ചില 'അണ്‍ഓര്‍ത്തഡോക്‌സ്' ജീവിതങ്ങള്‍

ചില 'അണ്‍ഓര്‍ത്തഡോക്‌സ്' ജീവിതങ്ങള്‍

സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന വ്യക്തിപരമായി ഇഷ്ടപെട്ട ചില സീരീസുകളെ കുറിച്ചുള്ള ആസ്വാദന കുറിപ്പാണിത്. ആഖ്യാന ശൈലി കൊണ്ടും, കഥാപാത്ര നിര്‍മ്മിതി കൊണ്ടും, സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്ന രീതികൊണ്ടും വളരെ വ്യത്യസ്തതയും സ്ത്രീ അനുഭവങ്ങളോട് സത്യസന്ധതയും പുലര്‍ത്തുന്ന കുറച്ചു സീരീസുകളാണിവ. ഇവയില്‍ ഒന്നൊഴികെ ബാക്കി എല്ലാ സൃഷ്ടികളുടെയും പുറകിലും സ്ത്രീകളാണെന്നത് എടുത്തു പറയേണ്ടതുണ്ട്. സ്ത്രീ എഴുത്തുകാരുടെ, കഥ പറയുന്നവരുടെ ഒരു വലിയ അഭാവം ഇന്ത്യന്‍ സിനിമയും, പ്രത്യേകിച്ച് മലയാള സിനിമയും നേരിടുന്നുണ്ട്. ഇത് എടുത്തു പറയാനുള്ള കാരണം, ഈ പറയുന്ന സീരീസുകള്‍ സ്ത്രീകളുടെ വൈകാരിക തലങ്ങളോട് ആത്മാര്‍ത്ഥമായി ചേര്‍ന്ന് നില്‍ക്കുന്നതായി കാണാം എന്നതുകൊണ്ടാണ്.

1 . മെയ്ഡ് (Maid )

നെറ്റ്ഫ്‌ലിസ്‌കില്‍ 2021-ല്‍ റിലീസ് ചെയ്ത 'മെയ്ഡ്', വൈകാരികതയുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ കൊണ്ട് മികച്ചു നിന്ന ഒരു സീരീസ് ആണ്. അലക്‌സ് എന്ന സ്ത്രീ യുടെ അവരുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ കൂടി ഒരു കാഴ്ചയാണ് ഈ സീരീസ്. സ്വന്തം പങ്കാളിയില്‍ നിന്നും നേരിട്ടു കൊണ്ടിരുന്ന വൈകാരിക പീഡനങ്ങളില്‍ നിന്നും ഒരു രാത്രി നാല് വയസുകാരിയായ മകളെയും കൂട്ടി പെരുവഴിയിലേക്ക് ഇറങ്ങുന്ന, സ്വന്തം അനുഭവങ്ങള്‍ ഗാര്‍ഹിക പീഡനമാണ് എന്ന് പോലും വിശ്വസിക്കാതിരുന്ന അലക്‌സ് പലപ്പോഴും നമുക്ക് പരിചിതരായ ഒരുപാട് സ്ത്രീകളെ ഓര്മിപ്പിക്കുന്നുണ്ട്. അവിടെ നിന്ന് ഷെല്‍ട്ടര്‍ ഹോമില്‍ എത്തുകയും, വിദ്യാഭ്യാസമോ ഒരുതരം സ്‌കില്ലുകളോ ഇല്ലാത്തതു കൊണ്ട് തന്നെ വീടുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ചെയ്യുകയും ചെയ്യുന്നു. പല തവണ ഷെല്‍ട്ടര്‍ ഹോമിലേക്ക് വരികയും, വീണ്ടും വീണ്ടും അബ്യൂസീവായ ബന്ധങ്ങളിലേക്ക് തിരിച്ചു പോകുകയും ചെയ്യുന്ന സ്ത്രീകളുടെ കൂട്ടത്തിലേക്ക് അലക്‌സ് ഒരിക്കല്‍ കൂടി തിരിച്ചു പോകുന്നുണ്ട്.

തികച്ചും ശിഥിലീകരിക്കപ്പെട്ട കുടുംബത്തിലൂടെ ഉള്ള വളര്‍ച്ച, മാനസികമായി കൂടി അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന കലാകാരിയായ അമ്മ, തൊഴിലോ പാര്‍പ്പിടമോ ഇല്ലാത്തതു കൊണ്ട് മകളുടെ കസ്റ്റഡി നഷ്ടപ്പെടുമോ എന്ന ആശങ്കകള്‍, ജീവിത പങ്കാളിയുമായി പല സമയത്തുണ്ടാകുന്ന പ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ എന്നിവയൊക്കെ സീരീസിന്റെ ആദ്യാവസാനം നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നത് വളരെ ആഴത്തിലുള്ള ഒരു അനുഭവം തരുന്നുണ്ട്.

തൊഴിലിടത്തിലും ഷെല്‍ട്ടര്‍ ഹോമിലും ഒക്കെ ഊഷ്മളമായ ചില സൗഹൃദങ്ങള്‍ അലക്‌സിന് ഉണ്ടാകുന്നുണ്ട്. സര്‍ഗാത്മക വാസനയുള്ള അലക്‌സ് തന്റെ തൊഴിലിടങ്ങളിലെ അനുഭവങ്ങള്‍ കുറിച്ചു വെക്കുന്നുണ്ട്. ഇടക്കു വെച്ചുപേക്ഷിക്കേണ്ടി വന്ന തന്റെ കോളേജ് പഠനം എന്ന സ്വപ്നം തിരിച്ചു പിടിച്ചു കൊണ്ടാണ് അലക്‌സ് ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നത്. ഒരു സ്ത്രീയുടെ അനുഭവങ്ങളുടെ സത്യസന്ധമായ അവതരണം എന്ന നിലയ്ക്ക് അതിന്റെ തിരക്കഥ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഇതിന്റെ അണിയറയിലുള്ള മിക്കവരും സ്ത്രീകള്‍ തന്നെയാണ് എന്ന സവിശേഷതയും ഉണ്ട്. സ്റ്റെഫാനി ലാന്‍ഡിന്റെ ഓര്‍മക്കുറിപ്പുകളായ Maid: Hard Work, Low Pay, and a Mother's Will to Survive-s\ അടിസ്ഥാനമാക്കിയാണ് മോളി സ്മിത് മെറ്റ്‌സ്ലെര്‍ ഈ മിനി സീരീസ് ഒരുക്കിയിരിക്കുന്നത്.

2. ഗില്‍മോര്‍ ഗേള്‍സ് ( Gilmore girls )

ലോറലായി ഗില്‍മോര്‍ എന്ന അമ്മയും റോറി ഗില്‍മോര്‍ എന്ന മകളും അവര്‍ ജീവിക്കുന്ന സ്റ്റാര്‍സ് ഹോളോ എന്ന സാങ്കല്‍പ്പിക ചെറുപട്ടണവും അതിലെ കുറച്ചു കഥാപാത്രങ്ങളുടെയും നിത്യ ജീവിതത്തിന്റെ വിശദാംശങ്ങളുമാണ് ഈ സീരീസ്. സംഭാഷണത്തിലെ ലാഘവത്വവും നര്‍മ്മവും തന്നെയാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ഒരു എന്റര്‍റ്റൈനെര്‍ ആയി ഈ സീരീസിനെ കാണാവുന്നതാണ്. കൗമാരത്തില്‍ അമ്മയാകേണ്ടി വരികയും മകളെ ഒറ്റക്ക് നോക്കി വളര്‍ത്തിയ, ഇന്‍ഡിപെന്‍ഡന്റ് ആയ സിംഗിള്‍ പാരന്റ് ആണ് ഈ സീരീസിലെ അമ്മയായ ലോറലായി ഗില്‍മോര്‍. അതിസമ്പന്നരും യാഥാസ്ഥിതികരുമായ സ്വന്തം മാതാപിതാക്കളോടു പലപ്പോഴും കലഹിച്ചു കൊണ്ട് തന്നെയാണ് ലോറലായി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും ഒരു തരത്തിലും മുന്‍വിധി ഇല്ലാത്ത സംഭാഷണങ്ങള്‍ കാണുമ്പോള്‍ ചിലപ്പോഴെങ്കിലും അതിശയവും അതിലുപരി സന്തോഷവും തോന്നും. ഈ രണ്ടു പേരുടെയും വ്യക്തിപരമായ മറ്റു സൗഹൃദങ്ങള്‍, പ്രണയങ്ങള്‍, കുടുംബം , ലൂക്‌സ് ഡൈനേഴ്സ് എന്ന അവരുടെ പ്രധാനപ്പെട്ട ഹാങ്ങ് ഔട്ട് പ്ലേസ്, ലോറലായി ഗില്‍മോര്‍ നടത്തുന്ന ഡ്രാഗണ്‍ ഫ്‌ലൈ എന്ന ഹോട്ടല്‍ , അതിലെ കഥാപാത്രങ്ങള്‍, കഥാപാത്രങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ സൗഹൃദം എന്നിവയൊക്കെ മനോഹരമായി കാണിച്ചിട്ടുണ്ട്.

റോറി ഗില്‍മോര്‍ എന്ന മകള്‍ ചെറുപ്പം മുതല്‍ നടത്തുന്ന ചിട്ടയുള്ള പഠനവും, അവളുടെ സ്‌കൂള്‍ അനുഭവങ്ങളും, യേല്‍ (Yale) യൂണിവേഴ്‌സിറ്റിയിലെ പഠനവും, തുടര്‍ന്ന് റോറി അവള്‍ വിചാരിച്ചതു പോലുള്ള ഒരു മേഖല യില്‍ എത്തിപ്പെടുന്നതോടു കൂടിയാണ് സീരീസ് അവസാനിക്കുന്നത്. അതിനും പത്തു വര്‍ഷത്തിന് ശേഷം നാല് എപ്പിസോഡുകളിലൂടെ അവരുടെ ഇന്നത്തെ ജീവിതവും കാണിക്കുന്നുണ്ട്. ഏഴു സീസണുകളും തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷമുള്ള 4 എപ്പിസോഡുകളുമായി നീണ്ടു കിടക്കുന്ന ഈ സീരീസ് കണ്ടു കഴിയുമ്പോള്‍ ഈ അമ്മയും മകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നല്‍ നമുക്കും ഉണ്ടാക്കുന്നുണ്ട്. ആമി ഷെര്‍മാന്‍-പല്ലാദിനോയാണ് സീരീസ് സംവിധായിക.

3. അണ്‍ബിലീവബിള്‍ (Unbelievable)

അമേരിക്കയില്‍ നടന്ന ഒരു യഥാര്‍ത്ഥ ക്രൈമിനെ ആസ്പദമാക്കി നിര്‍മ്മിച്ച സീരീസ് ആണിത്. ഒരു സീരിയല്‍ റേപിസ്റ്റിനെ കണ്ടെത്താനുള്ള രണ്ടു സ്ത്രീകളായ ഡിറ്റക്റ്റീവുകള്‍ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ കഥ. ഒരു കേസന്വേഷണം എന്നതില്‍ കവിഞ്ഞു ബലാത്സംഗം നേരിട്ട പല പ്രായത്തിലുള്ള സ്ത്രീകളെ എങ്ങനെ സൂക്ഷ്മമായി കൈകാര്യം ചെയ്യണം എന്നും അവരുടെ ട്രോമകളെ എങ്ങനെ വിവേകത്തോടും കരുതലോടും കൈകാര്യം ചെയ്യാം എന്നുമുള്ള ചില പാഠങ്ങള്‍ ഈ സീരീസ് കാണിച്ചു തരുന്നുണ്ട്. വളരെ അധികം ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത അണ്‍ബിലീവബിളിലെ ചില ഭാഗങ്ങള്‍ പോലീസ് ട്രെയിനിങ്ങിന് ഉപയോഗപ്പെടുത്താം എന്ന് വരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ആദ്യമായി ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടി നേരിടുന്ന ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലും മാനസിക പീഡനങ്ങളും കാരണം പെണ്‍കുട്ടി ഇങ്ങനെ ഒരു സംഗതി നടന്നിട്ടില്ല എന്ന് പറയേണ്ടി വരികയും പിന്നീട് അതിഭീകരമായ രീതിയില്‍ മാധ്യമ വിചാരണ നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആ കേസ് ക്ലോസ് ചെയ്യുന്നുമുണ്ട്. പിന്നീട് പല ഭാഗങ്ങളിലും നടക്കുന്ന ബലാത്സംഗങ്ങളുടെ സമാനതകള്‍ കാരണം രണ്ടു വനിതാ ഡിറ്റക്റ്റീവുകള്‍ ഒന്നിച്ച് അന്വേഷണം നടത്തുകയും ഇത് ഒരു കുറ്റവാളിയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.

സീരീസിന്റെ ആദ്യത്തില്‍ മാധ്യമ വിചാരണ നേരിട്ട പെണ്‍കുട്ടിക്ക് ഭാരിച്ച നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. ഏതറ്റം വരെ പോയും ഈ കേസ് തെളിയിക്കും എന്ന ഒരു പ്രൊഫഷണല്‍ നിലപാടിനപ്പുറം ഇത്തരം സ്ത്രീകളുടെ കൂടെ നില്‍ക്കുക എന്ന ഒരു നൈതികമായ നിലാപാടിലൂടെയാണ് ഈ സീരീസ് മുന്നോട്ട് പോകുന്നത്. മുഴച്ചു നില്‍ക്കുന്ന സംഭാഷണങ്ങളോ വൈകാരിക അതിപ്രസരമോ ഇല്ലാതെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത ഒരു തിരക്കഥയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. സൂസന്ന ഗ്രാന്‍ഡ്, അയലെറ്റ് വാള്‍ഡ്മാന്‍, മിഷേല്‍ ചാബോണ്‍ എന്നിവരാണ് സീരീസിന്റെ സൃഷ്ടാക്കള്‍.

4. അണ്‍ഓര്‍ത്തഡോക്‌സ് (Unorthodox)

ദെബോറ ഫെല്‍ഡ്മാന്‍ എന്ന എഴുത്തുകാരിയുടെ ആത്മകഥയെ ആധാരമാക്കി നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ ലിമിറ്റഡ് സീരീസ് ആണ് അണ്‍ഓര്‍ത്തഡോക്‌സ്. ന്യൂയോര്‍ക് സിറ്റിയിലെ ബ്രൂക്ലിനിലെ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തില്‍ ജനിച്ച പത്തൊമ്പതുകാരിയായ എസ്റ്റി (എസ്തര്‍) എന്ന പെണ്‍കുട്ടിയുടെ കഥയാണിത്. തീരെ വിദ്യാഭ്യാസം കൊടുക്കാതെ അതി യാഥാസ്ഥിതികമായ പശ്ചാത്തലത്തില്‍ വിവാഹത്തിനും പ്രത്യത്പാദനത്തിനും മാത്രമായി പെണ്‍കുട്ടികളെ വളര്‍ത്തി കൊണ്ട് വരുന്ന ഒരു സമൂഹത്തില്‍ നിന്ന് ശ്വാസം മുട്ടി, സ്വന്തം ജീവിതം നേടിയെടുക്കാന്‍ ഓടി രക്ഷപ്പെടുകയാണ് എസ്റ്റി.

ഭര്‍ത്താവിന് അടിമപ്പെട്ടും, നല്ല ഭാര്യയും അമ്മയുമായി ജീവിക്കുക എന്ന അവരുടെ സമൂഹത്തിന്റെ രീതികളില്‍ പൊറുതി മുട്ടുന്ന എസ്റ്റിയുടെ അവസ്ഥ കാഴ്ചക്കാരിലേക്കും അതേ രീതിയില്‍ എത്തിക്കാന്‍ സീരീസിന് സാധിക്കുന്നുണ്ട്. ഭര്‍ത്താവുമായി ലൈംഗിക ബന്ധം സാധ്യമാവാത്തതിന്റെ പേരില്‍ കുടുംബം മുഴുവന്‍ തന്നെ എസ്റ്റിയുടെ സ്വകാര്യതകളിലേക്ക് കൈകടത്തുന്നുണ്ട്. സമാന സാഹചര്യങ്ങളിലൂടെ തന്നെയാണ് സീരീസിന്റെ പ്രധാന ഭാഗം സഞ്ചരിക്കുന്നതും.

എസ്റ്റി അമേരിക്കയില്‍ നിന്നും പോന്നതിനു ശേഷം മാത്രമാണ് അവള്‍ ഗര്‍ഭിണി ആയിരുന്നു എന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. അത് കൊണ്ട് തന്നെ ഏതു വിധേനെയും അമ്മയെയും കുഞ്ഞിനേയും തിരിച്ചു പിടിക്കുക എന്ന ദൗത്യം കുടുംബവും മതാധികാരികളും തീരുമാനിക്കുന്നുണ്ട് . എസ്റ്റിയെ അന്വേഷിച്ച് അവളുടെ ഭര്‍ത്താവും അവന്റെ സഹോദരനും ബെര്‍ലിനില്‍ എത്തിച്ചേരുന്നുണ്ട്. തന്റെ അമ്മയും സമാനമായ അവസ്ഥയിലൂടെ ആണ് കടന്നു പോയതെന്ന് എസ്റ്റി പിന്നീട് തിരിച്ചറിയുന്നുണ്ട്. അമ്മ തന്നെ ഉപേക്ഷിച്ചു പോയി എന്ന തന്റെ ഉറച്ചു പോയ വിശ്വാസത്തില്‍ വിഷമിക്കുന്നുമുണ്ട്.

ബെര്‍ലിനില്‍ എത്തുന്ന എസ്റ്റി അവിടത്തെ ഒരു സംഗീത ഗ്രൂപ്പുമായി സൗഹൃദം ഉണ്ടാക്കുകയും അവിടെ ഉള്ള ഒരു ചെറുപ്പക്കാരനോട് അടുക്കുകയും ചെയ്യുന്നുണ്ട്. ഗര്‍ഭിണി കൂടിയായ എസ്റ്റി ആ കുട്ടിയെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ബെര്‍ലിനില്‍ എത്തിയ യാങ്കി എന്ന അവളുടെ ഭര്‍ത്താവ് ലോകത്തെ കുറച്ചു കൂടി തുറന്നു കാണാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടയില്‍ ഒരു സ്‌കോളര്‍ഷിപ് നേടി സംഗീതം പഠിക്കാന്‍ ആഗ്രഹഹിക്കുന്ന എസ്റ്റി, ഓഡിഷനിലേക്കു തെരഞ്ഞെടുക്കപ്പെടുകയും അസാമാന്യ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു. യാങ്കി തന്റെ ജീവിതത്തിലേക്ക് അവളെ തിരിച്ചു വിളിക്കുന്നുണ്ടെങ്കിലും അതിനോട് തിരിഞ്ഞു നടക്കുന്ന എസ്റ്റിയിലാണ് സീരീസ് അവസാനിക്കുന്നത്. നിരവധി തീക്ഷ്ണ രംഗങ്ങളിലൂടെ അഭിനയത്തിന്റെയും ജീവിത അവസ്ഥയുടെയും തീവ്രത കാഴ്ചക്കാരിലേക്കു പകരാന്‍ സീരീസിന്റെ എഴുത്തുകാരും സംവിധായകരുമായ അന്ന വിങെര്‍, അലക്‌സാ കരോലിന്‍സ്‌കി എന്നിവര്‍ക്ക് സാധിക്കുന്നുണ്ട്. കഥയും സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും നേരത്തെ ചര്‍ച്ച ചെയ്ത മെയ്ഡ് എന്ന സീരീസിന്റെ സമാനമായ തീവ്രാനുഭവവും അണ്‍ഓര്‍ത്തഡോക്‌സ് സാധ്യമാക്കുന്നുണ്ട്.

5. ഫ്ളീ ബാഗ് (Flea bag)

ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ബ്രിട്ടീഷ് സീരീസ് ആണ് ഫ്ളീബാഗ്. മുഖ്യ കഥാപാത്രമായി വരുന്ന ഫീബി തന്നെയാണ് ഇതിന്റെ ക്രിയേറ്റര്‍. പേരില്ലാത്ത ഈ കഥാപാത്രത്തിലൂടെ തന്നെയാണ് ഈ കഥ സഞ്ചരിക്കുന്നത്. അസാധാരണമാം വിധം ത്രസിപ്പിക്കുന്നതെന്നോ അത്യന്തം ഹാസ്യം നിറഞ്ഞതെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു 'must watch സീരീസ് ആണ് ഫ്‌ലീ ബാഗ്. കെട്ടുപാടുകള്‍ക്കപ്പുറവും വളരെ അയഞ്ഞ ജീവിതം നയിക്കുകയും സ്വയവും കണ്ടെത്താനുള്ള ഒരു യാത്ര പോലെയും ഒക്കെ തോന്നാവുന്നതാണ്. ബന്ധങ്ങള്‍, അരക്ഷിതാവസ്ഥകള്‍, പ്രണയം മുതലായി മനുഷ്യര്‍ കടന്നു പോകുന്ന എല്ലാ സാഹചര്യങ്ങളെയും ഹാസ്യത്തിലൂടെ, അതെസമയം ഗൗരവമായും കൈകാര്യം ചെയ്യുന്നുണ്ട്.

അത്യന്തം പ്രവചനാതീത(unpredictable ) മായ രീതിയില്‍ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയും അതിനെ ഒറ്റക്ക് മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യുന്ന ഒരു രീതിയാണ് ഇതില്‍. സീരീസില്‍ ഉടനീളം ഓഡിയന്‍സിനോട് നേരിട്ട് സംസാരിച്ചു കൊണ്ട് fourth wall ബ്രേക്ക് ചെയ്യുന്ന രീതി ഇതില്‍ എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക സമയത്ത് കഥാപാത്രത്തിന്റെ ഈ പ്രവണതയെ മറ്റൊരു കഥാപാത്രം തിരിച്ചറിയുന്നുണ്ട്. മുഖ്യ കഥാപാത്രം, സഹോദരി , കുടുംബം, സൗഹൃദങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. വിവരങ്ങള്‍ക്ക് അതീതമെന്നോ, an extraordinary piece of art എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സീരീസ് ആണിത് .

6.കില്ലിംഗ് ഈവ് ( Killing eve)

ഈവ് പോലാസ്ട്രി എന്ന ബ്രിട്ടീഷ് ഇന്റലിജന്‍സ് ഓഫീസറും വിലാണേല്‍ എന്ന സീരിയല്‍ കൊലയാളിയും പ്രധാനമായി വരുന്ന ഒരു ബ്രിട്ടീഷ് ക്രൈം ത്രില്ലര്‍ ആണ് കില്ലിംഗ് ഈവ്. ഫ്ളീ ബാഗിന്റെ തന്നെ സൃഷ്ടാവും മുഖ്യ കഥാപാത്രവുമായ ഫീബി തന്നെയാണ് ഈ സീരീസിന്റെ ഒരു എഴുത്തുകാരി. ഈവ് ജോലി ചെയ്തിരുന്ന വിഭാഗത്തില്‍ നിന്നും അവരുടെ ജോലി നഷ്ടപ്പെടുകയും തുടര്‍ന്ന് ഇന്റലിജന്‍സിന്റെ തന്നെ മറ്റൊരു രഹസ്യ വിഭാഗത്തിലേക്ക് കരോളിന്‍ എന്ന മറ്റൊരു ഉദ്യോഗസ്ഥ അവരെ റിക്രൂട്ട് ചെയ്യുകയുമാണ് ഇതില്‍. കഥ പുരോഗമിക്കുന്നതോടു കൂടി ആരൊക്കെയാണ് ചാരന്മാര്‍ എന്നോ ആരൊക്കെയാണ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതെന്നോ ഉള്ള സങ്കീര്‍ണ്ണമായ ഒരു അന്താരാഷ്ട്രീയ സ്വഭാവത്തിലേക്ക് കഥ പോകുന്നുണ്ട്. ആര്‍ക്കു വേണ്ടിയാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് കണ്ടെത്താന്‍ പറ്റാതെ ഈവ് കുഴയുന്നുണ്ട്.

കഥ പുരോഗമിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥയും കൊലയാളിയും തമ്മിലുള്ള ബന്ധവും മറ്റൊരു രീതിയില്‍ മാറുന്നുണ്ട്. ഒരു ഇംഗ്ലീഷ് സീരീസാണെങ്കില്‍ കൂടി കഥാപാത്രങ്ങളുടെ അന്താരാഷ്ട്ര സ്വഭാവം അതിനൊരു ബഹുസ്വരത കൊടുക്കുന്നുണ്ട്. റഷ്യനും ജര്‍മനും കൊറിയനും ഒക്കെ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ മാറി മാറി വരികയും മാതൃഭാഷ ചുവക്കുന്ന ഇംഗ്ലീഷും എല്ലാം വളരെ പുതുമ നല്‍കുന്നതാണ്. എടുത്ത് പറയേണ്ടത് വിലാണേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോഡി കോമറിന്റെ അഭിനയം തന്നെയാണ്.

7. മേര്‍ ഓഫ് ഈസ്റ്റ് ടൌണ്‍ (Mare of east town)

കെയ്റ്റ് വിന്‍സ്ലെറ്റിന്റെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ സീരീസ് ആണ് 'മേര്‍ ഓഫ് ഈസ്റ്റ് ടൌണ്‍'. ഈസ്റ്റ് ടൌണ്‍ എന്ന ചെറു പട്ടണവും അതില്‍ ജീവിക്കുന്ന കുറെ മനുഷ്യരുമാണ് കഥയുടെ ആധാരം. മേര്‍ (mare ) എന്ന ഡിറ്റക്റ്റീവ് ആയാണ് വിന്‍സ്ലെറ്റ് വരുന്നത്. വളരെ ലീനിയര്‍ ആയ ഒരു കുറ്റാന്വേഷണ കഥ പറച്ചിലിന് അപ്പുറത്തേക്ക് ഡിറ്റക്റ്റീവും അവരുടെ ചുറ്റുപാടും, അവരുടെ വ്യക്തി ജീവിതം, സൗഹൃദങ്ങള്‍ എന്നിവ പ്രധാന വിഷയമായി കടന്നു വരുന്നു. ഒരേ സമയം വ്യക്തി ജീവിതത്തിലും ജോലിയിലും പല പ്രതിസന്ധികളിലൂടെയും കഥാപാത്രം സഞ്ചരിക്കുന്നുണ്ട്. മരിച്ചു പോയ മകന്‍, പേരക്കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സംഘര്ഷങ്ങള്, മുന്‍ ഭര്‍ത്താവുമായി പലപ്പോഴും ഉണ്ടാകുന്ന വിഷയങ്ങള്‍ എന്നിങ്ങനെ പലതും ഇതിന്റെ ഭാഗമാണ്. അതെ ടൗണില്‍ നിന്ന് തന്നെ കാണാതാകുന്ന പെണ്‍കുട്ടികളുടെ അന്വേഷണത്തില്‍ ആണ് മേര്‍ പലപ്പോഴും പെട്ടുപോകുന്നത്. അതില്‍ ഒരു അമ്മ തന്റെ മകളെ കണ്ടു കിട്ടുന്നത് വരെ നടത്തുന്ന വികാരപരമായ ഇടപെടല്‍, ഈ കേസിന്റെ തുമ്പു കണ്ടു പിടിക്കുന്നതിലേക്കു നീങ്ങുന്നുണ്ട്. ഇത്തരത്തില്‍ അതെ ടൗണില്‍ നിന്ന് തന്നെ മരണപ്പെട്ട മറ്റൊരു പെണ്‍കുട്ടിയുടെ അന്വേഷണം ചെന്നെത്തുന്നത് പ്രതീക്ഷിക്കാത്ത ചില ആളുകളില്‍ ആണെന്നതും താല്പര്യം ജനിപ്പിക്കുന്നതാണ്. കഥയിലെ സങ്കീര്ണതകള്‍ക്കപ്പുറം, കഥാപാത്ര സൃഷ്ടിക്ക് വളരെ പ്രാധാന്യം കൊടുത്ത ഒരു സീരീസ് ആണിത്. മുകളില്‍ പറഞ്ഞ സീരീസുകളുടെ ഒക്കെ സൃഷ്ടാക്കള്‍ സ്ത്രീകള്‍ ആണെങ്കില്‍ ഇതിന്റെ സംവിധായകന്‍ പുരുഷനാണ് എന്ന വ്യത്യാസവുമുണ്ട്.

ശ്രീ ശങ്കര സംസ്‌കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ അധ്യാപികയാണ് ലേഖിക.

Related Stories

No stories found.
logo
The Cue
www.thecue.in