ടോള്‍ക്കിന്‍ ആരാധകരെ ശാന്തരാകുവിന്‍ ; ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് : റിംഗ്‌സ് ഓഫ് പവര്‍ റിവ്യൂ

ടോള്‍ക്കിന്‍ ആരാധകരെ ശാന്തരാകുവിന്‍ ; ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് : റിംഗ്‌സ് ഓഫ് പവര്‍ റിവ്യൂ

ജെആര്‍ആര്‍ ടോള്‍ക്കിന്‍ എന്ന പേര് മലയാളികള്‍ക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പുസ്തകത്തെ ആസ്പദമാക്കിയൊരുക്കിയ ചില ചിത്രങ്ങളുടെ പേര് പറഞ്ഞാല്‍ കേരളത്തിലെ സിനിമാസ്വാദകരും അതേയോ എന്ന് ചിലപ്പോള്‍ ചോദിച്ച് പോകും. പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ട്രിലജിയാണ് ടോള്‍ക്കിന്റെ പുസ്തകത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമകള്‍. ഹോളിവുഡ് സിനിമകള്‍ കണ്ട് തുടങ്ങുന്ന ഏതൊരു മലയാളിയും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളുടെ പട്ടികയില്‍ അതുണ്ടാവും. പ്രത്യേകിച്ചും കുട്ടികള്‍. ഹാരി പോര്‍ട്ടറും നാര്‍ണിയയും പോലുള്ള ഫാന്റസി സിനിമകളുടെ കൂട്ടത്തില്‍ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് എന്ന ഇതിഹാസം എന്നും തല ഉയര്‍ത്തി നില്‍ക്കും.

ജെആര്‍ആര്‍ ടോള്‍ക്കിൻ
ജെആര്‍ആര്‍ ടോള്‍ക്കിൻ

ആമസോണ്‍ പ്രൈം വീഡിയോ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് വെബ് സീരീസാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് വലിയ ആകാംക്ഷയും അതുപോലെ തന്നെ സംശയവുമുണ്ടായിരുന്നു. ടോള്‍ക്കിന്‍ തുറന്നിട്ടിരിക്കുന്ന ഒരു ലോകത്തിന്റെ വിഷ്വല്‍ സ്‌പേസ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹമാണ് അതില്‍ പ്രധാനമെങ്കിലും ഇവിടെ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് അല്ലെങ്കില്‍ ഒരു മലയാളിയെ സംബന്ധിച്ച് പീറ്റര്‍ ജാക്‌സണ്‍ കാണിച്ചു തന്ന ലോകത്തിന് അപ്പുറം ഇനിയെന്തായിരിക്കും വരുക എന്നത് തന്നെയായിരിക്കും സീരീസിനെ വാച്ച്‌ലിസ്റ്റില്‍ ആഡ് ചെയ്യാന്‍ കാരണമാക്കിയിട്ടുള്ളത്. ആമസോണ്‍ പ്രൈം ഇന്നിപ്പോള്‍ ആദ്യ രണ്ട് എപ്പിസോഡുകള്‍ സീരീസിന്റെ സ്ട്രീം ചെയ്തു തുടങ്ങി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ക്കൊപ്പം ലോകത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സീരീസുകളിലൊന്ന് സ്ട്രീം ചെയ്യുന്നത് മലയാളത്തില്‍ കൂടിയാണ്.

പീറ്റര്‍ ജാക്‌സണ്‍ തുറന്നിട്ട വിഷ്വല്‍ മാജിക് കണ്ട് ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് എന്ന ഇതിഹാസത്തിലേക്ക് അടുത്ത ഒരാളാണ് താനെന്ന് സീരീസിന്റെ ഷോ റണ്ണറില്‍ ഒരാളായ ജെഡി പെയ്ന്‍ മുന്‍പ് പറഞ്ഞിരുന്നു. ടോള്‍ക്കിന്‍ ആരാധകരായ ജെ.ഡി പെയ്‌നും പാട്രിക്ക് മക്കേയും ചേര്‍ന്നാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

മലയാളിയുടെ ഓര്‍മ പുതുക്കകയാണെങ്കില്‍, ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് : ദ ഫെല്ലോഷിപ്പ് ഓഫ് ദ റിംഗ്, ദ ടു ടവേഴ്‌സ്, ദ റിട്ടേര്‍ണ്‍ ഓഫ് ദ കിംഗ്, ഈ മൂന്ന് സിനിമകളിലൂടെ ഫ്രോഡോയും സാമും ചേര്‍ന്ന് ഫ്രോഡോയുടെ കൈയ്യില്‍ വന്ന് ചേര്‍ന്ന ചില അത്ഭുത ശക്തികളുള്ള ഒരു മോതിരവുമായി നടത്തുന്ന യാത്ര, മോതിരം കൈക്കലാക്കാന്‍ വരുന്ന ദുഷ്ടശക്തികളും ഗോളമും, അവരെ സഹായിക്കാനായി കൂടെ നില്‍ക്കുന്ന ഗാന്‍ഡാള്‍ഫുമെല്ലാം ഒരു ചെറിയ ഓര്‍മയിലുണ്ടാവും. ആമസോണ്‍ പ്രൈം വീഡിയോസ് ഒരുക്കിയ സീരീസ് പീറ്റര്‍ ജാക്‌സണ്‍ ട്രിലജിക്ക് മുൻപുള്ള കഥയാണ്. സിനിമകള്‍ നടക്കുന്നത് മിഡില്‍ ഏര്‍ത്തിലെ തേര്‍ഡ് ഏജ് എന്ന കാലഘട്ടത്തിലാണ്. സീരീസാകട്ടെ അതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സെക്കന്റ് ഏജിലും. സിനിമയില്‍ പറഞ്ഞു പോകുന്ന എല്‍വ്‌സും മോര്‍ഗത്തും തമ്മിലുള്ള യുദ്ധവും വില്ലന്‍ കഥാപാത്രമായ സോറോണിന്റെ കടന്ന് വരവും സോറോണ്‍ പിന്നീട് എല്ലാത്തിന്റെയും കേന്ദ്രമായ അത്ഭുതശക്തികള്‍ നിറഞ്ഞ മോതിരം നിര്‍മിക്കുന്നതുമെല്ലാം ഈ കാലഘട്ടത്തിലാണ്. ടോള്‍ക്കിന്റെ പുസ്തകത്തില്‍ പോലും അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഈ ഭാഗമാണ് ജെഡി പെയ്‌നും പാട്രിക്ക് മക്കേയും സീരീസാക്കി മാറ്റുന്നത്.

സീരീസിലേക്ക് വരുകയാണെങ്കില്‍ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് : ഫെല്ലോഷിപ്പ് ഓഫ് റിംഗ്‌സ് പോലെ തന്നെ ഒരു നരേഷനുമായിട്ട് തന്നെയാണ് റിംഗ്‌സ് ഓഫ് പവറിന്റെ തുടക്കം. സെക്കന്റ് ഏജില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തെക്കുറിച്ചു സിനിമയില്‍ തന്നെ കേട്ട് പരിചയമുള്ള സൗറോണിനെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന എല്‍വ്‌സിനെക്കുറിച്ചും സൗറോണിനെ തേടിയിറങ്ങുന്ന ഗലാഡ്രിയല്‍ എന്ന കഥാപാത്രത്തെയും പരിചയപ്പെടുത്തി തുടങ്ങുന്ന സീരീസ് ടോള്‍ക്കിംഗ്‌സിന്റെ ലോകത്തേക്ക് കടക്കാന്‍ അധികം സമയമൊന്നും പാഴാക്കുന്നില്ല. സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി അയാളുടെ പ്രതിജ്ഞ സ്വന്തം പ്രതിജ്ഞയായി ഗലാഡ്രിയല്‍ സ്വീകരിക്കുന്നു, എന്നാല്‍ അവളെ പിന്തുണക്കാന്‍ അധികം ആളുകള്‍ തയ്യാറാകുന്നില്ല, എങ്കിലും പിന്മാറാന്‍ ഗലാഡ്രിയല്‍ തയ്യാറാകുന്നില്ല. ഗലാഡ്രിയലിന്റെ അന്വേഷണവും പോരാട്ടവും തന്നെയായിരിക്കും സീരീസിന്റെ പ്രധാനഭാഗമെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് സീരീസ് ആരംഭിക്കുന്നത്.

ടോള്‍ക്കിംഗ്‌സിന്റെ ലോകമാണ് സീരീസ് പ്രേക്ഷകന് മുന്നിലേക്ക് പിന്നീട് അവതരിപ്പിക്കുന്നത്. എല്‍വ്സിനൊപ്പം അവരുടെ സംരക്ഷണത്തില്‍ സൗത്ത്‌ലാന്‍ഡ്‌സില്‍ കഴിയുന്ന ഹ്യൂമന്‍സിനെയും ആരുമറിയാതെ കാട്ടിനകത്ത് ഒളിച്ചുതാമസിക്കുന്ന ഹോബിറ്റ്‌സിന്റെ മുന്‍തലമുറയ്ക്കാരായ ഹാര്‍ഫൂട്ട്‌സിനെയും സീരീസ് പരിചയപ്പെടുത്തുന്നു. ഹാര്‍ഫൂട്‌സിന്റെ ലോകം ഒരു ഹ്യൂമര്‍ നരേറ്റീവിലാണ് തുടങ്ങുന്നതെങ്കില്‍ സൗത്ത്‌ലാന്‍ഡ്‌സിനെ അവതരിപ്പിക്കുന്നത് വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങളുടെ കേന്ദ്രമായിട്ടാണ്. സിനിമകളിലൂടെ പരിചയമുള്ള ഡ്വാര്‍ഫ്‌സിനെക്കൂടി പരിചയപ്പെടുത്തുന്നതോടെയാണ് ലോര്‍ഡ് ഓഫ് ദ റിംഗ്‌സിന്റെ കഥ നടക്കുന്ന ഭൂമിക യഥാര്‍ത്ഥത്തില്‍ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് പരിചയമുള്ളതായി തോന്നുന്നത്. ഇതിനെല്ലാം അപ്പുറം അടുത്തതെന്ത് എന്ന് തോന്നിപ്പിക്കാനുള്ള സര്‍പ്രൈസുകളും ഇടയ്ക്കിടയ്ക്കായി അണിയറപ്രവര്‍ത്തകര്‍ കരുതിയിട്ടുണ്ട്.

ഒരു സീരീസിനെ സംബന്ധിച്ചടുത്തോളം അതിന്റെ ആദ്യ രണ്ട് എപ്പിസോഡുകള്‍ പ്രേക്ഷകരെ സീരീസിലേക്ക് അടുപ്പിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. ബ്രേക്കിംഗ് ബാഡും, ജിഒറ്റിയും, ലോസ്റ്റും തുടങ്ങിയ ഭീമന്മാര്‍ ഇക്കാര്യത്തില്‍ വിജയിച്ചവരാണ്. ആമസോണിന്റെ ഏറ്റവും വലിയ സീരീസ് എന്ന നിലയില്‍ റിംഗ്‌സ് ഓഫ് പവര്‍ ലക്ഷ്യമിടുന്നത് ഇതേ സ്‌പേസ് തന്നെയാണ്. അതില്‍ കുറച്ചൊന്നും അവര്‍ക്ക് സങ്കല്‍പ്പിക്കാനും കഴിയില്ല. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്കുണ്ടാകേണ്ട അടുപ്പമാണ്. റിംഗ്‌സ് ഓഫ് പവര്‍ ഗലാഡ്രിയല്‍ എന്ന വാരിയര്‍ കഥാപാത്രത്തെയാണ് പ്രധാന പ്രോട്ടഗണിസ്റ്റായി മുന്നിലേക്ക് വെയ്ക്കുന്നതെങ്കിലും സിനിമയില്‍ ഫ്രോഡോയെയും സാമിനെയും ഫോളോ ചെയ്ത പോലെ ഹാര്‍ഫുട്‌സായെത്തുന്ന പോപ്പിയെയും നോറയെയും പിന്തുടരാനായിരിക്കും ചിലപ്പോള്‍ ഇഷ്ടപ്പെടുക. കാരണം ലോര്‍ഡ് ഓഫ് ദ റിംഗ്‌സില്‍ പ്രേക്ഷകര്‍ നിഷ്‌കളങ്കരായ, യോദ്ധാക്കളല്ലാത്ത ഫ്രോഡോയുടെ കൈയ്യിലെത്തിയ മോതിരത്തെയായിരുന്നു പിന്തുടര്‍ന്നത്. അത് വൈകാരികമായി അവര്‍ക്കൊപ്പം ചേരുന്നതിനും ഫാന്റസി ഴോണര്‍ ആസ്വദിക്കുന്നതിനും പ്രധാനപ്പെട്ട ഒരു കാരണമായിരുന്നു. ഹോബിറ്റുകളുടെ അത്ഭുതം പ്രേക്ഷകരുടെയാവുകയും ഒരു ഹ്യൂമര്‍ ടച്ച് ചിത്രത്തിന് നല്‍കുകകയും ചെയ്തു. റിംഗ്‌സ് ഓഫ് പവറില്‍ ഹാര്‍ഫുട്‌സിന്റെയും ഡ്വാര്‍ഫ്‌സിന്റെയും രംഗങ്ങളെത്തുമ്പോള്‍ പെട്ടന്ന് സീരീസിന്റെ മൂഡ് മാറുന്നതായി കാണാം. ഇനിയുള്ള എപ്പിസോഡുകളില്‍ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രങ്ങളോട് ഇഷ്ടം കൂടുതല്‍ തോന്നിത്തുടങ്ങുകയാണെങ്കില്‍ അത് തന്നെയായിരിക്കും സീരിസിന്റെ പ്രധാന ആകര്‍ഷണം.

ലോര്‍ഡ് ഓഫ് ദ റിംഗ്‌സിനൊപ്പം സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സീരീസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായ ഹൗസ് ഓഫ് ഡ്രാഗണാണ്. ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് അവരാഗ്രഹിക്കുന്ന അതേ വേഗതയില്‍, ആഗ്രഹിക്കുന്ന റെഫറന്‍സസുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സീരീസ് തുടങ്ങിയിരിക്കുന്നത്. ഒപ്പം പുതിയൊരു പ്രേക്ഷകന് കൂടി കണ്ട് തുടങ്ങാന്‍ കഴിയുന്ന ലോകം കൂടിയാണ് സീരീസ് അവതരിപ്പിക്കുന്നത്. എന്നാല്‍ റിംഗ്‌സ് ഓഫ് പവറാകട്ടെ കുറച്ചുകൂടെ വലിയൊരു ലോകത്തെ പെട്ടന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ഇതെല്ലാം നിങ്ങള്‍ ആദ്യം മനസിലാക്കിയാലെ ബാക്കിയുള്ള കഥ ഞങ്ങള്‍ക്ക് പറഞ്ഞ് തുടങ്ങാന്‍ കഴിയൂ എന്ന രീതിയിലാണ് റിംഗ്‌സ് ഓഫ് പവറിന്റെ ആദ്യ രണ്ട് എപ്പിസോഡുകള്‍. അതുകൊണ്ട് തന്നെ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ലോകം പരിചയമില്ലാത്തവര്‍ക്ക് സീരീസ് ട്രാക്കിലേക്ക് കയറിപറ്റാന്‍ ആദ്യ രണ്ട് എപ്പിസോഡുകള്‍ കൊണ്ട് മാത്രം സാധ്യമായെന്ന് വരില്ല, എന്നാല്‍ സിനിമകളുടെയും പുസ്തകങ്ങളുടെയും വലിയ ആരാധകരായിട്ടുള്ള പ്രേക്ഷകര്‍ക്ക് സീരീസിലെ ഓരോന്നും വലിയ റഫറന്‍സുകളും ഡീറ്റയിലുകളും ആയി തോന്നുകയും ചെയ്യും സൗറോണ്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ എന്‍ട്രി കൂടി വരുന്നത് വരെ ടോള്‍ക്കിന്‍ ആരാധകര്‍ക്ക് ശാന്തരാകാനും കഴിയില്ല.

ജെഡി പെയ്ന്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളിലൊന്ന് സീരീസ് ആദ്യമേ ഒരു 50 മണിക്കൂര്‍ ഷോ ആയിരിക്കും എന്ന് തീരുമാനിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ എഴുത്തിന്റെ കാര്യത്തില്‍ കൃത്യമായ ഫ്രീഡം ഉണ്ടായിരുന്നുവെന്നും. വരാനിരിക്കുന്ന എപ്പിസോഡുകളില്‍ ഈ വലിയ ക്യാന്‍വാസ് ഉപയോഗിച്ച് ബാക്‌സ്‌റ്റോറികളും കണക്ഷനുകളും സീരീസ് കരുതിവെച്ചിട്ടുണ്ടെന്നും കരുതാം.

പീറ്റര്‍ ജാക്‌സണ്‍ സിനിമകളെ വെച്ചുള്ള താരതമ്യമായിരിക്കും വരും ദിവസങ്ങളില്‍ സീരീസ് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി. ടോള്‍ക്കിന്റെ ലോകം പ്രേക്ഷകര്‍ ഇന്ന് കാണുന്നത് അദ്ദേഹത്തിന്റെ ഫ്രെയിമിലൂടെ തന്നെയാണ്. അതിന് തുടര്‍ച്ച നല്‍കാന്‍ റിംഗ്‌സ് ഓഫ് പവറിന് കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയണമെങ്കില്‍ ഇനിയുള്ള എപ്പിസോഡുകളും സീസണുകളും റിലീസാകുക തന്നെ വേണം. പക്ഷേ സിനിമ കണ്ടിട്ടുള്ള പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം അവരെ അറിയാന്‍ പ്രേരിപ്പിക്കുന്ന ഒരു ഫാന്റസി സ്ട്രക്ചര്‍ സീരീസിനുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളിലെ പുതിയ പ്രേക്ഷകരെയാണ് സീരീസ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ എല്ലാ എപ്പിസോഡുകളും റിലീസ് ചെയ്തതിന് ശേഷമുള്ള ബിഞ്ച് വാച്ചിംഗ് സാധ്യമാകുമ്പോഴായിരിക്കും സീരീസിന് കൂടുതല്‍ കാഴ്ചക്കാരുണ്ടാവുക.

റിംഗ്‌സ് ഓഫ് പവറിന്റെ ഏഷ്യാ പസഫിക് പ്രീമിയര്‍ കഴിഞ്ഞ മാസം മുംബൈയില്‍ നടക്കുകയുണ്ടായി. അതില്‍ ആദ്യ ദിവസം സീരിസിന്റെ നിലവില്‍ യൂട്യൂബില്‍ ലഭ്യമായ ട്രെയിലര്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ശബ്ദസംവിധാനത്തിലടക്കമുള്ള ക്വാളിറ്റി അപ്പോള്‍ കൃത്യമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. പിന്നീട് ആദ്യ രണ്ട് എപ്പിസോഡുകളുടെ പ്രിവ്യൂ ഷോയും നടക്കുകയുണ്ടായി. ആമസോണ്‍ പ്രൈം വീഡിയോയില്‍ നിലവില്‍ സ്ട്രീം ചെയ്ത് തുടങ്ങിയ എപ്പിസോഡുകള്‍ അതുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ തിയ്യേറ്ററില്‍ കാണേണ്ടത് തന്നെയാണ് റിംഗ്‌സ് ഓഫ് പവറെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ സീരീസ് ഒടിടി സ്ട്രീമിംഗിന് ഒരുക്കിയ ഒന്നാക്കിയത് തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത വലിയ റിസ്‌ക്. പ്രേക്ഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും അത് മറികടക്കുകയാണെങ്കില്‍ ഏറ്റവും വലിയ സീരീസുകളിലൊന്നാകാനുള്ള ചരിത്രം റിംഗ്‌സ് ഓഫ് പവറിനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in