‘അമ്മ’യിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ പരിഹരിക്കണം; സിനിമയിലെ ജാതി-മത ചിന്തകൾ ഗൗരവമുള്ള വിഷയം: ആസിഫ് അലി

‘അമ്മ’യിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ പരിഹരിക്കണം; സിനിമയിലെ ജാതി-മത ചിന്തകൾ ഗൗരവമുള്ള വിഷയം: ആസിഫ് അലി
Published on

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയങ്ങളാണെന്ന് നടൻ ആസിഫ് അലി . വിഷയത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു. നടി അൻസിബ ഉൾപ്പെടെയുള്ളവർ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് സാഹചര്യങ്ങളുടെ സമ്മർദം മൂലമായിരിക്കാം. സംഘടനയിലെ നിലവിലെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാനുള്ള അവസരം ഭാരവാഹികൾക്ക് നൽകണമെന്നും ആസിഫ് അലി പറഞ്ഞു.

മലയാള സിനിമാ മേഖലയിലെ അണിയറപ്രവർത്തകർക്കിടയിൽ ജാതി-മത അടിസ്ഥാനത്തിലുള്ള ചിന്തകൾ ഉയർന്നുവരുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്നും, പൊതുവേദികളിലെ വിവാദങ്ങളേക്കാൾ വിവേകപൂർവമായ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്നും ആസിഫലി പറഞ്ഞു.

മികച്ച തിരക്കഥകളാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ശക്തി സൂപ്പർതാരത്തിന്‍റെ സാന്നിധ്യം മാത്രം ഒരു സിനിമയുടെ വിജയത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഉള്ളടക്കവും പ്രേക്ഷകരുമായി അത് സ്ഥാപിക്കുന്ന ബന്ധവുമാണ് വിജയത്തിന്‍റെ അടിസ്ഥാനം. മലയാള സിനിമ ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെയും വിദേശരാജ്യങ്ങളിലെയും പ്രേക്ഷകർ സ്വീകരിക്കുന്നുണ്ടെന്നും, ഒടിടി പ്ലാറ്റ്‌ഫോമുകൾ ഈ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യൻ പനോരമ ചടങ്ങിൽ പങ്കെടുത്തപ്പോൾ തന്‍റെ ചിത്രങ്ങളെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ സംസാരിച്ചത് മറക്കാനാകാത്ത അനുഭവമാണ്. മലയാള സിനിമയിലെ മുതിർന്ന താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെ പിന്തുണ യുവതലമുറയിലെ അഭിനേതാക്കൾക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ആസ്ഥാനമായ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ സ്റ്റാർട്ടപ്പ് വർക്സിന്‍റെ പുതിയ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റെടുത്തതിന്‍റെ ഭാഗമായി ദുബായിലെത്തിയപ്പോഴായിരുന്നു ആസിഫ് അലി മാധ്യമങ്ങളുമായി സംവദിച്ചത്. യുഎഇയിലെ ബിസിനസ് സെറ്റപ്പ് മേഖലയിലെ സ്ഥാപനങ്ങൾ സിനിമാതാരങ്ങളെ ബ്രാൻഡ് അംബാസഡർമാരായി നിയമിക്കുന്ന ആദ്യ സംരംഭങ്ങളിലൊന്നാണ് ഇത്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിലുള്ള ആസ്പിൻ കൊമേഴ്സ്യൽ ടവറിൽ നടന്ന ചടങ്ങിൽ ആസിഫ് അലി ഔദ്യോഗിക കരാറിൽ ഒപ്പുവച്ചു. ചടങ്ങിൽ എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ജമാദ് ഉസ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീർ, സ്റ്റാർട്ടപ്പ് വർക്സ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഹിജാബ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.

logo
The Cue
www.thecue.in