂല്‍ പൂക്കുട്ടി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്കാരത്തില്‍ നിരവധി പാളിച്ചകള്‍ നമുക്ക് തോന്നിയിട്ടുണ്ട്, പക്ഷെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ജൂറിയെ നിയമിച്ച് കഴിഞ്ഞാല്‍ അവർ അവരുടെ ജോലിചെയ്യും. ആ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി ചെയർമാന്‍ സ്ഥാനത്തിനായി ആരുടെയും പുറകെ പോയിട്ടില്ല. അതുകൊണ്ടുതന്നെ ഭാരമാണെന്ന് തോന്നിയാല്‍ ഈ കുപ്പായം അഴിച്ചുവയ്ക്കാന്‍ മടിയില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.