

അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ 45 വർഷത്തെ സമാനതകളില്ലാത്ത ഭരണനേട്ടത്തിന് ആദരമർപ്പിച്ച് 'നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിലെ' വിദ്യാർഥികൾ. അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ വിഭാഗവുമായി കൈകോർത്ത് അൽ സോറ ബീച്ചിൽ സ്കൂളിലെ 26 വിദ്യാർഥികൾ ചേർന്നാണ് 45 കണ്ടൽച്ചെടികൾ നട്ടത്. സെപ്റ്റംബർ 27-ന് ആചരിച്ച ലോക വിനോദസഞ്ചാര ദിനാഘോഷങ്ങളുടെ ഭാഗമായി, സുസ്ഥിര വിനോദസഞ്ചാരത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും പ്രാധാന്യം വിളിച്ചോതിക്കൊണ്ടായിരുന്നു ഈ വേറിട്ട പരിപാടി. ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ ദീർഘവീക്ഷണമുള്ള ഭരണത്തിന് കീഴിൽ അജ്മാൻ കൈവരിച്ച 45 വർഷത്തെ വികസനത്തിന്‍റെയും പുരോഗതിയുടെയും പ്രതീകമായാണ് 45 കണ്ടൽച്ചെടികൾ നട്ടത്. എമിറേറ്റിന്‍റെ പരിസ്ഥിതി സുസ്ഥിരതാ ശ്രമങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ ഇതിലൂടെ വിദ്യാർഥികൾക്ക് അവസരമൊരുങ്ങി.
തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും കടൽ ജീവജാലങ്ങളുടെ വൈവിധ്യം നിലനിർത്തുന്നതിലും കണ്ടൽക്കാടുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് നേരിട്ടറിഞ്ഞു മനസ്സിലാക്കാൻ ഈ മുന്നേറ്റം കുട്ടികളെ സഹായിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും യുവതലമുറയും പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ഈ കൂട്ടായ്മ. യുഎഇയുടെ പ്രകൃതിദത്തമായ പൈതൃകം വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിൽ യുവാക്കളെ പങ്കാളികളാക്കാനും, പരിസ്ഥിതി പ്രതിബദ്ധതയുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാനുമുള്ള തങ്ങളുടെ ലക്ഷ്യമാണ് ഇതിലൂടെ പൂർത്തിയായതെന്ന് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ അധികൃതർ വ്യക്തമാക്കി.