
കുട്ടിയായിരിക്കുമ്പോൾ നാം കേൾക്കുന്ന കഥകൾ, അത് രസിപ്പിക്കുന്നതോ, ഭയപ്പെടുത്തുന്നതോ, വിഷമിപ്പിക്കുന്നതോ എന്ത് തരത്തിലുള്ളതുമായിക്കോട്ടെ അത് നമ്മളെ ഒരുപാട് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കും. രാത്രി ചൂളം വിളിച്ചാൽ വീട് തേടി വരുന്ന സർപ്പത്തെ ആരും കണ്ടിട്ടുണ്ടാവില്ല, പക്ഷേ കുട്ടിയായിരുന്നപ്പോൾ അത് വിശ്വസിക്കാൻ മാത്രം തക്കവണ്ണം നമ്മളുടെ ഉള്ളിലാ വിശ്വാസം ആഴ്ന്നിറങ്ങിയിട്ടുണ്ടായിരുന്നു. ബാല്യത്തെയും മുത്തശ്ശി കഥകൾ കേട്ട് ഉറങ്ങിയ രാത്രികളെയും പറ്റി പ്രേക്ഷകനെ ഓർമപ്പെടുത്തുന്ന ഹ്രസ്വ ചിത്രമാണ് സുഗന്ധി.
ചിത്രം തുടങ്ങുന്നത് തന്റെ ഉറക്കത്തെ ബാധിക്കുന്ന പേടിപ്പെടുത്തുന്നതരം സ്വപ്‌നങ്ങൾ കാണുന്ന നാല് വയസുകാരന്റെ അലർച്ചയിൽ നിന്നുമാണ്. തന്റെ മകൻ തുടർച്ചയായി കാണുന്ന പേടിപ്പെടുത്തുന്ന സ്വപ്‍നം മാറാൻ അമ്മ കണ്ടു പിടിച്ച ആദ്യത്തെ പോം വഴി പൂജിച്ച ചരട് കെട്ടുക എന്നതായിരുന്നു. തന്നെ ആ സ്വപ്നങ്ങളിൽ നിന്നും ചരട് രക്ഷപ്പെടുത്തുമെന്നു പ്രതീക്ഷിച്ച ബാലന് പക്ഷെ നിരാശയായിരുന്നു ഫലം. പിന്നീട് മകനെ കായൽ കാണാൻ പറഞ്ഞു വിട്ടപ്പോഴും ആ 'അമ്മ സ്വപ്നം കണ്ടത് , പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ ഇല്ലാതെ തൻെറ മകൻ ഉറങ്ങുന്നൊരു രാത്രിയെപ്പറ്റിയാണ്. തന്റെ സ്വപ്നത്തിനു മാത്രം ഒരുമാറ്റവുമില്ലെന്നു തിരിച്ചറിയുന്ന ആ നാലുവയസുകാരൻ പോംവഴിയായി അവസാനം ആശ്രയിക്കുന്നത് തന്റെ മുത്തശ്ശിയെയാണ്. പേടിപ്പെടുത്തുന്ന ആ സ്വപ്നത്തെ മുത്തശ്ശി അവനിൽ നിന്നും പറിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് സിനിമ.
അർജുൻ രാജേഷ് തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിന്റെ കഥ നടക്കുന്നത് ഒരു തുരുത്തിന്റെ പശ്ചാത്തലത്തിലാണ്. എല്ലാത്തിലും എന്താണ് നടക്കുന്നതെന്ന് അറിയാൻ തന്റെ വലിയ കണ്ണുകൾ മുഴുവനായി തുറന്ന് ശ്രദ്ധ കൊടുത്തിരിക്കുന്ന നാല് വയസുകാരനിലൂടെയാണ് പ്രേക്ഷകൻ തുരുത്തിനെ കാണുന്നത്. ആദിശേഷൻ കെ ആറാണ് പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. പൊന്മാൻ സിനിമയിൽ ക്രിസ് സോണിയയായി എത്തുന്ന വൈഷ്ണവി കല്യാണിയാണ് ചിത്രത്തിൽ അമ്മയുടെ വേഷം ചെയ്തിരിക്കുന്നത്. മുത്തശ്ശിയുടെ വേഷം ചെയ്തിരിക്കുന്നത് ചെമ്പകവല്ലി തമ്പുരാട്ടിയാണ്.
മുത്തശികഥകളും, കണ്ട പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും കൊണ്ട് ചുറ്റപ്പെട്ട നാലു വയസുകാരന്റെ ജീവിതം ചെറിയ തുരുത്തിനെയും കായലിനെയും സാക്ഷിയാക്കിക്കൊണ്ടാണ് സംവിധായകനും ഛായാഗ്രാഹകനും അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ പ്രേക്ഷകനെ ആ വൈകാരികത അതേപടി ലഭിക്കാൻ സഹായിക്കുന്നുമുണ്ട്. സ്വാതി കമലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. താഹിർ ഹംസയാണ് എഡിറ്റർ.
ബെർലിൻ മൂലമ്പിള്ളിയാണ് സൗണ്ട് എഫക്ട് കൈകാര്യം ചെയ്തത് മകിഴ്മിത്രൻ ,തമിഴകം ,ബിർസമുണ്ട തുടങ്ങിയ ഫെസ്റ്റിവലുകളിൽ മികച്ച സിനിമയായി തിരഞ്ഞെടുത്ത ചിത്രത്തിന് റിതു രംഗം കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീതം , എഡിറ്റിംഗ് ,ബാലതാരം തുടങ്ങിയ വിഭാഗങ്ങളിൽ അവാർഡും നേടാൻ സാധിച്ചു. ചിത്രം ക്യു സ്റ്റുഡിയോ യൂട്യൂബിൽ കാണാം.