
പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും ഒരുപാട് സങ്കല്പങ്ങൾ എല്ലാവർക്കും ഉണ്ടാകും. സ്വന്തം പാർട്ണർ എങ്ങനെയാകണമെന്നും അവർക്കുണ്ടാവേണ്ട ക്വാളിറ്റീസ് എന്തെല്ലാമാണെന്നും അവർ തന്നോട് എങ്ങനെയായിരിക്കണമെന്നുമെല്ലാം ഒരുപാട് സ്വപ്നങ്ങളും ഓവർതിങ്കിങ്ങുമൊക്കെ ചെയ്യുന്നവരാണ് എല്ലാവരും. അത്തരത്തിൽ പാർട്ണറെ തെരഞ്ഞെടുക്കുന്നതിന് വേണ്ട ഒരു ചെക്ക് ലിസ്റ്റ് കൈയ്യിലുള്ളൊരാളാണ് സാഷയും. താൻ പരിചയപ്പെടുന്ന മനുഷ്യരെ, അല്ലെങ്കിൽ തന്റെ ഡേറ്റിനെ, വിലയിരുത്താനും അവർ താൻ ആഗ്രഹിക്കുന്നൊരാളാണോ എന്ന് ചിന്തിച്ചുകൂട്ടുകയുമെല്ലാം ചെയ്യുന്ന സാഷ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ ഒരു ദിവസമാണ് അരവിന്ദ് എച്ച് സംവിധാനം ചെയ്തെ 'വെൻ ദ വാൾഫ്ലവർ സിങ്ങ്സ്' എന്ന ഹ്രസ്വചിത്രം പറയുന്നത്.
നീരജ ആർ .വി തിരക്കഥ എഴുതിയ ചിത്രത്തിൽ മീനു ഷൈനാണ് സാഷയെ അവതരിപ്പിക്കുന്നത്. സാഷ ഒരു ഡേറ്റിനായി തയ്യാറെടുക്കുകയാണ്, അവളെ കാണാനെത്തുന്ന അതുവരെ അപരിചിതനായിരുന്ന ഒരാളുമായി ഒരു ദിവസം, അതാണ് ചിത്രത്തിന്റെ പ്രമേയം. വെള്ള ഡെയ്സി പൂക്കളുമായി സാഷയെ കാണാൻ അയാളെത്തുന്നത്. പൂക്കൾ നൽകിയ പ്രതീക്ഷയോടെയാണ് അവരിരുവരും ഡേറ്റ് ആരംഭിക്കുന്നത്. കോഫി ഷോപ്പിലും, ലൈബ്രറിയിലും ബീച്ചിലുമായി നീളുന്ന ആ ഡേറ്റിൽ മുഴുവനും സാഷ തിരയുന്നത് തന്റെ ചെക്‌ലിസ്റ്റിനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന പാർട്ണറാണോ അയാളെന്നാണ്. അല്ലെങ്കിൽ അവരിരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ യഥാർത്ഥത്തിൽ തനിക്ക് സംതൃപ്തി നൽകുന്നുണ്ടോ എന്ന ചിന്തകളാണ്. ഒപ്പം അയാൾ തന്നെ എങ്ങനെയാണ് ജഡ്ജ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന തോന്നലുകളാണ്. ഡലയോഗുകളില്ലാത്ത, സാഷയുടെ ചിന്തകളുടെ നരേഷനിലൂടെ പ്രേക്ഷകനോട് സംസാരിക്കുന്ന ചിത്രം ദ ക്യു സ്റ്റുഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു.
1:1 ഫോർമാറ്റിൽ, സാഷയെ മാത്രം ഫ്രെയിമിൽ കാണുന്ന പ്രേക്ഷകന് മറുവശത്തുള്ളയാളെക്കുറിച്ചുള്ള സാഷയുടെ ചിന്തകൾ അതേപടി ലഭിക്കുന്നുമുണ്ട്. ബ്ലെസ്സൺ ജസ്റ്റിൻ ജെ .ബി ,വിവേക് ഡാനിയേൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത് .നീമ വിനോാദിന്റെയാണ് കലാ സംവിധാനം. ചിത്രം ദ ക്യു സ്റ്റുഡിയോ യൂട്യൂബ് ചാനലിൽ കാണാം.