റസ്ലിങ് പശ്ചാത്തലത്തിലൊരുങ്ങിയ 'ചത്താപച്ച' തിയറ്ററുകളിലേക്ക്, 'കാമിയോ' സസ്പെന്‍സ് വിടാതെ സംവിധായകന്‍

റസ്ലിങ് പശ്ചാത്തലത്തിലൊരുങ്ങിയ 'ചത്താപച്ച' തിയറ്ററുകളിലേക്ക്, 'കാമിയോ' സസ്പെന്‍സ് വിടാതെ സംവിധായകന്‍
Published on

ഡബ്ല്യുഡബ്ല്യുഇയും മട്ടാഞ്ചേരിയും പശ്ചാത്തലമാക്കി ഒരുങ്ങിയ 'ചത്താ പച്ച; ദ റിംഗ് ഓഫ് റൗഡീസ്' വ്യാഴാഴ്ച തിയറ്ററുകളിലെത്തും. മോഹന്‍ലാലിന്‍റെ ബന്ധുവായ അദ്വൈതാണ് ചിത്രത്തിന്‍റെ സംവിധായകന്‍. അദ്വൈതിന്‍റെ ആദ്യ ചിത്രമാണിത്. മോഹന്‍ലാല്‍ തന്‍റെ അങ്കിളാണ്, സിനിമയോടുളള താല്‍പര്യം പറഞ്ഞപ്പോള്‍ ലാലു അങ്കിള്‍ സപ്പോർട്ട് ചെയ്തു. ചെന്നൈയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നതെല്ലാം കുട്ടിക്കാലത്തെ ഓ‍ർമ്മകളാണെന്നും അദ്വൈത് പറഞ്ഞു. ചെയ്യുന്ന കാര്യങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും വേണമെന്നുളളത് അദ്ദേഹത്തിന് നിർബന്ധമാണ്,അതില്ലെങ്കില്‍ മോഹന്‍ലാല്‍ ശൈലിയില്‍ അത് തുറന്നുപറയുകയും ചെയ്യും. ചിത്രത്തിന്‍റെ ആദ്യ ടിക്കറ്റ് വാങ്ങികൊണ്ട്, ഈ സിനിമയിലുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞ ആ സുഹൃത്ത് ആരാണെന്ന് തനിക്കും മനസിലായിട്ടില്ലെന്നും തമാശകലർത്തി അദ്വൈത് പറഞ്ഞു. താന്‍ ഈ ടീമിനൊപ്പമുണ്ട്, തന്‍റെ ഒരു സുഹൃത്തുമുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.

'ചത്താപച്ച'യിലെ കഥാപാത്രം തനിക്ക് ചെയ്യാനാകുമോയെന്ന് ആദ്യം ആശങ്കയുണ്ടായിരുന്നുവെന്ന് നടന്‍ അർജുന്‍ അശോകന്‍ പറഞ്ഞു. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തിരിച്ചറിയാന്‍ ആദ്യം നല്ലൊരുകൂട്ടുകാരനുണ്ടാകണം. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് മൂന്ന് മാസത്തെ ക്യാംപുണ്ടായിരുന്നു. ഇതോടെ പുതുമുഖങ്ങള്‍ ഉള്‍പ്പടെയുളള സഹതാരങ്ങളുമായി സൗഹൃദത്തിലായി. അതോടെ എല്ലാം സെറ്റായെന്നും അർജുന്‍ പറഞ്ഞു.

സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും വയലന്‍സിന്‍റെ അതിപ്രസരം സിനിമയിൽ ഇല്ലെന്നും നടൻ റോഷൻ മാത്യു പറഞ്ഞു. ആക്ഷനോടൊപ്പം നർമ്മവും കൂടെ സൗഹൃദവും ഇഴചേർന്ന സിനിമയാണിതെന്നും റോഷൻ മാത്യു പറഞ്ഞു. നടന്മാരായ വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് നിർമ്മാതാക്കളിൽ ഒരാളായ ഷിഹാൻ ഷൗക്കത്തും മാധ്യമങ്ങളോട് സംസാരിച്ചു.

എമിറാത്തി ഇൻഫ്ലുൻസർ ഖാലിദ് അൽ അമീരിയും ചിത്രത്തിലെത്തുന്നുണ്ട്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. ജനുവരി 22 ന് ചിത്രം തീയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in