
പെൺകുട്ടികളെ വളർത്തുന്നത് അവളെ മറ്റൊരാളുടെ കയ്യിൽ പിടിച്ചേൽപ്പിക്കാനല്ലേ ? അത് വരെ തീയും തിന്ന്, ആ ദിവസം കഴിഞ്ഞ് ലഭിക്കുന്ന സമാധാനത്തിന് വേണ്ടിയല്ലേ അത്രയും നാൾ അവളെ പഠിപ്പിക്കുന്നതും മറ്റും? അവളുടെ 'ഐഡന്റിറ്റി'യുടെ അറ്റത്തു നിന്ന് ഒരു കഷ്ണം എടുത്തു കളഞ്ഞ് അവിടെ മറ്റൊന്ന് കൂട്ടിച്ചേർക്കുന്നു. 'കൊടുത്തയയ്ക്കുമ്പോൾ' കൂടെ സന്തോഷമെന്നും കടമയെന്നുമൊക്കെയുള്ള പല പേരുകളിൽ അറിയപ്പെടുന്ന സ്ത്രീധനം എന്ന ദുരാചാരവും. സന്തോഷവും, കടമയുമൊക്കെ നിയമപരമാണല്ലോ. വിവാഹം എന്ന ചടങ്ങ്, ആ ഐഡിയ ഒരു സ്ത്രീയെ, അഥവാ പെൺകുട്ടിയെ എങ്ങനെ ബാധിക്കുന്നു എന്നത് ഒരു പെൺകുട്ടിയുടെ മോണോലോഗിലൂടെ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് ഷാരോൺ സംവിധാനം ചെയ്ത 'ഐഡന്റിറ്റി'.
പൊതുബോധം കല്യാണം എന്ന സങ്കല്പത്തിലൂടെ സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്ന പലതിനെയും ആ മോണോലോഗിലൂടെ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. തന്റെ ഇഷ്ടങ്ങളെയോ, തന്നെതന്നെയോ തിരിച്ചറിയാത്ത സ്വന്തം മാതാപിതാക്കളോട് തോന്നുന്ന അകൽച്ച കാണിക്കുന്ന ചിത്രം കുടുംബബന്ധങ്ങളെന്ന സങ്കൽപ്പത്തെ തന്നെയും ചോദ്യം ചെയ്യാൻ കാണികളെ നിർബന്ധിതരാക്കുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടെങ്കിലും ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ ഇന്നും പ്രസക്തമാണ്.
മ്യുസിക്കൽ നരേറ്റിവ് പിന്തുടരുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അമൃതേഷ് വിജയനാണ്. ഛായാഗ്രഹണം ആഷ്‌ബിൻ ആംബ്രോസ്. എഡിറ്റിങ് മനു മധു. തിരക്കഥ അഭിനവിന്റെതാണ്.കോൺസെപ്റ്റ് സ്മിത്ത് സ്റ്റാൻലി. ചിത്രം നിർമിച്ചിരിക്കുന്നത് ലൂക്കയാണ്. ചിത്രം പ്ലർ മിഷന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.