ബിഗ് ബോസ് സീസൺ ത്രീ; മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ച് മോഹൻലാൽ

ബിഗ് ബോസ് സീസൺ ത്രീ; മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ച് മോഹൻലാൽ
Published on

നടൻ മണിക്കുട്ടൻ ബിഗ്‌ബോസ് സീസൺ -3 വിജയി. നടൻ മോഹൻലാലാണ് ബിഗ്‌ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടൻ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചത്. എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുന്നത്. സായി വിഷ്‌ണു രണ്ടാം സ്ഥാനത്തിനും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനത്തിനും അർഹരായി. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.

തന്നെ ഒരു മികച്ച വ്യക്തിയാക്കിയതിന് നടൻ മോഹൻലാലിന് വികാരനിർഭരമായി മണിക്കുട്ടൻ നന്ദി പറഞ്ഞു. പിന്തുണ നൽകിയ മാതാപിതാക്കളോടും സഹ മത്സരാർഥികളോടും താരം നന്ദി അറിയിച്ചു. സഹ മത്സരാർത്ഥിയും നടിയുമായ സന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മൂന്നാം സീസൺ പാതിവഴിയിൽ ഉപേക്ഷിക്കാൻ മണിക്കുട്ടൻ ഒരു ഘട്ടത്തിൽ തീരുമാനിച്ചിരുന്നു. കൗൺസിലിംഗ് സെഷനുകൾക്ക് ശേഷമാണ് ബിഗ് ബോസ് ടീമിൽ മണിക്കുട്ടൻ മടങ്ങിയെത്തിയത്.

എ ആർ റഹ്മാൻ സംഗീതം പകർന്ന 'എല്ലാ പുകഴും ഒരുവൻ ഒരുവനക്കെ' എന്ന പാട്ട് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് മണിക്കുട്ടൻ ആലപിച്ചു. ബിഗ് ബോസ് എന്ന ഷോയിൽ പങ്കെടുക്കുവാനും അതിലൂടെ നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം ലഭിച്ചതിനും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. സിനിമ എന്ന മാധ്യമത്തിലൂടെ നിങ്ങൾ എന്നെ പരിചയപെട്ടു. ബിഗ് ബോസ്സിലൂടെ നിങ്ങൾ എന്നെ സ്നേഹിച്ചു. നന്ദി എല്ലാവർക്കും.. എല്ലാ കോണ്ടെസ്റ്റാണ്ട്സിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ- മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

തോമസ് ജെയിംസ് എന്നാണ് മണിക്കുട്ടന്റെ യഥാർഥ പേര്. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മണിക്കുട്ടൻ ശ്രദ്ധനേടിയത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആണ് ആദ്യ സിനിമ. റിലീസ് ചെയ്യാനിരിക്കുന്ന തമിഴ് ആന്തോളജി ചിത്രം നവരസ, മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിലുള്ള മരക്കാർ എന്നീ സിനിമകളിലും മണിക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in