പോളണ്ട് മൂസയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ ആ അവസരം നഷ്ടമായി: മമ്മൂട്ടി
പോളണ്ട് മൂസയെകുറിച്ചുളള ഒരു സിനിമയെടുക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മമ്മൂട്ടി. പോളണ്ട് മൂസയുടെ ജീവിത കഥയറിഞ്ഞപ്പോള്‍ അതൊരു സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിത കഥ അദ്ദേഹം തന്നെ സിനിമയാക്കി, ഇതോടെ തന്‍റെ അവസരം നഷ്ടമായെന്നും മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്‍റെ പെർഫ്യൂമുകളേക്കാള്‍ സുഗന്ധപൂരിതമാണ് പോളണ്ട് മൂസയെന്ന വ്യക്തിയെന്നും മമ്മൂട്ടി പറഞ്ഞു. ദുബായില്‍ ഫ്രാഗ്രന്‍സ് വേള്‍ഡ് 150 രാജ്യങ്ങളിലെത്തിയതിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ്, അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുബായ് എക്സ്പോ സിറ്റി ജൂബിലി പാർക്കിലാണ് ആഘോഷപരിപാടികള്‍ നടന്നത്.
പോളണ്ട് മൂസയുടെ ജീവിതകഥയെ ആസ്പദമാക്കി ജീവന്‍ ജോസ് സംവിധാനം ചെയ്ത കുഞ്ഞോന്‍ സിനിമയുടെ പ്രദർശനവും സെബിന്‍ പൗലോസ് രചിച്ച ഫ്രാഗ്രന്‍സ് ഓഫ് ലെഗസി എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നടന്നു. ഫ്രാഗ്രൻസ് വേൾഡിന്‍റെ ചരിത്രംപറയുന്ന ഡ്രോൺ ഷോയിലൂടെ, ആഘോഷങ്ങളുടെ ലോഗോ അനാവരണം ചെയ്തു. സിഇഒ പിവി സലാമിന്‍റെയും ജോയിന്‍റ് സിഇഒ പിവി സഫീന്‍റെയും, ലബീബിന്‍റെയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം. നൂറ്റിയന്‍പതോളം രാജ്യങ്ങളില്‍ നിന്നുളള വിതരണക്കാരും ദുബായിലെ സംരംഭകരും സ്ഥാപനങ്ങളിലെ തൊഴിലാളികളും ആഘോഷത്തില്‍ പങ്കുചേർന്നു.

