ആക്ഷന് വേണ്ടിയൊരു 12 മിനിറ്റ് ; ഷോര്‍ട്ട് ഫിലിം 'വോള്‍ഫ്മാന്‍' കാണാം

ആക്ഷന് വേണ്ടിയൊരു 12 മിനിറ്റ് ; ഷോര്‍ട്ട് ഫിലിം 'വോള്‍ഫ്മാന്‍' കാണാം

മലയാളത്തില്‍ ഷോര്‍ട്ഫിലിം രംഗത്ത് അധികം പരീക്ഷിക്കപ്പെടാത്തവയാണ് ആക്ഷന്‍ ത്രില്ലര്‍ ഴോണറുകള്‍. കഥകളിലും അവതരണത്തിലും പല പരീക്ഷണങ്ങളും ഉണ്ടായപ്പോഴും വിരലില്‍ എണ്ണാവുന്ന ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ചെറിയ മുതല്‍ മുടക്കില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഒരുക്കുന്ന ചിത്രങ്ങളായത് കൊണ്ട് പാളിപ്പോയാല്‍ അത് പൂര്‍ണമായും സിനിമയെ ബാധിക്കും. അത് കൊണ്ട് തന്നെയാണ് അത്തരം ചിത്രങ്ങള്‍ ഉണ്ടാകാതിരുന്നത്. എന്നാല്‍ ആ റിസ്‌ക് എടുക്കുകയും വിജയിക്കുകയും ചെയ്ത ചിത്രമാണ് ബെന്‍ സെബാസ്റ്റിന്‍ ഒരുക്കിയ 'വോള്‍ഫ്മാന്‍'.

12 മിനിറ്റില്‍ പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ചിത്രം മുഴുവനായും ആക്ഷന്‍ തന്നെയാണ്. എടുത്ത് പറയാന്‍ മാത്രം ഒരു പ്രമേയമോ, കഥയോ ചിത്രത്തിനില്ല. സംഭാഷണങ്ങളില്ല. ഒരു മുഴുനീള ആക്ഷന്‍ ചിത്രത്തിന് ആവശ്യമായ ഒരു സാഹചര്യം മാത്രം മുന്‍നിര്‍ത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്നാല്‍ അതില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചിത്രം മികവ് തെളിയിക്കുന്നു.

സംവിധായകനായ ബെന്‍ സെബാസ്റ്റ്യന്‍ തന്നെയാണ് വോള്‍ഫ് മാന്റെ എഡിറ്റിംഗും വിഎഫ് എക്‌സും നിര്‍വഹിച്ചിരിക്കുന്നത്. അത് രണ്ടും തന്നെയാണ് ചിത്രത്തെ പിടിച്ചിരുത്തുന്നതാക്കുന്നത്. യൂട്യൂബ് ടൂട്ടോറിയല്‍സില്‍ നിന്ന് എഡിറ്റിംഗ് പഠിച്ചാണ് ബെന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ അത്ര കാര്യമായിട്ട് നല്ല ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്തിട്ടുളളതായി കണ്ടില്ല. പഠിച്ച എഡിറ്റിംഗ് ടൂട്ടോറിയല്‍സ് ഒക്കെ വെച്ച് നോക്കിയപ്പോള്‍ ഇത് സിമ്പിള്‍ ആണല്ലോ എന്ന് തോന്നി. അങ്ങനെ ആണ് ഒരു ആക്ഷന്‍ ഷോര്‍ഫിലിം തന്നെ ചെയ്‌തേക്കാമെന്ന തീരുമാനത്തില്‍ എത്തുന്നത്.

ബെന്‍

സച്ചു കുസുമലയമാണ് വയലന്‍സും ആക്ഷനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മികവുറ്റ ആക്ഷന്‍ മൂവ്‌മെന്റുകളും ടെക്‌നിക്കല്‍ പെര്‍ഫെക്ഷനും കൊണ്ട് മികച്ചു നില്‍ക്കുന്ന 'വോള്‍ഫ് മാന്റെ' സ്റ്റണ്ട് കോഡിനേറ്റേഴ്‌സ് അബിജിത്, നവീന്‍ നന്ദന്‍ എന്നിവരാണ്. ചിത്രത്തില്‍ സൗണ്ട് എഫക്ട്‌സിനും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനും ഒരുപോലെ പ്രാധാന്യം നല്‍കിയിരിക്കുന്നു. സൗണ്ട് ഡിസൈന്‍ അനീഷ് പി ടോം. ഫെബിന്‍ ജോസഫ് ആണ് കലാ സംവിധാനം. അരുണ്‍ ആചാര്യ മേക്കപ്. നേഹ എം നായര്‍ കോസ്റ്റ്യൂം. ലിറിക് റോയി മ്യൂസിക് ഡയറക്ഷന്‍.

Related Stories

No stories found.
logo
The Cue
www.thecue.in