സുരേഷ് ഗോപിയല്ല, മോഹന്‍ലാല്‍ തന്നെ; ബിഗ് ബോസ് സീസണ്‍ 4ല്‍ നിന്ന് പിന്‍മാറിയിട്ടില്ല Bigg Boss Malayalam Season 4

സുരേഷ് ഗോപിയല്ല, മോഹന്‍ലാല്‍ തന്നെ; ബിഗ് ബോസ് സീസണ്‍ 4ല്‍ നിന്ന് പിന്‍മാറിയിട്ടില്ല Bigg Boss Malayalam Season 4
Published on

ബിഗ് ബോസ് സീസണ്‍ ഫോര്‍ അവതാരകനായി മോഹന്‍ലാല്‍ എത്തും. സ്വന്തം സംവിധാനത്തിലുള്ള ബറോസ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാല്‍ പുതിയ സീസണ്‍ അവതാരകനായി മോഹന്‍ലാല്‍ എത്തില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നാലാം സീസണും മോഹന്‍ലാല്‍ തന്നെ അവതരിപ്പിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ് ബോസ് സീസണ്‍ ടുവും ത്രീയും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. സീസണ്‍ ത്രീ ചെന്നൈ ഇവിപി സ്റ്റുഡിയോയിലായിരുന്നു. ഇക്കുറി മുംബൈയിലായിരിക്കും ബിഗ് ബോസ് സീസണ്‍ ഫോര്‍ ചിത്രീകരണം. ബിഗ് ബോസ് ആദ്യ സീസണില്‍ സാബു മോന്‍ അബ്ദുമസമദും സീസണ്‍ ത്രീയില്‍ മണിക്കുട്ടനുമായിരുന്നു ടൈറ്റില്‍ ജേതാക്കള്‍.

കൊവിഡ് രൂക്ഷമായതിന് പിന്നാലെ സീസണ്‍ ടു 2020 മാര്‍ച്ച് 20ന് അവസാനിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സീസണുമായിരുന്നു ഇത്. ഡോ.രജത്കുമാറിനെ മത്സരാര്‍ത്ഥിയാക്കിയതും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് നേരെ രജത് ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും വലിയ ചര്‍ച്ചയായി.

നൂറ് ദിവസം ബിഗ് ബോസ് വീട്ടില്‍ താമസിച്ച് വിവിധ മത്സരങ്ങളിലൂടെയും വോട്ടിംഗിലൂടെയും ഒന്നാമതെത്തുന്നയാളാണ് ടൈറ്റില്‍ വിന്നര്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ അവതാരകന്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താവുകയും (elemination) ചെയ്യും. എലിമിനേഷന്‍ പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതികൂല സാഹചര്യവും മറ്റ് മത്സരാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം നേരിട്ട് ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന ഒരേയൊരാള്‍ ആയിരിക്കും അന്തിമ വിജയി.

ഡിസ്നി സ്റ്റാര്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ഭാഷാ ചാനലുകളാണ് ഇന്ത്യയില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. മലയാളം ആദ്യ സീസണ്‍ മുംബൈയിലായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലേക്ക് മാറി.

ബിഗ് ബോസ് തമിഴ് പതിപ്പ് അവതാരകനായി ഇക്കുറി എത്തുന്നത് ചിലമ്പരശനാണ്. കമല്‍ഹാസനായിരുന്നു മുന്‍ സീസണുകളിലെ അവതാരകന്‍. കമല്‍ഹാസന്‍ പുതിയ സിനിമകളുടെ ചിത്രീകരണ തിരക്കുകളെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഹിന്ദി ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in