നിഗൂഢതയുണര്‍ത്തുന്ന ഒരു 
ഭൂമക്കോലം, കാണാം ഹ്രസ്വചിത്രം 'കോലം' ദ ക്യു യൂട്യൂബില്‍

നിഗൂഢതയുണര്‍ത്തുന്ന ഒരു ഭൂമക്കോലം, കാണാം ഹ്രസ്വചിത്രം 'കോലം' ദ ക്യു യൂട്യൂബില്‍

സാങ്കേതിക മികവുകൊണ്ടും നരേറ്റീവുകൊണ്ടും ശ്രദ്ധ നേടിയെടുക്കുന്ന റിയലിസ്റ്റിക് കഥകളും ഫാന്റസി കഥകളും റൊമാന്റിക് ഡ്രാമകളുമെല്ലാം ഹ്രസ്വചിത്രങ്ങളിലും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ സാങ്കേതികമികവുകൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധ നേടുന്ന ചിത്രമാണ് കോലം. നന്ദുലാല്‍ എസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത കോലം, ഒരു ഗ്രാമത്തെയും അവിടെ അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങളെയും മുന്‍നിര്‍ത്തി ഒരുക്കിയ ഒരു മിസ്റ്ററി ത്രില്ലറാണ്. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ക്യു സ്റ്റുഡിയോ യൂട്യൂബിലാണ് റിലീസ് ചെയ്തത്.

ഒരു നാട്ടില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങള്‍ക്ക് പിന്നിലെ കാരണം അന്വേഷിക്കുമ്പോള്‍, വയലിന് നടുവിലെ ഒരു കോലമാണ് എന്ന് മനസിലാക്കുകയും അത് മറികടക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് നടത്തുന്ന പരിഹാരങ്ങളുമാണ് സിനിമ പറയുന്നത്. കെട്ടുകഥ പോലെ തോന്നുന്ന ഒരു പ്രമേയവും കഥയും പ്രേക്ഷകരെ മുഴുവനും കാണാന്‍ തോന്നിപ്പിക്കുന്ന തരത്തില്‍ പിടിച്ചിരുത്തുന്നുണ്ട്. കഥയിലെ മിസ്റ്ററിക്ക് യോജിച്ച വിധത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മേക്കിംഗ് സംവിധായകന്‍ നന്ദുലാല്‍ ഒരുക്കിയിരിക്കുന്നത്. അല്‍ഫാസ് ജഹാംഗീറിന്റെ കാമറയും ചിത്രത്തിന്റെ ഹൊറര്‍ മൂഡ് ക്രിയേറ്റ് ചെയ്തിരിക്കുന്നതില്‍ എടുത്ത് പറയേണ്ടതാണ്.

ചിത്രത്തില്‍ ഉടനീളം ഒരു നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്. അത് പ്രേക്ഷകരെ ഫീല്‍ ചെയ്യിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു രാജശേഖറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രമേയത്തിലെ മിസ്റ്ററിയും ടെന്‍ഷനും പശ്ചാത്തലസംഗീതത്തിലൂടെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ ഫീല്‍ ചെയ്യിക്കാന്‍ സംഗീതത്തിന് കഴിയുന്നു. മലയാളത്തിലെ ഹ്രസ്വചിത്രങ്ങളും നാട്ടിന്‍പുറങ്ങളിലെ കഥകളെയും മിത്തുകളെയുമെല്ലാം എക്സ്പ്ലോര്‍ ചെയ്ത് തുടങ്ങിയിട്ട് കുറച്ച് കാലമായിത്തുടങ്ങിയിട്ടുണ്ട്. ആ പട്ടികയില്‍ പുതിയതായി പറയാവുന്ന പേരാണ് കോലം.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ചിത്രം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നതുവരെ ഓരോ സീനുകളും പശ്ചാത്തല സംഗീതത്തിന്റെയും വിവരണത്തിന്റെയും സഹായത്തോടെ വളരെ മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ തുടക്കത്തില്‍ ആദ്യ മരണം കാണിക്കുന്ന സീനിലെ ചെവിക്ക് ചുറ്റും ഈച്ചകള്‍ വട്ടമിട്ട് പറക്കുന്ന ശബ്ദവും മണി കിലുങ്ങുന്നത് പോലുള്ള ശബ്ദവും അത്ര കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ചിത്രത്തില്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ഭയമുളവാകുന്ന ഓരോ സീനുകളും അതേ അളവില്‍ പ്രേക്ഷകരിലേക്ക് എത്തുന്നുമുണ്ട്. ഇത്തരത്തില്‍ ഒരു പ്രമേയം മികച്ച രീതിയില്‍ അവതരിപ്പിച്ച് ഒരു ദൃശ്യാനുഭവം സമ്മാനിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരിക്കുന്നു.

ആഷിക്, അന്‍സല്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിത് പ്രഹ്ലാദന്‍, നന്ദുലാല്‍ എസ്, അല്‍ഫാസ് ജഹാംഗീര്‍ എന്നിവരാണ് കോ പ്രൊഡ്യേസഴ്സ്. എഡിറ്റിംഗും സൗണ്ട് ഡിസൈനും വിഗ്‌നേഷ് എസ് നിര്‍വഹിച്ചിരിക്കുന്നു. സുഭാഷ് എം ആണ് ആര്‍ട്ട് ഡയറക്ടര്‍. ചിത്രം ദ ക്യു യൂട്യയൂബില്‍ കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in