ഇനി പറയാന്‍ ബാക്കിയുള്ളതെല്ലാം അടുത്ത സീസണിലുണ്ടാകും; പ്രേക്ഷകന്റെ കിളി പറത്തുന്ന ‘ഡാര്‍ക്കി’നെ കുറിച്ച് സംവിധായകന്‍

ഇനി പറയാന്‍ ബാക്കിയുള്ളതെല്ലാം അടുത്ത സീസണിലുണ്ടാകും; പ്രേക്ഷകന്റെ കിളി പറത്തുന്ന ‘ഡാര്‍ക്കി’നെ കുറിച്ച് സംവിധായകന്‍

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യ ജര്‍മന്‍ വെബ് സീരീസായ ഡാര്‍ക്കിന് കാഴ്ചക്കാര്‍ കൂടുതലുള്ളത് ജര്‍മനിയ്ക്കു പുറത്താണ്. ഓരോ നിമിഷവും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്ന അവതരണരീതിയും ഒപ്പം കിളി പറത്തുന്ന കഥാസന്ദര്‍ഭങ്ങളുമാണ് ഡാര്‍ക്കിനെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതമാക്കിയത്. ടൈം ട്രാവലിങ്ങ് പ്രമേയമാക്കിയ സിനിമകളുടെയും മറ്റ് സീരീസുകള്‍ക്കുമിടയില്‍ അവയോടൊന്നും ഒരു തരത്തിലും സാമ്യം തോന്നിപ്പിക്കാതെയാണ് ഡാര്‍ക്ക് രണ്ടാം സീസണ്‍ കഴിഞ്ഞ മാസം പുറത്തിറക്കിയതും.

എളുപ്പത്തില്‍ പിന്തുടരാന്‍ പറ്റുന്ന അവതരണമല്ല ഡാര്‍ക്കിന്റേതെങ്കിലും സീരീസില്‍ എന്തു സംഭവിക്കുന്നു എന്ന് എളുപ്പത്തില്‍ പ്രേക്ഷകന്‍ മനസിലാക്കേണ്ടതില്ലെന്നാണ് കിയേറ്റര്‍മാരിലൊരാളായ ജാന്റേ ഫ്രീസേയുടെ അഭിപ്രായം. ഇന്‍ഡിവയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ സീരീസിനെക്കുറിച്ച് പ്രതികരിച്ചത്.

പ്രേക്ഷകന്‍ ശരിക്കും എങ്ങനെ, എന്ത്‌കൊണ്ടാണ് ചില കാര്യങ്ങള്‍ ഡാര്‍ക്കില്‍ സംഭവിക്കുന്നതെന്ന് മനസിലാക്കണ്ട കാര്യമില്ല. അത് ഒരു ബോണസാണെങ്കിലും ഈ ടൈം ട്രാവലിങ്ങിന്റെയെല്ലാം അവസാനത്തെ റിസല്‍ട്ട് എന്താണെന്ന് അറിയുന്നത് മാത്രം പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യും.

ജാന്റേ ഫ്രീസെ

പുറമെ ഒരു സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി സീരീസാണെങ്കിലും അകത്ത് മനുഷ്യ ബന്ധങ്ങളും അവ എത്രത്തോളം സങ്കീര്‍ണ്ണമാകുന്നു എന്നെല്ലാമാണ് പറയാന്‍ സീരീസ് ശ്രമിക്കുന്നതെന്നും ഫ്രീസെ പറഞ്ഞു. അടുത്ത സീസണില്‍ എന്തായിരിക്കും ഉണ്ടായിരിക്കുക എന്ന പ്രേക്ഷകരുടെ സംശയത്തെക്കുറിച്ചും ഫ്രിസേ പ്രതികരിച്ചു.

രണ്ട് കാര്യങ്ങളാണ് ഉള്ളത്, ഒന്ന് അവസാനം, എവിടേക്കാണ് നിങ്ങള്‍ പോകുന്നതെന്ന് അറിയുന്നതാണ് ഒരു കാര്യം. പക്ഷേ അങ്ങോട്ട് എത്താനുള്ള വഴികള്‍ കണ്ട് പിടിക്കുന്നത് നേരെ വിപരീതമായ മറ്റൊരു വെല്ലുവിളിയാണ്.മൂന്നാമത്തെ സീസണിന്റെ ബേസിക് ഐഡിയ ഒന്നാം സീസണില്‍ തുടങ്ങിയിട്ടത് തന്നെയാണ്. ഒന്നാമത്തെ സീസണിലെ പലകാര്യങ്ങളും മൂന്നാമത്തെ സീസണിലേക്ക് സൂചന നല്‍കുന്നു. അതില്‍ കുറച്ചു കാര്യങ്ങള്‍ രണ്ടാം സീസണില്‍ പറയാനാദ്യം ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇനി പറയാന്‍ ബാക്കി വെച്ചിട്ടുളളതെല്ലാം മൂന്നാമത്തെ സീസണിലുണ്ടാകും.

ജാന്റേ ഫ്രീസെ

2017 ഡിസംബര്‍ 10നായിരുന്നു ആദ്യ സീസണ്‍ എയര്‍ ചെയ്തത്. രണ്ടാം സീസണ്‍ 2019 ജൂണ്‍ 21നും. വിന്‍ഡന്‍ എന്ന ഗ്രാമത്തെിലെ ചില കുടുംബങ്ങളെ ആസ്പദമാക്കിയാണ് ബരന്‍ ബോ ഒഡര്‍, ജാന്റേ ഫ്രീസെയും ചേര്‍ന്ന് ഒരുക്കിയ സീരീസ് കഥ പറയുന്നത്. മൈക്കിള്‍ എന്ന കുട്ടിയെ കാണാതാകുന്നതും അതിനെക്കുറിച്ചുള്ള അന്വേഷണം ടൈം ട്രാവലിലേക്കെത്തുന്നതിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in