
സമൂഹത്തിൽ മനുഷ്യർ സൃഷ്ടിച്ചെടുക്കുന്ന അതിർവരമ്പുകളിലൂടെ രൂപപ്പെടുന്ന രണ്ടു തരം മനുഷ്യരുണ്ട്. ചൂഷണം ചെയ്യുന്നവരും, ചൂഷണം ചെയ്യപ്പെടുന്നവരും. സ്വന്തം സ്വത്വം അല്ലെങ്കിൽ രൂപം അയാളുടെ നിലനിൽപ്പിനു തന്നെ തടസ്സമുണ്ടാക്കുന്ന ദുരവസ്ഥ ചിത്രീകരിക്കുന്ന ഹ്രസ്വചിത്രമാണ് രൂപം. പതിനേഴ് മിനിറ്റ് ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് വിനുവാണ്. അന്ന എന്ന കഥാപാത്രം പ്രേക്ഷകരോട് നേരിട്ട് സംസാരിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അന്നയുടെ സുഹൃത്തായ ഒരു കാർ മെക്കാനിക് ആയ ദീപക്കിന്റെ ജീവിതത്തെ കുറിച്ചാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്.
അധികാരവർഗ്ഗത്തിന്റെ സ്വാർത്ഥതക്കു വേണ്ടി അവർ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യരെ ചൂഷണം ചെയ്യുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർഥ്യമാണ്. ജാതി, മതം, ലിംഗം, സാമ്പത്തിക സ്ഥിതി, രൂപം എന്നിങ്ങനെ പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പലരും സമൂഹത്തിൽ അന്യവത്ക്കരിക്കപ്പെട്ടു പോകുന്നു. അത്തരത്തിൽ നിലനിൽക്കുന്ന യാഥാർഥ്യത്തിന്റെ പ്രതീകമാണ് ഈ ചിത്രത്തിലെ ദീപക്. ഒരു വർക്ക് ഷോപ്പിലെ സാധാരണ തൊഴിലാളിയാണ് അയാൾ. അയാളുടെ സാമ്പത്തിക സ്ഥിതിയും സാമൂഹിക പശ്ചാത്തലവും സിനിമയിൽ വിവരിക്കുന്നുണ്ട്. ദിവസവും പണി കഴിഞ്ഞു കിട്ടുന്ന രണ്ടായിരം രൂപ വച്ച് വേണം അയാൾക്ക് വീട്ടിലെ കാര്യങ്ങൾ നോക്കാൻ അമ്മക്ക് മരുന്ന് വാങ്ങാൻ. അയാളുടെ നിറത്തിന്റെയും ശാരീരിക ഘടനയുടെയും അടിസ്ഥാനത്തിലാണ് അയാളെ പോലീസുകാർ സംശയത്തിന്റെ നിഴലിൽ നോക്കി കാണുന്നത്. അയാളെ തെളിയിക്കപ്പെടാത്ത മാലമോഷണ കേസിൽ പ്രതി ചേർക്കാനുള്ള പ്രേരണ ഉണ്ടായതും ഇതേ കാരണത്താലാണ് എന്ന് ചിത്രത്തിൻറെ അവസാനം വ്യക്തമാക്കുന്നുണ്ട്.
ജിതിൻ കെ മനോജാണ് ദീപിക്കിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഫ്രെയിമുകളും വിഷ്വലുകളും ഛായാഗ്രഹണത്തിലൂടെ മനോഹരമാക്കാൻ മൃദുൽ എസ്സിന് കഴിഞ്ഞപ്പോൾ. സിനിമക്കും കഥാപശ്ചാത്തലത്തിനും കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥയ്ക്കും യോജിച്ച പശ്ചാത്തല സംഗീതമൊരുക്കാൻ അഭിജിത് എം എ ക്കു സാധിച്ചു. വിനായക് സുതൻ ആണ് ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്. അഖിൽ സി ആണ് ചിത്രത്തിൻറെ കലാസംവിധാനം നിർവഹിച്ചിട്ടുള്ളത്. രാജേഷ് എ പി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിച്ചിട്ടുള്ളത്.
ഞാൻ ഇത് എന്താണ് ഈ പറയുന്നത് എന്ന് മനസ്സിലായോ ആ ഇരുപ്പ് കണ്ടിട്ട് മനസിലാകാത്തത് പോലുണ്ടല്ലോ എന്ന് അന്ന എന്ന കഥാപാത്രം പ്രേക്ഷകരോട് ചോദിച്ചു കൊണ്ടാണ് ഈ ചിത്രം ആരംഭിക്കുന്നത്. സ്വന്തം പ്രിവിലേജുകളെ തിരിച്ചറിയാതെ ഈ സമൂഹത്തിലെ ഇത്തരം യാഥാർഥ്യങ്ങളെ മനസിലാക്കാനുള്ള കഴിവില്ലാത്തവരോട് സംവിധായകൻ ചോദിക്കാനുദ്ദേശിച്ചതായിരിക്കാം ഒരുപക്ഷെ ആ ചോദ്യം. സിനിമ അവസാനിക്കുമ്പോൾ ഇന്ത്യയിൽ നടന്നിട്ടുള്ള ഒരുപാട് കസ്റ്റോഡിയൽ കൊലപാതകങ്ങളുടെ വാർത്തകൾ നൽകി കൊണ്ടാണ് അവസാനിപ്പിക്കുന്നത്. ക്യൂ സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ചിത്രം ലഭ്യമാണ്.