‘ഞങ്ങളുടെ സൃഷ്ടികളില്‍ കൈവെയ്ക്കരുത്’; കണ്ടന്റുകളുടെ വേഗത മാറ്റാന്‍ സംവിധാനമൊരുക്കി നെറ്റ്ഫ്‌ലിക്‌സ് ; പ്രതിഷേധവുമായി സംവിധായകര്‍

‘ഞങ്ങളുടെ സൃഷ്ടികളില്‍ കൈവെയ്ക്കരുത്’; കണ്ടന്റുകളുടെ വേഗത മാറ്റാന്‍ സംവിധാനമൊരുക്കി നെറ്റ്ഫ്‌ലിക്‌സ് ; പ്രതിഷേധവുമായി സംവിധായകര്‍

സിനിമകളും വെബ് സീരീസുകളും ഉള്‍പ്പെടുന്ന കണ്ടന്റുകളുടെ സംപ്രേഷണ വേഗത മാറ്റുന്ന ഫീച്ചര്‍ അവതരിപ്പിച്ച നെറ്റ്ഫ്‌ലിക്‌സിനെതിരെ പ്രതിഷേധം. സംവിധായകനോ ക്രിയേറ്റര്‍മാരോ സൃഷ്ടിച്ച സിനിമയും സീരീസുകളും അതിന്റെ യഥാര്‍ഥ വേഗതയില്‍ നിന്ന് മാറ്റി കാഴ്ചക്കാരന് മുന്നില്‍ എത്തിക്കുന്ന പുതിയ സംവിധാനത്തിനെതിരെ നിരവധി ഹോളിവുഡ് സംവിധായകരാണ് രംഗത്തെത്തിയിരിക്കുന്നത്.

പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധിക്കാന്‍ ലോകത്തിലെ എല്ലാ സംവിധായകരെയും ഷോ ക്രിയേറ്റര്‍മാരെയും വിളിക്കാന്‍ അവസരമൊരുക്കരുതെന്ന് നെറ്റ്ഫ്‌ലിക്‌സിന്റെ തന്നെ ‘ലവ്’ എന്ന സീരീസിന്റെ ക്രിയേറ്റര്‍മാരിലൊരാളായ ജുഡ് ആപ്‌റ്റോവ് ട്വീറ്റ് ചെയ്തു. ‘കുറെയധികം സമയമെടുത്താലും ഈ പ്രതിഷേധത്തില്‍ ഞാന്‍ വിജയിക്കും, ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത് മികച്ചവ തന്നെയാണ്, അവ എങ്ങനെയാണോ കാണാനായി ഒരുക്കിയിരിക്കുന്നത് അങ്ങനെ തന്നെ നിലനിര്‍ത്തുക’, ആപ്‌റ്റോവ് കുറിച്ചു.

‘ദ ഇന്‍ക്രിഡിബിള്‍സ്’, ‘മിഷന്‍ ഇംപോസിബിള്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബ്രാഡ് ബേര്‍ഡ്, തകര്‍ന്നുകൊണ്ടിരിക്കുന്ന സിനിമാ ആസ്വാദനത്തിന് മുറിവേല്‍പ്പിക്കുന്ന മറ്റൊരു നീക്കമെന്നാണ് കുറിച്ചത്. ‘ആന്റ് മാന്‍’ സംവിധായകന്‍ പെയ്റ്റന്‍ റീഡ് ഇത് ഒരു ഭയാനകമായ ആശയമാണെന്നും താനും തനിക്കറിയാവുന്ന എല്ലാ സംവിധായകരും ഇതിന് എതിരെ പ്രതിഷേധിക്കുമെന്നും കുറിച്ചു.

മറ്റൊരാള്‍ നിര്‍മിച്ച ഒരു കലാരൂപത്തിന്റെ മേല്‍ അധികാരം സ്ഥാപിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു നീക്കം നെറ്റ്ഫ്‌ലിക്‌സ് നടത്തില്ലെന്നാണ് കരുതുന്നതെന്ന് ‘ബ്രേക്കിംഗ് ബാഡ്’ താരം ആരോണ്‍ പോള്‍ ട്വീറ്റ് ചെയ്തു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്ത കണ്ടന്റുകള്‍ വിവിധ വേഗത്തിലേക്ക് മാറ്റുന്ന സംവിധാനമാണ് നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ഥ വേഗതയില്‍ നിന്ന് മാറ്റി കൂട്ടാനും കുറയ്ക്കാനും ഒറ്റ ക്ലിക്കിലൂടെ സാധിക്കും. ഒരു സിനിമയോ സീരീസോ സാധാരണ വീഡിയോ പ്ലെയറുകള്‍ ഉപയോഗിച്ച് കാണുമ്പോള്‍ പ്രേക്ഷകന് അതിന്റെ വേഗത മാറ്റാന്‍ കഴിയും. എന്നാല്‍ തിയ്യേറ്റര്‍ റിലീസിന് സമാനമായി തന്നെ സിനിമയും സീരീസുകളും സ്ട്രീം ചെയ്യുന്ന സംവിധാനമാണ് നെറ്റ്ഫ്‌ലിക്‌സ് എന്നിരിക്കെ കണ്ടന്റുകളുടെ വേഗത മാറ്റാന്‍ അവസരമൊരുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ബ്രേക്കിംഗ് ബാഡ് ഉള്‍പ്പെടുന്ന നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന കണ്ടന്റുകളുടെ ആസ്വാദനം പൂര്‍ണമാകുന്നത് അതിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്ന വേഗതയില്‍ ആണെന്നിരിക്കെയാണ് അത് മാറ്റാന്‍ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോം തന്നെ അവസരമൊരുക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സംവിധാനം പരീക്ഷണാര്‍ഥത്തില്‍ അവതരിപ്പിച്ചതാണെന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ വിശദീകരണം. മുന്‍പ് ചില ടൈറ്റിലുകള്‍ ഒഴിവാക്കാനുള്ള സംവിധാനം അവതരിപ്പിച്ചതിനെത്തുടര്‍ന്നും നെറ്റ്ഫ്‌ലിക്‌സ് പ്രതിഷേധം നേരിട്ടിരുന്നു.

നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും ദൈര്‍ഘ്യം കൂടിയ സിനിമയായ മാര്‍ട്ടിന്‍ സകോര്‍സെസിയുടെ ദ ഐറിഷ്മാന്‍ റിലീസ് ചെയ്യുന്നതിന് തൊട്ടു പിന്നലെയാണ് പുതിയ സംവിധാനത്തിന്റെ ട്രയല്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 210 മിനിറ്റാണ് ചിത്രത്തിന്റെ നീക്കം. ഒരു സിനിമ അല്ലെങ്കില്‍ സീരീസിന്റെ ഒരു എപ്പിസോഡ് ഒരാള്‍ കണ്ടതായി നെറ്റ്ഫ്‌ലിക്‌സ് കണക്കാക്കുക അതിന്റെ 70 ശതമാനം എങ്കിലും കണ്ടാല്‍ മാത്രമാണ്. ഇപ്പോള്‍ കാഴ്ചക്കാരില്ലാത്തെ പല സീരീസുകള്‍ക്കും സിനിമകള്‍ക്കും കണക്കില്‍ കാഴ്ചക്കാരെ ലഭിക്കാന്‍ പുതിയ നീക്കത്തോടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in