

ഐസക് ന്യൂട്ടനെ ഓർമ്മിപ്പിക്കുന്ന തരത്തില്‍ തൊപ്പിവച്ച് 5035 വിദ്യാർത്ഥികള്‍ ശാസ്ത്ര പരീക്ഷണത്തിന് സ്കൂള്‍ മുറ്റത്ത് ഒത്തുചേർന്നു. 25 രാജ്യങ്ങളില്‍ നിന്നുളള കൂട്ടികള്‍ ഒരേ സമയം ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ പെയ്സ് ഗ്രൂപ്പിന് സ്വന്തമായത് ഒന്‍പതാമത്തെ ഗിന്നസ് വേള്‍ഡ് റെക്കോർഡ്.
ഷാർജ ഇന്ത്യൻ ഇന്‍റർനാഷണല്‍ സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടാണ് യുഎഇയിലെ കുട്ടി ശാസ്ത്രജ്ഞരുടെ പരീക്ഷണ വേദിയായത്. രസതന്ത്രം, ഭൗതിക ശാസ്ത്രം, ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ പരീക്ഷണങ്ങളാണ് കുട്ടികള്‍ ചെയ്തത്.'വാക്കിങ് വാട്ടർ', 'എലിഫന്‍റ് ടൂത്ത്പേസ്റ്റ്', അഗ്നിപർവ്വത മാതൃകകൾ, 'ലാവ ലാംപ്', 'മിൽക്ക് ഫയർവർക്സ്', ബലൂൺ ഇൻഫ്ലേറ്റിങ്, ഫിസിഫൺ, ഡെൻസിറ്റി എക്സ്പെരിമെന്‍റ്, മിൽക് ഫയർവർക്സ്, സർഫേസ് ടെൻഷൻ ആക്ടിവിറ്റികൾ, ഇൻവിസിബിൾ ഇങ്ക് പിഎച് ഇൻഡിക്കേറ്ററുകർ തുടങ്ങിയ പരീക്ഷണങ്ങള്‍ക്കാണ് മൈതാനം സാക്ഷിയായത്. ലാബ് കോട്ടുകൾ, ഗ്ലൗസുകൾ, സുരക്ഷാ കണ്ണാടികൾ എന്നിവ ധരിച്ച് സുരക്ഷാ മുന്‍കരുതലെടുത്താണ് ഓരോരുത്തരും പരീക്ഷണങ്ങളുടെ ഭാഗമായത്. കുട്ടികളെ പിന്തുണയ്ക്കാനായി അധ്യാപകരും രക്ഷിതാക്കളുമെത്തിയിരുന്നു.
യുഎഇയുടെ 54-ാമത് ദേശീയ ദിനം സുസ്ഥിരതാ ലക്ഷ്യങ്ങൾ, 2026 കുടുംബ വർഷം എന്നിവയോടനുബന്ധിച്ച് പെയ്‌സ് ഗ്രൂപ്പിന്‍റെ രജതജൂബിലി ആഘോഷമായ 'സിൽവിയോറ'യുടെ ഭാഗമായാണ് ഈ റെക്കോർഡ് നേട്ടം. വൈസ് പ്രിൻസിപ്പൽ ഷിഫാന മുഇസ്, അസിസ്റ്റന്റ് ഡയറക്ടർ സഫാ അസാദ് എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, ലതീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരുടെ പിന്തുണയോടെ വിവിധ സ്കൂളുകളുകളിലെ പ്രിൻസിപ്പൽമാർ കുട്ടികള്‍ക്ക് മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കി.